ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും

അബൂ ഫർഹാൻ ബിൻ യൂസുഫ്, കോട്ടക്കൽ

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

ഭാഗം: 04

തെളിവ് ആറ്:

കിതാബുൽ ഗുൻയഃ അക്വീദയിൽ ഹമ്പലികൾ എടുത്തുദ്ധരിക്കുന്നു

ഹൈതമിക്ക് നൂറ്റാണ്ടുകൾ മുമ്പ് രചിക്കപ്പെട്ട ഹമ്പലി കിതാബുകളിൽനിന്നും, അസ്‌മാഉ വസ്സ്വിഫാത്തിൽ ‘കിതാബുൽ ഗുൻയഃ’യിലെ ബറേൽവി വിവാദ ഭാഗം ഹമ്പലികൾ തെളിവായി ഉന്നയിക്കുന്നു. ബുഖാരിക്ക് വിശദീകരണമെഴുതിയ മഹാനായ ഹദീസ് പണ്ഡിതനും ഹമ്പലി മദ്ഹബിന്റെ ചരിത്രകാരനുമായ ഇബ്‌നു റജബുൽ ഹമ്പലി, ‘കിതാബുൽ ഗുൻയഃ’ വളരെ അറിയപ്പെട്ടതാണെന്നു പറഞ്ഞ് അതിലെ പ്രസക്ത ഭാഗം എടുത്തു കൊടുക്കുന്നത് കാണുക:

“അവൻ ഉലുവ്വിന്റെ ജിഹത്തിലാണ്, അർശിനു മുകളിൽ ഇസ്തിവാഉമാണ്. അവൻ ആധിപത്യമുള്ളവനാണ്. അവന്റെ അറിവ് എല്ലാ കാര്യങ്ങളിലും വലയം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്.’’

ഇത്തരത്തിലുള്ളവ ശൈഖ് ജീലാനിയുടെ ‘ഗുൻയഃ’യിൽ പ്രസക്തമായി പറയുന്നുണ്ട്. ശേഷം ഇബ്‌നു റജബ് തുടരുന്നു: “അല്ലാഹുവിനെ എല്ലായിടത്തുമാണെന്ന് വിശേഷിപ്പിക്കൽ ഹറാമാണ്. അവൻ ആകാശത്ത് അർശിനു മുകളിലാണെന്നത് (അവൻ അർശിനു മുകളിൽ ഇസ്തിവാഅ് ആണെന്ന്) അല്ലാഹു പറഞ്ഞ കാരണത്താൽ, എങ്ങനെ എന്നു പറയാതെ വന്നതുപോലെ പറയേണ്ടതാണ്. അതു പറയുന്നതിന് പ്രവാചക വചനങ്ങളും ക്വുർആൻ ആയത്തുകളും വന്നിട്ടുണ്ട്. മൊത്തത്തിൽ, ‘ഇസ്തിവാഅ്’ എന്ന, അല്ലാഹുവിന്റെ വിശേഷണത്തിന് വ്യാഖ്യാനം നൽകാതിരിക്കേണ്ടതാണ്. കാരണം അവൻ അർശിനു മുകളിൽ ദാത്തോടുകൂടി ഇസ്തിവാഉമാണ്.’’

വീണ്ടും പറയുന്നു: “അല്ലാഹു നിയോഗിച്ച എല്ലാ പ്രവാചകന്മാർക്കും അവതരിച്ച എല്ലാ വേദഗ്രന്ഥങ്ങളിലും (ഇസ്തിവാഅ്) എങ്ങനെയെന്നു പറയാതെ ഉദ്ധരിച്ചിരിക്കുന്നു. അവയിലെല്ലാം ഈ വിഷയം ദീർഘമായി വിവരിച്ചിട്ടുമുണ്ട്. അവന്റെ എല്ലാ വിശേഷണങ്ങളും ഇതുപോലെ തന്നെയാണ്’’ (ദൈലു ത്വബകാത്തുൽ ഹനാബില 1/238, 239).

അല്ലാഹു മുകളിലാണ് എന്ന സലഫി - ഹമ്പലി വിശ്വാസം സ്ഥിരപ്പെടുത്തുന്ന, ഇമാം ദഹബിയുടെ ‘അഹ്‌ലുസ്സുന്നയുടെ അക്വീദ’ വിവരിക്കുന്ന പ്രസിദ്ധഗ്രന്ഥമായ ‘അൽ ഗുലുവ്വു ലിൽഅലിയ്യിൽ ഗഫ്ഫാർ’ എന്ന ഗ്രന്ഥത്തിൽ ശൈഖ് ജീലാനിയെ, അദ്ദേഹം അക്വീദയിൽ ഹമ്പലിയാണെന്നു പറഞ്ഞ് ‘കിതാബുൽ ഗുൻയഃ’യിൽനിന്നും വിവരിക്കുന്നതു കാണുക:

“അവൻ അർശിനു മുകളിൽ ഇസ്തിവാഇലാണ്. അവൻ ആധിപത്യമുള്ളവനും അവന്റെ അറിവ് എല്ലാ കാര്യങ്ങളിലും വലയം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്. ‘അവങ്കലേക്കാണ് ഉത്തമ വചനങ്ങൾ കയറിപ്പോകുന്നത്. നല്ല പ്രവർത്തനത്തെ അവൻ ഉയർത്തുകയും ചെയ്യുന്നു(ഫാതിർ:10).’’

വീണ്ടും പറയുന്നു: “അൽ ഇജ്തിമാഉ ഫീ ജുയൂശിൽ ഇസ്‌ലാമിയ്യ’യിൽ ഇബ്‌നുൽ ക്വയ്യിമും ‘ഫതാവാ ഹമവിയ്യ’യിൽ ശൈഖുൽ ഇസ്‌ലാംഇബ്‌നുതൈമിയ്യയും ‘അൽ ഉലുവ്വു ലിൽഅലിയ്യിൽ ഗഫ്ഫാറി’ൽ (1:265) ഹാഫിദ്വു ദഹബിയും ഇതേ ആശയം പറഞ്ഞിട്ടുണ്ട്.

ഏതു ഭാഗമാണോ കിതാബുൽ ഗുൻയഃയിൽ കടത്തിക്കൂട്ടിയത് എന്ന് അശ്അരികളും ബറേൽവികളും അവകാശപ്പെടുന്നത്, ആ ഭാഗം തന്നെയാണ് ഹമ്പലി പണ്ഡിതന്മാർ എടുത്തുദ്ധരിക്കുന്നതും അവരുടെ അവകാശവാദത്തെ തകർക്കുന്നതും. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും കൂട്ടരും അശ്അരികളിൽനിന്നും സൂഫികളിൽനിന്നും വിമർശനങ്ങളേറ്റുവാങ്ങേണ്ടി വന്നവരാണെന്നതിൽ തർക്കമില്ല. ശൈഖുൽ ഇസ്‌ലാം അടക്കമുള്ള ഹമ്പലി, സലഫി, അസരി അക്വീദയുടെ വക്താക്കൾക്കെതിരെ ശൈഖ് അബ്ദുൽ ക്വാദിർ ജീലാനിയുടെ ‘കിതാബുൽ ഗുൻയഃ’യിൽ ഇല്ലാത്തത് പറയുകയാണെന്ന ആരോപണമുന്നയിക്കാൻ പോലും സാധിച്ചിട്ടില്ല. ഭരണകൂടത്തിന്റെ സർവസ്വാധീനമായി അശ്അരികളും സൂഫികളും നിറഞ്ഞാടിയിരുന്ന കാലത്തും ശൈഖ് ജീലാനി സലഫിയാണെന്ന ശൈഖുൽ ഇസ്‌ലാമിന്റെ അഭിപ്രായത്തെ ചോദ്യം ചെയ്യാൻ പ്രാമാണികനായ ഒരു അശ്അരി പണ്ഡിതന്നും അക്കാലത്തു കഴിഞ്ഞിട്ടില്ലെന്നത് ശൈഖ് ജീലാനി അശ്അരിയല്ല എന്നതിന് ഏറ്റവും വലിയ തെളിവാണ്. ജീലാനിയെ സലഫിയല്ലാതാക്കാൻ എന്തെങ്കിലും പഴുതുണ്ടെങ്കിൽ ഇബ്നുതൈമിയ്യയെ ആഞ്ഞടിക്കാനുള്ള സുവർണാസരം മുതലാക്കാൻ കടുത്ത സലഫീവിരോധികളായ ഹൈതമികളെ അശ്അരികൾ മുൻകടക്കുമായിരുന്നു. കിതാബുൽ ഗുൻയഃയിൽ കടത്തിക്കൂട്ടൽ നടന്നിട്ടില്ലെന്നതിന് ഇതിലേറെ വലിയ തെളിവിന്റെ ആവശ്യമില്ല. അതാണ് ഞാൻ നേരത്തെ പറഞ്ഞത്, കടുത്ത സൂഫി-അശ്അരി പക്ഷപാതിയായ ഹൈതമിക്ക് എട്ടാം നൂറ്റാണ്ടിലെ അശ്അരി പണ്ഡിതന്മാരുടെ ചരിത്രം പോലും അറിയില്ല. അറിയില്ല എന്നതൊരു കുറവല്ല, അറിയില്ല എന്നതുമറിയില്ല എന്നതാണ് ശരിക്കുള്ള കുറവ്.

തെളിവ് ഏഴ്:

ഒരു അശ്അരിയും വലിയ്യാകില്ല എന്നു ജീലാനി

ബറേൽവി സമൂഹത്തിനു പൊതുവെ ശരീഅത്ത് വിരുദ്ധരെയും ശൈത്വാൻ കൂടിയവരെയും മാനസിക രോഗികളെയും വലിയ്യാക്കി അവരോധിക്കുന്നതിനോടാണ് താൽപര്യം. എന്നാൽ ശൈഖ് ജീലാനിയുടെ കാര്യം വ്യത്യസ്തമാണ്. ശരീഅത്തും സൂക്ഷ്മതയും ഭയഭക്തിയുമൊക്കെയുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല; വലിയ്യിന്റെ അക്വീദ സലഫി-ഹമ്പലി ആയിരിക്കണമെന്നതാണ് ശൈഖ് ജീലാനിയുടെ ഒന്നാമത്തെ നിബന്ധന. ഇതു കവിയും സൂഫിയും ഹമ്പലി അക്വീദക്കാരനുമായ അബൂ സകരിയ്യാ യഹ്‌യബ്‌നു യൂസുഫു സ്വർസ്വരീ തന്റെ ഗുരുനാഥനും ഹമ്പലി പണ്ഡിതനും കർമശാസ്ത്ര നിപുണനുമായ അലിയ്യു ബ്‌നു ഇദ്‌രീസ് ശൈഖ് ജീലാനിയിൽനിന്നും നേരിട്ടു കേട്ടതായി ഉദ്ധരിക്കുന്നത് കാണുക:

“അഹ്‌മദ് ബിൻ ഹമ്പലിന്റെ വിശ്വാസക്കാരനല്ലാത്ത ഒരാൾ വലിയ്യാകുമോ എന്റെ നേതാവേ?’’ ശൈഖ് അബ്ദുൽ ക്വാദിർ ജീലാനിയുടെ മറുപടി ഇങ്ങനെയായിരുന്നു: “അങ്ങനെ ഓരാളും വലിയ്യായിട്ടില്ല, ഇനി ആകാനും പോകുന്നില്ല’’

(ദൈലു ത്വബകാത്തിൽ ഹനാബില 1/249). ഈ കാര്യം അശ്അരികൾ വിളഞ്ഞാടിയ കാലത്ത് ജീവിച്ച ഇബ്‌നു തൈമിയ്യ ‘ദർഉ തആറുദു അൽഅക്വ്‌ലി വന്നക്വ‌്ൽ’ എന്ന ഗ്രന്ഥത്തിലും മറ്റു ഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ട്.

അല്ലാഹു ഉപരിലോകത്താണെന്ന് വിശ്വസിക്കാത്ത, അല്ലാഹുവിന്റെ കൈ എന്ന വിശേഷണം യഥാർഥത്തിലുള്ളതാണെന്ന് സ്ഥിരപ്പെടുത്താത്ത, അവന്റെ ഇസ്തിവാഅ് ദാത്തോടുകൂടിയാണെന്ന് ഉറപ്പിക്കാത്ത, അവന്റെ ഗ്രന്ഥത്തിന്റെ അക്ഷരങ്ങളും ശബ്ദങ്ങളും സൃഷ്ടിയല്ലെന്നു പറയാത്ത അശ്അരികളും മാത്തുരീതികളും, അല്ലാഹുവിന് അവയവം സ്ഥിരപ്പെടുത്തുന്ന മുജസ്സിമികളും പോലെയുള്ള പുത്തൻവാദികൾ വലിയ്യാവുകയില്ലെന്നും വലിയ്യാകാൻ പോകുന്നില്ലെന്നുമാണ് ശൈഖ് ജീലാനി പറഞ്ഞതിന്റെ വിവക്ഷ. അതാണല്ലോ അഹ്‌മദ് ബിൻ ഹമ്പലിന്റെ മദ്ഹബ്.

(തുടരും)