ശരീഅത്തും ഒരു സർവവേദ സത്യവാദിയുടെ വിവരക്കേടും

അബ്ദുൽ മാലിക് സലഫി

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

ശരീഅത്ത് നിയമവുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സി.എച്ച് മുസ്തഫ എന്ന വ്യക്തി തട്ടിവിട്ട ചില പൊട്ടത്തരങ്ങൾ ശ്രവിക്കാനിടയായി. അതുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പ്.

ഇസ്‌ലാമിക ശരീഅത്തിന്റെ ആദ്യദിനം മുതൽക്കുതന്നെ ഹൃദയത്തിൽ രോഗമുള്ള ചിലർ അതിനെ വിമർശിച്ചു വന്നിട്ടുണ്ട്. പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും പക്ഷേ, ശരീഅത്ത് നിയമങ്ങളുടെ സാർവകാലികത കൂടുതൽ പ്രോജ്വലമായി വെളിപ്പെടുകയും വിമർശകർ ഇളിഭ്യരാവുകയും ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. ഇതിനപ്പുറം ഇനി ഒന്നും സംഭവിക്കാനും പോകുന്നില്ല.

ഇസ്‌ലാമിക ശരീഅത്ത് ദൈവികവും സമ്പൂർണവും സാർവകാലികവും അന്യൂനവുമാണ്. കാലങ്ങൾക്കനുസരിച്ച് അതിൽ എഡിറ്റിങ്ങിന്റെ ആവശ്യമില്ല. അതിനാൽതന്നെ ഇസ്‌ലാംവിരുദ്ധരുടെ കണ്ണിലെ കരടുതന്നെയാണത്. ശരീഅത്തിനെതിരെ ആര് ശബ്ദിച്ചാലും അത്തരക്കാരെ പിന്തുണക്കാൻ നിരവധി ‘നിരാശാവിമർശകർ’ ഒത്തുകൂടുന്നത് ഇതിനാലാണ്!

ഇന്ത്യയിൽ ശരീഅത്ത് നിയമങ്ങൾക്കെതിരെയുള്ള അപശബ്ദങ്ങൾ പുതിയതല്ല. 1985-86 കാലത്തെ ഷാബാനു കേസ് നാം മറന്നിട്ടില്ല. പ്രതിഷേധം ശക്തി പ്രാപിച്ചപ്പോൾ രാജീവ് ഗാന്ധി സർക്കാർ മുസ്‌ലിം വനിതാ നിയമം (Muslim Women Protection of Rights on Divorce Act) പാസ്സാക്കിയ ചരിത്രവും നമ്മൾ ഓർക്കുന്നുണ്ട്.

ഇസ്‌ലാം പക ഉള്ളിലൊളിപ്പിച്ച് ശരീഅത്തിനെയും ഇസ്‌ലാമിക പ്രമാണങ്ങളെയും വിമർശിച്ചിരുന്ന അബുൽ ഹസൻ ചേകനൂർ ശരീഅത്ത് വിമർശകനായിരുന്നു. അയാളുടെ പിറകെ നടക്കാൻ കോലം കെട്ടിയ വ്യക്തിയാണ് സി.എച്ച് മുസ്തഫ. ശ്രീനാരായണ ഗുരുവിന്റെ ആത്മീയതയിലാണ് താൻ ആകൃഷ്ടനായിട്ടുള്ളത് എന്ന് തുറന്ന് പറയുന്ന ടിയാൻ, ഇറാനുമായി ബന്ധം സ്ഥാപിച്ച് ജൂതമതക്കാരുടെ സൃഷ്ടിയായ ശീഇകളുമായി കൈകോർത്ത് ഇസ്‌ലാമിക പ്രമാണങ്ങളെ ‘നവീകരിച്ച്’ അവതരിപ്പിക്കാനും പ്രവാചകാനുയായികളെ ഭത്സിക്കാനും നടത്തുന്ന പാഴ്‌വേലകൾ കേരള മുസ്‌ലിം സമുഹം ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽതന്നെ ചാനലുകാർക്ക് ഇയാൾ ‘പ്രിയങ്കരനാ’കുന്നതിൽ അത്ഭുതമില്ല.

ഇയാൾ തട്ടിവിട്ട ജഹാലത്തുകൾ ആരെയും അമ്പരപ്പിക്കാതിരിക്കില്ല! ‘ശരീഅത്ത് എന്നത് മതമല്ല, അത് വ്യവഹാര നിയമങ്ങളാണ്’ എന്നതാണ് മൂപ്പരുടെ ‘ഇമ്മിണി ബല്യേ’ കണ്ടുപിടുത്തം! അതിനാൽ അത് നവീകരിക്കണമെന്നും അയാൾ ആവശ്യപ്പെടുന്നുണ്ട്. മതം നവീകരിക്കണമെന്ന് പറഞ്ഞാൽ അതിന് മാർക്കറ്റ് കിട്ടില്ല എന്ന് ടിയാന് ബോധ്യമുണ്ടാവാം. അതിനാൽ മതവും ശരീഅത്തും രണ്ടും രണ്ടാക്കിയാൽ ഇസ്‌ലാമിനെ തുണ്ടാക്കാനുള്ള ശ്രമം എളുപ്പത്തിൽ നടത്താമല്ലോ. അല്ലെങ്കിലും ഇയാളുടെ ശൈലി അങ്ങനെയാണ്. സർവമത സത്യവാദം ചേകനൂർ പറഞ്ഞുവച്ചു. അതിന് വലിയ മാർക്കറ്റ് ലഭിച്ചില്ല. ഇക്കാര്യം മനസ്സിലാക്കിയ കക്ഷി പറഞ്ഞത് സർവവേദ സത്യവാദമാണ്! രണ്ടും ഒന്നു തന്നെ!

മതവും ശരീഅത്തും രണ്ടല്ല, ഒന്നു തന്നെയാണ്. ഇതാണ് വസ്തുത. ഒരു കാര്യത്തിൽ മതത്തിന് ഒരു നിയവവും ശരീഅത്തിന് മറ്റാരു നിയമവും എന്നൊന്നില്ല! അല്ലാഹു പറയുന്നു: “പിന്നീട് താങ്കളെ നാം ഒരു ശരീഅത്തിലാക്കിയിരിക്കുന്നു. ആകയാൽ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്’’ (ജാസിയ:18).

നബി ﷺ പഠിപ്പിച്ച കാര്യങ്ങളെയാണിവിടെ ‘ശരീഅത്ത്’ എന്ന് അല്ലാഹു പറയുന്നത്. അതു തന്നെയാണ് മതവും. മതത്തിന്റ പര്യായമാണ് ശരീഅത്ത്. ‘ശറഅ ലകും മിനദ്ദീനി’ എന്ന പ്രയോഗം തന്നെ ക്വുർആനിലുണ്ട് (ശൂറാ:13). അഥവാ ഒരു കാര്യത്തെ ദീനാക്കി നിശ്ചയിക്കുന്നതിന് ‘ശറഅ’ എന്നാണ് അല്ലാഹു പ്രയാഗിച്ചത്. അതിനാൽ, മതമല്ല ശരീഅത്ത് എന്ന മുസ്തഫയുടെ വാദം തനിച്ച വിവരക്കേടും മതത്തെ നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്.

‘നാല് മദ്ഹബുകൾ നാല് ശരീഅത്താണ്’ എന്നതാണ് കക്ഷിയുടെ മറ്റൊരു ജഹാലത്ത്! മദ്ഹബുകൾ എന്താണ് എന്നോ, ഇസ്‌ലാമിലെ ഫിക്വ‌്ഹ് എന്താണ് എന്നോ പുള്ളിക്ക് ലവലേശം പിടിപാടില്ല എന്നതിന് തെളിവാണിത്! അരപ്പണി ആശാനെയും കാണിക്കരുത് എന്നേ പറയാനുള്ളൂ!

നാല് മദ്ഹബുകൾ ശരീഅത്ത് മനസ്സിലാക്കാനുള്ള നാല് കവാടങ്ങളാണ് യഥാർഥത്തിൽ. തങ്ങൾക്കു ലഭിച്ച പ്രമാണമനുസരിച്ചും ഗവേഷണാത്മക വിഷയങ്ങളിൽ ഗവേഷണം നടത്തിയും ഇമാമുകൾ ഗ്രഹിച്ച കാര്യങ്ങളെ പിൽക്കാല പണ്ഡിതർ ക്രോഡീകരിച്ചതാണ് നാല് മദ്ഹബുകളും. മദ്ഹബുകൾക്കിടയിൽ ഭിന്നസ്വരങ്ങളുള്ളവ ഏകസ്വരമുള്ളവയെ അപേക്ഷിച്ച് എത്രയോ ഇരട്ടി കുറവാണ്! ഇമാമുകളുടെ ഉന്നതമായ ബൗദ്ധിക നിലവാരത്തിന്റെ തെളിവാണ് മദ്ഹബുകൾ! അതല്ലാതെ അവർ നാല് ശരീഅത്ത് പടച്ചുണ്ടാക്കിയതല്ല. ഒരു ശരീഅത്തിനെയാണ് നാല് മദ്ഹബും പിന്തുടരുന്നത്. നൂതന വിഷയങ്ങളിൽ തങ്ങൾ മനസ്സിലാക്കിയതനുസരിച്ച് പ്രമാണ പക്ഷത്തുനിന്ന് കാര്യങ്ങളെ അപഗ്രഥിക്കുകയാണ് ഇമാമുമാർ ചെയ്തിട്ടുള്ളത്. തങ്ങൾ പറഞ്ഞതിനെതിരായി പ്രവാചകന്റെ സ്വീകാര്യയോഗ്യമായ വചനം ലഭിച്ചാൽ തങ്ങൾ പറഞ്ഞത് തള്ളിക്കളയാനും പ്രവാചകവചനം സ്വീകരിക്കാനുമാണ് ഇമാമുമാർ പറഞ്ഞിട്ടുള്ളത്.

‘ക്വുർആനിലെ 4:176ൽ മരിച്ച വ്യക്തിക്ക് മക്കൾ ഉണ്ടെങ്കിൽ സഹോദരങ്ങൾക്ക് സ്വത്തിൽ അവകാശമുണ്ടായിരിക്കില്ല എന്നുണ്ട്’ എന്നാണ് അയാളുടെ മറ്റൊരു കണ്ടെത്തൽ! വിശുദ്ധ ഗ്രന്ഥത്തിന്റെ പേരിലുള്ള ശുദ്ധ കളവാണിത്. പ്രസ്തുത ആയത്ത് ഇതാണ്:

“നബിയേ, അവർ നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിന്റെ പ്രശ്‌നത്തിൽ അല്ലാഹു നിങ്ങൾക്കിതാ മതവിധി പറഞ്ഞുതരുന്നു. അതായത് ഒരാൾ മരിച്ചു; അയാൾക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കിൽ അയാൾ വിട്ടേച്ചുപോയതിന്റെ പകുതി അവൾക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവൾക്ക് സന്താനമില്ലാതിരിക്കുകയുമാണെങ്കിൽ സഹോദരൻ അവളുടെ (പൂർണ) അവകാശിയായിരിക്കും. ഇനി രണ്ട് സഹോദരികളാണുള്ളതെങ്കിൽ, അവൻ (സഹോദരൻ) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം അവർക്കുള്ളതാണ്. ഇനി സഹോദരൻമാരും സഹോദരിമാരും കൂടിയാണുള്ളതെങ്കിൽ, ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. നിങ്ങൾ പിഴച്ചുപോകാതിരിക്കാൻ അല്ലാഹു നിങ്ങൾക്ക് കാര്യങ്ങൾ വിവരിച്ചുതരുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’’ (4:176).

ഇതിലെവിടെയാണ് മക്കളുണ്ടെങ്കിൽ സഹോദരന് സ്വത്ത് കിട്ടില്ല എന്നുള്ളത്? മുസ്തഫ തെളിയിക്കട്ടെ! മരിച്ച വ്യക്തിക്ക് പെൺമക്കളും സഹോദരനും മാത്രമാണ് ജീവിച്ചിരിക്കുന്നത് എങ്കിൽ സ്വത്തിന്റെ ഒരു ഓഹരി സഹോദരന് ലഭിക്കും എന്ന മത നിയമമാണ് ഇയാളെ പ്രയാസപ്പെടുത്തുന്നത്. ഹദീസിൽ വ്യക്തമായി വന്ന കാര്യമാണിത്. ഹദീസിനെ തള്ളുന്ന ഇയാൾക്കെന്ത് മതം! ഈ നിയമം ക്വുർആൻ വിരുദ്ധമാണത്രെ! ഏത് ക്വുർആനാണ് ഇയാൾ പറയുന്നത്? അല്ലാഹുവിന്റെ ഗ്രന്ഥമായ ക്വുർആനിന് ഈ നിയമം എതിരല്ല. ശീഇകളുടെ കൈവശമുള്ള ജൂതന്മാർ കൈമാറിയ വ്യാജ ഏടുകളാണോ ക്വുർആൻ കൊണ്ട് അർഥമാക്കുന്നത്? അതാണെങ്കിൽ മുസ്‌ലിംകൾക്കത് ബാധകമല്ല.

വാസ്തവത്തിൽ വളരെയധികം തത്ത്വങ്ങൾ ഉൾക്കൊണ്ട ഒരു നിയമമാണിത്. ഇതിനെ എതിർക്കുന്നവരുടെ കുടിലതയും സ്വാർഥതയും ധനാർത്തിയും ഇവിടെ വ്യക്തമാണ്. തന്റെ കൂടെപ്പിറപ്പുകളുമായി പോലും യാതൊരുവിധ ബന്ധവും ഇഷ്ടപ്പെടാത്ത തനിച്ച കുടില മനസ്‌കർക്കല്ലാതെ ഈ വിശുദ്ധ നിയമത്തെ എതിർക്കാനാവില്ല, തീർച്ച. പിതാവ് നഷ്ടമായ പെൺകുട്ടികൾക്ക് ഇനി പിതാവിന്റെ സ്ഥാനത്തുള്ളത് പിതൃവ്യന്മാരാണ്. ആ കുട്ടികളെ കല്യാണംവരേക്കും സംരക്ഷിക്കേണ്ടതും വിവാഹം ചെയ്ത് കൊടുക്കേണ്ടതും വിവാഹാനന്തരം പ്രശ്‌നമായി വീട്ടിൽ വന്നാൽ ശിഷ്ടകാലം സംരക്ഷിക്കേണ്ടതും പിതൃവ്യരാണ്. അവരാണ് പ്രസ്തുത മക്കളുടെ വലിയ്യുകൾ!

എന്നാൽ ആൺകുട്ടികൾ ആണെങ്കിൽ പിത്യവ്യന്മാർക്ക് സ്വത്ത് ലഭിക്കില്ല.കാരണം യതീമുകളായ അവരെ പ്രായപൂർത്തിയാകുന്നതുവരെ സംരക്ഷിക്കേണ്ട ബാധ്യതയേ പിതൃവ്യന്മാർക്കുളളൂ. അതിനാവശ്യമായ ചിലവുകൾ യതീമുകളുടെ സമ്പത്തിൽനിന്ന് (ആണായാലും പെണ്ണായാലും) മാന്യമായത് എടുക്കാവുന്നതുമാണ്. ഇക്കാര്യം ക്വുർആൻ ഇപ്രകാരം ഉണർത്തുന്നു:

“അനാഥകളെ നിങ്ങൾ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവർക്ക് വിവാഹപ്രായമെത്തിയാൽ നിങ്ങളവരിൽ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കൾ അവർക്ക് വിട്ടുകൊടുക്കുക. അവർ (അനാഥകൾ) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീർക്കരുത്. ഇനി (അനാഥരുടെ സംരക്ഷണമേൽക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കിൽ (അതിൽനിന്ന് എടുക്കാതെ) മാന്യത പുലർത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കിൽ മര്യാദപ്രകാരം അയാൾക്കതിൽനിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കൾ അവർക്ക് നിങ്ങൾ ഏൽപിച്ചുകൊടുക്കുമ്പോൾ നിങ്ങളതിന് സാക്ഷിനിർത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹുതന്നെ മതി’’ (4:6).

ആൺമക്കളും പെൺകുട്ടികളും ഉണ്ട് എങ്കിലും പിതൃവ്യന്മാർക്ക് സ്വത്ത് ലഭിക്കില്ല. കാരണം പെൺകുട്ടികളുടെ ആങ്ങളമാരാണ് അവരുടെ സംരക്ഷകർ. ഇനി, പിതാവ് രോഗിയായി കിടപ്പിലായി എന്ന് സങ്കൽപിക്കുക! ഇയാൾക്ക് പെൺമക്കൾ മാത്രമേയുള്ളൂ; അപ്പോഴും ഈ മക്കളെ സംരക്ഷിക്കേണ്ട ബാധ്യത പിതൃവ്യനുണ്ട്. മനുഷ്യബന്ധങ്ങൾക്ക് വില കൽപിച്ച മതമാണ് ഇസ്‌ലാം. മനുഷ്യബന്ധങ്ങൾക്ക് യാതൊരു വിലയും കൽപിക്കാത്ത, ‘ഞാനും എന്റെ കെട്ട്യോളും എന്റെ കുട്ട്യാളും’ എന്ന് മാത്രം ചിന്തിച്ച് തന്റെ പണം തന്റെ കൂടെപ്പിറപ്പുകൾക്കു പോലും ലഭിക്കുന്നത് സഹിക്കാത്ത ലുബ്ധന്മാർക്കല്ലാതെ ആർക്കാണീ നിയമത്തെ വിമർശിക്കാനാവുക?

സമ്പത്തിലെ ഓഹരികൾക്കപ്പുറം കുടുംബങ്ങൾക്കിടയിലെ ബന്ധങ്ങളെ ശക്തിപ്പെടുത്തുക എന്നതുകൂടി ശരീഅത്തിന്റെ താൽപര്യമാണ്. ഒരു ബാധ്യതയും ആരെയും മതം എൽപിച്ചിട്ടില്ല എന്നാണ് മുസ്തഫയുടെ കണ്ടെത്തൽ! പിന്നെ എന്തിനാണ് ഈ അനന്തരാവകാശ നിയമങ്ങളൊക്കെ? എന്താണ് ഈ ആയത്തുകളുടെ അർഥം? ഒരു ബാധ്യതയും ആർക്കും ആരോടും ഇല്ലെങ്കിൽ തോന്നിയവർക്ക് തോന്നിയ രൂപത്തിൽ സമ്പത്ത് ൽകിയാൽ മതിയല്ലോ? അല്ലാഹു പറയുന്നു: “രക്തബന്ധമുള്ളവർ അനേ്യാന്യം അല്ലാഹുവിന്റെ നിയമത്തിൽ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതൽ അടുപ്പമുള്ളവരാകുന്നു’’ (33:6).

ബാധ്യതകൾ ഏറ്റെടുക്കാത്ത മനുഷ്യത്വമില്ലാത്തവർക്കുള്ളതല്ല ഇസ്‌ലാമിക നിയമങ്ങൾ എന്ന് ഉണർത്തട്ടെ! മരണപ്പെട്ട വ്യക്തിയുടെ കടം സഹാദരൻ ഏറ്റെടുക്കുമോ എന്നതാണ് ടിയാന്റെ മറ്റൊരു സന്ദേഹം! കടം വീട്ടിയിട്ടാണ് അനന്തരസ്വത്ത് ഭാഗിക്കേണ്ടത് എന്ന അടിസ്ഥാന വിവരമെങ്കിലും ഇമ്മാതിരി വിവരമില്ലായ്മ വിളിച്ചു പറയുന്നതിന് മുമ്പ് ഉണ്ടാവണം!

ജീവിച്ചിരിക്കുമ്പോൾ തന്റെ സഹോദരന് ഒരു പ്രയാസം വന്നാൽ സഹായിക്കുന്നത് പോലെ മരിച്ചാലും ചിലപ്പോൾ സഹായിക്കേണ്ടി വന്നേക്കാം. അതെല്ലാം മനുഷ്യർ പരസ്പരം ചെയ്യുന്നതാണ്. അതിലൊന്നും മുസ്‌ലിംകൾക്ക് ഇതുവരെ ഒരു പ്രയാസവും തോന്നിയിട്ടില്ല. സ്വാർഥത കാടുകെട്ടിയ ഹൃദയങ്ങളിലേക്ക് ഇതൊന്നും കയറാൻ സാധ്യതയില്ല.

ഭർത്താവ് മരിച്ച ഒരു പെണ്ണിന് കടം വീട്ടാൻ കഴിയാത്ത കഥയും ചർച്ചയിൽ ചിലർ ഉന്നയിച്ചു. പ്രസ്തുത സ്ത്രീ ശരീഅത്തിന്റെ അനീതിയുടെ ഇരയാണത്രെ! കടവും വസ്വിയ്യത്തും കഴിഞ്ഞിട്ടേ സ്വത്ത് ഓഹരി വെക്കാവൂ എന്ന് അനന്തരാവകാശവുമായി ബന്ധപ്പെട്ട ആയത്തുകളിൽ (4:11, 12) നാല് തവണ അല്ലാഹു ആവർത്തിച്ചു പറഞ്ഞതാണ്! കടം വീട്ടാതെ സ്വത്ത് ഓഹരിവച്ച് അവസാനം അലമുറയിടുന്നതിന് ശരീഅത്ത് എന്ത് പിഴച്ചു?

അനന്തരാവകാശത്തെ കുറിച്ച് അടിസ്ഥാനവിവരം പോലും ഇല്ലാത്തവരാണ് പലപ്പോഴും ചാനലുകളിൽ ഇരിക്കുന്നവരും ചർച്ചക്ക് വിളിക്കപ്പെടുന്നവരും എന്നതാണ് ശരി. താനൊരു ക്വുർആൻ വ്യാഖ്യാതാവാണെന്ന് മുസ്തഫ പലതവണ പറയുന്നുണ്ട്! ക്വുർആനിനെ വളച്ചൊടിച്ച് സർവമതസത്യവാദം (പുറത്ത് പറയുന്നത് സർവവേദ സത്യവാദം എന്ന്) സ്ഥാപിക്കുന്ന, ഹദീസുകളെ നിഷേധിക്കുന്ന, സ്വഹാബത്തിനെ തെറിവിളിക്കുന്ന, ശീഇസം കേരളത്തിൽ ഇറക്കുമതി ചെയ്യുന്ന, ശ്രീനാരായണ ഗുരുവിന്റെ ആദർശം സ്വീകരിച്ച, നവചേകനൂരാകാൻ വേഷം കെട്ടിയ ഇദ്ദേഹം തന്നെയാണ് അല്ലാഹുവിന്റെ ക്വുർആൻ വ്യാഖ്യാനിക്കേണ്ടത്! ഖവാരിജുകൾ മുതലുള്ള ക്വുർആൻ ദുർവ്യാഖ്യാനക്കാരുടെ പരമ്പരയിൽ തന്നെയാണ് ഇദ്ദേഹവും ഉള്ളത് എന്നതാണ് വസ്തുത. ശരീഅത്ത് വിഷയത്തിൽ താൻ സംവാദത്തിന് തയാറാണെന്നും പലവുരു പറയുന്നുണ്ട് കക്ഷി. ‘അരിമണിയൊന്നു കൊറിക്കാനില്ല, കരിവളയിട്ടു കിലുക്കാൻമോഹം’ എന്നു പറഞ്ഞതുപോലെയാണല്ലോ ഇത്!