ബദ്‌രീങ്ങളോടുള്ള പ്രാർഥനയും ബദ്ർദിനത്തിലെ അനാചാരങ്ങളും

മൂസ സ്വലാഹി കാര

2023 മെയ് 06 , 1444 ശവ്വാൽ 14

ഇസ്‌ലാമിന്റെ കരുത്തും കാതലുമായ തൗഹീദ് വിജയിക്കുകയും ശിർക്ക് തകർന്നടിയുകയും ചെയ്ത യുദ്ധമാണല്ലോ ബദ്ർ യുദ്ധം. മതത്തിന്റെ പ്രതാപം സംരക്ഷിക്കപ്പെടുകയും അത് ലോകമെമ്പാടും വ്യാപിക്കാൻ കാരണമാവുകയും ചെയ്ത വലിയ ദൃഷ്ടാന്തം കൂടിയാണത്. ആരാധനയാകുന്ന പ്രാർഥനയും സഹായ തേട്ടവും ഇടതേട്ടവും ഭരമേൽപിക്കലുമെല്ലാം സർവശക്തനായ അല്ലാഹുവിനോട് മാത്രമെ ആകാവൂ എന്നതും മനുഷ്യനിർമിത ആരാധ്യന്മാർ അശക്തരും വ്യാജരുമാണെന്ന് ലോകത്തെ പഠിപ്പിച്ച തുല്യതയില്ലാത്ത ചരിത്രം കൂടിയാണ് ബദ്ർ.

ബദ്‌റിനോടടുത്ത് നബിﷺ മനമുരുകി നടത്തിയ പ്രാർഥനകൾ പ്രമാണങ്ങളിൽ കാണാം. അതിൽ ഒന്നുപോലും മുൻകാല പ്രവാചകന്മാരോടോ, സ്വാലിഹുകളോടോ, സ്വഹാബികളിൽനിന്ന് മരണപ്പെട്ടവരോടോ അല്ല, എല്ലാം അല്ലാഹുവിനോട് മാത്രം. അതിന്റെ ഫലമാണ് വിശ്വാസികൾക്ക് അല്ലാഹുവിൽനിന്ന് ലഭിച്ച യഥാർഥ സഹായം.അല്ലാഹു പറയുന്നു: “നിങ്ങൾ ദുർബലരായിരിക്കെ ബദ്‌റിൽ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾ നന്ദിയുള്ളവരായേക്കാം’’(3:123).

നബിﷺ നടത്തിയ പ്രാർഥനയെ കുറിച്ച് അല്ലാഹു പറയുന്നു: “നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദർഭം (ഓർക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നതാണ് എന്ന് അവൻ അപ്പോൾ നിങ്ങൾക്കു മറുപടി നൽകി’’(8:9).

ഉമറി(റ)ൽനിന്ന് ഇമാം മുസ്‌ലിം(റഹ്) ഉദ്ധരിച്ച ഹദീസിൽ ഇങ്ങനെ കാണാം: “നബി ﷺ ക്വിബ്‌ലക്ക് മുന്നിട്ട് തന്റെ ഇരു കൈകളും ഉയർത്തി ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവേ, എനിക്ക് വാഗ്ദാനം നൽകിയതെവിടെ? അല്ലാഹുവേ, എനിക്ക് വാഗ്ദത്തം നൽകിയത് നീ പൂർത്തിയാക്കണേ. അല്ലാഹുവേ, ഇസ്‌ലാമിന്റെ ഈ ചെറു സംഘത്തെ നീ നശിപ്പിച്ചാൽ ഒരിക്കലും ഭൂമിയിൽ നീ ആരാധിക്കപ്പെടുകയില്ല.’’

തന്റെ തട്ടം വീഴുമാറ് നബി ﷺ റബ്ബിനോട് സഹായം തേടിയും പ്രാർഥിച്ചും കൊണ്ടിരുന്നു. അബൂബക്ർ(റ) പറഞ്ഞു: പ്രവാചകരേ, നിങ്ങളുടെ ചോദ്യം മതി. നിശ്ചയം അല്ലാഹു നിങ്ങൾക്ക് നൽകിയ ഉറപ്പ് അവൻ പൂർത്തിയാക്കും.’’

ബദ്ർ യുദ്ധ ചരിത്രംകൊണ്ട് ഇസ്‌ലാം എന്താണോ ലക്ഷ്യമാക്കിയത് അതിന്റെ നേർവിപരീത പ്രവർത്തനമാണ് സമസ്ത മുസ്‌ലിയാക്കന്മാർ സമൂഹത്തിൽ ചെയ്യുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലും പ്രയാസ സന്ദർഭങ്ങളിലും ബദ്ർ ശുഹദാക്കളെ വിളിച്ച് പ്രാർഥിക്കാനും തേടാനും അവരുടെ നാമങ്ങളിൽ തവക്കുലാക്കാനുമുള്ള ആഹ്വാനമാണ് അവർ പരക്കെ നടത്തുന്നത്.

‘ബദ്‌രീങ്ങളേ...അറ്റുപോകാത്ത വിളി’എന്ന തലവാചകത്തിൽ 2023 ഏപ്രിൽ ആദ്യലക്കം രിസാല വാരികയിൽ ഒരു മുസ്‌ലിയാർ എഴുതിയത് കാണുക:

“ശുഭ പ്രതീക്ഷകൾ വെറുതെയായില്ല. ബദ്ർ രണാങ്കണത്തിലെ തുഛം വരുന്ന വിശ്വാസികൾ എങ്ങനെയാണ് കൊടി പറത്തിയത് എന്നാലോചിക്കുമ്പോൾ അത്ഭുതം അവസാനിക്കുന്നില്ല. അലമാല പോലെ വന്ന പ്രതിയോഗികൾ എങ്ങനെയാണ് വന്മരങ്ങൾ പോലെ കടപുഴകിയത്? വിശ്വാസികൾക്കറിയാം, അല്ലാഹുവിന്റെ ഇടപെടൽ സ്വാധീനം. അതിനാൽ അവർ ആയിരത്താണ്ടു കഴിഞ്ഞിട്ടും വിളിക്കുന്നു; ബദ്‌രീങ്ങളേ, ന്റെ ബദ്‌രീങ്ങളേ... ഇതാണാ വിളി. സംവൽസരങ്ങൾക്ക് മുമ്പ് ജീവിച്ചുപോയ മനുഷ്യരെയാ ണാ വിളിക്കുന്നത്. എന്താണാ വിളിയുടെ കാര്യം?’’ (പേജ് 14).

ഏറ്റവും വലിയ പാപമായ ശിർക്കിന്റെ വക്താക്കളെ തുരത്തിയ ബദ്‌രീങ്ങളുടെ പേരിൽ അതേ ശിർക്കിനെയാണ് മുസ്‌ലിയാർ ഇവിടെ സ്ഥാപിക്കുന്നത്. അല്ലാഹുവേ, റബ്ബേ എന്നിങ്ങനെ വിളിക്കേണ്ട സ്ഥാനത്താണ് ബദ്‌രീങ്ങളേ എന്ന് വിളിക്കുന്നത്. അല്ലാഹുവിന്റെ കൽപനക്ക് തീർത്തും എതിരായ രീതിയാണിത്. അല്ലാഹു പറയുന്നു: “നിന്നോട് എന്റെ ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാർഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്’’(2:186).

ബദ്‌റിൽ പങ്കെടുത്തവർക്കുള്ള ശ്രേഷ്ഠതകളെപ്പറ്റി പ്രമാണങ്ങൾ വിശദീകരിച്ചതിൽ എവിടെയെങ്കിലും ഇത്തരമൊരു ബഹുമതി അവർക്ക് നൽകപ്പെട്ടിട്ടുണ്ടോ? നബി ﷺയും അനുചരന്മാരും വ്യത്യസ്ത പരീക്ഷണങ്ങൾ നേരിട്ട സന്ദർഭങ്ങളിൽ ബദ്ർ ശുഹദാക്കളിൽ ഏതെങ്കിലുമൊരാളെ ഇപ്രകാരം വിളിച്ചോ? ഈ യുദ്ധ ചരിത്രം രേഖപ്പെടുത്തപ്പെട്ട അഹ്‌ലുസ്സുന്നയുടെ ഗ്രന്ഥങ്ങളിൽ ഇങ്ങനെയൊരു വിശ്വാസം പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ? ഇല്ല എന്നതാണ് പച്ചമരമാർഥം.

ഇമാം ബുഖാരി(റഹ്) അനസി(റ)ൽനിന്ന് ഉദ്ധരിച്ച ഹദീസിൽ ബദ്‌റിന്റെ ദിവസം അബൂജഹൽ അല്ലാഹുവിനോട് നേരിട്ട് നടത്തിയ പ്രാർഥന കാണാം. ‘‘അല്ലാഹുവേ, ഇതു നിന്റെ പക്കൽനിന്നുള്ള സത്യമാണെങ്കിൽ നീ ഞങ്ങളുടെ മേൽ ആകാശത്തുനിന്ന് കല്ല് വർഷിപ്പിക്കുകയോ, അല്ലെങ്കിൽ ഞങ്ങൾക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവർ (അവിശ്വാസികൾ) പറഞ്ഞ സന്ദർഭവും (ഓർക്കുക)’’(8:32). അന്നേരം അയാൾക്കുണ്ടായ വകതിരിവ് പോലും ഇന്ന് ഈ പുരോഹിതന്മാർക്കില്ലാതെ പോയല്ലോ എന്ന് പറയാതിരിക്കാൻ വയ്യ!

അബൂജഹൽ മാത്രമല്ല അല്ലാഹുവിനോട് നേരിട്ട് പ്രാർഥിച്ചിട്ടുള്ളത്. പ്രാർഥിക്കപ്പെടുന്ന വ്യാജ ദൈവങ്ങളെ ആശ്രയിച്ചാൽ കാര്യം കൈവിട്ട് പോകുമെന്നുറപ്പുള്ള സന്ദിഗ്ധ സന്ദർഭങ്ങളിൽ അല്ലാഹുവിനെ ആത്മാർഥമായി വിളിക്കുന്ന സ്വഭാവക്കാരായിരുന്നു മുശ്‌രിക്കുകൾ. അവർക്കപ്പോൾ ലാത്തയോ ഉസ്സയോ മനാത്തയോ ഇല്ല!

അല്ലാഹു പറയുന്നത് കാണുക: ‘‘ഇതിൽനിന്ന് (ഈ വിപത്തുകളിൽനിന്ന്) അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തുകയാണെങ്കിൽ തീർ ച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിൽ ആയിക്കൊള്ളാം എന്ന് പറഞ്ഞുകൊണ്ട് അവനോട് നിങ്ങൾ താഴ്മയോടെയും രഹസ്യമായും പ്രാർഥിക്കുന്ന സമയത്ത് കരയിലെയും കടലിലെയും അന്ധകാരങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നത് ആരാണ്? പറയുക: അല്ലാഹുവാണ് അവയിൽനിന്നും മറ്റെല്ലാ ദുരിതങ്ങളിൽനിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവനോട് പങ്കുചേർക്കുന്നു’’ (6:63,64).

എത്രയെത്ര പ്രശ്‌നങ്ങൾക്ക് മുമ്പിലാണ് അല്ലാഹുവിനോട് പറഞ്ഞു,’ ‘അല്ലാഹു രക്ഷിച്ചു,’ ‘റബ്ബിനോട് തേടി’ എന്ന് പറഞ്ഞ് പുരോഹിതന്മാർ കള്ളക്കണ്ണീർ പൊഴിക്കാറുള്ളത്. ആ നേരം അവർക്ക് ബദ്‌രീങ്ങളോ, ഉഹ്ദീങ്ങളോ, ജാറങ്ങളോ ഇല്ല!

മുസ്‌ലിയാർ എഴുതുന്നു: ‘‘ബദ്‌റിൽ റസൂൽ വിജയം വരിച്ചതിനാൽ നമ്മളെല്ലാം വിശ്വാസികളായി. ഇതിനുള്ള നന്ദി പ്രകടനം കൂടിയാണ് നമ്മൾ ആചരിക്കുന്ന ബദ്‌രീങ്ങളുടെ ആണ്ട്. ഈ ഒരാണ്ടിൽ മാത്രം നമ്മുടെ കടപ്പാട് തീരുമോ? ഇല്ല. പകരം അവരെ ജീവിതത്തിന്റെ ഭാഗമാക്കണം. കഴിയുന്ന മാത്രയിൽ അവരെ കൂടെക്കൂട്ടണം. ന്റെ ബദ്‌രീങ്ങളേ എന്ന് നമ്മൾ വിളിക്കുന്നതിന്റെ ഒരു കാര്യമിതാണ്’’(പേജ് 15).

ബദ്‌റിലെ വിജയത്തിന് ശേഷം നബി ﷺ എത്ര ബദ്ർ ആണ്ട് നടത്തിയെന്നും അതിന്റെ രൂപം എങ്ങനെയെന്നും മുസ്‌ലിയാക്കന്മാർ വ്യക്തമാക്കുമോ? മുപ്പത് വർഷത്തോളം ഇസ്‌ലാമിന്റെ ഖിലാഫത്ത് ഏറ്റെടുത്ത നാല് ഖലീഫമാരുടെ കാലത്ത് എത്ര ബദ്ർ ആണ്ടുകൾ, എങ്ങനെ, എവിടെവെച്ച് കൊണ്ടാടിയെന്ന് വിശദീകരിക്കാമോ?

‘തീർച്ചയായും കണ്ണുള്ളവർക്ക് അതിൽ ഒരു ഗുണപാഠമുണ്ട്’ എന്ന് ബദ്‌റിനെ സംബന്ധിച്ച പറഞ്ഞ പ്രമാണങ്ങളിൽ എവിടെയാണ് ബദ്ർ ആണ്ടിനെ പരാമർശിച്ചിട്ടുള്ളത്? നുണകൾ മെനഞ്ഞ് പുരോഹിതന്മാരുടെ അധ്യക്ഷതയിൽ നടത്തപ്പെടുന്ന ഇത്തരം ആണ്ടാഘോഷങ്ങൾക്ക് മതവുമായി യാതൊരു ബന്ധവുമില്ല.

വിശ്വാസികൾ അല്ലാഹുവിന്റെ മുമ്പിൽ കീഴ്‌പ്പെടേണ്ടതിനും വിധേയത്വം കാണിക്കേണ്ടതിനും നിർദേശിക്കപ്പെട്ട വഴികളിൽ ‘ന്റെ ബദ്‌രീങ്ങളേ’ പോലുള്ള ശിർക്ക് കലർന്ന വിളികളില്ല. വിശ്വാസത്തെ ശരിയായ വഴിയിലൂടെ മനസ്സിലാക്കത്തതിന്റെ അപകടമാണിത്.

അല്ലാഹു പറയുന്നു: “അവന്റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങൾ ഭക്തികാണിക്കുന്നത്?’’(16:52).

ഇതിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹ്) പറഞ്ഞത് കാണുക: ‘അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും ആരാധന അവനല്ലാതെ പാടില്ലെന്നും അവൻ ഒരു പങ്കാളിയില്ലാത്ത ഏകനാണെന്നും എല്ലാറ്റിന്റെയും ഉടമയും സ്രഷ്ടാവും അവനാണെന്നും അല്ലാഹു പ്രഖ്യാപിക്കുന്നു. ഗുണത്തിന്റെയും ദോഷത്തിന്റെയും അധികാരി അവനാണെന്നും അടിമക്കുള്ളതായ ഉപജീവനം, അനുഗ്രഹം, സൗഖ്യം, സഹായം ഇതെല്ലാം അല്ലാഹുവിന്റെ ഔദാര്യവും ദയയുമാണെന്നും അറിയിക്കുന്നു.’

ബദ്ർ അടക്കമുള്ള ആണ്ടുകളുടെ പ്രഥമ ലക്ഷ്യം ഉദര പൂർത്തീകരണവും സാമ്പത്തിക ചൂഷണവുമാണെന്ന് മുസ്‌ലിയാർ തുറന്നെഴുതിയത് കാണുക: ‘അഞ്ഞൂറ് രൂപയും പതിനഞ്ചിൽ കുറയാത്ത പത്തലും ഒരു തൊലിച്ച തേങ്ങയും കൊണ്ടുവരണം. ബദ്‌രീങ്ങളുടെ ആണ്ട് കഴിഞ്ഞ് ചീരണിയും വാങ്ങി മഗ്‌രിബോടെ പിരിയാം. വീടുകളിൽ നിന്നെത്തിയ പത്തിരികൾ പൊതിയഴിച്ച് കൂട്ടിവെക്കും. തേങ്ങ പൊളിച്ച് ചിരവിയെടുക്കും. വെന്തുകൊണ്ടിരിക്കുന്ന മാംസത്തിൽ അത് ചേർത്ത് കറിയാക്കി എടുക്കും. പള്ളിക്കറി എന്നാണ് ഇതിന് പറയുക. നാട്ടിലെ റെസ്‌റ്റോറന്റ് മെനുവിലെ പള്ളിക്കറി വിഭവമിതാണ്. പത്തിരി നേർച്ച എന്ന പേരിലാണ് ചിലയിടങ്ങളിൽ ബദ്ർ സ്മൃതി ആചരിക്കുന്നത്. വേറെയും കുറേ പേരുകളിലവ അറിയപ്പെടുന്നുണ്ട്. ബദ്‌രീങ്ങളുടെ ആണ്ടനുസ്മരണം മാത്രമല്ല. ജീലാനി, രിഫാഈ അനുസ്മരണങ്ങളും സമാനമായ രൂപങ്ങളിലോ ചില്ലറ മാറ്റങ്ങളോടെയോ പള്ളികളിൽ നടക്കാറുണ്ട്. വിഭവങ്ങൾ മാറി മാറിവരും. മുഹ്‌യിദ്ദീൻ റാതീബിന് കോഴിയും പത്തലും, രിഫാഈ റാതീബിന് ആട്ടിറച്ചിയും നെയ്‌ച്ചോറും, മീലാദിന് ബീഫും പത്തലും. മുസ്‌ലിം വിശേഷ ദിവസങ്ങളിലെല്ലാം പള്ളി കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ വലിയ കൗതുകം നിറഞ്ഞതാണ്. സാമുദായിക ആത്മീയ ബോധം വളർത്തുന്നതിൽ ഈ സമ്പ്രദായത്തിന് നല്ല സ്വാധീനമുണ്ട്. എല്ലാ പള്ളികളിലും ഒരേ രൂപമോ വിഭവമോ ആവില്ല. നാട്ടുരീതിയനുസരിച്ച് അവയ്ക്ക് മാറ്റങ്ങളുണ്ടാകും’ (പേജ്/14,15).

സത്യവും അസത്യവും വേർതിരിക്കപ്പെട്ട ദിവസമെന്ന പേര് വിളിക്കപ്പെട്ട പോരാട്ടത്തെ ഈ നിലക്ക് പരിചയപ്പെടുത്തിയത് എത്ര വലിയ ആഭാസമാണ്! രണ്ട് പെരുന്നാൾ സുദിനങ്ങൾക്ക് പുറമെ തിന്നും കുടിച്ചും സന്തോഷിക്കാനുള്ള വിശേഷ ദിവസമായി ബദ്ർ ദിനത്തെ അതിന് സാക്ഷികളായവരോ ഉത്തമ തലമുറയിലെ മറ്റാരെങ്കിലുമോ സ്വീകരിച്ചോ?

ഇത് ഇസ്‌ലാം പഠിപ്പിച്ച ആരാധനയായിരുന്നെങ്കിൽ ഒരേ രൂപത്തിലല്ലേ എവിടെയും ആഘോഷിക്കപ്പെടൂ? നാട്ടുനടപ്പുകൾക്കനുസരിച്ച് ഓരോരുത്തർക്കും മാറ്റം വരുത്താവുന്നതാണ് ആരാധനകളെങ്കിൽ എന്ത് പ്രസക്തിയാണ് അതിനുള്ളത്? ബദ്ർ ദിനം പ്രമാണിച്ച് ഏതെങ്കിലുമൊരു വർഷം ഭക്ഷണം വെച്ച് വിളമ്പാൻ നബി ﷺ സ്വഹാബികളോട് കൽപിച്ചതിന് വല്ല തെളിവും ഹദീസ് ഗ്രന്ഥങ്ങളിലുണ്ടോ? മതം പഠിപ്പിക്കാത്ത ഇത്തരം പ്രവർത്തനങ്ങൾ യഥാർഥ ആത്മീയതയിൽനിന്നും സംസ്‌കാരത്തിൽനിന്നും അകറ്റാൻ മാത്രമെ കാരണമാകൂ. ജനങ്ങൾക്കിടയിലുള്ള സ്ഥാനവും പദവിയും ദുരുപയോഗം ചെയ്ത് ജീവിക്കുന്ന പുരോഹിതന്മാർ അല്ലാഹുവിന്റെ താക്കീതിനെ ഭയക്കട്ടെ:

“സത്യവിശ്വാസികളേ, പണ്ഡിതൻമാരിലും പുരോഹിതൻമാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക’’(9:34).

മുസ്‌ലിയാർ എഴുതുന്നു: “മറ്റു കുറേ വ്യവഹാരങ്ങൾ മലയാളികൾക്ക് ബദ്‌രീങ്ങളുമായുണ്ട്. ബദ്ർ മാല, കുറേതരം ബദ്ർ മൗലിദുകൾ, ബദ്‌രിയ്യത്ത് എഴുതൽ, വീട്ടുചുവരിൽ പ്രദർശിപ്പിക്കൽ, ബദ്ർ ഖിസ്സപ്പാട്ട്, കെസ്സുപാട്ട്, അനേകം ബൈത്തുകൾ, ബദ്‌രീങ്ങളുടെ പേര് ചൊല്ലി ദുആ ചെയ്യൽ, ചെയ്യിപ്പിക്കൽ, ചൊല്ലാൻ നേർച്ചയാക്കൽ ഇങ്ങനെ എത്രയോ ആചാര കർമങ്ങളാൽ ബന്ധിതമാണ് മലയാളി മുസ്‌ലിംങ്ങളുടെ ബദ്ർ അനുസ്മരണവും വിശ്വാസ പാരമ്പര്യവും’’(പേജ്/14,15).

വലിയ പോരിശയിൽ പുരോഹിതന്മാർ കൊണ്ടുനടക്കുന്ന ഇവ ഒന്നുകിൽ അവരുടെ നിയമനിർമാണ ശാലയിൽവെച്ച് അവരുണ്ടാക്കിയതോ, അല്ലെങ്കിൽ ശിയാക്കളിൽനിന്ന് ഇറക്കുമതി ചെയ്തതോ ആയ വിനാശകരമായ കാര്യങ്ങളാണ്.

അല്ലാഹുവിന്റെ കൽപനയോ, പ്രവാചകാധ്യാപനമോ ഇല്ലാത്ത ഈ നുണപ്പാട്ടുകളും കള്ളക്കഥകളും പരലോകത്ത് പ്രയോജനപ്പെടില്ല. നബി ﷺ വരെ എത്തുന്ന കുറ്റമറ്റ പരമ്പരയിലൂടെ ലഭിച്ചതായ ഒരു ‘വ്യവഹാരം’ പോലും മുസ്‌ലിയാർ ചൂണ്ടികാണിച്ചതിലില്ല.

സമയം നിശ്ചയിച്ചും എണ്ണം പിടിച്ചും സദസ്സൊരുക്കിയും ആത്മാർഥത ചമഞ്ഞും അനുഷ്ഠിക്കപ്പെടുന്ന ഇതെല്ലാം തങ്ങങ്ങളെ നേർമാർഗത്തിലേക്ക് നയിക്കുമെന്ന ധാരണയിൽ കഴിയുകയാണിവർ. അല്ലാഹുവിന്റെ പാശം കൈവിട്ടതാണ് മുസ്‌ലിയാക്കന്മാരെ ഈ കുരുക്കുകളിൽ പെടുത്തിയത്.

അല്ലാഹു പറയുന്നു: “പരമകാരുണികന്റെ ഉൽബോധനത്തിന്റെ നേർക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏർപെടുത്തികൊടുക്കും. എന്നിട്ട് അവൻ (പിശാച്) അവന്ന് കൂട്ടാളിയായിരിക്കും. തീർച്ചയായും അവർ (പിശാചുക്കൾ) അവരെ നേർമാർഗത്തിൽനിന്ന് തടയും. തങ്ങൾ സൻമാർഗം പ്രാപിച്ചവരാണെന്ന് അവർ വിചാരിക്കുകയും ചെയ്യും’’(43:36,37).

ഈ പുത്തനാചാരങ്ങളുടെ അടിസ്ഥാന ഉറവിടം ഏതെല്ലാമെന്ന് മുസ്‌ലിയാർ തന്നെ പറയട്ടെ: ‘മാപ്പിള മുസ്‌ലിംകൾ ചൊല്ലിയിരുന്ന അൽബദ്‌രീയ്യത്തുൽ ഹംസിയ്യയും മറ്റു ബദ്ർ പ്രകീർത്തനങ്ങളും ഈജിപ്ത്, യമൻ തുടങ്ങിയ നാടുകളിൽ പ്രചാരത്തിലുണ്ടായിരുന്നു. ഇവയെ ഉപജീവിച്ച് അറബി, അറബി മലയാളം, മലയാളം ഭാഷകളിലായി കുറേ ബദ്ർ പ്രകീർത്തനങ്ങൾ കേരളത്തിലിപ്പോൾ നിലവിലുണ്ട്’(പേജ് 15).

അലി(റ)വിനെ ആരാധ്യ സ്ഥാനത്തേക്കുയർത്തി മുസ്‌ലിം സമൂഹത്തിൽ ശിർക്കിന് തുടക്കമിട്ട ശിയാക്കളും ഔലിയാക്കളുടെ മറവിൽ പൊള്ളത്തരങ്ങൾ നാടുനീളെ പ്രചരിപ്പിച്ച സൂഫികളും ഏറെ പടർന്ന് കിടക്കുന്ന ഈജിപ്ത്, യമൻ രാജ്യങ്ങളിലെ അനാചാരങ്ങളാണ് ഇക്കൂട്ടരുടെ അവലംബം എന്നർഥം.

ലോകം ഉറ്റുനോക്കുന്ന പണ്ഡിത സഭയായ ലജ്‌നതുദ്ദാഇമയുടെ ഫത്‌വകളെയോ, അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ പ്രമുഖരായ പണ്ഡിതന്മാരുടെ മറുപടികളെയോ ഇവർ ഒട്ടും വകവെക്കുന്നില്ല. പിഴച്ച ചിന്തകളെ തപ്പിയെടുത്ത് പിൻപറ്റുന്നവർ ഏറ്റവും വലിയ വ്യതിയാനത്തിലാണ് അകപ്പെടുക.

അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: എന്നാൽ അവ രണ്ടിനെക്കാളും നേർവഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്റെ പക്കൽനിന്ന് നിങ്ങൾ കൊണ്ടുവരൂ; ഞാനത് പിൻപറ്റിക്കൊള്ളാം; നിങ്ങൾ സത്യവാൻമാരാണെങ്കിൽ. ഇനി നിനക്ക് അവർ ഉത്തരം നൽകിയില്ലെങ്കിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവർ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കൽ നിന്നുള്ള യാതൊരു മാർഗദർശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടർന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല; തീർച്ച’’(28:49,50).

(തുടരും)