വ്യക്തി, സംഘടന, മാര്‍ഗഭ്രംശം

ടി.കെ.അശ്‌റഫ്

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

സംഘടനയാണ് വേഗത്തില്‍ വഴിതെറ്റുകയെന്നതാണ് സമൂഹമനസ്സ്. അങ്ങനെ ചിന്തിക്കുന്ന എല്ലാവരെയും ആക്ഷേപിച്ചു കൂടാ. വിവിധ സംഘടനകള്‍ക്കിടയില്‍ നടക്കുന്ന പൊട്ടലും ചീറ്റലും അതിനെ തുടര്‍ന്നുള്ള ചെളിവാരിയെറിയലും വീക്ഷിക്കുമ്പോള്‍ സംഘടനാ സംവിധാനത്തോട് നീരസം പ്രകടിപ്പിക്കുക സ്വാഭാവികമാണ്.

മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തുള്ള സംഘടനാ സാരഥികള്‍ ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിക്കുകയും തങ്ങളുടെ സമീപനങ്ങളില്‍ കാര്യമായ പുനഃപരിശോധന നടത്തുകയും ചെയ്യേണ്ടതുണ്ട്.

വ്യക്തികളെക്കാള്‍ സംഘടനയാണ് വഴിതെറ്റാന്‍ കൂടുതല്‍ സാധ്യതയെന്ന ധാരണ ഇതോടൊപ്പം നാം നിര്‍ബന്ധമായും തിരുത്തുകയും വേണം. സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വഴിതെറ്റുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാനും തിരുത്താനും ഒട്ടനവനധി അവസരങ്ങള്‍ സംഘടനക്കകത്തുണ്ട്. സെക്രട്ടറിയേറ്റ്, എക്‌സിക്യുട്ടീവ്, കൗണ്‍സില്‍, ജനറല്‍ബോഡി എന്നിങ്ങനെ, വിവിധ സംഘടനകള്‍ക്ക് വ്യത്യസ്തമായ ആലോചനാ സഭകളുണ്ട്. ഇതിലൂടെയെല്ലാം വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും തിരുത്താനും സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വഴിമാറാതെ സഞ്ചരിക്കാനും സാധിക്കുന്നു.

മൃഗീയ ഭൂരിപക്ഷത്തിന്റെയും മറ്റു ദുസ്സ്വാധീനങ്ങളുടെയും കാരണത്താല്‍ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് സംഘടനയെ ചിലര്‍ ഹൈജാക്ക് ചെയ്താലും യഥാര്‍ഥ കാഴ്ചപ്പാടില്‍ നിലകൊള്ളുന്ന ഒരു വിഭാഗം അപ്പോഴും രംഗത്തുണ്ടാകും. അധര്‍മത്തെ എല്ലാവരും ഒന്നിച്ച് പിന്തുണക്കുകയില്ല. അതുകൊണ്ട് തന്നെ തെറ്റും ശരിയും ചര്‍ച്ച ചെയ്യപ്പെടും ശരിയുള്‍കൊള്ളാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിന്റെ പക്ഷത്ത് നിലകൊള്ളാം.

എന്നാല്‍ കൂടിയാലോചനയില്ലാതെ, വ്യക്തിയിലധിഷ്ഠിതമായ സംരംഭങ്ങള്‍ എത്ര സൂക്ഷ്മതയോടെ ആരംഭിച്ചതായാലും മുന്നോട്ട് നീങ്ങുമ്പോള്‍ വഴിമാറുവാന്‍ സാധ്യത ഏറെയാണ്. വ്യക്തികള്‍ എത്ര വിശുദ്ധരാണങ്കിലും മാനുഷികമായ പിഴവുകള്‍ സ്വാഭാവികമാണ്. കൂടാതെ, സാഹചര്യങ്ങള്‍ വ്യക്തികളെ പലവിധ ദൗര്‍ബല്യങ്ങളിലേക്കും വലിച്ച് വീഴ്ത്തും. വ്യക്തിയിലുണ്ടാകുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കൂടിയാലോചന വേദികള്‍ ഇല്ലാത്തതിനാല്‍ തിരുത്തല്‍ സാധ്യമാകാതെ പോകും. സര്‍വ അധികാരങ്ങളും തന്നില്‍ നിക്ഷിപ്തമായതിനാല്‍ കൂടെയുള്ളവരും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഭയക്കും. സ്വന്തം കാര്യങ്ങള്‍ക്ക് ഭംഗം വരാതിരിക്കാന്‍ തന്റെ നേതാവിന്റെ തിന്മകളെ ന്യായീകരിച്ച് കൊടുക്കാനും കൂടെയുള്ളവര്‍ തയ്യാറായി എന്നു വന്നേക്കാം. വ്യക്തിക്ക് സംഭവിക്കുന്ന ആശയവൈകല്യങ്ങള്‍ അയാളുടെ കീഴിലുള്ള മുഴുവന്‍ സംവിധാനങ്ങളെയും സാരമായി ബാധിക്കും. വലിയ അനര്‍ഥങ്ങളാണ് ഇതിലൂടെ സംഭവിക്കുക.

നിയതമായ വഴിയിലൂടെ നിശ്ചിത ഇടവേളകളില്‍ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ച് പാസാക്കുന്നതിലൂടെ സാമ്പത്തിക രംഗത്ത് സുതാര്യത ഉറപ്പ് വരുത്താന്‍ സംഘടനയിലൂടെ സാധിക്കുന്നു. യോഗത്തില്‍ സാമ്പത്തിക കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന ചിന്ത ഭാരവാഹികളെ ഉത്തരവാദിത്തബോധമുള്ളവരാക്കും. അണികള്‍ക്ക് തങ്ങള്‍ സമാഹരിക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നുവെന്നറിയാനും അന്വേഷിക്കാനുമുള്ള അവസരങ്ങള്‍ ലഭിക്കുന്നതിലൂടെ പരസ്പരം ആരോഗ്യകരമായ ബന്ധം വളര്‍ന്ന് വരും.

വ്യക്തികള്‍ മാത്രം കൈകാര്യം ചെയ്യുന്ന സംരംഭങ്ങളുടെ സാമ്പത്തിക രംഗത്തെ സൂക്ഷ്മതക്കുറവുകള്‍ ചൂണ്ടിക്കാണിക്കാന്‍ അവസരങ്ങള്‍ കുറവായതിനാല്‍ സാമ്പത്തിക ചൂഷണത്തിന് സാധ്യത ഏറെയാണ്.

ചില വ്യക്തികള്‍ വളരെ സൂക്ഷ്മതയോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല. എന്നാല്‍, അവരുടെ കഠിനാദ്ധ്വാനത്തിലൂടെ കോടികളുടെ ആസ്തിയും സ്വാധീനവും നേടിയെടുത്ത സംരംഭം അവരുടെ മരണശേഷം അന്യാധീനപ്പെട്ട് പോയ സംഭവങ്ങളും അനവധിയാണ്. തന്റെ മക്കള്‍ തന്റെ വിശ്വാസവും സൂക്ഷ്മതയും പിന്‍പറ്റാത്തവരാണങ്കില്‍ വിരുദ്ധാശയങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഭാവിയില്‍ പ്രസ്തുത സംരംഭം പ്രവര്‍ത്തിക്കുക. സംഘടിതമായ തുടര്‍ച്ചയില്ലാതെ പോയ നവോത്ഥാന നായകരുടെ ചരിത്രം ഇതിന് സാക്ഷിയാണ്.

എന്നാല്‍, നിയതമായ ഭരണഘടനയുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നയിക്കപ്പെടുന്ന സംഘടനയാണെങ്കില്‍ നേതൃത്വം മാറിയാലും വ്യക്തികള്‍ മരണപ്പെട്ടാലും പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വഴി മാറാന്‍ സാധ്യത കുറവാണ്.

സംഘടനാ സംവിധാനങ്ങളെ യാതൊരു തത്ത്വദീക്ഷയുമില്ലാതെ നിരന്തരമായി വിമര്‍ശിക്കുന്നവരില്‍ പലരും സ്വന്തമായി പൊതുജനങ്ങളില്‍ നിന്ന് വന്‍തുക ഈടാക്കുന്നവരാണ്. അതിലൂടെ ഉണ്ടാക്കിയെടുത്ത സംവിധാനങ്ങള്‍ യാതൊരു കൂടിയാലോചനയുമില്ലാതെ നടത്തിക്കൊണ്ടു പോകുന്നവരുമായിരിക്കും. സാമ്പത്തിക സമാഹരണത്തിന് സംഘടനയുടെ സൗകര്യങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുകയും മുന്നോട്ടുള്ള ഗമനത്തില്‍ സ്വന്തം തീരുമാനങ്ങള്‍ക്ക് മാത്രം പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നത് കാണാന്‍ സാധിക്കും.

വളരെ മാതൃകാപരമായും സുതാര്യമായും നിയതമായ നിയമാവലിയോടെയും സംരംഭങ്ങള്‍ നടത്തുന്ന വ്യക്തികള്‍ സമൂഹത്തിലുണ്ടെന്ന കാര്യം വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. സംഘടനാ സംവിധാനമാണ് കൂടുതല്‍ അപകടകരമെന്ന പ്രചാരണം ചില തല്‍പരകക്ഷികള്‍ നടത്തുമ്പോള്‍ അതിനെ തിരുത്തുക മാത്രമാണ് ലക്ഷ്യം. പൊതുജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ച് നടത്തുന്ന സംരംഭങ്ങള്‍ വ്യക്തിയധിഷ്ഠിതമാകാതിരിക്കലാണ് അഭികാമ്യം. സ്വന്തം കുറവുകള്‍ മൂടിവെക്കാനുള്ള കുറുക്കുവഴിയാണ് ചിലര്‍ക്ക് സംഘടനാ വിമര്‍ശനം. സംഘടിതമായ മുന്നേറ്റത്തിലാണ് ഓരോ പ്രബോധകന്റെയും എല്ലാ കഴിവുകളും പുറത്തെടുക്കാന്‍ അവസരമുണ്ടാവുക.

സംഘടനയോടൊപ്പം ചേര്‍ന്ന് നിന്ന് ദൗത്യം നിര്‍വഹിക്കുന്നതിലാണ് നന്മയുള്ളത്. പ്രബോധനത്തിന് സംഘടന ഒരുക്കുന്ന വേദികളില്‍ തന്നെ ഏല്‍പിച്ച ദൗത്യത്തില്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുകയും സ്വന്തമായി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്ക് സംഘടന സംരക്ഷണം നല്‍കുകയും വേണമെന്ന ചിന്തയും പ്രബോധകര്‍ക്ക് ചേര്‍ന്നതല്ല. ഓരോരുത്തരും കൂടിയാലോചനയില്ലാതെ നടത്തുന്ന പ്രബോധന സംരംഭങ്ങള്‍ക്കും അതിന് വേണ്ടിയുള്ള ധനസമാഹരണത്തിനും കുടപിടിക്കുകയെന്നതല്ല ലക്ഷ്യബോധമുള്ള സംഘടനയുടെ ദൗത്യം. അലയടിച്ച് വരുന്ന ഇസ്‌ലാമിക വിമര്‍ശനങ്ങളെ വകഞ്ഞ് മാറ്റി ലക്ഷ്യത്തിലെത്താന്‍ ചേര്‍ന്ന് നില്‍ക്കുകയാണ് നാം ചെയ്യേണ്ടത്. വ്യക്തികളുടെ  വിഗ്രഹവത്കരണമാകരുത് ഇസ്‌ലാമിക പ്രലബാധനത്തിന്റെ ലക്ഷ്യം.

ആരായിരുന്നാലും അല്ലാഹുവിനെ ഭയപ്പെടുന്നവരുടെ കരങ്ങളിലാണെങ്കില്‍ വഴിതെറ്റുകയില്ലെന്ന് സമാധാനിക്കാം. ലക്ഷ്യം പിഴക്കുമ്പോള്‍ വ്യക്തിയെക്കാള്‍ സംഘടനയില്‍ തിരുത്തലുകള്‍ക്ക് സാധ്യത കൂടുതലുണ്ട് എന്നതാണ് സംഘടനയെ സവിശേഷമാക്കുന്നത്.