നബിദിനാഘോഷവും നിൽക്കക്കള്ളിയില്ലാത്ത മുസ്‌ലിയാക്കന്മാരും

മൂസ സ്വലാഹി കാര

2023 ഒക്ടോബർ 07 , 1445 റ.അവ്വൽ 22

ലോകാനുഗ്രഹിയായി നിയോഗിക്കപ്പെട്ട നബിﷺയുടെ ഉത്തമജീവിതത്തെ അപമാനിക്കുംവിധം ചിലർ അവിടുത്തെ ജനന മാസത്തെ ആഘോഷമയമാക്കുകയും അതിന് പ്രത്യേക പവിത്രത കൽപിക്കുകയും ചെയ്തുവരുന്നത് മതവിരുദ്ധമായ കാര്യമാണ്. വിശുദ്ധ ക്വുർആനെ വിശദീകരിച്ച് വിശുദ്ധിയുടെ പാഠങ്ങൾ പഠിപ്പിക്കുകയും സ്വർഗത്തിലേക്കടുപ്പിക്കുന്നതും നരകത്തിൽനിന്ന് അകറ്റുന്നതുമായ കാര്യങ്ങൾ വ്യക്തമാക്കിത്തരികയും ചെയ്ത നബിﷺ റബീഉൽ അവ്വൽ മാസത്തിൽ പ്രത്യേകമായി ഒരു നിമിഷം പോലും ആനന്ദിക്കാത്തതിനാൽ വിശ്വാസികൾക്ക് ഇവരുടെ ആഘോഷത്തെ സ്വീകരിക്കാൻ കഴിയില്ല. അല്ലാഹു പറയുന്നു: “നിങ്ങൾക്കു റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക...’’(ക്വുർആൻ 59:7).

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ, നബിﷺയോട് ഇണങ്ങി ജീവിച്ച പത്‌നിമാർ, അവിടുത്തോട് സഹവസിച്ച സഹചാരികൾ, അവരെ പിൻപറ്റിയവർ, പ്രബല മദ്ഹബുകളുടെ ഇമാമുമാർ, ഹദീസ് പണ്ഡിതന്മാർ, അഹ്ലുസ്സുന്ന വൽജമാഅയുടെ നിലപാട് രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങൾ... ഇതിലെവിടെയും മീലാദാഘോഷത്തിന്റെ വക്താക്കൾക്ക് പിടിവള്ളിയില്ലെന്നത് പച്ചപ്പരമാർഥമാണ്. ഒരു കാര്യം പുണ്യപ്രവർത്തനമാകണമെങ്കിൽ ഇഖ്‌ലാസ ്(കീഴ്‌വണക്കം), ഇത്തിബാഅ് (പ്രവാചകാനുധാവനം) എന്നിവ നിർബന്ധമാണ്.

അല്ലാഹു പറയുന്നു: “...അതിനാൽ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമം പ്രവർത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യട്ടെ’’ (18:110).

ആഇശ(റ)യിൽനിന്ന്; നബി ﷺപറഞ്ഞു: “നമ്മുടെ കൽപനയില്ലാതെ ഒരു കർമം ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്’’ (മുസ്‌ലിം).

നബികുടുംബത്തോട് കപടസ്‌നേഹം പ്രകടിപ്പിച്ച് ഇസ്‌ലാമിനെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ശിയാ വിഭാഗത്തിലെ ഫാത്വിമിയാക്കളിലെ ഉമർ മുല്ല എന്ന വ്യക്തി ഹിജ്‌റ മുന്നുറിനുശേഷം ഉണ്ടാക്കുകയും അറുനൂറിനുശേഷം മുദ്വഫ്ഫർ രാജാവ് കൊഴുപ്പിക്കുകയും ചെയ്ത ആഘോഷമാണിത്. മതത്തെ കുഴപ്പത്തിലാക്കണമെന്ന ശിയാക്കളുടെ താൽപര്യവും അവരുടെ സന്തതികളായ സൂഫികൾ സമൂഹത്തിൽ നിന്നാഗ്രഹിച്ച പ്രസിദ്ധിയും മറ്റു മതസ്ഥരുടെ സ്വാധീനവും ഇതിന്റെ വ്യാപനത്തിന് കാരണമായിത്തീർന്നു. ഈ ആഘോഷത്തിലെ സമസ്ത-ശിയാ ഐക്യം അവർതന്നെ തുറന്നെഴുതുന്നു:

“മീലാദുന്നബി പോലെയുള്ള പുണ്യാത്മാക്കളുടെ ജന്മദിനം ആഘോഷിക്കലും ചരമദിനം അനുസ്മരിക്കലും സുന്നീ-ശിയാ വിശ്വാസ പ്രകാരം പുണ്യകർമ്മങ്ങളാണ്’’ (അൽമുബാറക് /1989 ആഗസ്ത് 16/ പേജ് 5).

“അതായത് റസൂലുല്ലാഹി(സ) റബീഉൽ അവ്വൽ 12നു ജനിച്ചു എന്നാണല്ലോ നമ്മുടെ അഭിപ്രായം. ശിയാക്കൾക്ക് ഇത് റബീഉൽ അവ്വൽ 17 ആണ്. അതിനാൽ പ്രവാചക ജന്മദിനത്തെ കുറിച്ചുള്ള സുന്നീ, ശിയാ തർക്കത്തിന് ഇടം കൊടുക്കാത്ത രീതിയിൽ റബീഉൽ അവ്വൽ 12ഉം 17ഉം ഉൾപ്പെടുന്ന വിധത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷം...’’ (സത്യധാര/ 2015 ഡിസംബർ 1-15/പേജ് 15).

പുത്തനാചാരങ്ങളോടുള്ള ഇസ്‌ലാമിന്റെ സമീപനം എത്ര കർശനവും ഗൗരവമേറിയതുമാണ്! ആഇശ(റ)യിൽനിന്ന്; നബിﷺ പറയുന്നു: “നമ്മുടെ ഈ കാര്യത്തിൽ(മതത്തിൽ) ആരെങ്കിലും അതിലില്ലാത്തത് പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്’’ (ബുഖാരി, മുസ്‌ലിം).

ജാബിറി(റ)ൽനിന്ന്: “നബി ﷺ തന്റെ ഖുതുബയിൽ പറയാറുണ്ടായിരുന്നു: “പുതുതായി ഉണ്ടാക്കപ്പെട്ടതെല്ലാം വഴികേടാണ്. എല്ലാ വഴികേടും നരകത്തിലാണ്’’(നസാഈ).

‘സുന്നിവോയ്‌സ്’ 2023 സെപ്തംബർ 1-30ലും ‘സുന്നിഅഫ്കാർ’ 2023 സെപ്തംബർ 16ലും വന്ന ലേഖനങ്ങളിൽ സമസ്തയുടെ മുഖ്യാഘോഷത്തെ തെളിവുകൾകൊണ്ട് സമർഥിക്കാൻ കഴിയാതെ ലേഖകർ കുഴങ്ങുന്നതു കാണാം. ഇത് പുത്തനാഘോഷമാണെന്നതിന്റെ കാരണങ്ങളെ ക്ഷയിപ്പിക്കാനുള്ള ഇവരുടെ പാഴ്ശ്രമങ്ങളെ നമുക്കൊന്ന് വിശകലനം ചെയ്യാം:

“നബിദിനത്തെ നിസ്സാരപ്പെടുത്താൻ മുജാഹിദുകൾ എഴുതിവിടാറുള്ള ദുർവാദമാണ് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒന്നും പറഞ്ഞിട്ടില്ലെന്നത്...ഇതൊരിക്കലും ശരിയല്ല. തിങ്കൾ, വെള്ളി ദിവസങ്ങളുടെ പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജനനദിനമാണെന്നതാണ്’’ (പേജ് 39, 40).

പ്രത്യേകമായി പറയപ്പെട്ട ദിവസങ്ങളെ അവഗണിക്കുക എന്ന സ്വഭാവം യഥാർഥ മുജാഹിദുകൾക്കില്ല. നോമ്പ് എന്ന അധ്യായത്തിൽ ഉദ്ധരിക്കപ്പെട്ട ഹദീസ് പ്രകാരം നബിﷺയുടെ ജനനം തിങ്കളാഴ്ചയും ശിയാ വിശ്വാസത്തിലത് വെള്ളിയാഴ്ചയുമാണ്. തിങ്കൾ, വ്യാഴം ദിവസങ്ങളിലെ നോമ്പിന്റെ കാരണം പറഞ്ഞ നബിﷺയും അത് കേട്ട അബൂക്വതാദ(റ), അബൂഹുറയ്‌റ(റ) എന്നിവരും ഇമാമുമാരായ മുസ്‌ലിം(റഹ്), അബൂ ദാവൂദ്(റഹ്), അഹ്‌മദ്(റഹ്) തുടങ്ങിയവരും ഈ ഹദീസിനെ ‘നബിദിനം’ എന്ന നിലയ്ക്ക് പഠിപ്പിച്ചിട്ടില്ല. സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് കാര്യം സാധിക്കേണ്ട ഗതികേടിലാണ് ലേഖകനുള്ളത്.

മുസ്‌ലിയാർ എഴുതുന്നു: “മൗലിദാഘോഷം അമുസ്‌ലിംങ്ങളുടെ സമ്പ്രദായമായാണ് വഹാബികൾ പരിചയപ്പെടുത്തുന്നത്...എന്നാൽ, ഇത് വസ്തുതകൾക്ക് നിരക്കാത്ത ആരോപണം മാത്രമാണ്’’ (പേജ് 40).

സമസ്ത ഇതാഘോഷിക്കുന്നത് ഇതര മതസ്ഥരെ അനുകരിച്ചാണെന്നത് അവർതന്നെ സമ്മതിച്ചതാണ്:  “ചില മതങ്ങൾ മത സ്ഥാപകരുടെയും മറ്റും ജന്മദിനം ആഘോഷിച്ചുവരുന്നു. ബുദ്ധമത വിശ്വാസികൾ ബുദ്ധന്റെ ജന്മദിനം ഒരു പ്രധാന ആഘോഷമായി കാണുന്നു. ക്രിസ്തുവിന്റെ ജന്മദിനം ക്രിസ്തുമസ്സും ലോകം മുഴുവൻ കൊണ്ടാടപ്പെടുന്നു. ഗുരുനാനാക്ക് ജനിച്ച ദിവസം സിഖുക്കാരും ആഘോഷിക്കുന്നു. മുസ്‌ലിംങ്ങൾ പ്രവാചകൻ(സ)യുടെ ജന്മദിനം ലോകമെങ്ങും സമുചിതമായി ആഘോഷിക്കുന്നു’’ (സന്തുഷ്ട കുടുംബം മാസിക /2014 ജനുവരി /പേജ് 41).

അല്ലാഹുവിനെയും നബിﷺയെയും പിൻപറ്റിയവർക്കാണ് വിജയിക്കാനാവുക. ക്വുർആൻ പറയുന്നു: “അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നവരാരോ അവർ തന്നെയാണ് വിജയം നേടിയവർ’’ (24:52).

മുസ്‌ലിയാക്കന്മാരുടെ വിശ്വാസത്തിൽ ഈ ദിവസം എന്താണെന്ന് അവർതന്നെ പറയട്ടെ: “മൗലിദ് ആഘോഷം മൂല്യമുള്ള ഇബാദത്ത്’’ (സുന്നിഅഫ്കാർ/ 2023 സെപ്തംബർ-16 / പേജ് 23).

“നബിദിനത്തിന്റെ ഭാഗമായി ഇസ്‌ലാം പഠിപ്പിക്കാത്തതൊന്നും മുസ്‌ലിംകൾ ചെയ്യാറില്ല. മൗലിദിന്റെ സദസ്സുകളിൽ നടക്കുന്നതെല്ലാം ഇസ്‌ലാം അംഗീകരിച്ച കാര്യങ്ങൾ തന്നെയാണ്. അതിനാൽ അതെല്ലാം പുണ്യമുള്ളതുമാണ്’’ (സുന്നിവോയ്‌സ് /പേജ് 41).

ലൈലതുൽ ക്വദ്‌റിനെക്കാൾ പുണ്യമാക്കപ്പെട്ട രാവായും രണ്ട് പെരുന്നാളിനെക്കാൾ വലിയ ആഘോഷമായുമൊക്കെ ഇതിനെ കാണുന്നവർക്ക് എന്തും എഴുതിവിടാമല്ലോ! പ്രമാണങ്ങളിൽ ഒരു വാക്ക് കൊണ്ടുപോലും സൂചിപ്പിക്കാത്ത ഈ ആഘോഷമെങ്ങനെ മൂല്യമുള്ള ഇബാദത്താകും? ഇത്രയധികം പുണ്യമാക്കപ്പെട്ടതാണെങ്കിൽ അല്ലാഹുവിന്റെ തൃപ്തി നേടിയ നബിﷺയും അനുചരന്മാരും ഇതൊഴിവാക്കുമായിരുന്നോ? നിഷിദ്ധമാക്കപ്പെട്ട രൂപത്തിൽ പള്ളികൾ അലങ്കരിക്കുന്നതും മ്യൂസിക്കിന്റെ അകമ്പടിയോടെ സിനിമാഗാനങ്ങൾക്കും തെറ്റായ ആശയങ്ങൾ നിറഞ്ഞ പാട്ടുകൾക്കും അങ്ങാടിയിൽ ചാടിക്കളിക്കലാണോ മൂല്യമുള്ള ഇബാദത്ത്? പ്രകോപനമുണ്ടാക്കും വിധം തെരുവിലിറങ്ങി വഴി തടസ്സപ്പെടുത്തുന്നതാണോ പുണ്യകർമം? നിർമിത സ്വലാത്തുകൾ, ദിക്‌റുകൾ, മാലപ്പാട്ടുകൾ, ബൈത്തുകൾ എന്നിവ ഒറ്റക്കും ഒരുമിച്ചും ചൊല്ലുന്നത് ഏതർഥത്തിലാണ് ഇബാദത്താവുക? ഇബ്‌നു അബ്ബാസ്(റ)പറയുന്നു: “ബിദ്അത്തുകൾക്ക് ജീവൻ നൽകിയും സുന്നത്തുകളെ നിർജീവമാക്കിയുമല്ലാതെ പുതുതായി ഉണ്ടാക്കപ്പെട്ടവ ജനങ്ങളിലേക്ക് എത്തുന്നില്ല’’ (അൽ ഇഹ്തിസ്വാം).

മുസ്‌ലിയാർ തന്റെ കളവ് തുടരുന്നത് കാണുക: “മുജാഹിദ് സ്ഥാപക നേതാക്കൾ പോലും മൗലിദാഘോഷത്തെ മുസ്‌ലിംങ്ങളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ദിവസമായാണ് പരിചയപ്പെടുത്തിയിരുന്നത്’’ (സുന്നിവോയ്‌സ് /പേജ് 40).

ഒരു നിലയ്ക്കും ഇവർക്ക് തെളിയിക്കാൻ കഴിയാത്ത കളവാണിത്. 1936ലെ ‘അൽമുർശിദി’ൽ ഇ.കെ മൗലവിയും 1937ൽ ഇ.കെ കുഞ്ഞമ്മദ് കുട്ടി മൗലവിയും 1938ൽ അബൂഅഹ്‌മദ് റഷീദും ഈ മാസത്തിൽ നടക്കുന്ന അനാചാരങ്ങളെ എതിർത്തും ഓർക്കപ്പെടേണ്ടവ ചൂണ്ടിക്കാട്ടിയും എഴുതപ്പെട്ട ലേഖനങ്ങൾ കട്ടുമുറിച്ച് വായിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണിവർ. https://fb.watch/nkJNkXCaGp/?mibextid=Nif5oz എന്ന ലിങ്ക് ഉപയോഗിച്ചും, ‘സമസ്തയും അഹ്‌ലുസ്സുന്നയും ഒരു താരതമ്യം’ എന്ന, വിസ്ഡം ബുക്‌സ് പുറത്തിറക്കിയ പുസ്തകം വായിച്ചും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം.

മുസ്‌ലിയാർ എഴുതുന്നു: “പ്രത്യേക എണ്ണമോ സമയമോ നിർണിതമല്ലാത്ത ഇബാദത്തുകൾക്ക് സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്താണത്രെ. നബിദിനാഘോഷം ബിദ്അത്താണെന്ന കള്ളം പറയാൻ മൗലവിമാർക്കുള്ള പ്രധാന രേഖയാണിത്’’ (സുന്നിവോയ്‌സ്/പേജ് 42).

മുസ്‌ലിയാർ ഇതിന് പറഞ്ഞ ഉദാഹരണം കൂടി കാണുക: “രാവിലെ 7 മണിക്ക് മതപഠനം ആരംഭിക്കുകയും 9 മണിക്ക് അവസാനിപ്പിക്കുകയും ചെയ്യുന്നു. വെള്ളി ഒഴിവ് നൽകുന്നു. മതപഠനമെന്നത് വ്യാപകമായി കൽപ്പിക്കപ്പെട്ട കാര്യമാണല്ലോ. പക്ഷേ, അതിന്റെ പ്രയോഗവൽക്കരണത്തിൽ നാം സമയവും ദിവസവും നമ്മുടെ സൗകര്യത്തിന് നിശ്ചയിക്കുന്നു. ഇതൊരിക്കലും ഇസ്‌ലാം വിലക്കിയിട്ടില്ല. എന്നാൽ മൗലവിമാരുടെ പുതിയ ഉസൂൽ പ്രകാരം ഇന്ന് ലോകത്ത് നടക്കുന്ന മദ്‌റസ സംവിധാനം തന്നെ ബിദ്അത്താണെന്ന് പറയേണ്ടി വരും’’ (പേജ് 42,43).

അനുസരണവും അനുധാവനുമാകുന്ന പ്രവാചക സ്‌നേഹം എണ്ണംവെച്ചും സമയബന്ധിതമായും അല്ലാതെയും ധാരാളമുണ്ട്. എണ്ണവും രൂപവും സമയവും വ്യക്തമാക്കപ്പെട്ടതിനെ മാറ്റാനും എപ്പോഴും ചെയ്യാവുന്ന നന്മകൾക്ക് ശ്രേഷ്ഠത തീരുമാനിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ടെങ്കിൽ മതത്തിന്റെ പൂർണതക്ക് എന്ത് സ്ഥാനമാണുള്ളത്? റബീഉൽ അവ്വൽ മാസത്തിന്റെ പവിത്രത, ഇത്ര എണ്ണം സ്വലാത്ത്, നേരം കണക്കാക്കി അന്നദാനവും മധുര പലഹാര വിതരണവും ദിക്‌റും ദുആകളും... ഇവയെല്ലാം പുണ്യകരമാക്കിയത് ആരാണ്? ഇത് ബിദ്അത്തല്ലാതെ മറ്റെന്താണ്? അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: കർമങ്ങൾ ഏറ്റവും നഷ്ടകരമായിത്തീർന്നവരെ സംബന്ധിച്ച് നാം നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവർ. അവർ വിചാരിക്കുന്നതാകട്ടെ തങ്ങൾ നല്ല പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്’’ (18:103,104).

മുസ്‌ലിയാർ പറഞ്ഞതുപോലെ ‘മദ്‌റസയുടെ പ്രയോഗവൽക്കരണത്തിൽ നാം സമയവും ദിവസവും നമ്മുടെ സൗകര്യത്തിന് നിശ്ചയിക്കുന്നു’ണ്ട്. എന്നാൽ ഇന്ന ദിവസം ഇന്ന സമയത്ത് മദ്‌റസ നടത്തൽ സുന്നത്താണെന്നും പുണ്യകരമാണെന്നും വാദിച്ചാൽ അത് ബിദ്അത്തുതന്നെ! അങ്ങനെ മുജാഹിദുകളാരും വിശ്വസിക്കുന്നില്ല.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്) പറയുന്നു: “മത നിയമങ്ങൾ ഹൃദയങ്ങളെ പരിപോഷിപ്പിക്കുന്നതാണ്. മനസ്സുകൾ പുത്തനാചരങ്ങൾ കൊണ്ട് നന്നായാൽ നബിചര്യയുടെ മേന്മ അതിൽ അവശേഷിക്കില്ല. അപ്പോൾ അത് മ്ലേച്ഛ ഭക്ഷണംകൊണ്ട് തടിച്ച് കൊഴുത്തതാകും’’ (ഇക്വ‌്തിദാഹു സ്വിറാത്തുൽ മുസ്തക്വീം).

ആയത്തിനെ കോട്ടിമാട്ടി മുസ്‌ലിയാർ ശിർക്കിനെ വെള്ളപൂശുന്നത് കാണുക: “പ്രവാചകർ(സ)യുടെ പൊരുത്തം ആഗ്രഹിക്കൽ ശിർക്കാണത്രെ. നബി(സ)യോടുള്ള വിരോധത്തിന്റെ അങ്ങേയറ്റമാണിത്... അല്ലാഹുവല്ലാത്തവരുടെ പൊരുത്തം ആഗ്രഹിക്കാൻ പാടില്ല, അത് നബി(സ)യുടേതാണെങ്കിൽ പോലും ശിർക്കാണെന്നാണ് മൗലവിമാരുടെ പുതിയ കണ്ടെത്തൽ . എന്നാൽ മതപരമായി ഇതിനും യാതൊരു അടിസ്ഥാനവുമില്ല. ഖുർആൻ പറയുന്നു: അല്ലാഹുവും അവന്റെ റസൂലുമത്രെ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അർഹരായവർ’’ (പേജ് 44,45).

സൂറതുത്തൗബയിലെ 62-ാം വചനത്തിൽ കപടന്മാരുടെ അവസ്ഥ തുറന്നുകാണിച്ചതിനെയാണ് മുസ്‌ലിയാർ അസ്ഥാനത്ത് ഉപയോഗിച്ചിരിക്കുന്നത്. എന്ത് അഭൗതികതയാണ് മുസ്‌ലിയാരേ ഇതിലുള്ളത്? ഈ ആയത്തിനെ വിവരിച്ച് നബിﷺയെ കുറിച്ച് എന്തും പാടിപ്പറയാമെന്ന് അഹ്‌ലുസ്സുന്നയുടെ ഏത് ഇമാമാണ് പറഞ്ഞത്? പുരോഹിതന്മാർ നേരിടുന്ന പ്രമാണദാരിദ്ര്യത്തിന്റെ അടയാളമാണ് ഇത് ബോധ്യപ്പെടുത്തുന്നത്. അല്ലാഹുവിന്റെ കൽപനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ച് അവന്റെ തൃപ്തി നേടാൻ സാധിക്കുമെന്ന് കരുതുന്നവരോട് എന്തു പറയാൻ!

മീലാദിനോടനുബന്ധിച്ച് ഓതപ്പെടുന്ന മൻക്വൂസ് മൗലിദും മറ്റു ബൈത്തുകളും ശിർക്കും അതിലേക്ക് എത്തിക്കുന്നതുമായ വരികൾ കൊണ്ട് അലംകൃതമാണെന്നതിന് ചില തെളിവുകൾ കാണുക:

‘എന്റെ നേതാവേ, അറ്റമില്ലാത്ത പാപങ്ങൾ ഞാൻ ചെയ്തു. തങ്ങളോട് ആ കാര്യത്തിൽ ഞാൻ ആവലാതി പറയുന്നു.’

‘നേതാക്കളിൽ സയ്യിദരേ, താങ്കളെ ലക്ഷ്യമാക്കി ഞാൻ മുന്നിട്ടത് രക്ഷ ആഗ്രഹിച്ചതുകൊണ്ടാണ്. എന്റെ ഉദ്ദേശ്യം അവിടുന്ന് പരാജയപ്പെടുത്തരുതേ.’

‘എനിക്കെത്തിയ പ്രയാസവും അനീതിയും കഠിനമായ ബലഹീനതയും താങ്കൾ അറിഞ്ഞുവല്ലോ. അവിടുന്ന് സഹായിച്ചാലും.’

‘അവിടുത്തോടുള്ള സ്‌നേഹമല്ലാതെ എനിക്ക് മാർഗമില്ല. താങ്കളുടെ ഔദാര്യവൈശിഷ്ട്യം കൊണ്ട് അനുഗ്രഹിച്ചെങ്കിൽ ഞാൻ വിജയിച്ചേനെ.’

അടിമകളായ നാം റബ്ബിൽനിന്നാഗ്രഹിക്കേണ്ടതെല്ലാം നബി ﷺയോട് ചോദിക്കുന്നു. നമ്മെക്കാൾ അദ്ദേഹത്തെ അറിഞ്ഞവരും അടുത്തവരുമായ സ്വഹാബികൾ ഒരിക്കൽപോലും ഇങ്ങനെ ചെയ്തിട്ടില്ല; ഇത്തരം പുകഴ്ത്തലുകൾ നടത്തിയിട്ടില്ല. ക്വുർആനിന്റെ താക്കീതിനെ ഇവർ പേടിക്കുന്നില്ലേ? അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാൻ വേണ്ടി അവർ അവന്ന് ചില സമൻമാരെ ഉണ്ടാക്കിവെച്ചിരിക്കുന്നു. പറയുക: നിങ്ങൾ സുഖിച്ചുകൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്’’ (14:30).

ഉമർ(റ)വിൽനിന്ന്; നബിﷺ പറഞ്ഞു: “ക്രൈസ്തവർ മറ്‌യമിന്റെ പുത്രൻ ഈസയെ പ്രശംസിച്ചതുപോലെ നിങ്ങൾ എന്നെ പ്രശംസിക്കരുത്. നിശ്ചയം, ഞാൻ അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാണ്. അതിനാൽ നിങ്ങൾ അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാണെന്ന്പറയുക’’ (ബുഖാരി).

മുസ്‌ലിയാർ വീണ്ടും എഴുതുന്നു: “അല്ലാഹുവും റസൂലും കൽപ്പിക്കാത്തതെല്ലാം ബിദ്അത്താണെന്ന വാദമാണ് വിശ്വാസികളെ പല നന്മകളിൽനിന്നും പിന്തിരിപ്പിക്കാനുള്ള ഉപായമായി മൗലവിമാർ ജൽപിക്കുന്നത്’’ (സുന്നിവോയ്‌സ്/പേജ് 46).

മതത്തിന്റെ അടിസ്ഥാന തത്ത്വത്തെയാണ് ഇയാൾ പൊളിക്കുന്നത്. ഒരു പ്രവൃത്തി ഇബാദത്താകണമെ ങ്കിൽ അത് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെടണം. സുന്നത്താകണമെങ്കിൽ നബിﷺയുടെ പ്രവൃത്തികൊണ്ടോ വാക്കുകൊണ്ടോ അനുവാദംകൊണ്ടോ സ്ഥിരപ്പെട്ടതാകണം.  നബിﷺ പറഞ്ഞത്  ‘നമ്മുടെ ഈ മത കാര്യത്തിൽ’ (ഫീ അംറിനാ ഹാദാ) പുതുതായി ഉണ്ടാക്കപ്പെട്ടത് തള്ളിക്കളയണം എന്നാണ്. അല്ലാഹുവിനെ അനുസരിക്കാനുള്ള മനസ്സുള്ളവർക്കേ ഇത് തിരിയുകയുള്ളൂ. അല്ലാഹു പറയുന്നു: “തന്റെ രക്ഷിതാവിങ്കൽനിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാൾ സ്വന്തം ദുഷ്പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ?’’(47:14).

മുസ്‌ലിയാർ എഴുതിയതിലെ വലിയൊരു തമാശ കാണുക: “എന്നാൽ മൗലിദ് സദസ്സുകൾ പുണ്യമുള്ളതാണെന്ന് പറയാൻ ആധുനിക മൗലവിമാർക്ക് വിമ്മിട്ടമാണ്. പക്ഷേ, സ്വന്തം നേതാക്കന്മാരുടെ മൗലിദുകൾ (സ്മരണകൾ) വലിയ പുണ്യവും! ഉമർ മൗലവിയുടെ സ്മരണകൾ പുണ്യകർമമായി പരിചയപ്പെടുത്തുന്നത് കാണുക: ആറ് പതിറ്റാണ്ടുകളുടെ സംഭവബഹുലമായ ആദർശ ജീവിതത്തിലെ കൈപ്പും മധുരവും ഇടകലർന്ന സ്മരണകൾ. നിങ്ങൾ വായിക്കൂ അറിവു നേടൂ. ഇത് ഒരു പുണ്യ കർമ്മമായി സ്വീകരിക്കുമാറാകട്ടെ’’(പേജ് 46).

ചെറിയ കുട്ടികളുടെ വികൃതി സ്വഭാവമാണ് മുസ്‌ലിയാർ ഇവിടെ കാണിച്ചത്. നബിദിനാഘോഷത്തെയും ഈ വാക്കുകളെയും സാമ്യപ്പെടുത്തിയതിലൂടെ ചിന്തിക്കാത്ത അണികളെ കളിപ്പിക്കാൻ കഴിഞ്ഞേക്കും. മരണപ്പെട്ട ഒരാളെ സ്മരിക്കലും മൗലിദാഘോഷവും തമ്മിലെന്തു ബന്ധം? സ്മരിക്കുവാൻ പ്രത്യേക ദിവസം നിശ്ചയിക്കുകയും ആ ദിവസത്തിൽ സ്മരിക്കുന്നത് പുണ്യകരമാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നവരല്ല മുജാഹിദുകൾ. അല്ലാഹുവിന്റെ ദീനിനെ സേവിക്കാൻ പണ്ഡിതന്മാർ ചെയ്ത കാര്യങ്ങളെ സമൂഹത്തിന് പ്രചോദനമാകും വിധം ക്രോഡീകരിക്കുന്നതും സംരക്ഷിക്കുന്നതും പ്രതിഫലാർഹമാണ്.

സമസ്തയുടെ കള്ള ഔലിയാക്കളെപ്പറ്റി എഴുതിപ്പിടിപ്പിച്ച അന്തംകെട്ട കഥകളല്ല ഓർമകളുടെ തീരത്ത് എന്ന പുസ്തകത്തിലുള്ളത്. മാല കിതാബുകളെ നിങ്ങൾ പരിചയപ്പെടുത്തുന്ന പോലെ ഇത് വായിച്ചാൽ സ്വർഗത്തിൽ പോകാമെന്ന് പറയുന്നുമില്ല.

ഇമാം ശാത്വബി(റഹ്) പറയുന്നു: “നബിﷺ ഉണർത്തിയതും താക്കീത് തന്നതും വഴികേടാണെന്ന് വ്യക്തമാക്കിയതും നേർവഴിയിൽനിന്ന് പുറത്താകുന്നതും പണ്ഡിതന്മാർ വേർത്തിരിച്ചതുമായ ബിദ്അത്തുകളെ എനിക്ക് സാധിക്കുന്ന രീതിയിൽ അകറ്റാൻ വേണ്ടി ഞാൻ പരിശോധിച്ചുകൊ ണ്ടേയിരുന്നു’’ (അൽഇഹ്തിസ്വാം)

അഹ്‌ലുസ്സുന്നയുടെ ഇമാമുമാർ പകർന്നുതന്ന ഇത്തരം ഉപദേശങ്ങളെ  ഉൾക്കൊണ്ട് സ്വഹാബത്തിന്റെ പേരിലടക്കം പറഞ്ഞുപരത്തിയ കളവുകൾ പിൻവലിച്ച് പ്രമാണങ്ങളിലേക്കു മടങ്ങിയാൽ നിങ്ങൾക്കു നന്ന്.