മലേഷ്യൻ പട്ടവും അലങ്കരിക്കപ്പെട്ട അന്ധവിശ്വാസങ്ങളും

മൂസ സ്വലാഹി കാര

2023 സെപ്തംബർ 02 , 1445 സ്വഫർ 17

ആചാരങ്ങളിൽനിന്ന് അകറ്റപ്പെടുകയും അനാചാരങ്ങളിൽ ആകൃഷ്‌രാടക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തെ അനുഭവങ്ങൾ തെളിവാക്കി കുടുതൽ അന്ധവിശ്വാസങ്ങളിലേക്ക് തള്ളുകയാണ് സമസ്തയിലെ മുസ്‌ലിയാക്കന്മാർ. കാന്തപുരം അബൂബക്കർ മുസ്‌ലിയാർ നടത്തിയ മലേഷ്യൻ യാത്രയും മൂഢവിശ്വാസ വിപണന മേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടത്തിന് നൽകപ്പെട്ട പട്ടവും വലിയ ആദർശ വിജയമായിട്ടാണ് അണികൾ കാണുന്നത്.

സമസ്തയുടെ പ്രസിദ്ധീകരണങ്ങളായ ‘രിസാല’ 2023 ആഗസ്റ്റ് ആദ്യ ലക്കത്തിലും ‘സുന്നിവോയ്‌സ്’ രണ്ടാം ലക്കത്തിലും മുസ്‌ലിയാരും പരിചാരകരും പങ്കുവച്ച യാത്രാനുഭവങ്ങൾക്കിടയിൽ നിരവധി അന്ധവിശ്വാസങ്ങൾക്കാണ് ഭംഗികൂട്ടിയിരിക്കുന്നത്!

ഈ പുരോഹിതന്മാർ പറയുന്നതാണ് ശരിയായ മതമെന്ന വിചാരത്തിൽ സമൂഹം വഞ്ചിക്കപ്പെടാതിരിക്കാൻ ഒരു പ്രാമാണിക വിശകലനം അനിവാര്യമാണ്.

ശിയായിസത്തെ നെഞ്ചേറ്റുന്ന കേരളത്തിലെ സമസ്തയെക്കാൾ ഒരുപടി അത്യാചാരങ്ങൾക്ക് പരിരക്ഷണം നൽകുന്നവരാണ് മലേഷ്യൻ ശിയാസുന്നികൾ.

ഈ പട്ടം ശിയാക്കളുടെ വിശ്വാസാചാരങ്ങൾ ഇവിടെ വളർത്തി വലുതാക്കിയതിന് മുസ്‌ലിയാർക്ക് നൽകപ്പെട്ടതായതിനാൽ ഒരിക്കലും ഇന്ത്യൻ മുസ്‌ലിംകളുടെ ഗ്രാന്റ് മുഫ്തി എന്നല്ല ‘കേരള ശിയാക്കളുടെ വലിയ ആചാര്യൻ’ എന്ന വിശേഷണമാണ് അദ്ദേഹത്തിന് യോജിക്കുക. ‘ടോക്കോ മഹൽ ഹിജ്‌റ’ എന്ന പേരിലുള്ള ഈ മലേഷ്യൻ പുരസ്‌ക്കാരം ഒരിക്കലും യഥാർഥ അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാർക്ക് നൽകപ്പെടുന്നതല്ല. ലേഖകന്റെ വാക്കുകൾ തന്നെ കാണുക: “ഇടക്കാലത്ത് ചില സലഫീ ഗ്രൂപ്പുകൾ ഇവിടെ വേരൂന്നാൻ ശ്രമിച്ചുവെങ്കിലും ഫലപ്രദമായി നേരിടാൻ സർക്കാറിന് സാധിച്ചു’’ (സുന്നിവോയ്‌സ്, 2023 ആഗസ്റ്റ് 16-31/ പേജ് 14).

“സിറിയൻ പണ്ഡിതൻ ഡോ.വഹബാ മുസ്തഫ അൽസുഹൈലി, അൽഅസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്‌മദ് മുഹമ്മദ് അൽത്വയ്യിബ്, മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ.ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസ്സ തുടങ്ങിയവരെല്ലാം ഈ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രധാനികളാണ്’’(സുന്നിവോയ്‌സ്, പേജ് 15).

മുസ്‌ലിയാർ പറയുന്നു: “കേരളത്തിലുള്ളത് പോലെ ശാഫിഈ മദ്ഹബ് പിന്തുടരുന്നവരാണ് മലേഷ്യൻ ജനതയും’’ (രിസാല, 2023ആഗസ്റ്റ് 2, പേജ് 6).

അഹ്‌ലുസ്സുന്നയുടെ പ്രധാന നാല് ഇമാമുമാർ അവർക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞ അഭിപ്രായങ്ങളാണല്ലോ മദ്ഹബ് എന്നറിയപ്പെടുന്നത്. പ്രമാണങ്ങളെ മാറ്റി അവരിൽ ഏതെങ്കിലുമൊരാളുടെ വാക്കിനെ മാത്രം പിൻപറ്റുക എന്നത് അവരുടെ നിലപാടിനെതിരും അതിനെ ചോദ്യം ചെയ്യലുമാണ്. ഇമാം ശാഫിഈ(റ)പറയുന്നു: “എന്റെ ഗ്രന്ഥത്തിൽ നബിﷺയുടെ സുന്നത്തിന് വിരുദ്ധമായത് വല്ലതും നിങ്ങൾ കണ്ടാൽ നബിﷺയുടെ സുന്നത്ത് നിങ്ങൾ സ്വീകരിക്കുക. ഞാൻ പറഞ്ഞത് നിങ്ങൾ ഉപേക്ഷിക്കുക’’ (ശർഹുൽ മുഹദ്ദബ്, ഇമാം നവവി(റഹി), വാള്യം 1).

ഏതെങ്കിലുമൊരു മദ്ഹബിനെ അന്ധമായി അനുകരിക്കുക (മര്യാദകൾ പാലിക്കാതെയുള്ള അനുകരണം) എന്ന രീതി ഇസ്‌ലാമിക നിയമത്തിലില്ല. അല്ലാഹു പറയുന്നു: “നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതിൽ തീർപ്പുകൽപിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു’’ (42:10).

‘അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്കും നബിﷺയുടെ ചര്യയിലേക്കും മടക്കണം. അവ രണ്ടും വിധിച്ചത് സത്യമാണ്. അതിനെതിരായത് നിരർഥകവുമാണ്’ എന്ന് ഇതിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹി)പറഞ്ഞതായി കാണാം.

നബിﷺയോ, ഉത്തമ തലമുറയിൽ ജീവിച്ചവരോ മാതൃകയാക്കിത്തരാത്ത ഒന്നിനെയാണ് മുസ്‌ലിയാർ ഇവിടെ പെരുപ്പിച്ചുകാണിക്കുന്നത്. പുരോഹിതന്മാർ മെന്നഞ്ഞുണ്ടാക്കിയ ബിദ്അത്തുകളായ ജാറം കെട്ടിപ്പൊക്കൽ, മാസങ്ങളും ദിനങ്ങളും അടിസ്ഥാനമാക്കിയുള്ള സ്വയം നിർമിത ആഘോഷങ്ങൾ, ശകുന വിശ്വാസം, മരണാനന്തര അനാചാരങ്ങൾ തുടങ്ങിയവ കൊണ്ടാടുന്നതിന് ഇമാം ശാഫിഈ(റഹി) ഒരു ഭാരമാകുമ്പോൾ അദ്ദേഹത്തെ തള്ളുകയും എന്നാൽ അണികളെ പറ്റിക്കാൻവേണ്ടി ഞങ്ങൾ ഈ മദ്ഹബിന്റെ ആളുകളാണെന്ന് പറഞ്ഞ് അദ്ദേഹത്തെ കൊള്ളുകയും ചെയ്യുന്ന രീതി മുസ്‌ലിയാക്കന്മാരുടെ കാപട്യമാണ്.

മുസ്‌ലിയാർ എഴുതുന്നു: “മൗലിദ് മജ്‌ലിസുകളും പ്രകീർത്തന സദസ്സുകളും ധാരാളമായി സംഘടിപ്പിക്കപ്പെടാറുണ്ട്. ഗവൺമെന്റിന്റെ കീഴിലുള്ള പള്ളികളിലും ഇത്തരം സദസ്സുകൾ ഔദ്യോ ഗികമായിത്തന്നെ ഉണ്ടാവും’’ (രിസാല, പേജ് 7).

നബിﷺയുടെ ജനന ദിവസത്തിന്റെ പേരിൽ ശിയാ-സൂഫികൾ ഉണ്ടാക്കിയ ആഘോഷത്തെ മുസ്‌ലിയാർ എത്ര പ്രശംസിച്ച് നന്നാക്കിയാലും അത് പുത്തനാചാരം തന്നെയാണ്. അല്ലാഹു പൂർത്തിയാക്കിയ മതത്തിൽ ഇത്തരമൊരാഘോഷമില്ല. ക്വുർആൻ പറയുന്നു: “നിങ്ങൾക്കു റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്’’ (57:7).

നബിﷺയിൽനിന്നോ അവിടുത്തെ സഹചാരികളിൽനിന്നോ വ്യംഗ്യമായൊരു സൂചനപോലുമില്ലാത്ത ഈ വിഷയത്തെ റബീഉൽ അവ്വൽ മാസത്തിലെ പൂർണാഘോഷമാക്കി പുരോഹിതന്മാർ മാറ്റി. ഒരു കാര്യം ആരാധനയാകണമെങ്കിൽ ഇഖ്‌ലാസ് (ആത്മാർഥത) മാത്രം പോരാ, നബിചര്യാനുധാവനവും നിർബന്ധമാണെന്ന അറിവ് പോലും ഇവർക്കില്ലാതെ പോയല്ലോ!

ആഇശ(റ)യിൽനിന്ന്, നബി ﷺ പറഞ്ഞു: “നമ്മുടെ കൽപനയില്ലാത്ത ഒരു പ്രവൃത്തി ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്’’ (മുസ്‌ലിം).

ഹുദൈഫ(റ) പറഞ്ഞു: “നബിﷺയുടെ സ്വഹാബികൾ ആരാധനയാക്കാത്ത ഒന്നും ആരാധനയാവുകയില്ല.’’

പ്രത്യേക എണ്ണവും രൂപവും നിശ്ചയിച്ച് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ദിക്‌റുകൾ, സ്വലാത്തുകൾ, മാലകൾ പാരായണം ചെയ്യൽ, അമിത പ്രശംസകൾ... ഇതെല്ലാം മതത്തിന്റെ പേരിൽ പുതുതായി ഉണ്ടാക്കിയ അനാചാരങ്ങളാണ്. ആരാണ് ഇതിന് അനുമതി നൽകിയിട്ടുള്ളത്?

അല്ലാഹു പറയുന്നു: “അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ? നിർണായക വിധിയെ പറ്റിയുള്ള കൽപന നിലവിലില്ലായിരുന്നെങ്കിൽ അവർക്കിടയിൽ ഉടനെ വിധികൽപിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവർക്ക് തീർച്ചയായും വേദനയേറിയ ശിക്ഷയുണ്ട്’’ (42:21).

ആഇശ(റ)യിൽനിന്ന്, നബി ﷺപറഞ്ഞു: “നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്’’ (ബുഖാരി, മുസ്‌ലിം).

മുസ്‌ലിയാർ എഴുതുന്നു: “സാധാരണക്കാർ പോലും തലമറച്ച് പുണ്യം നേടാൻ ഉത്സാഹിക്കുന്നത് കാണാം..... ഉലമാക്കളുടെയും സാദാത്തുക്കളുടെയും അനുഗ്രഹത്തിന് വേണ്ടി ചുംബിക്കുന്ന ചര്യയും മലേഷ്യക്കാർക്കിടയിലുണ്ട്’’ (രിസാല, പേജ് 7).

നബിﷺ വസ്ത്ര ധാരണത്തിൽ പതിവാക്കിയിരുന്ന തലപ്പാവ് അനുവദിക്കപ്പെട്ട കാര്യമാണ്. അത് അന്ന് അന്നാട്ടിലെ ഒരു രീതിയായിരുന്നു. അവിശ്വാസികളും അത് ധരിച്ചിരുന്നു. ഓരോരുത്തർക്കും അവരവരുടെ നാട്ടിലെ വേഷരീതികൾ സ്വീകരിക്കാം. തലപ്പാവ് മതപരമായി സുന്നത്താക്കിയ കാര്യമല്ല. ദുർബലവും നിർമിതവുമായ ഒട്ടേറെ വ്യാജ വാക്കുകൾ തലപ്പാവിന്റെ പോരിശ പറയുന്നതായുണ്ട്. അതെല്ലാം തലപ്പാവ് ഉപയോഗിക്കുന്നതിന്റെ ശ്രേഷഠത പറയാൻ മുസ്‌ലിയാക്കന്മാർ തെളിവാക്കാറുണ്ട്. ലോകാടിസ്ഥാനത്തിൽ ശിയാക്കൾ സ്വീകരിച്ച് വരുന്ന പല കെട്ടുകളും വർണങ്ങളും ഇതിനായി തെരഞ്ഞെടുക്കപ്പെടുന്നു. സ്വീകാര്യമായ ഒരു ഹദീസിൽ പോലും ഇതിന്റെ മഹത്ത്വം കാണുകയില്ല.

പണ്ഡിതന്മാരിൽ നിന്നും നേതാക്കളിൽനിന്നും അനുഗ്രഹം ലഭിക്കുമെന്ന പ്രതീക്ഷയിൽ അവരുടെ കൈകൾ ചുംബിക്കുന്നതും അവർക്ക് മുമ്പിൽ തല കുനിക്കുന്നതുമെല്ലാം ഇസ്‌ലാം വിലക്കിയതാണ്. അനുഗ്രഹപൂർണൻ അല്ലാഹു മാത്രമാണ്. നാം പ്രതീക്ഷവയ്‌ക്കേണ്ടത് അവനിലാണ്. അല്ലാഹു പറയുന്നു: “അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂർണനായിരിക്കുന്നു’’ (7:54).

മുസ്‌ലിയാക്കന്മാർ വ്യാപകമായി ഇന്ന് ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതുമായ ഈ ‘ചുംബന’ സ്വഭാവം സൂഫികളിൽനിന്നും കയറിക്കൂടിയതാണ്. ഇസ്‌ലാം പഠിപ്പിച്ചതല്ല. വ്യക്തിപൂജയിലേക്ക് നയിക്കുന്ന ഈ പ്രവർത്തനം സ്വഹാബികളുടെ ജീവിത്തിൽ കാണുവാൻ സാധ്യമല്ല.

ലേഖകൻ ഒരു പരാതി എഴുതുന്നു: “നമ്മുടെ നാട്ടിൽ ഈ പുതുവർഷം കാര്യമായി ഗൗനിക്കപ്പെടുന്നില്ലെന്ന് മലേഷ്യയിലെ ചടങ്ങുകൾ കാണുമ്പോൾ തോന്നി. ശിയാ വിഭാഗത്തിന്റെ അതിവൈകാരിക പ്രകടനങ്ങൾകൊണ്ട് അടയാളപ്പെടേണ്ടതല്ല മുഹർറം’’ (സുന്നിവോയ്‌സ്, പേജ് 13).

ഒട്ടേറെ ശിയാ ആചാരങ്ങൾ കൊണ്ടുനടക്കുന്ന ഇക്കൂട്ടരുടെ ശിയാമേൽവിലാസം മൂടിവയ്ക്കാനുള്ള ശ്രമം വിഫലമാവുകയേയുള്ളൂ. മുഹർറ മാസത്തിൽ സമസ്തയുടെ മേൽനോട്ടത്തിലുള്ള പ്രധാന കേന്ദ്രങ്ങളിലല്ലേ ആശൂറാഅ് സമ്മേളനങ്ങളും കർബല ദുഃഖാചരണ സംഗമങ്ങളും സംഘടിപ്പിക്കപ്പെടുന്നത്?

ഒട്ടും അർഹതയില്ലാത്ത സ്ഥാനത്ത് മുസ്‌ലിയാരെ ലേഖകൻ ഇരുത്തിയത് കാണുക: “ഇസ്‌ലാമിന്റെ രണ്ടാം പ്രമാണം പഠിക്കാൻ ഇന്ന് ലോകത്തുള്ള ആധികാരിക ഉറവിടങ്ങളിൽ പ്രധാനിയാണ് ശൈഖ് അബൂബക്കർ അഹ്‌മദെന്നും അതുകൊണ്ടാണ് സർക്കാർ വൃത്തങ്ങൾ മുഴുവനും ആ ശബ്ദം ശ്രവിക്കുന്നത് എന്ന സന്ദേശവും വിളംബരം ചെയ്യുന്നുണ്ടായിരുന്നു ആ രംഗം’’ (സുന്നിവോയ്‌സ്, പേജ് 16).

സ്വയം പരിഹാസ്യനായ ഒരാളെ അനുയായികൾ കൂടി ഇങ്ങനെ കളിയാക്കണ്ടായിരുന്നു. കാന്തപുരം മുസ്‌ലിയാർക്ക് പ്രമാണങ്ങൾ മനസ്സിലായിട്ടുണ്ടെങ്കിൽ അന്ധവിശ്വാസങ്ങൾക്ക് വളമിടാൻ അവയെ ദുർവ്യാഖ്യാനിക്കുമായിരുന്നോ? സുന്നത്തുകൾക്ക് പകരം ബിദ്അത്തുകളെ ജീവിപ്പിക്കുമായിരുന്നോ? അല്ലാഹുവല്ലാത്തവരോട് പ്രാർഥിക്കുവാൻ ക്വുർആനിൽ തെളിവുണ്ടെന്നു പറഞ്ഞ് ആയത്ത് ദുർവ്യാഖ്യാനിക്കുമായിരുന്നോ? അറിയാത്തതുകൊണ്ടോ ഭൗതിക നേട്ടങ്ങൾക്കുവേണ്ടി അറിഞ്ഞ സത്യം മറച്ചുവയ്ക്കുന്നതോ?

ലേഖകൻ ഒരു പച്ചക്കള്ളം എഴുന്നള്ളിക്കുന്നത് കാണുക: “തിരുനബി(സ)യുടെ സുന്നത്തുകളെയും ഹദീസുകളെയും നിഷേധിക്കുകയെന്നതായിരുന്നു നിയോ ഇസ്‌ലാമിസ്റ്റുകളെന്ന് ലോകം വിളിക്കുന്ന വഹാബികളടക്കമുള്ള മതപരിഷ്‌കരണവാദികളുടെയെല്ലാം പൊതുമുഖം’’ (സുന്നിവോയ്‌സ്, പേജ് 18).

മതത്തിന് സേവനവും അതി ന്റെ നിയമങ്ങൾക്ക് സംരക്ഷണവും നൽകുന്ന സലഫികളെയാണ് ‘നിയോ ഇസ്‌ലാമിസ്റ്റുകൾ’ എന്ന് പറഞ്ഞ് നിന്ദിക്കാൻ നോക്കുന്നത്. ഓരോ കാലത്തും ഉണ്ടായിട്ടുള്ള മത വിരോധികളെ ഉൾപ്പെടുത്തി ക്വുർആൻ പറഞ്ഞതാണ് ഇതിനുള്ള മറുപടി:

അല്ലാഹു പറയുന്നു: “അവർക്ക് വല്ല ദൃഷ്ടാന്തവും വന്നാൽ, അല്ലാഹുവിന്റെ ദൂതൻമാർക്ക് നൽകപ്പെട്ടത് പോലുള്ളത് ഞങ്ങൾക്കും ലഭിക്കുന്നതുവരെ ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല എന്നായിരിക്കും അവർ പറയുക. എന്നാൽ അല്ലാഹുവിന്ന് നല്ലവണ്ണമറിയാം; തന്റെ ദൗത്യം എവിടെയാണ് ഏൽപിക്കേണ്ടതെന്ന്. കുറ്റകൃത്യങ്ങളിൽ ഏർപെട്ടവർക്ക് തങ്ങൾ പ്രയോഗിച്ചിരുന്ന കുതന്ത്രത്തിന്റെ ഫലമായി അല്ലാഹുവിങ്കൽ ഹീനതയും കഠിനമായ ശിക്ഷയും വന്നുഭവിക്കുന്നതാണ്’’ (6:124)

മലേഷ്യൻ പട്ടം കിട്ടിയതിന് ശേഷം നൽകപ്പെട്ട ആദരിക്കലിൽ കാന്തപുരം പറഞ്ഞ വാക്കുകൾ ലേഖകൻ ഉദ്ധരിക്കുന്നു: “ഈ അവാർഡ് സമസ്തക്കുള്ളതാണ്. സമസ്തയിലൂടെ രൂപപ്പെട്ട, വിപുലപ്പെട്ട ആദർശത്തിനും നിലപാടുകൾക്കുമുള്ള അംഗീകാരമാണ് സമസ്തയുടെ ഖാദിമെന്ന നിലയിൽ തനിക്ക് ലഭിച്ചതെന്ന് ഉസ്താദ് വിനയാന്വിതനാകുമ്പോൾ നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ആശയാദർശങ്ങൾക്ക് ആഗോളാടിസ്ഥാനത്തിൽ ലഭിക്കുന്ന സ്വീകാര്യതയായി അത് മാറുന്നു’’(സുന്നിവോയ്‌സ് പേജ് 20)

കേരളത്തിൽ ശിയാ വിശ്വാസം ചുമന്ന്, അഹ്‌ലുസ്സുന്നയുടെ കൂട്ടായ്മയിൽനിന്ന് വേറിട്ടുപോയ കക്ഷിയാണ് സമസ്ത. ശിയാ-സൂഫികളുടെ പിഴച്ച വാദങ്ങളെ നൂറു വർഷത്തോളം ഓമനിച്ച് വളർത്തിയതിന് നൽകപ്പെട്ട ഈ പട്ടം എന്തുകൊണ്ടും സ്വീകരിക്കാൻ അർഹതപ്പെട്ട കൂട്ടായ്മതന്നെയാണ് സമസ്ത!.