ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും

അബൂ ഫർഹാൻ ബിൻ യൂസുഫ്, കോട്ടക്കൽ

2023 നവംബർ 11 , 1445 റ.ആഖിർ 27

മുസ്‌ലിം ചരിത്രത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി(റഹി). ഉള്ളതും ഇല്ലാത്തതുമായ മദ്ഹുകളും കറാമത്തുകളും ശൈഖിന്റെ പേരിൽ തട്ടിവിടുന്ന കേരള സമസ്തക്കാർ അദ്ദേഹത്തിന്റെ അക്വീദയെക്കുറിച്ച് പഠിച്ചിട്ടില്ലെന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ കിതാബായ ‘ഗുൻയതുത്ത്വാലിബീൻ’ തന്നെ കൂടുതലാരും മറിച്ചുനോക്കിയിട്ടുണ്ടാകില്ല. നോക്കിയവർ തന്നെ ‘പുത്തൻവാദികൾക്ക് മയ്യിത്ത് നമസ്‌കാരം നിർവഹിക്കാൻ പാടില്ലെ’ന്നു പറയുന്ന ഭാഗം മാത്രമാകും അധികവും വായിച്ചിട്ടുണ്ടാവുക. പ്രസ്തുത ഗ്രന്ഥത്തിലെ ‘അസ്മാഉ വസ്സിഫാതി’ന്റെ ഭാഗത്തേക്ക് സമസ്ത ബറേൽവി നേതാക്കൾ തിരിഞ്ഞുനോക്കാറില്ല.

ഈ ഭാഗം സമസ്തക്കാരെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ കഥ’ പറഞ്ഞ് ബറേൽവി ഉസ്താദുമാർ അത് പഠിക്കാൻ സമ്മതിക്കാറുമില്ല. സൂഫികളിൽനിന്നും കളഞ്ഞുകിട്ടിയ ഈ ‘കൂട്ടൽകഥ’ സൂഫി-അശ്അരി പക്ഷപാതിയായ ഇബ്‌നു ഹജറുൽ ഹൈതമി ഏറ്റെടുത്തപ്പോൾ പിൽക്കാലക്കാരായ സൂഫികളുടെ കിതാബുകളിൽ ഈ കഥ ഇടംപിടിച്ചു.

കക്ഷിത്വം മൂത്ത് തനിക്കിഷ്ടമില്ലാത്തതിനെയെല്ലാം എന്തെങ്കിലും ദുർന്യായങ്ങൾ നിരത്തി പുറത്താക്കുന്ന ഹൈതമി ശൈഖ് ജീലാനിയുടെ ഗുൻയഃയെയും പുറത്ത് നിറുത്തിയിരിക്കുകയാണ്. ഗുൻയഃയെ കുറിച്ച് ഹൈതമി പറയുന്നത് നോക്കൂ: “അബ്ദുൽ ക്വാദിർ ജീലാനിയുടെ ‘കിതാബുൽ ഗുൻയഃ’യിൽ ഉള്ളതു കണ്ട് നീ വഞ്ചിതനാകരുത്. ചിലർ അതിലേക്ക് കടത്തിക്കൂട്ടിയതാണത്. അന്ത്യനാളിൽ അല്ലാഹു അതിനു പകരം ചോദിക്കും. അദ്ദേഹം അതിൽനിന്ന് മുക്തനാണ്...’’ (ഫതാവൽ ഹദീസിയ്യ, 1/145).

കിതാബുൽ ഗുൻയഃയിൽ ശൈഖിന്റെതല്ലാത്ത വാചകങ്ങൾ ചിലർ കൂട്ടിച്ചേർത്തുവെന്നാണ് ഇബ്‌നു ഹജറുൽ ഹൈതമി ആരോപിക്കുന്നത്. ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ ‘വിഷമവും’ ജീലാനിയുടെ മദ്ഹും രേഖപ്പെടുത്തി എന്നല്ലാതെ, ‘കടത്തിക്കൂട്ടൽ’ നടന്നിട്ടില്ലാത്ത ഗുൻയഃ താൻ കണ്ടുവെന്നോ ഇന്നയിന്ന പണ്ഡിതർ അതിലില്ലാത്ത ഉദ്ധരണികൾ ഉദ്ധരിച്ചുവെന്നോ അതുമല്ലെങ്കിൽ നിലവിലെ പതിപ്പിലുള്ളതിനു വിരുദ്ധമായി ശൈഖ് ജീലാനിയിൽനിന്നോ ഹമ്പലികളിൽനിന്നോ ഗുൻയഃയിലുള്ളതിനു വിരുദ്ധമായി ഉദ്ധരിച്ചതോ മറ്റു തെളിവുകളോ തന്റെ വാദം സ്ഥാപിക്കാൻ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഈ ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്നർഥം. അതിനാലായിരിക്കാം അന്ത്യനാളിൽ അല്ലാഹു പകരം ചോദിക്കുമെന്നു പറഞ്ഞ് ഹൈതമി തടിയൂരിയത്.

സമസ്തക്കാരുടെ വിശ്വാസപ്രകാരം എല്ലാ അറിവുകളും കഴിവുകളും നിയന്ത്രണവുമുള്ള മുഹ്‌യിദ്ദീൻ ശൈഖിന്റെ സ്വന്തം കിതാബിൽ ചിലർ കടത്തിക്കൂട്ടൽ നടത്തിയെന്നു പറയുന്നത് ശൈഖിന്റെ കഴിവിനെ ചോദ്യം ചെയ്യലല്ലേ എന്നൊന്നും ആരും ചോദിച്ചേക്കരുത്. കിതാബുൽ ഗുൻയയിൽ കടത്തിക്കൂട്ടൽ നടന്നെന്ന് പറയുന്ന ഹൈതമിയും കൂട്ടരും അതിൽ ഇടംപിടിച്ച നിർമിത ഹദീസുകൾ കടത്തിക്കൂട്ടിയതാണെന്നു പറയാനൊരു സാധ്യതയും കാണുന്നില്ല. കാരണം ഹദീസിന്റെ ഉസ്വൂലുകളെയെല്ലാം കാറ്റിൽ പറത്തി വ്യാജ ഹദീസുകൾകൊണ്ട് ഫത്‌വ കൊടുക്കുന്ന ഹൈതമി കിതാബുൽ ഗുൻയത്തിലെ നിർമിത ഹദീസുകൾ കടത്തിക്കൂട്ടപ്പെട്ടതാണെന്നു പറയില്ല. പറയാനൊരു ന്യായവുമില്ല. പിന്നെ കടത്തിക്കൂട്ടൽ വാദം അസ്മാഉ വസ്സിഫാതിൽ മാത്രമാകാനേ തരമുള്ളൂ. അതിനാൽ അവർ പറയുന്ന കടത്തിക്കൂട്ടൽ എന്താണെന്ന് നമുക്ക് പരിശോധിക്കാം.

മുജാഹിദുകളുടെ അല്ലാഹു വികലാംഗനാണെന്ന് പറഞ്ഞു പരിഹസിക്കാൻ സമസ്തക്കാർ പറയാറുള്ളതാണല്ലോ, അല്ലാഹുവിന്റെ രണ്ട് കൈയും വലതാണെന്ന വിശേഷണം. അതിനെക്കുറിച്ച് ശൈഖ് ജീലാനി(റഹി) പറയുന്നത് നോക്കാം: “അവന് ഇരു കൈകൾ ഉണ്ട്. അവ രണ്ടും വലതാണ്; അവൻ ആകാശങ്ങളെ വലതുകൈയിൽ ചുരുട്ടിപ്പിടിക്കും എന്നു പറഞ്ഞതുപോലെ (സുമർ 67)’’ (കിതാബുൽ ഗുൻയഃ 1/122).

അല്ലാഹുവിനു ‘യദ്’ എന്ന വിശേഷണമേയില്ലെന്നു പറയുന്ന ഹൈതമിഭക്തന്മാർക്ക് ശൈഖ് ജീലാനി പറഞ്ഞാലും ഇക്കാര്യം ഉൾക്കൊള്ളാൻ പറ്റാത്തത് സ്വാഭാവികം മാത്രം. അതുകൊണ്ടുതന്നെ കൂട്ടിച്ചേർക്കൽ കഥ പറയുകയല്ലാതെ കേരള ബറേൽവികൾക്കോ ഹൈതമിക്കോ വേറൊരു നിർവാഹവുമില്ല. ഗുൻയഃയിൽ ശൈഖ് ജീലാനി വീണ്ടും പറയുന്നു:

“അവൻ ഉലുവ്വിന്റെ ജിഹത്തിലാണ്, അർശിനു മുകളിൽ ഇസ്തിവാഅ് ചെയ്തവനാണ്. അവൻ ആധിപത്യമുള്ളവനും അവന്റെ അറിവ് എല്ലാ കാര്യങ്ങളെയും വലയം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്’’(1/121).

അല്ലാഹു ഏഴാകാശങ്ങൾക്കും ഉന്നതിയിലാണെന്നും അവൻ അർശിനു മുകളിൽ ഇസ്തിവാഅ് ചെയ്തവനാണെന്നും പറയുന്നത് ഒരു സമസ്തക്കാരനും സഹിക്കില്ലല്ലോ. അപ്പോൾ പിന്നെ കടത്തിക്കൂട്ടിയതെന്നല്ലാതെ മറ്റെന്തു പറയാൻ! ആ ‘കടത്തിക്കൂട്ടിയ’ വിദ്വാൻ മുഹ്‌യിദ്ദീൻ ശൈഖിന്റെ നിയന്ത്രണത്തിൽ പെടില്ലെന്ന് വല്ല ബറേൽവികളും വിശ്വസിക്കുന്നുവെങ്കിൽ പിന്നെ ശൈഖിന്റെ കൺട്രോൾ പോയെന്നു പറയുന്നതാകും നല്ലത്! അങ്ങനെവന്നാൽ ഒരു നിയന്ത്രണവുമില്ലാത്ത, ശൈഖിനോട് നടത്തുന്ന ഇസ്തിഗാസയും വെള്ളത്തിലായി! ശൈഖ് തന്നെ തുടരട്ടെ:

“ഒരു വ്യാഖ്യാനവും കൂടാതെ ‘ഇസ്തിവാഅ്’ എന്ന വിശേഷണം സ്ഥിരപ്പെടുത്തേണ്ടതാണ്. മുജസ്സിമിയ്യത്തും കറാമിയ്യത്തും പറയുന്നതുപോലെ സൃഷ്ടികളുടെ ഇരുത്തം, സ്പർശനം എന്ന അർഥത്തിലല്ല. ഇത് ഉന്നതമായ സ്ഥാനമെന്ന, അശ്അരിയാക്കൾ വ്യാഖ്യാനിച്ചു പറയുന്ന അർഥത്തിലല്ല. അതിജയിക്കുക, പരാജയപ്പെടുത്തുക എന്ന, മുഅ്തസിലിയ്യാക്കൾ പറയുന്ന അർഥത്തിലുമല്ല. കാരണം അത് ശറഇൽ സ്ഥിരപ്പെടുകയോ സ്വഹാബത്തിൻനിന്നോ താബിഉകളിൽനിന്നോ ഹദീസിന്റെ ആളുകളിൽനിന്നോ ഒന്നും ഉദ്ധരിക്കപ്പെടുകയോ ചെയ്തിട്ടുമില്ല’’ (കിതാബുൽ ഗുൻയഃ 1/125).

അർശിനു മുകളിലുള്ള, അല്ലാഹുവിന്റെ ‘ഇസ്തിവാഅ്’ എന്ന വിശേഷണം മജാസ് (ആലങ്കാരികം) അല്ലെന്നും അതു ഹക്വീക്വിയായി (യഥാർഥത്തിൽ), അവന്റെ ദാത്തോടുകൂടി തന്നെയുള്ള വിശേഷണമാണെന്നും ശൈഖ് ജീലാനി സ്ഥിരപ്പെടുത്തുന്നു. ഉന്നതമായ സ്ഥാനം എന്ന അശ്അരി ദുർവ്യാഖ്യാനത്തെ ശൈഖ് ജീലാനി(റഹി) ശറഇന്റെയും സലഫിന്റെയും പിൻബലമില്ലെന്നു പറഞ്ഞ് തള്ളിക്കളയുന്നു. അശ്അരിയാക്കളുടെ പേരുപറഞ്ഞ് അശ്അരി വാദത്തെ അവഗണിച്ചതിനാൽ സമസ്ത ബറേൽവി സുഹൃത്തുക്കൾക്ക് ദുർവ്യഖ്യാനിക്കാനും നിർവാഹമില്ലാതെയായിപ്പോയി. ഈ ദയനീയാവസ്ഥ ഗുൻയഃയിലെ കടത്തിക്കൂട്ടൽ കഥ സ്ഥിരപ്പെടുത്താൻ അവരെ നിർബന്ധിതരാക്കി. ഹൈതമി പറഞ്ഞ കൂട്ടിച്ചേർക്കൽ കഥ അവർക്ക് വിനയാവുകയും ചെയ്തു. ഗുൻയഃയിൽ അല്ലാഹുവിന്റെ ഇറക്കത്തെ വിവരിക്കുന്നതു നോക്കുക: “തീർച്ചയായും അല്ലാഹു എല്ലാ രാത്രിയിലും സമാഉദ്ദുൻയയിലേക്ക് ഇറങ്ങുന്നു. മുഅ്തസിലികളും അശ്അരികളും അവകാശപ്പെടുന്നതുപോലെ ‘കാരുണ്യത്തിന്റെ ഇറക്കം,’ ‘പ്രതിഫലത്തിന്റെ ഇറക്കം’ എന്ന അർഥത്തിലല്ല.’’

‘അമേരിക്കയിൽ രാത്രിയാകുമ്പോൾ ഇന്ത്യയിൽ പകലാണല്ലോ, പിന്നെങ്ങനെയാണ് എല്ലാ രാത്രിയിലും ഇറങ്ങുന്നത് എന്ന് ഒരു എൽകെജി കുട്ടി ചോദിച്ചാൽ എന്തു മറുപടി പറയും മൗലവീ’ എന്ന് കേരള ബറേൽവി ഉസ്താദുമാർ തങ്ങളുടെ ചോദ്യം എൽകെജി കുട്ടികളുടെ തലയിൽ വെച്ചുകെട്ടി ചോദിക്കാറുണ്ട്. ഭൂമിയിലെ സമയം ഭൂമിയിലുള്ളവർക്ക് പോലും ബാധകമല്ലെങ്കിൽ, രാത്രി, പകൽ എന്നതിനപ്പുറം കാലവും സമയവും സ്ഥലവുമൊക്കെ അല്ലാഹുവിന് ബാധകമാണോ ബറേൽവി സുഹൃത്തേ എന്ന് തിരിച്ചു ചോദിച്ചാൽ ആഎൽകെജി നിലവാരക്കാരനെ പിന്നെ കാണാനുണ്ടാകില്ല. പ്രസ്തുത ഇറക്കമാണ് അബ്ദുൽ ക്വാദിർ ജീലാനി ഇവിടെ സ്ഥാപിക്കുന്നത്. ഇതെല്ലാം കിതാബുൽ ഗുൻയഃയിൽ കാണുമ്പോൾ ഇതെല്ലാം കടത്തിക്കൂട്ടിയതാണെന്ന് പറയുകയില്ലാതെ മറ്റെന്തു വഴി!

ശൈഖ് വീണ്ടും അശ്അരികൾക്ക് നേരെ വാളെടുക്കുന്നത് കാണുക: “ക്വുർആൻ സൃഷ്ടിയാണെന്നോ ഈ പാരായണമല്ലാത്ത യഥാർഥ പാരായണം വേറെയുണ്ട് എന്നോ ഒരുത്തൻ വാദിച്ചാൽ, അല്ലെങ്കിൽ ക്വുർആനിന്റെ ലഫ്ദ്വ് (വാക്ക്) സൃഷ്ടിയാണെന്ന് ഒരാൾ പറഞ്ഞാൽ അവൻ അല്ലാഹുവിനെ അവിശ്വസിച്ചിരിക്കുന്നു. അവന്റെ കൂടെ ഇടപഴകുവാനോ ഭക്ഷണം കഴിക്കുവാനോ സഹവസിക്കുവാനോ അവനു നിക്കാഹ് ചെയ്തു കൊടുക്കുവാനോ പാടില്ല. അവനെ വെടിയുകയും നിസ്സാരപ്പെടുത്തുകയും വേണം. അവനു മയ്യിത്ത് നമസ്‌കരിക്കുവാനോ അവന്റെ പിറകിൽ നമസ്‌കരിക്കുവാനോ പാടില്ല. അവന്റെ സാക്ഷ്യം സ്വീകാര്യമല്ല, നിക്കാഹിന് രക്ഷാധികാരിയാക്കൽ സ്വഹീഹുമല്ല. അവനെ കണ്ടെത്തിയാൽ മുർത്തദ്ദിനെപ്പോലെ മൂന്നുപ്രാവശ്യം തൗബ ചെയ്യാൻ ആവശ്യപ്പെടണം...’’(ഗുൻയഃ 1/128).

ഇബ്‌നു തൈമിയ്യ(റ)യെ മുജസ്സിമിയാക്കുന്ന ഹൈതമിഭക്തൻമാർക്ക് ഇതിലും വലിയ അടി കിട്ടാനുണ്ടോ? മുജാഹിദുകളെ തുടരാനോ അവർക്ക് മയ്യിത്ത് നമസ്‌കരിക്കാനോ അവരോടു സഹവസിക്കാനോ സലാം പറയുവാനോ പാടില്ലെന്ന്; കിതാബുൽ ഗുൻയഃ വായിച്ച്, മുഹ്‌യിദ്ദീൻ ശൈഖ് പറഞ്ഞതാണെന്ന് പറഞ്ഞുനടക്കുന്ന സമസ്തക്കാർക്ക് തങ്ങളെ പറ്റിയാണ് ഈ പറഞ്ഞതെന്ന് മനസ്സിലായിക്കാണില്ല.

ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരുടെ ഹദീസ് ഗുരുക്കന്മാരായ ഖലീൽ അഹ്‌മദ് സഹാറൻപൂരിയെയും(റഹി) കാസിം നാനൂത്തവിയെയും(റഹി) പേരെടുത്തു പറഞ്ഞ് മുർത്തദ്ദ് (മതഭ്രഷ്ടൻ) എന്നു വിശേഷിപ്പിച്ച അഹ്‌മദ് റസാ ഖാൻ ബറേൽവിയെ ഇമാമാക്കുന്നവർക്ക് ഇത്തരം ‘കുരുത്തക്കേടുകൾ’ സ്വാഭാവികം. ഇപ്പറഞ്ഞവർ കാഫിറാണെന്ന് പ്രഖ്യാപിക്കാതിരുന്നാലും ചുരുങ്ങിയത് ഒന്നും മിണ്ടാതിരുന്നാൽ പോലും ആ മിണ്ടാതിരുന്നവനും കാഫിറാകും എന്നല്ലേ പറഞ്ഞത്? അതുകൊണ്ട് ഈ വിഷയത്തിൽ മിണ്ടാതിരിക്കുന്ന ബറേൽവി ഉസ്താദുമാർക്ക്, മിണ്ടാതിരുന്നാൽ ബറേൽവി തങ്ങളെയും കാഫിറാക്കുമെന്ന ബോധം ഉണ്ടാകുന്നതു നന്ന്.

അപ്പോൾ പിന്നെ അവരെ ബഹുമാനിക്കുന്ന ഒ.കെ. ഉസ്താദിന്റെയും സുലൈമാൻ മുസ്‌ലിയാരുടെയും കാര്യം പറയേണ്ടതില്ലല്ലോ! ഇതാണ് ഇവരുടെ ഗുരുപരമ്പരയുടെ കോലം. അശ്അരികൾ ക്വുർആനിന്റെ ലഫ്ദ്വ് (വാക്ക്) സൃഷ്ടിയാണെന്നാണ് പറയാറുള്ളത്. ഇന്ന് കാണുന്ന ക്വുർആനിലെ വാചകങ്ങൾ യഥാർഥത്തിൽ അല്ലാഹുവിന്റെതല്ല; ജിബ്‌രീലിന്റെ മനസ്സിൽ അല്ലാഹു തോന്നിപ്പിച്ചതാണ് എന്നും അതിലുള്ള ആശയം മാത്രമെ അല്ലാഹുവിന്റെതായിട്ടുള്ളൂ എന്നുമാണ് അശ്അരികൾ വാദിക്കുന്നത്. ക്വുർആനിന്റെ ലഫ്ദ്വും (വാക്ക്, അക്ഷരം) സൗത്തും (ശബ്ദം) സൃഷ്ടിക്കപ്പെട്ടതാണെന്നു പറയുന്ന ബറേൽവി സഹോദരങ്ങളെ കുറിച്ചു തന്നെയാണ് ശൈഖ് ജീലാനി ഇവിടെ സ്ഥിരപ്പെടുത്തുന്നത്.

(തുടരും)