കറാമത്ത് വിവാദം: സമസ്തയിൽ സംഭവിക്കുന്നത്...?

അബ്ദുൽ മാലിക് സലഫി

2023 ജൂലൈ 29 , 1444 മുഹറം 11

കോവിഡിന് ശേഷം ലോകം നന്നായി മാറിയിട്ടുണ്ട്. മത-സാംസ്‌കാരിക രംഗങ്ങളിൽ പ്രസ്തുത മാറ്റം പ്രകടമാണ്. സാമൂഹിക മാധ്യമങ്ങളുടെ സ്വതന്ത്രമായ ഉപയോഗം മനുഷ്യജീവിതത്തിലും സംസ്‌കാരത്തിലും സാരമായ പരിക്കുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഇന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. വരുമാനം നിലച്ച കോവിഡ് കാലത്ത് വരുമാനം കണ്ടെത്താനായി പലരും സോഷ്യൽ മീഡിയകളിലേക്ക് തിരിഞ്ഞു. നേരും നെറിയും നോക്കാതെ തന്റെ കാഴ്ചക്കാരുടെ വർധനവും അതിലൂടെ തനിക്ക് ലഭിക്കുന്ന വരുമാനവും മാത്രമായി ചിലരുടെ! ഫലമോ? കോവിഡിന് മുമ്പുള്ളതിനെക്കാൾ മനുഷ്യർ കൂടുതൽ ദുഷിച്ചു!

മതരംഗവും ഈ ജീർണതയിൽനിന്ന് മുക്തമായിരുന്നില്ല. എന്തും മതത്തിന്റെ പേരിൽ വിളിച്ച് പറയുന്ന അവസ്ഥ വന്നുകഴിഞ്ഞു. പടച്ചവന്റെ പരീക്ഷങ്ങൾ നേരിട്ട് കണ്ടിട്ടും, ലക്ഷങ്ങൾ മരണപ്പെട്ട വാർത്തകൾ കേട്ടിട്ടും മനസ്സിനു യാതൊരു മാറ്റവും വന്നില്ല.

അല്ലാഹു പറയുന്നത് നോക്കൂ: ‘‘അങ്ങനെ അവർക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോൾ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത്? എന്നാൽ അവരുടെ ഹൃദയങ്ങൾ കടുത്തുപോകുകയാണുണ്ടായത്. അവർ ചെയ്തുകൊണ്ടിരുന്നത് പിശാച് അവർക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു’’ (അൽഅൻആം: 43).

കോവിഡിന് ശേഷം കേരളത്തിൽ മതരംഗത്ത് സംഭവിച്ച ചില കാര്യങ്ങൾ പരിശോധിച്ചാൽ മതി ഈ ആയത്തിൽ പറഞ്ഞതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാൻ!

കേരള മുസ് ലിംകളിൽ ആദ്യമായി ഭിന്നിപ്പുണ്ടാക്കി മുസ് ലിം കൂട്ടായ്മയിൽനിന്ന് ഭിന്നിച്ചു പോയ സമസ്തക്കാർ നൂതനവും അതിവിചിത്രവുമായ നിരവധി വാദങ്ങളാണ് കേരളത്തിൽ കോവിഡാനന്തരം അവതരിപ്പിച്ചത്! സ്രഷ്ടാവിലക്ക് തിരിയുന്നതിന് പകരം സൃഷ്ടികളിലേക്ക് തിരിയാനുള്ള ‘ന്യായങ്ങൾ’ ആണ് പ്രചരിപ്പിക്കപ്പെട്ടത്!

കറാമത്ത് കഥകൾ എന്ന പേരിൽ ഒട്ടനവധി മായാവിക്കഥകൾ ഇവിടെ പ്രചരിപ്പിക്കപ്പെട്ടു! സഹികെട്ട ചിലർ സമസ്തക്കുള്ളിൽനിന്നുതന്നെ പ്രതികരിച്ചു നോക്കി! പക്ഷേ, അവർ ഒറ്റപ്പടുന്ന അവസ്ഥയാണുണ്ടായത്. കറാമത്ത് കഥകളുടെ പേരിൽ ശക്തമായ ചേരിതിരിവ് സമസ്തക്കുള്ളിൽ രൂപപ്പെട്ടു കഴിഞ്ഞു. നേതൃനിരമുതൽ താഴെ പള്ളിദർസുകളിൽവരെ ഇപ്പോൾ വിഭാഗീയത പ്രകടമാണ്.

നിരവധി പേർ മാറിച്ചിന്തിച്ചു തുടങ്ങിട്ടുണ്ട് എന്ന കാര്യവും കാണാതിരുന്നുകൂടാ. ഇസ്തിഗാസക്കെതിരിൽ സമസ്തക്കുള്ളിൽനിന്നുതന്നെ ഒറ്റപ്പെട്ടതാണെങ്കിലും ചില ശബ്ദങ്ങളുയർന്നു എന്നത് ചെറിയ കാര്യമല്ല. കറാമത്ത് കഥകൾ പിടുത്തം വിടുന്നുണ്ട് എന്ന് പലരും അടക്കം പറയാൻ തുടങ്ങി.

എന്തൊക്കെയാണ് കോവി ഡിനു ശേഷം സമസ്തക്കാർ കേരളത്തിൽ പറഞ്ഞു കൂട്ടിയത് എന്ന് നമുക്ക് പരിശോധിക്കാം.

മുദബ്ബിറുൽ ആലം

ലോകം നിയന്ത്രിക്കുന്നത് അല്ലാഹുവാണ്, അവനാണ് മുദബ്ബിറുൽ ആലം. ഇസ് ലാമിന്റെ പ്രാഥമികവും പ്രധാനവുമായ ഒരു പാഠമാണത്. അല്ലാഹു പറയുന്നു.: ‘‘അവൻ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങൾ നിയന്ത്രിക്കുന്നു’’ (അസ്സജദ: 5).

‘‘അവൻ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവൻ ദൃഷ്ടാന്തങ്ങൾ വിവരിച്ചുതരുന്നു’’ (അർറഅ്ദ്: 2).

മക്കയിലെ അവിശ്വാസികൾവരെ അംഗീകരിച്ച കാര്യമാണ് ഇത് എന്ന് ക്വുർആൻ പഠിപ്പിക്കുന്നുണ്ട്. (ഉദാ: യൂനുസ്:31, സജദ:5).

എന്നാൽ, സമസ്തക്കാർ ഇപ്പോൾ പറയുന്നത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട ചിറ്റടി മീത്തൽ മുഹമ്മദ് അബൂബക്കർ മുസ് ലിയാർ എന്ന സി.എം മടവൂർ എന്ന വ്യക്തിയാണ് ലോകം നിയന്ത്രിക്കുന്നത് എന്നാണ്. അദ്ദേഹം മുദബ്ബിറുൽ ആലം ആണ് പോലും! അഥവാ ഈ ലോകത്തിന്റെ നിയന്ത്രണം അദ്ദേഹത്തിനാണ് എന്ന്! കടലിലും കരയിലും കാട്ടിലും വാനലോകത്തും എല്ലാം ഇദ്ദേഹത്തിന്റെ നിയന്ത്രണമുണ്ടത്രെ! വാനിൽ പറക്കുന്ന വിമാനങ്ങളെ നിയന്ത്രിക്കുന്നതും കാട്ടിലെ ആനകളെ (അരിക്കൊമ്പനടക്കം) നിയന്ത്രിക്കുന്നതും സി.എം തന്നെ എന്നതാണ് വാദം!

പച്ചയായ ശിർക്കൻ വാദമല്ലേ ഇത്? മുദബ്ബിറുൽ ആലം അല്ലാഹു മാത്രം എന്നതല്ലേ മുസ്‌ലിംകൾ ഇക്കാലംവരേക്കും വിശ്വസിച്ച് പോന്നത്? മുസ്‌ലിംകൾക്ക് അതിൽ സംശയിക്കാനെന്തിരിക്കുന്നു!

അല്ലാഹുവിന്റെ തിരുനബി ﷺ പോലും മുദബ്ബിറുൽ ആലം ആണ് എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നില്ല. പ്രമാണങ്ങൾ അങ്ങനെയൊരു കാര്യം പറയുന്നുമില്ല. എന്നിട്ടല്ലേ മടവൂരിലെ ഈ മുസ്‌ലിയാർ മുദബ്ബിറുൽ ആലം ആവുന്നത്!

എത്രമാത്രം വഴിപിഴച്ച വാദമാണിത് എന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളു. ഇത് ഒരിക്കലും മുസ്‌ലിംകളുടെ വിശ്വാസമല്ല. നക്ഷത്ര പൂജകന്മാരും അവിശ്വാസി സമൂഹവുമാണ് ഈ ലോകത്തിന് വേറെയും മുദബ്ബിറുകൾ ഉണ്ട് എന്ന് വിശ്വസിച്ചിരുന്നത്.

നക്ഷത്രങ്ങളാണ് മുദബ്ബിറുൽ ആലം എന്ന് ചിലർ വിശ്വസിച്ചിരുന്നു എന്ന് ശൈഖുൽ ഇസ്‌ലാം(റഹ്) രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെ മുദബ്ബിറുൽ ആലം ആക്കിയവർ യഥാർഥ മതവിശ്വാസികൾ അല്ലായിരുന്നു എന്ന് ഇബ്‌നു ഹജറും പറഞ്ഞിട്ടുണ്ട്.

ഇബ്‌നു സിബിബ്‌യാ എന്ന വ്യക്തി നക്ഷത്രങ്ങളാണ് മുദബ്ബിറുൽ ആലം എന്ന് വിശ്വസിച്ചിരുന്നു. അയാൾ യഥാർഥ മതവിശ്വാസിയായിരുന്നില്ല എന്നാണ് ഇബ്‌നു ഹജർ(റഹ്) പറഞ്ഞത്. (ലിസാനുൽ മീസാൻ: 7/380).

ലോകത്തിന് ഏഴ് മുദബ്ബിറുകൾ ഉണ്ട് എന്ന പുരാതന ഹൈന്ദവർ വിശ്വസിച്ചിരുന്നു എന്ന് ഇമാം അബൂ സഈദ് നിശ്‌വാൻ അൽഹിമീരി തന്റെ ‘അൽ ഹൂറുൽ ഈൻ’ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. (1/144).

അല്ലാഹുവല്ലാതെയും മുദബ്ബിറുൽ ആലം ഉണ്ട് എന്നത് വളരെയധികം പിഴച്ചതും കുഫ്‌റിന്റെയും വിശ്വാസമാണ് എന്നതിൽ തർക്കമില്ല. എന്താണ് ഈ വിഷയത്തിൽ മുസ്‌ലിംകൾ വിശ്വസിക്കേണ്ടത്?

ഇമാമുമാർ പറയുന്നത് ശ്രദ്ധിക്കുക. ഇമാം ഇബ്‌നുൽ ക്വയ്യിം(റഹ്) പറഞ്ഞു: ‘‘സർവലോകങ്ങളുടെയും മുദബ്ബിർ അല്ലാഹുവാണ്’’ (ഹിദായത്തുൽ ഹയാറാ: 1/219).

ഇമാം ഗസ്സാലി (റ) പറഞ്ഞു: ‘‘അല്ലാഹുവാണ് നിർമാതാവും മുദബ്ബിറും’’ (അൽമുൻക്വിദ്: 1/130).

ഇമാം സുയൂത്വി, ഇമാം മഹല്ലി(റഹ്) എന്നിവർ പറഞ്ഞു: ‘‘ദൃശ്യ-അദൃശ്യ ലോകങ്ങളുടെ മുദബ്ബിർ അല്ലാഹുവാണ്’’(ജലാലൈനി).

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ(റഹ്) പറഞ്ഞു: ‘‘റബ്ബാണ് മുദബ്ബിറുൽ ആലം’’ (ബയാനു തൽബീസിൽ ജഹ്‌മിയ്യ: 6/579).

ഇമാം മുനാവി(റഹ്) പറഞ്ഞു: ‘‘അല്ലാഹുവാണ് ഏത് അവസ്ഥയിലും മുദബ്ബിറുൽ ആലം’’ (ഫയ്‌ളുൽ ക്വദീർ 5:111).

ഇത്രയും വ്യക്തമായ ഇസ്‌ലാമികാധ്യാപനത്തെയാണ് സമസ്തക്കാർ തള്ളുന്നത്. എന്തുമാത്രം ഗൗരവകരമാണ് വിഷയം! ഈ പിഴച്ചവാദം സമസ്തക്കാർ പറയാൻ തുടങ്ങിയപ്പോൾ സമസ്തക്കുള്ളിൽ തന്നെ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തു! സി.എം മുദബ്ബിറുൽ ആലം തന്നെ എന്ന് ഒരു വിഭാഗം ശക്തിയായി വാദിക്കുന്നു! അങ്ങനെ പറയുന്നത് തെറ്റാണ് എന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു!

പേരോട്, പൊൻമള വിഭാഗക്കാർ, സി. എം മുദബ്ബിറുൽ ആലം അല്ല എന്ന വാദക്കാരാണ്. കാന്തപുരം മുസ്‌ലിയാർ, കുരുവട്ടൂർ ഗ്രൂപ്പ്, പകര മുസ്‌ലിയാർ തുടങ്ങിയവർ സി.എം മുദബ്ബിറുൽ ആലം തന്നെ എന്ന് ശക്തിയായി വാദിക്കുന്നവരാണ്. പരലോകത്ത് രക്ഷപ്പെടണമെങ്കിൽ ഈ തരത്തിലുള്ള വിശ്വാസങ്ങളിൽനിന്ന് രക്ഷപ്പെട്ടേ മതിയാവൂ.

സി.എം ലോകം നിയന്ത്രിക്കുന്നു എന്ന് പറയുന്നവരുടെ തെളിവാണ് ബഹുകേമം! സി.എം തന്നെ പറഞ്ഞിട്ടുണ്ട് പോലും ഞാൻ മുദബ്ബിറുൽ ആലം ആണ് എന്ന്! എന്നാൽ, ഇത് പറയുമ്പോൾ സി.എം മുസ്‌ലിയാർ ജദ്ബിന്റെ അവസ്ഥയിൽ (മനോനില തെറ്റിയ അവസ്ഥയിൽ) ആയിരുന്നു എന്നാണ് പൊന്മള മുസ്‌ലിയാർ ഇതിനെക്കുറിച്ച് പറയുന്നത.്

മനോനില തെറ്റിയ ഒരാളുടെ വാക്കാണ് ഒരു ജനതയുടെ വിശ്വാസം തെറ്റിക്കാൻ ഈ വിഭാഗം തെളിവാക്കുന്നത് എന്നത് എത്രമേൽ ഭീകരമാണ്

അല്ലാഹു മലക്കുകളെ എൽപിച്ച ജോലികൾ അവർ നിർവഹിക്കുന്നതിനെക്കുറിച്ച് പറഞ്ഞ ‘ഫൽ മുദബ്ബിറാത്തി അംറൻ’ എന്ന ആയത്തും ഈ പിഴച്ചവാദത്തിന് തെളിവായി ഉന്നയിക്കപ്പെട്ടുകഴിഞ്ഞു. അല്ലാഹുവല്ലാത്തവരോട് പ്രാർഥിക്കാൻ കൊട്ടപ്പുറത്ത് വെച്ച് ആയത്ത് ‘തെളിവാക്കിയ’ കാന്തപുരം മുസ് ലിയാർ തന്നെയാണ് ഇവിടെയും ആയത്തുമായി വന്നിട്ടുള്ളത്!

മലക്കുകളെ അല്ലാഹു പല ജോലികളും ഏൽപിച്ചിട്ടുണ്ട്. അക്കാര്യം ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്. മലക്കുകളെ മാത്രമല്ല പ്രവാചകന്മാരെയും എൽപിച്ചിരുന്നു. അതിനർഥം അവരാണ് ഈ ലോകം നിയന്ത്രിക്കുന്നത് എന്നാണോ? ആരാണ് അപ്രകാരം പഠിപ്പിച്ചത്?

മലക്കുകൾ അവരെ അല്ലാഹു ഏൽപിച്ച കാര്യങ്ങൾ ചെയ്യുന്നു എന്നതാണത്രേ മടവൂരിലെ മുസ്‌ലിയാർ ലോകം നിയന്ത്രിക്കുന്നു എന്നതിന് തെളിവ്! കഷ്ടം!

ഔലിയാക്കളുടെ അറിവ്!

എന്തൊക്കെ പിഴച്ച വാദങ്ങളാണ് അടുത്തിടെയായി സമസ്തക്കാർ കേരളത്തിൽ പറഞ്ഞു പരത്തിയത്! അല്ലാഹു അറിയുന്നതെല്ലാം അല്ലാഹു അറിയുന്ന രൂപത്തിലല്ലാതെ ഔലിയാക്കളും അറിയും എന്നാണ് ഇ.കെ സമസ്തയുടെ നേതാവ് ജിഫ്രി തങ്ങൾ പറഞ്ഞത്!

ഇതിനാണ് ശുദ്ധമായ ശിർക്ക് എന്ന് മുസ്‌ലിംകൾ പറയുന്നത്! അല്ലാഹു സൃഷ്ടിക്കുന്നതെല്ലാം മറ്റൊരു വിധത്തിൽ സൃഷ്ടിക്കാൻ ഒരു സൃഷ്ടിയ്ക്ക് കഴിയും എന്ന് വിശ്വസിച്ചാൽ അതിനല്ലേ ശിർക്ക് അഥവാ അല്ലാഹുവിന് തുല്യനാക്കുക എന്ന് പറയുന്നത്? ഇത്തരം നേതാക്കൾക്ക് ഇസ്‌ലാമിന്റെ പ്രാഥമികമായ ഇത്തരം കാര്യങ്ങൾ പോലും അറിയില്ലേ?

ആയത്തുൽ കുർസിയ്യും സൂറതുൽ ഇഖ്‌ലാസും ഗ്രഹിച്ചാൽ തന്നെ ഈ വിശ്വാസം തെറ്റാണ് എന്ന് ബോധ്യമാവും. അല്ലാഹു പറയുന്നു: ‘‘...അവന്റെ അറിവിൽനിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല...’’ (ആയത്തുൽ കുർസിയ്യ്).

‘‘അവന്ന് തുല്യനായി ആരും ഇല്ലതാനും’’ (അൽഇഖ്‌ലാസ്: 5).

മദീനയിൽ നബി ﷺ യുടെ കൂടെ ജീവിച്ച അഅ്‌റാബികളിലെ കപടവിശ്വാസികളെ അല്ലാഹുവിനറിയാം, നബി ﷺ ക്കറിയില്ല എന്ന് അല്ലാഹു പറയുന്നത് കാണുക:

“നിങ്ങളുടെ ചുറ്റുമുള്ള അഅ്‌റാബികളുടെ കൂട്ടത്തിലും കപടവിശ്വാസികളുണ്ട്‌. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്‌. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം”

(തൗബ: 101).

അല്ലാഹുവിനറിയുന്ന കാര്യങ്ങൾ തനിക്ക് അറിയില്ല എന്ന് ഈസാ നബി(അ) പറഞ്ഞതായി അല്ലാഹു ഉദ്ധരിക്കുന്നു: “എെൻറ മനസ്സിലുള്ളത് നീ അറിയും. നിന്നിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍“

(മാഇദ: 116).

‌നബി ﷺ യുടെ പള്ളി വൃത്തിയാക്കിയിരുന്ന സ്ത്രീയുടെ മരണം അവിടുന്ന് അറിഞ്ഞിരുന്നില്ല എന്ന് ഹദീസിൽ കാണാം. അല്ലാഹുനുള്ള അറിവ് അവ‌െൻറ അമ്പിയാക്കൾക്കു വരെ ഇല്ല എന്നതാണ് മേൽപറഞ്ഞ തെളിവുകൾ സൂചിപ്പിക്കുന്നത്.

അല്ലാഹുവിന്റെ അറിവിന് തുല്യം അറിവ് ആർക്കുമില്ല. അവൻ അറിയുന്നതെല്ലാം ഒരാൾക്കും അറിയില്ല. ഇതാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം. ഇതിൽ വിപരീതമായ വിശ്വാസങ്ങളെല്ലാം പിഴച്ചതും ശീഇകൾ പ്രചരിപ്പിക്കുന്നതുമാണ്. അതാണിവിടെ സമസ്തക്കാർ പ്രചരിപ്പിക്കുന്നത്. അല്ലാഹു അറിയുന്നതെല്ലാം അവരുടെ ഇമാമുകൾ അറിയും എന്ന് ശീഇകൾ പറയുമ്പോൾ, അല്ലാഹു അറിയുന്നതെല്ലാം ഔലിയാക്കൾ അറിയുന്നു എന്ന് സമസ്തയും പറയുന്നു. രണ്ടും പിഴച്ചവിശ്വാസം തന്നെ!

കറാമത്ത് കഥകൾ

സി.എം മടവൂരാണ് വിമാനങ്ങൾ നിയന്ത്രിക്കുന്നതത്രെ! അദ്ദേഹം കണ്ണടച്ചാൽ വിമാനങ്ങൾ കൂട്ടിയിടിക്കുമെന്നും സമസ്തക്കാർ പ്രസംഗിക്കുന്നു! വല്ലാത്ത അവസ്ഥ തന്നെ!

സമസ്തയിൽ നിന്നുതന്നെ ചിലർ ഈ അതിവാദത്തെ എതിർത്തപ്പോൾ അതിനെ ഖണ്ഡിച്ച് മൂത്തേടം മുസ്‌ലിയാർ പ്രസംഗിച്ചത് ‘ശൈത്വാൻമാർവരെ വിമാനം നിയന്ത്രിച്ചിട്ടുണ്ട് എന്നതിന് ശാസ്ത്രത്തിന്റെ കൈയിൽ തെളിവുണ്ട്’ എന്നാണ്! വല്ലാത്ത ശാസ്ത്രം തന്നെ! മതംകൊണ്ടാണിവർ കളിക്കുന്നത് എന്ന് സമൂഹം തിരിച്ചറിയണം.

കറാമത്തിന്റെ പേരിൽ എന്തു കളവുകളും പറയാം എന്ന നിലപാട് മതത്തിന്റെതല്ല. കറാമത്തിനെക്കുറിച്ച് ഇസ്‌ലാം വ്യക്തമായ കാഴ്ചപ്പാടുകൾ നൽകിയിട്ടുണ്ട്. സ്വയം ആർജിച്ചെടുക്കുന്ന കഴിവല്ല കറാമത്ത്. പ്രത്യുത, അല്ലാഹു അവന്റെ ഇഷ്ടദാസന്മാരായ വലിയ്യുകളിലൂടെ വെളിപ്പെടുത്തുന്ന അത്ഭുതമുണർത്തുന്ന കാര്യങ്ങളാണവ. കറാമത്ത് വലിയ്യിന്റെ കഴിവല്ല. അത് അല്ലാഹുവിന്റെ കഴിവാണ്. ഒരു വലിയ്യിന്റെ കറാമത്ത് യഥാർഥത്തിൽ അവരിലേക്കുള്ള പ്രവാചകന്റെ നുബുവ്വത്തിനു തെളിവാണ് എന്നാണ് പണ്ഡിതന്മാർ പറഞ്ഞത്.

ഔലിയാക്കൾ മറഞ്ഞ കാര്യങ്ങൾ അറിയും എന്ന വിശ്വാസവും പ്രമാണവിരുദ്ധമാണ്. അല്ലാഹുവിന്റെ ഔലിയാക്കളിൽ പ്രമുഖരായ ഗുഹാവാസികൾക്ക്, തങ്ങൾ എത്രവർഷം ഉറങ്ങി, തങ്ങളുടെ കൈവശമുള്ള നാണയം ഇപ്പോൾ മാർക്കറ്റിൽ ചെലവാകുമോ എന്നൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. അക്കാര്യം അവർ അറിഞ്ഞില്ല എന്നത് അവർക്കൊരു ന്യൂനതയല്ല. മാത്രമല്ല, അവർ സ്വയം ഉറങ്ങിയതല്ല, അല്ലാഹു ഉറക്കിയതാണ് എന്ന ക്വുർആനികാധ്യാപനവും എന്താണ് കറാമത്ത് എന്ന് വ്യക്തമാക്കുന്നുണ്ട്.

നബി ﷺ യുടെ കൈയിൽനിന്ന് വെള്ളം വന്നത് ഹദീസിൽ അറിയപ്പെട്ട സംഭവമാണ്. അതുപോലെ സി.എമ്മിന്റെ കൈയിൽനിന്നും വെള്ളം പൊടിഞ്ഞിട്ടുണ്ടത്രെ! ശുദ്ധനുണ എന്നല്ലാതെ എന്തു പറയാൻ!

കാന്തപുരം മുസ്‌ലിയാർ അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല എന്നുവരെ ചില സമസ്തക്കാർ പറഞ്ഞു കഴിഞ്ഞു! സമസ്തയുടെ രൂപീകരണ യോഗത്തിൽ നബി ﷺ പങ്കെടുത്തിരുന്നു എന്നാണ് ഒരു മുസ്‌ല്യാർ കണ്ടെത്തിയിട്ടുള്ളത്. തിരുനബി ﷺ യുടെ പേരിൽ പോലും കല്ലുവച്ച നുണ പറയാൻ യാതൊരു ലജ്ജയും ഇല്ലാത്തവരായി സമസ്തയിലെ ചിലർ മാറിക്കഴിഞ്ഞു! നബി ﷺ ജർമനിയിൽ ഓപ്പറേഷൻ റൂമിൽ ജീവനോടെ വന്നിട്ടുണ്ട് എന്ന് പറഞ്ഞവർക്ക് ഇനി എന്താണ് പറഞ്ഞുകൂടാത്തത്?

മഹാന്മാരായ പണ്ഡിതന്മാർക്കെതിരിലും വെള്ളം കലരാത്ത കളവാണ് ഇപ്പോൾ സമസ്തക്കാർ പ്രചരിപ്പിക്കുന്നത്! അബ്ദുൽ ക്വാദിർ ദഹ്‌ലവി എന്ന മഹാൻ ഡൽഹിയിൽ കള്ള് കച്ചവടം ഉഷാറാവാൻ ചീട്ട് എഴുതിക്കൊടുത്തു എന്നാണ് ഒരു സമസ്ത മുസ്‌ലിയാർ പറഞ്ഞത്. ഈ കളവിനെ ചിലർ വിമർശിച്ചപ്പോൾ എം.ടി ദാരിമി എന്ന, സമസ്തയുടെ നേതാവ് ആ കള്ളുകഥയെ ന്യായീകരിക്കുകയാണ് ചെയ്തത്. അല്ലാഹുവിൽ അഭയം! ഇമാം ഗസ്സാലി(റഹ്)യെ ചിലർ കള്ളുഷാപ്പിൽ കണ്ടു എന്നും ചില മുസ്‌ലിയാക്കന്മാർ പറഞ്ഞു കഴിഞ്ഞു. തങ്ങളെ സാകൂതം കേൾക്കുന്ന സാധാരണക്കാരോട് എന്തും വിളിച്ച് പറയാം എന്ന നിലയിലാണ് സമസ്തയിലെ മുസ്‌ലിയാക്കന്മാർ! ഹറാമായ മദ്യം കച്ചവടം ചെയ്യാൻ പണ്ഡിതന്മാർ സഹായിച്ചു എന്നും ഇമാം ഗസ്സാലി(റഹ്) മദ്യശാലയിൽ പോയി എന്നും സമസ്തയിലെ സാധാരണക്കാർക്ക് പോലും ഉൾക്കൊള്ളാൻ കഴിയണം എന്നില്ല.

ഒരു ദിവസം മൂന്ന് ഡയാലിസിസ് ചെയ്യുന്ന(?) ഒരു കണ്ണൂർ സ്വദേശിയോട് ഇനി ഒന്നും ചെയ്യണ്ട എന്ന് കാന്തപുരം പറഞ്ഞപ്പോൾ അയാൾക്ക് അസുഖം മാറി എന്നതാണ് പുതിയ കഥ! (പ്രസ്തുത രോഗിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല).

എടപ്പാൾ ഭാഗത്ത് വിശാലമായ വയൽ കത്തിയ ഒരു കഥ വേറെയുണ്ട്! അമ്പലക്കടവ് മുസ്‌ലിയാർ ഈ തളളിനെ ചോദ്യം ചെയ്തപ്പോൾ അതിനെതിരെ മൂത്തേടം മുസ്‌ലിയാർ രൂക്ഷമായാണ് പ്രതികരിച്ചത്!

എന്തൊക്കെയാണ് റബ്ബേ ഈ മുസ്‌ലിയാക്കന്മാർ പറഞ്ഞുകൂട്ടുന്നത്! സമസ്തയിലെ സാധാരണക്കാരോട് പറയട്ടെ; സഹോദരങ്ങളേ, ഇതൊന്നും ദീനല്ല. ഇതെല്ലാം ശുദ്ധ കളവുകൾ മാത്രമാണ്. മതത്തിൽ ഇത്തരം കള്ളത്തരങ്ങൾക്ക് യാതൊരു സ്ഥാനവുമില്ല. വിശ്വാസികൾക്ക് ഇത്തരം കള്ളക്കഥകളുടെ ആവശ്യവും ഇല്ല.

തൃപ്പനച്ചിയിലെ കൊടിമരം

കൊണ്ടോട്ടിക്കടുത്ത് തൃപ്പനച്ചിയിലെ മുഹമ്മദ് മുസ്‌ലിയാരുടെ ജാറത്തിനടുത്തുള്ള കൊടിമരത്തിനടുത്ത് നടന്നാൽ ഹജ്ജിന്റെ പ്രതിഫലം കിട്ടും എന്നതാണ് സമസ്തക്കാരുടെ ഏറ്റവും പുതിയ കണ്ടെത്തൽ! അല്ലാഹുവിൽ അഭയം! ഇനി എന്താണിവർക്ക് പറഞ്ഞു കൂടാത്തത്? ഇക്കാര്യം സമസ്ത നേതാക്കൾ എഴുതിയ ഗ്രന്ഥത്തിൽ തന്നെയുണ്ട് എന്നാണ് കുരുവട്ടൂർ ഗ്രൂപ്പിന്റെ നേതാവ് നൗഷാദ് ഒതുക്കുങ്ങൽ പറയുന്നത്! ഇസ്‌ലാമിക ചിഹ്നങ്ങളായ സ്വഫ, മർവ, കഅ്ബ എന്നിവയെയെല്ലാം ഇവർ ജാറങ്ങളുമായിട്ടാണ് തുലനപ്പെടുത്തുന്നത്! ദിനിന്റെ പേരിൽ എന്തൊക്കെയാണിവർ പറഞ്ഞു കൂട്ടുന്നത് എന്ന് സാധാരണ സമസ്തക്കാർ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!

രൂക്ഷമാവുന്ന വിഭാഗീയത

കറാമത്തിന്റെ പേരിലുള്ള കള്ളക്കഥകളുടെ പ്രചാരണത്തെ ചൊല്ലി സമസ്തക്കാർക്കിടയിൽ വിഭാഗീയത രൂക്ഷമാവുകയാണിപ്പോൾ. മൂത്തേടം മുസ്‌ല്യാർ, ഒതുക്കുങ്ങൽ നൗഷാദ്, കുരുവട്ടൂർ ഗ്രൂപ്പുകാർ, പൊന്മള മുസ്‌ലിയാർ, പേരോട് മുസ്‌ലിയാർ, പകര മുസ്‌ലിയാർ, അമ്പലക്കടവ് മുസ്‌ലിയാർ, കാന്തപുരം എന്നിവർ കറാമത്തിന്റെ വിഷയത്തിൽ പരസ്പരം പോരടിക്കുകയാണ്! പ്രസ്തുത പോര് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. സമസ്തയുടെ സ്ഥാപനങ്ങളിൽ അടിത്തട്ടുവരെ ഇന്ന് ചേരിതിരിവ് എത്തിക്കഴിഞ്ഞു.

എന്നാൽ, ഈ വിവാദങ്ങൾക്കിടയിൽ കുറെ മുസ്‌ലിയാക്കന്മാർ സത്യം തിരിച്ചറിയാൻ പരിശ്രമിക്കുന്നുണ്ട്. അവർ മാറിച്ചിന്തിക്കാൻ തുടങ്ങിയിട്ടുമുണ്ട്. റബ്ബിന് സ്തുതി.

‘ശജറ’യും ചില ‘തശാജുറു’കളും

ആദർശ വിഷയങ്ങൾക്കു പുറമെ മറ്റു ചില വിഷയങ്ങളിലും ഇപ്പോൾ സമസ്തക്കുള്ളിൽ ചേരിതിരിവ് രൂക്ഷമാണ്. ‘ശജറ’ ഗ്രൂപ്പ് എന്ന പേരിലറിയപ്പെടുന്ന ഒരു വിമതപക്ഷം ഇപ്പോൾ ഇ.കെ ഗ്രൂപ്പ് സമസ്തക്കുള്ളിൽ സജീവമാണ്. സമസ്തയുടെ പരമ്പരാഗത രാഷ്ടീയ നിലപാടിനോട് അസ്പൃശ്യതയുള്ള വിഭാഗമാണിവർ.

വാഫി, വഫിയ്യ സംവിധാനങ്ങളുടെ പേരിൽ സമസ്തക്കാർക്കിടയിൽ ഇന്നെത്തി നിൽക്കുന്ന രൂക്ഷമായ ഭിന്നിപ്പ് സൃഷ്ടിച്ചതിൽ ഈ ഗ്രൂപ്പിന് വലിയ പങ്കുണ്ട് എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പലസ്ഥലങ്ങളിലും ഈ വിഷയത്തിൽ കയ്യാങ്കളിവരെ നടന്നു. വാഫി, വഫിയ്യ വിഷയം സമസ്തക്കുള്ളിൽ എത്ര വഷളായിട്ടുണ്ട് എന്നതിന് സമസ്തക്കാരുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ സാക്ഷിയാണ്.

സമസ്തയിലെ ‘ശജറ’ ഗ്രൂപ്പിനെതിരെയുള്ള വികാരം ഒരു ഭാഗത്ത് ശക്തമാണ്. വഹാബിസം കമ്യൂണിസത്തെക്കാൾ അപകടം എന്ന ആശയം പ്രചരിപ്പിക്കാൻ പരിശ്രമിച്ചവർ ഇക്കൂട്ടരായിരുന്നു. മൂത്തേടം മുസ്‌ലിയാരെയാണ് ഇക്കാര്യത്തിനിവർ ഉപയോഗിച്ചത്.

സലഫികൾക്കെതിരെ എന്ത് നെറികേടും വിളിച്ചു പറയാൻ ഒട്ടും ലജ്ജയില്ലാത്ത ഇയാളുടെ സലഫി വിമർശനം പക്ഷേ, പിന്നീട് സമസ്തക്കുതന്നെ തലവേദന സൃഷ്ടിച്ചു. വെളുക്കാൻ തേച്ചത് പാണ്ടായതുപോലെ. അരിയും തിന്ന് ആശാരിയെയും കടിച്ച് അവസാനം സമുദായ നേതാക്കളെയും രാഷ്ടീയ നേതൃത്വത്തെയും ആക്രമിക്കാൻ തുടങ്ങിയപ്പോഴാണ് ‘ശജറ’ക്കാർക്ക് നിലാവുദിച്ചത്!

ഇപ്പോൾ മൂത്തേടം മുസ്‌ലിയാർ തന്റെ വഴിക്കായി! സമസ്തക്കാരിൽ പലരെയും ‘ഇവൻ സുന്നിയല്ല; ചുന്നിയണ്’എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്! സമസ്തക്ക് ഇത്രയുംകാലം സിമന്റും കമ്പിയും കച്ചവടം ചെയ്യലായിരുന്നു ജോലി എന്നും നേതാക്കളെ ഉന്നമിട്ട് അദ്ദേഹം പറയുന്നുണ്ട്.

അതിന് പുറമെ, ജിഫ്രി തങ്ങളുടെ പല നിലപാടുകളോടും കടുത്ത വിയോജിപ്പുള്ളവർ സമസ്തയുടെ മുശാവറയിൽതന്നെ ഉണ്ട്. മുശാവറ ചർച്ച ചെയ്യാത്ത പല കാര്യങ്ങളും സമസ്തയുടെ തീരുമാനങ്ങളായി ചിലർ പ്രഖ്യാപിക്കുന്നതിൽ ശക്തമായ എതിർപ്പുമായി ബഹാഉദ്ദീൻ നദ്‌വി കൂരിയാട് രംഗത്ത് വന്നത് ഇതിന്റെ ഭാഗമാണ്.

മറുഭാഗത്താവട്ടെ, നോളജ് സിറ്റിയുടെ പ്രവർത്തന രീതിയിൽ കടുത്ത അസംതൃപ്തി കാന്തപുരം വിഭാഗത്തിനിടയിൽ വ്യാപിക്കുകയാണ്. സമസ്ത സംസ്‌കാരത്തിന് യോജിച്ച കാര്യങ്ങളല്ല അവിടെ സംഭവിക്കുന്നത് എന്ന വികാരം പല മുസ്‌ലിയാക്കളും പരസ്യമായിത്തന്നെ പറയാൻ തുടങ്ങി!

ഏതായാലും സമസ്തക്കുള്ളിൽ ആദർശപരമായും സംഘടനാപരമായും രാഷ്ടീയമായും ‘തശാജുർ’ (ഭിന്നിപ്പ്) രൂക്ഷമാവുകയാണ്. സാധാരണക്കാർക്ക് ചിന്തിക്കാൻ പറ്റിയ സമയമാണിത്. അല്ലാഹു വല്ലാത്തവരും ലോകം നിയന്ത്രിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച സ്ഥിതിക്ക്, ഇത് പരിശുദ്ധമായ ദീനിന്റെ സരണിയല്ലെന്നും ഈ വാദങ്ങൾ അഹ്‌ലുസ്സുന്നയുടേതല്ലെന്നും തിരിച്ചറിഞ്ഞ് ശുദ്ധമായ ദീനിലേക്ക് മടങ്ങാൻ നമുക്ക് സാധ്യമാവണം.

അല്ലാഹുവിന്റെ ഈ വചനം ഓർമിക്കുക: ‘‘അവരുടെ മുഖങ്ങൾ നരകത്തിൽ കീഴ്‌മേൽ മറിക്കപ്പെടുന്ന ദിവസം. അവർ പറയും: ഞങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളുടെ നേതാക്കൻമാരെയും പ്രമുഖൻമാരെയും അനുസരിക്കുകയും, അങ്ങനെ അവർ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ രണ്ടിരട്ടി ശിക്ഷ നൽകുകയും അവർക്ക് നീ വൻശാപം ഏൽപിക്കുകയും ചെയ്യണമേ (എന്നും അവർ പറയും)’’ (അൽഅഹ്‌സാബ്: 26-28).