വ്യാജ മുദബ്ബിറിന്റെ പേരിൽ അധോഗതിയിലായ സമസ്ത

മൂസ സ്വലാഹി കാര

2023 ഒക്ടോബർ 28 , 1445 റ.ആഖിർ 13

അന്ധവിശ്വാസങ്ങൾക്ക് വിരുന്നൊരുക്കി ഒരു നൂറ്റാണ്ട് കാലം സമസ്തക്കാർ അംഗീകരിച്ച് പോന്ന ആശയങ്ങൾക്ക് നിലവിലെ മുശാവറയിൽപ്പെട്ട ചിലർ വിലങ്ങ് വെച്ചിരിക്കുകയാണ്. ‘സമസ്ത ഉലമാ സമ്മേളന’മെന്ന പേരിൽ പേരോട് അബ്ദുറഹ്‌മാൻ സഖാഫിയും സംഘവും സംഘടിപ്പിക്കുന്ന പുതിയ ആദർശ വിശദീകരണ യോഗങ്ങൾ ഒരു ഭാഗത്തും പഴയ ആദർശത്തിൽതന്നെ കടിച്ചുതൂങ്ങി അഴകുഴമ്പൻ നിലപാടിൽ തുടരുന്ന കാന്തപുരവും അനുകൂലികളും മറു വശത്തുമായിട്ടാണിപ്പോൾ സമസ്ത മുശാവറ ഓടുന്നത്. ഒടിഞ്ഞും നിവർന്നും പല ചർച്ചകൾക്കുമടിയിൽപ്പെട്ട് ഇവരുടെ ആദർശം തകരുക വഴി സമസ്ത തന്നെ തകരുകയാണല്ലോ എന്ന മനോവിഷമത്തിലാണ് പുതുതലമുറയിലെ മുസ്‌ലിയാക്കന്മാർ. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങൾക്ക് വിപരീതം പ്രവർത്തിച്ചും സത്യസന്ധരായി തൗഹീദിൽ അടിയുറച്ച് ജീവിക്കുന്നവരെ ആക്ഷേപിച്ചും മുന്നേറിയവർക്ക് ഇങ്ങനെയൊരു ഈ ദുരന്തം അനുഭവിക്കേണ്ടി വന്നതിൽ അത്ഭുതമില്ല.

വിശുദ്ധ ക്വുർആൻ ആദ്യന്തം ഊന്നൽ നൽകിയ, അല്ലാഹുവിന്റെ ഏകത്വത്തെ ചോദ്യം ചെയ്തു കൊണ്ടും നിരസിച്ചുമാണ് പുരോഹിതന്മാർ അവരുടെ തലതിരിഞ്ഞ ആദർശത്തെ സംരക്ഷിച്ചത്. വിശ്വാസത്തിൽ തകരാറ് പറ്റിയവർക്കാണ് ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രമാണെന്ന തിരിച്ചറിവ് ഇല്ലാതാവുക. സമസ്തയുടെ പട്ടികയിലെ വ്യാജ ഔലിയാക്കൾ സർവം നിയന്ത്രിക്കുന്നവരും സർവർക്കും ആശ്രയം നൽകുന്നവരുമാണത്രെ! അല്ലാഹുവിന്റെ കഴിവുകളെയും വിശേഷണങ്ങളെയും കളിതമാശയായി കാണുന്ന ഇവർ അവന്റെ നിർദേശത്തെ ശ്രദ്ധിച്ചുകൊള്ളട്ടെ. അല്ലാഹു പറയുന്നു: “സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും ആധിപത്യത്തിൽ പങ്കാളിയില്ലാത്തവനും നിന്ദ്യതയിൽനിന്ന് രക്ഷിക്കാൻ ഒരു രക്ഷകൻ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്ത്വപ്പെടുത്തുകയും ചെയ്യുക’’ (17:111). ഇതിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹ്) പറയുന്നു: “എന്നാൽ അവൻ ഏകനും ഏവർക്കും ആശ്രയമായിട്ടുള്ളവനുമാകുന്നു. അവൻ (ആർക്കും) ജൻമം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും. അവൻ വല്ല സഹായിയോ, രക്ഷാധികാരിയോ, ഉപദേശകനോ ആവശ്യമാകുംവിധം നിന്ദ്യതയിലല്ല. ഒരു പങ്കാളിയുമില്ലാതെ എല്ലാം സൃഷ്ടിച്ച് അവയ്ക്ക് വ്യവസ്ഥ നിർണയിച്ച് നിയന്ത്രിക്കുന്ന ഏകനാണ്’’ (തഫ്‌സീർ ഇബ്‌നു കസീർ).

ഉലമാ സമ്മേളനക്കാർ വിവരിച്ച് കൊടുക്കുന്ന സമസ്തയുടെ പുതിയ നിയമമൊന്ന് വായിക്കാം: “വിശ്വാസികളുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നതും സംശയങ്ങൾ ജനിപ്പിക്കുന്നതും സത്യമാണെന്ന് തെളിയിക്കാൻ കഴിയാത്തതും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലും സംസാരിക്കരുത്. സർവ സൃഷ്ടികളെയും നിയന്ത്രിക്കുന്ന വലിയ്യ്, പ്ലെയിനുകൾ മുഴുവൻ ഒരു വലിയ്യ് കണ്ണ് ചിമ്മിയാൽ കൂട്ടിയിടിക്കും തുടങ്ങിയ വാചകങ്ങൾ സംശയങ്ങൾ ജനിപ്പിക്കും’’ (ഉലമാ സമ്മേളനം/പേജ് 5).

എസ്‌വൈഎസ് പുറത്തിറക്കിയ ‘മൗലിദുന്നൂർ ഫീ വലിയില്ലാഹിൽ മദവൂർ’ എന്ന മൗലിദ് കിതാബിലടക്കം ലോകം നിയന്ത്രിക്കുന്ന ആളായി പരിചയപ്പെടുത്തപ്പെട്ട സിഎം മടവൂരിന്റെ കള്ളക്കറാമത്തുകൾ വാതോരാതെ പുരോഹിതന്മാരിൽനിന്ന് പുറത്തു ചാടിയതിന്റെ പരിണിത ഫലമായുണ്ടായ ഈ മാറ്റത്തെ മുൻനിറുത്തിയാണ് സമസ്തയുടെ ആദർശത്തകർച്ചയെ നാം വായിക്കേണ്ടത്.

ഇഷ്ടദാസന്മാരായ ഔലിയാക്കളിലൂടെ പതിവല്ലാത്ത നിലയ്ക്ക് അല്ലാഹു നടപ്പിലാക്കുന്ന കാര്യങ്ങളായ കറാമത്തുകളെ സംബന്ധിച്ച് പ്രമാണങ്ങൾ പഠിപ്പിച്ചതിൽ നിൽക്കാതെയും അഹ്‌ലുസ്സുന്ന വൽജമാഅയുടെ നിലപാടുകളെ മറികടന്നും പണ്ടുതൊട്ടേ സമസ്തക്കുള്ള വിശ്വാസം നമുക്കൊന്ന് വായിക്കാം.

‘ശൈഖുൽ മശായിഖ് സി.എം വലിയ്യുല്ലാഹ്; കറാമത്തുകളും അനുഭവങ്ങളും’ എന്ന പേരിൽ കഴക്കൂട്ടം എ.വി ശംസുദ്ദീൻ മുസ്‌ലിയാർ 2023 ഏപ്രിൽ മാസം പ്രസിദ്ധീകരിച്ച പുസ്തകത്തിൽ എഴുതിയത് കാണക: “അപ്പോൾ നബിമാരിൽനിന്ന് അസാധാരണ സംഭവങ്ങൾ അതായത് അത്ഭുതങ്ങൾ വെളിവാകുന്നതുപോലെ ഔലിയാക്കളിൽനിന്നും വെളിവാകും. മതപരമായി ഒരു തടസ്സവും അതിനില്ല. ഔലിയാക്കളിൽനിന്ന് ഇന്ന അസാധാരണ സംഭവം മാത്രമെ ഉണ്ടാകാവൂ ഇന്നത് ഉണ്ടായിക്കൂടാ എന്ന് പരിധി നിശ്ചയിക്കാൻ നമുക്ക് കഴിയുകയില്ല. ഏതു നിലയിൽ കൂടിയുള്ള അസാധാരണ സംഭവങ്ങളും അവർ കാരണമായി ഉണ്ടാകും’’ (പേജ് 38).

ഈ പുസ്തകത്തിന്റെ പ്രത്യേകത മുസ്‌ലിയാർ തന്നെ പറയട്ടെ: “20-5-2022 വെള്ളിയാഴ്ച വൈകുന്നേരം കാരന്തൂർ മർകസിൽവെച്ച് ബഹുമാനപ്പെട്ട എ.പി ഉസ്താദിനെ ഞാൻ നേരിൽ കണ്ട് ശൈഖുനാ സി.എം വലിയല്ലാഹി(റ)യെ കുറിച്ച് ഈ ഗ്രന്ഥം ഇറക്കുന്ന കാര്യം പറഞ്ഞപ്പോൾ അതിനുള്ള സമ്മതം തരുകയും ശൈഖുൽ മശായിഖ് സി.എം വലിയ്യുല്ലാഹ്(റ) എന്ന് ഈ ഗ്രന്ഥത്തിന് ഉസ്താദവർകൾ തന്നെ പേര് നിർദ്ദേശിക്കുകയും ചെയ്തു’’ (പേജ് 12).

യഥാർഥത്തിൽ സമസ്തയിലെ ചില ‘ഫസാദുകൾ’ പേരോടിന്റെയും കൂട്ടരുടെയും കണ്ണിലെ കരടായപ്പോൾ അവരെ തോണ്ടിക്കളയണമെന്ന ലക്ഷ്യത്തിലാണ് മുന്നിട്ടിറങ്ങിയതെങ്കിലും ആ കേടുകൾ സമസ്തയെ മൊത്തത്തിൽ ബാധിച്ചിരിക്കുകയാണിപ്പോൾ.

ഔലിയാക്കളുടെ കാര്യത്തിൽ നാളിതുവരെ മുസ്‌ലിയാക്കന്മാർ സ്വീകരിച്ച നയത്തെയാണ് ഗ്രന്ഥ കർത്താവ് ശംസുദ്ദീൻ മുസ്‌ലിയാർ പരിഗണിച്ചത്. ഇദ്ദേഹവും കാന്തപുരവും ഉലമാ സമ്മേളനക്കാർ മാറ്റിയ ആദർശത്തിന്റെ അരികിലേക്ക് വരാനോ അതിനെ വാരിപ്പുണരാനോ തയ്യാറല്ലെന്ന് ഇതിൽനിന്ന് വ്യക്തം. പേരോട് പക്ഷത്തിന്റെ പുതിയ വിശ്വാസപ്രകാരം കാന്തപുരത്തിന്റെയും കഴക്കൂട്ടത്തിന്റെയും ഇസ്‌ലാമെന്താണെന്നറിയാൻ താൽപര്യമുണ്ട്. അച്ചടിച്ചുവിട്ട പുതിയ തത്ത്വം ശരിയല്ലെങ്കിൽ മുശാവറയിലെ പുത്തൻവാദികൾക്കു നേരെ ‘തർക്കുൽ മുവാലാത്ത്’(ബന്ധ വിഛേദനം) പരസ്യമായി പ്രഖ്യാപിക്കാൻ കാന്തപുരം രംഗത്ത് വരുമോ?

ആദർശ രംഗത്ത് സമസ്തയുടെ മുഖ്യനായ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ എഴുതിയത് കൂടി വായിക്കാം:

“ചോദ്യം: മുഅ്ജിസത്ത്, കറാമത്ത് എന്നിവകൊണ്ട് അമ്പിയാഅ്, ഔലിയാഅ് തുടങ്ങിയ മഹാന്മാർ സഹായിക്കും എന്നാണല്ലോ സുന്നികൾ പറയുന്നത്. അമ്പിയാഇന്റെയും ഔലിയാഇന്റെയും ഇഷ്ടാനുസരണ പ്രകാരം പ്രകടിപ്പിക്കാൻ സാധിക്കുന്നതാണോ മുഅ്ജിസത്തും കറാമത്തും? വിശദീകരിച്ചാലും.

ഉത്തരം: അസാധാരണ സംഭവങ്ങളാണ് മുഅ്ജിസത്തും കറാമത്തും ആകുന്നത്. സാധാരണക്കാരിൽനിന്ന് സാധാരണ കാര്യങ്ങൾ ഇഷ്ടത്തിനൊത്തും അല്ലാതെയും സംഭവിക്കുന്നതുപോലെ അസാധാരണക്കാരായ അമ്പിയാ-ഔലിയാക്കളിൽനിന്ന് അസാധാരണ കാര്യങ്ങളായ മുഅ്ജിസത്തും കറാമത്തും ഇഷ്ടത്തിനൊത്തും അല്ലാതെയും സംഭവിക്കും’’ (ഫതാവാ മുഹ്‌സിസ്സുന്ന/പേജ് 401).

ഇതേ പുസ്തകത്തിന്റെ 469ാം പേജിൽ അദ്ദേഹം വീണ്ടും എഴുതിയത് കാണുക: “ഇത്രയും വിശദീകരിച്ചതിൽനിന്ന് അമ്പിയാ-ഔലിയാക്കളാകുന്ന മഹാന്മാരുടെ കാഴ്ച, കേൾവി തുടങ്ങിയ കഴിവുകൾ തികച്ചും അസാധാരണമാണെന്നും അതുകൊണ്ട് തന്നെ സാധാരണക്ക് വിരുദ്ധമായി ഒരേസമയത്ത് തന്നെ വളരെ അകലെനിന്നും വിദൂര സ്ഥലങ്ങളിൽനിന്നും വിവിധാവശ്യങ്ങൾക്ക് വേണ്ടിയുള്ള വിളികൾ അവർക്ക് കേൾക്കാനും ഗ്രഹിക്കാനും പരിഹരിക്കാനും കഴിയുമെന്നും ഈ കഴിവ് അല്ലാഹു അവർക്ക് ഔദാര്യമായി കൊടുത്തതാണെന്നും സ്പഷ്ടമായി.’’

പുരോഹിതന്മാരടക്കമുള്ള സമസ്തയുടെ വക്താക്കൾക്ക് അവർ കൊണ്ടുനടക്കുന്ന ശിയാ ആശയങ്ങളെ പഠിപ്പിക്കാൻ എഴുതപ്പെട്ട ഈ കൃതി മുശാവറ അംഗങ്ങൾ ഒന്നിച്ച് ഒരാവർത്തി വായിച്ചിരുന്നെങ്കിൽ പേരോടക്കമുള്ളവർ ‘വഴിപിഴക്കില്ലായിരുന്നു.’ പൊന്മള മുസ്‌ലിയാരുടെ കാര്യത്തിൽ വിധി എന്താകുമെന്ന് കൂടി പുതിയ ആദർശക്കാർ സമൂഹത്തെ ബോധ്യപ്പെടുത്തണം. കാന്തപുരം, പേരോട് വിഭാഗങ്ങളിൽ ആരുടെ പക്ഷത്താണ് പൊന്മളയെന്നതും വ്യക്തമാക്കേണ്ടതുണ്ട്.

അതീവ ഗുരുതരമായ വാദങ്ങൾ വ്യാജ ഔലിയാക്കളുടെ മേൽ ഇക്കൂട്ടർ ഉന്നയിച്ച് അല്ലാഹുവിനെക്കാൾ അവരെ മഹത്ത്വപ്പെടുത്തി! നബിﷺയെക്കാൾ വലിയ സ്ഥാനത്തേക്ക് അവരെ ഉയർത്തി! തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന പണിയാണിവർ തുടർന്ന് പോന്നത്. എത്ര മായ്ച്ചാലും തിരുത്തിയാലും തീരാത്തത്ര നുണകളും കള്ളക്കഥകളും ഇവരാൽ പ്രചരിപ്പിക്കപ്പെട്ടു. ഔലിയാക്കൾക്കുള്ളതായി ഇവർ അവകാശപ്പെടാത്തതായി എന്താണ് ബാക്കിയുള്ളത്? എന്തും പറയാമെന്ന പഴയ നിയമത്തെയാണോ പരിധി നിശ്ചയിക്കണമെന്ന പുതിയ നിയമത്തെയാണോ സമൂഹം ശരിവെക്കേണ്ടത്?

ശംസുൽ ഉലമാ പദവി നൽകി സമസ്തക്കാർ ആദരിച്ച ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ അനുഭവം എന്ന പേരിൽ എഴുതിവിട്ടത് വായിക്കാം: “വയനാട്ടിലെ കെല്ലൂരിലെ ഒരു ഉസ്താദ് സി.എം വലിയുല്ലാഹി മടവൂർ തങ്ങളെ സന്ദർശിച്ച് ദീർഘനേരം സംസാരിച്ചു. അദ്ദേഹത്തിന്റെ ഉസ്താദായ ശംസുൽ ഉലമാ ഇതറിഞ്ഞു വിളിപ്പിച്ചു. എന്നിട്ട് ചോദിച്ചു: ‘നിനക്ക് എന്താ മനസ്സിലായത്?’ അദ്ദേഹം പറഞ്ഞു: ‘ഒരു അസാധാരണ കഴിവുള്ള മനുഷ്യനാണെന്ന് മനസ്സിലായി. സൗമ്യമായി വളരെ നല്ല നിലക്ക് സംസാരിച്ചു.’ അപ്പോൾ ശംസുൽ ഉലമാ ചോദിച്ചു: ‘സംസാരിക്കുന്നതിനിടയിൽ കഴുത്തിൽനിന്ന് ഒരു ശബ്ദം പുറപ്പെടാറുണ്ട്. ‘മാ അന കുൻതു’ എന്നാണ് പറയുന്നത്. ഇതിന്റെ അർത്ഥം എന്താണെന്ന് നിനക്ക് അറിയില്ല അല്ലേ? ഞാനിപ്പോൾ ഇവിടെയുണ്ടായിരിക്കും, അതേസമയം മറ്റൊരു സ്ഥലത്തുമുണ്ടായിരിക്കും. ഇതാണ് പ്രസ്തുത അറബി വാക്യത്തിന്റെ പൊരുൾ’’ (ശംസുൽ ഉലമയും ഔലിയാക്കളും/പേജ് 71)

അല്ലാഹുവിന്റെ അറിവും കേൾവിയും കാഴ്ചയും സഹായവും എവിടെയും ഉണ്ടാകുമെന്നതിൽ ഉറച്ച് വിശ്വാസിക്കുന്ന ഒരാൾക്ക് ഇത് ഉൾക്കൊള്ളാൻ കഴിയില്ല. അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒരാൾക്കും ഇത്തരമൊരു കഴിവ് അവൻ നൽകുകില്ല. അല്ലാഹു പറയുന്നു: “നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു’’ (57:4).

ഇബ്‌നു കസീർ(റഹ്) പറയുന്നു: “കരയിലോ കടലിലോ, രാത്രിയിലോ പകലിലോ, വീടുകളിലോ മരുഭൂമികളിലോ എവിടെയായിരുന്നാലും നിങ്ങൾക്കുമേൽ നിരീക്ഷകനായും നിങ്ങളുടെ കർമങ്ങൾക്ക് സാക്ഷിയായും അവന്റെ അറിവ് എല്ലായിടത്തും തുല്യമായിരിക്കും’’ (തഫ്‌സീർ ഇബ്‌നു കസീർ). പേരോടിന്റെ നയംമാറ്റ പ്രകാരം ഇ.കെ അതിരുവിട്ടോ ഇല്ലയോ എന്ന വിധികൂടി പുറത്ത് വരണം.

കാന്തപുരം പേര് നൽകിയ പുസ്തകത്തിൽനിന്ന് വായിക്കാം: “ശൈഖുനാ സി.എം വലിയ്യുല്ലാഹി(റ)ക്ക് ലൗഹുൽ മഹ്ഫൂളാകുന്ന ആലമുൽ മലക്കൂത്തിലേക്ക് തുറക്കപ്പെടുന്ന ഹൃദയവാതിൽ ഉണ്ടാകും. അതിൽ കൂടിയാകാം മഹാനവർകൾ മറഞ്ഞ കാര്യങ്ങൾ ദർശിക്കുന്നത് എന്ന് പറഞ്ഞാൽ അത് തെറ്റാകുമെന്ന് തോന്നുന്നില്ല... ചുരുക്കത്തിൽ ലൗഹുൽ മഹ്ഫൂളിൽനിന്ന് മറഞ്ഞ കാര്യങ്ങൾ അറിയുക എന്നത് ഔലിയാക്കളുടെ കറാമത്തായി സംഭവിക്കാം എന്ന് വ്യക്തമായിരിക്കെ ശൈഖുനാ സി.എം വലിയ്യുല്ലാഹി(റ)ക്ക് അതിനു കഴിയുകയില്ല എന്നു പറയാൻ മാത്രം നമുക്ക് യോഗ്യതയില്ല എന്ന് നാം മനസ്സിലാക്കുക’’ (പേജ് 43). നബിﷺ പോലും ഇത്തരമൊരു കഴിവ് തനിക്കുള്ളതായി അവകാശപ്പെട്ടിട്ടില്ല എന്ന വസ്തുത വായനക്കാർ മനസ്സിലാക്കുക. യഥാർഥ വലിയ്യുകളാരും ഇങ്ങനെ അവകാശപ്പെട്ടിട്ടില്ല, അവകാശപ്പെടുകയുമില്ല.

അല്ലാഹു പറയുന്നു: “അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല’’ (6:59).

പാറന്നൂർ ഇബ്‌റാഹീം മുസ്‌ലിയാരെ കുറിച്ച് എഴുതുന്നു: “സി.എം ആത്മീയ ലോകത്തേക്ക് കയറുകയും സർവ്വരുടെയും ആശാകേന്ദ്രമാവുകയും ചെയ്തപ്പോഴും പാറന്നൂർ ഉസ്താദ് അവരെ കൈവിട്ടില്ല. തന്റെ പഴയകാല ബന്ധം ഉപയോഗപ്പെടുത്തി എന്നും അവരെ മുറുകെ പിടിക്കുകയും അവരുടെ ഒപ്പം നിൽക്കാൻ അവസരം തരപ്പെടുത്തുകയും ചെയ്തു. അന്നുമുതൽ ഏതൊരു കാര്യവും അവരോടു ചോദിച്ചു മാത്രമേ ഉസ്താദ് ചെയ്യുമായിരുന്നുള്ളൂ. എന്തിനും മഹാനവറുകളുടെ സമ്മതം വാങ്ങും’’ (പാറന്നൂർ ഇബ്‌റാഹീം മുസ്‌ലിയാർ/പേജ് 233, 234). ഇതേ പുസ്തകത്തിന്റെ 242ാം പേജിൽ കാണാം: “തന്റെ മക്കളിൽ ചിലർ ചിലപ്പോൾ ഉസ്താദിനോട് വല്ല ആവലാതിയും പറയുമ്പോൾ പോലും ഉസ്താദ് ചോദി

ച്ചിരുന്നത് സി.എം നിന്നോട് എന്താണ് പറഞ്ഞത്, സി.എം അങ്ങനെ ചെയ്യാൻ പറഞ്ഞോ പോലെയുള്ള ചോദ്യങ്ങളാണ്. സി.എം ജീവിച്ചിരിക്കുന്ന പ്രതീതിയായിരുന്നു അതിൽ. തന്റെ മക്കളെ പോലും സി എം ഇന്നും നിയന്ത്രിക്കുന്നുവെന്ന ഒരു ബോധം ഉസ്താദിനുണ്ടായിരുന്നു.’’

ഔലിയാക്കൾക്ക് എന്തിനും കഴിയുമെന്ന ധാരണയിൽ നടക്കുന്ന ഇത്തരം മുസ്‌ലിയാക്കന്മാരെ ഏത് വിധിയിലാണ് പുതിയ നയപ്രകാരം പെടുത്തുക?

അടിമകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ഏക ശക്തി അല്ലാഹു മാത്രമായിരിക്കെ മരിച്ചവരിൽ ആശ്രയം തേടുന്നത് മണ്ടത്തരം മാത്രമാണ്. അല്ലാഹു പറയുന്നു: “ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. കൈകാര്യകർത്താവായി അല്ലാഹു മതി’’ (4:132).

സമസ്തയുടെ ആശയപതനം മുസ്‌ലിയാക്കന്മാരുടെ നേതൃത്വത്തിൽതന്നെ നടക്കുന്നതിന്റെ വ്യക്തമായ തെളിവുകളാണിതെല്ലാം. പേരോട് പക്ഷത്തെ ശംസുദ്ദീൻ മുസ്‌ലിയാർ ശക്തമായി പ്രഹരിക്കുന്നത് കൂടി കാണുക: “അപ്പോൾ അമ്പിയാക്കളിൽനിന്ന് മുഅ്ജിസത്ത് മുഖേന സഹായം ലഭിക്കുന്നതു പോലെ ഔലിയാക്കളിൽനിന്ന് കറാമത്ത് മുഖേനയും സഹായം ലഭിക്കാം. ബഹുമാനപ്പെട്ട ശൈഖുനാ സിഎം വലിയ്യുല്ലാഹി(റ) ഒരു വലിയ്യ് ആയതുകൊണ്ടുതന്നെ മഹാനവർകളിൽനിന്ന് പല കറാമത്തുകളും പ്രകടമാകുകയും അതുമുഖേന മറ്റുള്ളവർക്ക് സഹായം ലഭിക്കുകയും ചെയ്യുന്നു എന്ന യാഥാർത്ഥ്യത്തെ തള്ളിക്കളയാൻ നമ്മുക്ക് കഴിയുകയില്ല’’ (പേജ് 53). ഇതിന്റെ 59ാം പേജിൽ ഇങ്ങനെ കാണാം: “ജീവിത കാലത്തെന്നപോലെ വഫാത്തിനുശേഷവും ശൈഖുനയെ സിയാറത്ത് ചെയ്യുന്നവർക്ക് ശൈഖുനായോട് സങ്കടം പറയുന്നവർക്ക് മഹാനവർകളുടെ പേരിൽ വിശുദ്ധ ഖുർആൻ ഓതി ഹദിയ്യഃ ചെയ്യുന്നവർക്കും പ്രശ്‌നപരിഹാരം ലഭിക്കുന്നു എന്നത് തള്ളിക്കളയാൻ കഴിയാത്ത സത്യമാണ്. ജീവിതകാലത്ത് പ്രകടമായതുപോലെ മഹാനവർകളുടെ കറാമത്തുകൾ ഇന്നും അവിടത്തെ മുരീദന്മാരും മുഹിബ്ബീങ്ങളും അനുഭവിക്കുന്നുണ്ട്.’’

ചിന്തിക്കുക! ബുദ്ധി നഷ്ടപ്പെട്ട നിലയിൽ ജീവിച്ച സിഎം മടവൂരിന്റെ പേരിൽ കള്ളക്കഥകൾ പറഞ്ഞു പരത്തിയതിന്റെ ഫലമാണിതെല്ലാം. കള്ളക്കഥകളെ താലോലിച്ചവർ വലയുകയും പഴയ വിശ്വാസത്തെ സംരക്ഷിക്കാൻ മുന്നിട്ടവർ കുടുങ്ങുകയും ഇരു വിഭാഗത്തേയും ഉൾക്കൊള്ളാനാവാതെ സമസ്ത തളരുകയുമാണിപ്പോൾ.

“തീർച്ചയായും സത്യവിശ്വാസം വിറ്റു സത്യനിഷേധം വാങ്ങിയവർ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താൻ പോകുന്നില്ല. വേദനയേറിയ ശിക്ഷയാണവർക്കുള്ളത്’’ (ക്വുർആൻ 3:177).