ഇസ്‌ലാം വിരോധിച്ച ജാറനിർമാണവും മനോവിഷമത്തിലായ ജാറവ്യവസായികളും

മൂസ സ്വലാഹി കാര

2023 ആഗസ്റ്റ് 12 , 1445 മുഹറം 25

ആദർശരാഹിത്യവും പ്രമാണനിരാസവുമായി മുന്നോട്ടു പോകുന്ന പണ്ഡിതവേഷധാരികൾ അഹ്‌ലുസ്സുന്ന വൽജമാഅയുടെ പ്രാമാണിക നിലപാടുകളെ ചോദ്യം ചെയ്യുന്നതും അപഹസിക്കുന്നതുമായ നിലപാട് തുടരുകതന്നെയാണ്. 2023 ജൂലൈ ആദ്യലക്കം ‘സുന്നി വോയ്‌സി’ൽ ‘ജാറം കെട്ടിപ്പൊക്കൽ: ബിദഈ വാദങ്ങളുടെ സാരശൂന്യത’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനം ഇതിനു തെളിവാണ്. യാഥാർഥ്യങ്ങളെ മൂടിവച്ച് കളവ് പ്രചരിപ്പിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനുമാണ് അതിൽ ഊന്നൽ നൽകിയിട്ടുള്ളത്.

മലപ്പുറം ജില്ലയിലെ തലപ്പാറയിൽവച്ച് 2023 ജൂൺ 3, ശനിയാഴ്ച വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ യൂണിറ്റും സമസ്ത കേരള സുന്നി യുവജനസംഘം യൂണിറ്റും തമ്മിൽ ജാറം നിർമിക്കലുമായി ബന്ധപ്പെട്ട് നടന്ന സംവാദ വ്യവസ്ഥയാണ് അഹ്‌ലുസ്സുന്ന വൽജമാഅയെ ആക്ഷേപിക്കാൻ ഇപ്പോൾ കാരണമായിട്ടുള്ളത്. ഇരുവിഭാഗവും എഴുതിയ വാദങ്ങൾ ഇപ്രകാരമാണ്:

മുജാഹിദ് പക്ഷം: ‘ക്വബ്ർ ഒരു ചാൺ മാത്രം ഉയർത്തലാണ് പ്രവാചകചര്യ. അതിനു വിരുദ്ധമായി അതു കെട്ടിപ്പൊക്കുന്നതോ അതിന്മേൽ എടുപ്പുണ്ടാക്കുന്നതോ അതിനു കുമ്മായമിടുന്നതോ വിലക്കപ്പെട്ടതും അനിസ്‌ലാമികവുമാണ്.’

സുന്നി പക്ഷം: ‘മഹാൻമാരുടെ ജാറമുണ്ടാക്കൽ ശിർക്കാണെന്ന മുജാഹിദ് വാദം ശരിയല്ല.’

പ്രാദേശിക പ്രവർത്തകർക്കിടയിൽ ഈ വിഷയത്തിലുണ്ടായ ചർച്ചകളാണ് വ്യവസ്ഥയിലേക്കെ ത്തിച്ചത്. ഇരുപക്ഷവും അവരവരുടെ വാദങ്ങൾ തുറന്നെഴുതിയപ്പോൾ സംവാദം നടക്കാൻ സാധ്യതയുണ്ടെന്ന് മുസ്‌ലിയാക്കന്മാർ മണത്തറിഞ്ഞു. നിങ്ങളുടെ വാദത്തിൽ ജാറമുണ്ടാക്കൽ ശിർക്കാണെന്ന് നിങ്ങൾ എഴുതിയിട്ടില്ല, അതെഴുതണം എന്ന പിടിവാശിയിലായി പുരോഹിതന്മാർ. ഞങ്ങളുടെ വാദമാണ് ഞങ്ങൾ എഴുതിയത്, നിങ്ങൾ എഴുതിയതിൽ ശിർക്ക് പരാമർശിക്കുന്നുണ്ടല്ലോ. അതിനാൽ സംവാദത്തിൽ ചർച്ചവരുമല്ലോ എന്ന പ്രതികരണം മുജാഹിദ് പക്ഷത്തുനിന്നുണ്ടായി. മുസ്‌ലിയാക്കന്മാരുടെ ദുർവാശികൊണ്ട് മാത്രം അവസാനിപ്പിക്കേണ്ടിവന്ന ആ സംവാദ വ്യവസ്ഥയെ പുരോഹിതൻ ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്നത് കാണുക:

‘‘ഈയിടെ നടന്ന തലപ്പാറ സംവാദ വ്യവസ്ഥയിൽ ജാറം കെട്ടിപ്പൊക്കൽ ശിർക്കാണ് എന്ന വഹാബി ആശയം ശരിയല്ല എന്ന സുന്നി വാദത്തെ പ്രതിരോധിക്കാൻ കഴിയാത്ത വഹാബികൾ നിരന്തര ആദർശ പരിണാമത്തിലൂടെ തങ്ങൾ നേരിടുന്ന ആശയ പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കി. ഇസ്‌ലാമിക നിലപാട് മറികടന്ന് പുതിയ ബദൽ അവതരിപ്പിക്കാനുള്ള വഹാബി ശ്രമമാണ് പ്രമാണങ്ങൾക്കു മുമ്പിൽ വീണ്ടും പരാജയപ്പെട്ടത്’’(പേജ് 10).

ഓരോ വിഭാഗവും തെളിവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നിലപാട് എഴുതുക എന്നതല്ലാതെ ഒരു വിഭാഗത്തിന്റെ സമ്മർദത്തിന് അടിമപ്പെട്ട് എന്തെങ്കിലും എഴുതുകവിടുക എന്നതാണോ വ്യവസ്ഥയുടെ രീതി? ക്വബ്‌റുകൾ കെട്ടിപ്പൊക്കുന്നതിലും അതിന്മേൽ എടുപ്പുണ്ടാക്കുന്നതിലും മുജാഹിദുകൾ നാളിതുവരെ പഠിപ്പിച്ച പ്രാമാണിക നിലപാടിൽ ഒരു മാറ്റവും ഈ വ്യവസ്ഥ പ്രകാരം വരുത്തിയിട്ടില്ല. രണ്ട് വിഭാഗത്തിലെയും തലമുതിർന്ന പണ്ഡിതന്മാർ 1974 ജൂൺ 1, 9, 28 ദിവസങ്ങളിൽ ഒരുമിച്ചെഴുതിയ കുണ്ടുതോട് വാദപ്രതിവാദ വ്യവസ്ഥ പേജ് 2ൽ രേഖപ്പെടുത്തിയത് കാണുക:

‘ക്വബ്‌റിന്റെ മീതെ ജാറങ്ങൾ കെട്ടിപ്പൊക്കുന്നതും ദീപങ്ങൾ വെക്കുന്നതും ഹറാമാണ്’-മുജാഹിദുകൾ.

ആശയ വക്രീകരണത്തിൽ അവഗാഹം നേടിയ ഇവർ വളരെ തന്ത്രപരമായി കാര്യം സാധിച്ചതിന്റെ പൊള്ളത്തരം ബോധ്യമാകാൻ ഈ ലിങ്ക് (https://youtu.be/Z0Rcr19dUeY) ഉപയോഗിച്ച് ആ വ്യവസ്ഥയുടെ പൂർണരൂപം കേൾക്കാവുന്നതാണ്.

ലേഖകൻ തന്റെ കളവ് സ്ഥാപിക്കാൻ കെ. ഉമർ മൗലവി (റഹി)യുടെ വരികൾ തെളിവായി കൊണ്ടുവന്നത് കാണുക: ‘തനി ശിർക്കും കുഫ്‌റുമായിട്ടുള്ളത്. ഒന്ന്: ഇസ്തിഗാസ, നേർച്ച, മാല, മൗലിദ്, റാത്തീബ്, ജാറം കെട്ടിപ്പൊന്തിക്കൽ, ജാറത്തിലേക്കുള്ള യാത്ര മുതലായതൊക്കെ ഈ ഇനത്തിൽ പെടുന്നു. കെ. ഉമർ മൗലവി എഴുതിവെച്ച ഈ അബദ്ധം പക്ഷേ, ഇപ്പോൾ വഹാബികൾക്ക് പറയാൻ ധൈര്യമില്ല. പ്രാമാണികമായ ചർച്ചയിൽ സമർത്ഥിക്കാൻ കഴിയാതെ അവർ പ്രതിരോധത്തിലാവുകയാണ്’ (പേജ് 10).

ദുരാഗ്രഹ സാക്ഷാത്കാര കൊതിയോടെയാണ് ഉമർ മൗലവി(റഹി) എഴുതിയ, വളരെ മനോഹരമായി തൗഹീദ് ഉദ്‌ഘോഷിക്കുന്ന ‘ഫാതിഹയുടെ തീരത്ത്’എന്ന പുസ്തകത്തിലെ ഒരു ഭാഗം മുസ്‌ലിയാർ ഉദ്ധരിച്ചിട്ടുള്ളത്. തലപ്പാറയിൽ എഴുതപ്പെട്ട വാദവും ഈ പുസ്തകത്തിൽ വന്നതും തമ്മിൽ വലിയ വൈരുധ്യമുണ്ടെന്ന് വരുത്താനാണ് ലേഖകൻ ഇത് ഉദ്ധരിച്ചിരിക്കുന്നത്. ഉമർ മൗലവിയുടെ ആദർശമെന്താണെന്ന് ആ പുസ്തകം വളരെ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. അതെല്ലാം മറച്ചുവച്ചാണ് ഈ ദുർവ്യാഖ്യാനം. ഇതിന്റെ 48,49,100,101 എന്നീ പേജുകൾ ശ്രദ്ധയോടെ വായിച്ചിരുന്നെങ്കിൽ സ്വയം കെണിയിൽപ്പെടില്ലായിരുന്നു. ഉമർ മൗലവി എഴുതിയത് കാണുക: ‘‘ജാറം കെട്ടിപ്പൊന്തിച്ചേടത്ത് സിയാറത്തിന് പോകുന്നത് പരലോകത്തെ ഓർമിക്കാനല്ല, എന്നുമാത്രമല്ല പരലോകത്തെപ്പറ്റിയുള്ള ഓർമ നശിക്കുകയാണ് അവിടെ ചെയ്യുക. പിന്നെ ഖബറാളികൾക്കുവേണ്ടി അല്ലാഹുവിനോട് തേടുന്നതിനു പകരം ആ ജാറത്തിൽ അടക്കപ്പെട്ടവരോട് തേടുകയാണ് ചെയ്യുന്നത്. അവരുടെ സ്‌നേഹവും സഹായവും ലഭിക്കുവാനും അവരുമായുള്ള ബന്ധം ഉറപ്പിക്കുവാനും വേണ്ടിയാണ് അവിടെ പോകുന്നത്. ഖബറാളികൾ മരണത്തോടുകൂടി ബർസഖിയായ അദൃശ്യലോകത്തായിപ്പോയി. അവരുടെ സഹായം തേടുന്നതും അവരുമായി ബന്ധം സ്ഥാപിക്കുന്നതും അദൃശ്യമായ മാർഗത്തിലാണ്.

അതുകൊണ്ട് അവരെ ഉദ്ദേശിച്ച് സവിനയം ചെയ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ശിർക്കിന്റെ ആരാധനകളാകുന്നു. സിയാറത്തിന്റെ പേര് ഇവിടെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല. അവരുടെ സഹായം തേടിക്കൊണ്ട് അങ്ങോട്ടു പോകുന്നതും ജാറംമൂടുന്നതും അവിടെ വിളക്ക് കത്തിക്കുന്നതും അവിടം ചുംബിക്കുന്നതും അവിടുത്തെ മണ്ണ് തിന്നുന്നതും എല്ലാം ശിർക്കിന്റെ ആരാധനകളാക്കുന്നു. ഈ ശിർക്കുകൾക്കെല്ലാം പ്രേരകമായ നിലയിലാണ് ഈ കെട്ടിടങ്ങൾ നിലകൊള്ളുന്നത്’’ (ഫാതിഹയുടെ തീരത്ത്, പേജ് 100).

ഉമർ മൗലവി(റഹി) ഇത്ര വ്യക്തമായി പറഞ്ഞ വിഷയത്തിന്റെ ചുരുക്കം അതേപുസ്തകത്തിന്റെ 131ാമത്തെ പേജിൽ എഴുതിയതാണ് മുസ്‌ലിയാർ എടുത്തുദ്ധരിച്ച് വൈരുധ്യം ആരോപിക്കുന്നത്! സത്യത്തെ എക്കാലവും മൂടിവയ്ക്കാൻ കഴിയുമെന്നത് വ്യാമോഹം മാത്രമാണ്.

അല്ലാഹു പറയുന്നു: “നീ പറയുക: സത്യം വന്നുകഴിഞ്ഞു. അസത്യം (യാതൊന്നിനും) തുടക്കം കുറിക്കുകയില്ല. (യാതൊന്നും) പുനഃസ്ഥാപിക്കുകയുമില്ല’’ (34:49).

അല്ലാഹുവിൽനിന്നും സത്യവും മഹത്തായ മതനിയമവും വന്നുവെന്നും അസത്യം പൊടിയുകയും ദ്രവിക്കുകയും ചെയ്തുവെന്നും ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹി) പറഞ്ഞത് എത്ര ശരിയാണ്!

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് ഒരു വിലയും കൽപിക്കാത്ത മുസ്‌ലിയാക്കന്മാർ ജാറം കെട്ടിപ്പൊക്കുന്ന വിഷയത്തിലും വ്യത്യസ്ത നിലപാടിലല്ല. മുസ്‌ലിയാർ എഴുതുന്നു: “മഹാന്മാരുടെ സ്മരണ നിലനിർത്തുന്നതിനും സിയാറത്ത് സജീവമാക്കുന്നതിനും അവരുടെ ഖബറുകൾക്ക് മീതെ ഖുബ്ബകൾ നിർമിക്കാവുന്നതാണ്. തിരുനബി(സ)യും അവിടത്തെ ഏറ്റവും അടുത്ത അനുയായികളായ അബൂബക്കർ(റ), ഉമർ(റ) എന്നിവരും പ്രസിദ്ധമായ ഹരിത ഖുബ്ബക്ക് താഴെയാണല്ലോ വിശ്രമിക്കുന്നത്’’ (പേജ് 11).

തിരുനബിﷺയും ഏറ്റവും അടുത്ത അനുയായികളായ അബൂബക്കർ(റ), ഉമർ(റ) എന്നിവരും പച്ച ഖുബ്ബക്ക് താഴെ വിശ്രമിക്കുന്നു എന്നതാണത്രെ ക്വബ്ർ കെട്ടിപ്പൊക്കാനുള്ള തെളിവ്! ഇവർ എഴുതുന്നതും പറയുന്നതും കേട്ടാൽ തോന്നുക പച്ച ക്വുബ്ബ നബിﷺയുടെ നിർദേശ പ്രകാരം സ്വഹാബികൾ നിർമിച്ചതും പിൽക്കാലക്കാർ സംരക്ഷിച്ചുപോന്നതുമാണെന്നാണ്. ഉത്തമ തലമുറക്ക് ശേഷം നൂറ്റാണ്ടുകൾക്കിപ്പുറം ഉസ്മാനിയ ഭരണ കാലഘട്ടത്തിൽ രാജക്കന്മാർ നിർമിച്ചതും പിന്നീട് അതിൽ ഭ്രമം മൂത്തവർ കാരണം നീക്കാൻ പറ്റാത്തതുമായ നിലയിൽ അവശേഷിക്കുന്ന ഒന്ന് മാത്രമാണത്. നബിﷺയുടെയും അനുചരരുടെയും ക്വബ്‌റുകളുമായി അതിന് ബന്ധമില്ലെന്നാണ് തെളിവുകൾ പഠിപ്പിക്കുന്നത്.

ജാബിറി(റ)ൽനിന്ന് നിവേദനം: “ക്വബ്‌റുകൾക്കു മേൽ കുമ്മായമടിക്കുന്നതും അതിന്മേൽ ഇരിക്കുന്നതും അതിന്മേൽ എടുപ്പുണ്ടാക്കുന്നതും നബിﷺ നിരോധിച്ചിരിക്കുന്നു’’ (മുസ്‌ലിം).

ജാബിറി(റ)ൽനിന്ന് നിവേദനം: “നബിﷺയുടെ ക്വബ്ർ ഏകദേശം ഒരു ചാൺ ഉയർത്തപ്പെട്ടതായി ഞാൻ കണ്ടു’’ (ബൈഹക്വി).

ക്വബ്‌റുകൾ എപ്രകാരമാകണമെന്ന് ഇത്ര വ്യക്തമായിരിക്കെ നബിﷺയുടെയും സ്വഹാബികളുടെയും പേരിൽ ജൂത-ക്രൈസ്തവ ആശയവും ശിയാ ആചാരവും പ്രചരിപ്പിക്കുന്നത് കടുത്ത അന്യായമാണ്. നാല് മദ്ഹബുകളുടെ പ്രബല അഭിപ്രായമോ അറിയപ്പെട്ട ഹദീസ് പണ്ഡിതന്മാരുടെ നിലപാടോ ഈ പുരോഹിതന്മാർക്ക് ഉദ്ധരിക്കാൻ കഴിയാത്തതും അവരുടെ പ്രമാണരാഹിത്യം വെളിച്ചത്ത് കാണിക്കുന്നുണ്ട്.

വളരെ തന്ത്രപരമായി മുസ്‌ലിയാർ ചില തെളിവുകൾ ഉരുട്ടിയുണ്ടാക്കാൻ ശ്രമിക്കുന്നത് കാണുക: ‘‘ഖാരിജത്തുബ്‌നു സൈദ്(റ) പറയുന്നു: ഉസ്മാൻ(റ)വിന്റെ കാലത്ത് ഞങ്ങളിൽ ഏറ്റവും വലിയ ചാട്ടക്കാരൻ ഉസ്മാനുബ്‌നു മള്ഊൻ(റ)ന്റെ ക്വബ്ർ ചാടിക്കടക്കാൻ കഴിയുന്നയാളായിരുന്നു(ബുഖാരി)’’ (പേജ് 11,12).

ഇമാം ബുഖാരി ‘ജനാഇസ്’ എന്ന അധ്യായത്തിൽ ‘ക്വബ്‌റിന്മേൽ ഈന്തപ്പനത്തണ്ട് വെക്കൽ’ എന്ന ഭാഗത്താണ് ഈ വാക്ക് കൊണ്ടുവന്നത്. ഉസ്മാൻ ഇബ്‌നു മള്ഊൻ(റ) കൊല്ലപ്പെട്ടപ്പോൾ അഞ്ച് വയസ്സുള്ള ഖാരിജ(റ) ചെയ്ത കാര്യമാണിത്. ഭൂമിയിൽനിന്ന് ക്വബ്ർ അൽപം ഉയർന്നായിരിക്കണം എന്ന് പഠിപ്പിക്കുന്ന ഇത്തരം വാക്കുകൾക്ക് അഹ്‌ലുസ്സുന്നത്തി വൽജമാഅയുടെ ഇമാമുമാരായ ഇബ്‌നു ഹജർ അസ്‌ക്വലാനി(റഹി)യും നവവി(റഹി)യും നൽകാത്ത വിശദീകരണവും മുസ്‌ലിയാർ അവരുടെ പേരിൽ കെട്ടിച്ചമച്ചു. ഹിജ്‌റ 600ൽ മരണപ്പെട്ട ഇമാം ഇബ്‌നു ഖുദാമ(റഹി) തന്റെ മുഗ്നിയിൽ ഇതിനെപ്പറ്റി പറഞ്ഞത് ഇവിടെ ചേർക്കാം: ‘‘കല്ലുകൊണ്ടോ കമ്പുകൊണ്ടോ ക്വബ്‌റിന്മേൽ അടയാളം വെക്കുന്നതിന് കുഴപ്പമില്ല. ഇമാം അഹ്‌മദ്(റ) പറഞ്ഞു: ഒരു വ്യക്തി ക്വബ്ർ തിരിച്ചറിയുന്നതിനായി അടയാളം വെക്കുന്നതിന് വിരോധമില്ല. നബിﷺ ഉസ്മാൻ ഇബ്‌നു മള്ഊനിന്റെ ക്വബ്‌റിന് അടയാളം വെച്ചിരിന്നു.’’

മുസ്‌ലിയാർ എഴുതുന്നു: ‘‘മഹാന്മാരുടെ ഖബറിന് ചാരെ പള്ളി നിർമിക്കുകയും നിസ്‌കരിക്കുകയും ചെയ്യാമെന്ന് പരിശുദ്ധ ഖുർആൻ തന്നെ പറയുന്നുണ്ട്. അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ പറഞ്ഞു: നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമിക്കുകതന്നെ ചെയ്യാം’’(പേജ് 13).

സൂറത്തുൽ കഹ്ഫിലെ താഴെ കൊടുക്കുന്ന വചനമാണ് ജാറ നിർമാണത്തിന് തെളിവായി പറയുന്നത്: ‘‘...അവർ അന്യോന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തിൽ തർക്കിച്ചുകൊണ്ടിരുന്ന സന്ദർഭം (ശ്രദ്ധേയമാകുന്നു). അവർ (ഒരു വിഭാഗം) പറഞ്ഞു: നിങ്ങൾ അവരുടെ മേൽ ഒരു കെട്ടിടം നിർമിക്കുക-അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ പറഞ്ഞു: നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമിക്കുക തന്നെ ചെയ്യാം.’’

സൂറത്തുൽ കഹ്ഫിലെ ഈ വചനത്തെ മുസ്‌ലിയാർ ദുർവ്യാഖ്യാനിച്ചു എന്ന് മാത്രമല്ല ക്വുർആനിന്റെ മേൽ പച്ചനുണ കൂടിയാണ് എഴുതിവിട്ടിരിക്കുന്നത്. ഗുഹാവാസികളായ ഏകദൈവാരാധകരുടെ കാര്യത്തിൽ അക്കാലത്ത് അതിരുവിട്ട് ചിന്തിച്ച ശിർക്കിന്റെ വക്താക്കൾ പറഞ്ഞ കാര്യമാണിത്. ഏതായാലും തങ്ങൾ പിൻപറ്റുന്നത് ബഹുദൈവാരാധകരുടെ ചര്യയാണെന്ന് പറയാതെ പറഞ്ഞത് നന്നായി. ഈ ആയത്ത് മഹാന്മാരുടെ ക്വബ്‌റിനു ചാരെ പള്ളി നിർമിക്കുവാനും അതിൽ നമസ്‌കരിക്കുവാനുമുള്ള തെളിവാണെന്നു പറഞ്ഞത് ഏത് ഇമാമാണെന്ന് ഈ മുസ്‌ലിയാർക്ക് പറയാൻ കഴിയുമോ?

ക്വുർആൻ സൂക്തത്തെ ദുർവ്യാഖ്യാനിച്ച് ക്വബ്‌റാരാധന നടത്തുന്നവർ അല്ലാഹുവിന്റെ ഈ താക്കീതിനെയാണ് ഭയക്കേണ്ടത്. അല്ലാഹു പറയുന്നു: ‘‘അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയോ ചെയ്തവനെക്കാൾ കടുത്ത അക്രമി ആരുണ്ട്? അക്രമികൾ വിജയം വരിക്കുകയില്ല; തീർച്ച’’(6:21).

(അവസാനിച്ചില്ല)