പ്രലോഭനങ്ങളെ പ്രതിരോധിക്കുക

ടി.കെ.അശ്‌റഫ്

2019 ഒക്ടോബര്‍ 26 1441 സഫര്‍ 27

നേര്‍വഴിയിലുള്ളവരെ വഴിതെറ്റിക്കലാണ് പിശാചിന്റെ ലക്ഷ്യം.

സമൂഹത്തിന് നേതൃത്വം നല്‍കുന്നവരെയാണ് പിശാച് കൂടുതല്‍ പിന്തുടരുക. നേതാവ് പിഴച്ചുപോയാല്‍ അനുയായികളും പിഴക്കാന്‍ സാധ്യത ഏറെയാണല്ലോ.

തെറ്റായ വഴിക്ക് സഞ്ചരിക്കുന്നവര്‍ നേരത്തെതന്നെ വഴിതെറ്റിയവരാണ്.

നേര്‍വഴിയിലൂടെ നടക്കുന്നവരാണ് വഴി തെറ്റുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്.

പ്രഭാഷണം, എഴുത്ത്, സംഘാടനം തുടങ്ങിയ മേഖലകളില്‍ ഇടപെടുന്നവര്‍ക്ക് അനുയായികളും അനുഭാവികളും വര്‍ധിച്ചുവരും.

പ്രബോധകര്‍ക്ക് സമൂഹത്തില്‍ സ്വാധീനം വര്‍ധിക്കുന്തോറും അവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ആളുകള്‍ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നമ്മുടെ ഗുണകാംക്ഷികളില്‍ നിന്ന് പ്രോത്സാഹനത്തോടൊപ്പം തിരുത്തലുകളും ലഭിക്കും. തിരുത്തേണ്ടത് തിരുത്താന്‍ അതിലൂടെ സാധിക്കും.

സോഷ്യല്‍ മീഡിയ കാലത്ത് പ്രതികരണങ്ങള്‍ അതിവേഗതയിലാണ്. ലൈക്കുകളും കമന്റുകളും മിനുട്ടുകള്‍ക്കുള്ളില്‍ പ്രവഹിക്കും.

നമ്മുടെ ആശയത്തിലേക്ക് ജനങ്ങളെ നയിക്കുക എന്നതായിരിക്കും ആദ്യമൊക്കെ നമ്മുടെ ലക്ഷ്യം. ക്രമേണ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്കനുസരിച്ച് ലക്ഷ്യം മാറിമറിയാന്‍ സാധ്യതയേറെയാണ്. സത്യം വ്യക്തമായി പറയുമ്പോള്‍ റീച്ച് കുറയും. ലൈക്കുകള്‍ ലഭിക്കാതെ വരും. സ്വാഭാവികമായും നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയും പിന്തുടരുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നമ്മുടെ ആശയതലം മാറിപ്പോവും ചെയ്യും. അപ്പോള്‍ റീച്ചും ലൈക്കുമായിരിക്കും നമ്മുടെ ദിശ നിര്‍ണയിക്കുന്നത്. സമൂഹത്തില്‍ ഭൂരിപക്ഷവും തിന്മയിലഭിരമിക്കുന്നവരാണ്. യഥാര്‍ഥ ജീവിതവീക്ഷണം സത്യസന്ധമായി പ്രകടിപ്പിക്കുന്നത് സങ്കുചിതത്വമായി വ്യാഖ്യാനിക്കുന്നവരുമാണ്. ലിബറല്‍ ചിന്താഗതിയുടെ തടവറകളിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. അത്തരക്കാരുടെ ലൈക്കുകള്‍ക്കനുസരിച്ച് നമ്മുടെ നിലപാടുകള്‍ മാറ്റിപ്പണിതാല്‍ വന്‍ഗര്‍ത്തത്തിലാണ് നാം ആപതിക്കുക.

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നത് പറയുകയല്ല പ്രബോധകരുടെ ദൗത്യം. ഒഴുകുന്നവരോടൊപ്പം ഒഴുകാന്‍ നിലപാട് ആവശ്യമില്ല. എല്ലാവരോടുമുള്ള സ്‌നേഹത്തില്‍ നിന്നാണ് നമ്മുടെ പ്രബോധനം ആരംഭിക്കുന്നത്. നമ്മുടെ ശരിയായ ജീവിതവീക്ഷണം മറ്റുള്ളവരും തിരിച്ചറിയണമെന്നത് അവരോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. വ്യക്തികളെ നാം സ്‌നേഹിക്കുകയും അവരിലുള്ള തെറ്റായ വിശ്വാസങ്ങളെയും സംസ്‌കാരത്തെയും തിരുത്തുകയും വേണം. അത് തിരുത്തുമ്പോള്‍ സ്വാഭാവികമായും ചില അനിഷ്ടങ്ങള്‍ അവരില്‍നിന്ന് ഉയര്‍ന്നുവരും. അതിന് അല്‍പായുസ്സ് മാത്രമേയുള്ളൂ. സത്യം ബോധ്യപ്പെട്ടാല്‍ അവരായിരിക്കും ഏറ്റവും കൂടുതല്‍ നമ്മോട് അടുപ്പമുള്ളവര്‍.

അല്ലാഹുവിന്റെ ഇഷ്ടവും പൊരുത്തവുമാണ് പ്രബോധകര്‍ ആത്യന്തികമായി ആഗ്രഹിക്കേണ്ടത്. അല്ലാഹുവിനു വേണ്ടി മറ്റുള്ളവരെ ഇഷ്ടപ്പെടാനും അവനിഷ്ടപ്പെടാത്തത് വെറുക്കാനും വിശ്വാസികള്‍ക്ക് സാധിക്കണം. പ്രവാചകന്മാര്‍ക്ക് അനുകൂലികളും എതിരാളികളും ഉണ്ടായിട്ടുണ്ട്. അവര്‍ ജനങ്ങളോട് നല്ല രീതിയിലാണ് ആശയ പ്രചാരണം നടത്തിയത്.

വ്യക്തിഹത്യയോ പരിഹാസമോ പ്രബോധന വീഥിയില്‍ ഒരു സന്ദര്‍ഭത്തിലും പ്രവാചകന്‍മാര്‍ നടത്തിയിട്ടില്ല. പ്രബോധകരുടെ താല്‍പര്യങ്ങള്‍ക്കതീതമായി തെറ്റുതിരുത്താന്‍ കാണിച്ച ധീരതയാണ് പ്രവാചകന്മാര്‍ വിമര്‍ശിക്കപ്പെടാനുണ്ടായ പ്രധാന കാരണം. ശത്രുക്കളുടെ മോഹന വാഗ്ദാനങ്ങളും പ്രശംസകളും പ്രവാചകന്മാരെ നേര് പറയുന്നതില്‍ നിന്ന് വഴിതിരിച്ചു വിട്ടില്ല.

നമ്മുടെ നിലപാടുകളിലും വ്യക്തിത്വത്തിലും നീക്കുപോക്ക് നടത്താന്‍ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ കാരണമായിക്കൂടാ.

പ്രവാചകന്മാരുടെ പാതയോട് വിമുഖത തോന്നുകയും അവരുടേതല്ലാത്ത മാര്‍ഗത്തോട് ആഭിമുഖ്യം ഉണ്ടാകുകയും ചെയ്താല്‍, തിരിച്ചുവരവ് വിദൂരമായിരിക്കും. നാം തിരിഞ്ഞിടത്തേക്ക് തന്നെ അല്ലാഹു നമ്മെ തിരിച്ചുവിടും.

വിശുദ്ധ ക്വുര്‍ആനിലൂടെ ഇക്കാര്യം അല്ലാഹു ഓര്‍മപ്പെടുത്തുന്നുണ്ട്: ''തനിക്ക് സന്മാര്‍ഗം വ്യക്തമായി കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തു നില്‍ക്കുകയും സത്യവിശ്വാസികളുടേ തല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാം അവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം'' (ക്വുര്‍ആന്‍ 4:115).

നമ്മെ തിരുത്തുന്നവരോട് പുച്ഛവും വെറുപ്പും തോന്നിത്തുടങ്ങലാണ് അടുത്ത ഘട്ടം. അത് അഹങ്കാരത്തിന്റെ അടയാളമാണ്. അഹങ്കാരത്തെക്കുറിച്ച് നബി ﷺ പഠിപ്പിച്ചത് ഇപ്രകാരമാണ്: 'അഹങ്കാരമെന്നാല്‍ സത്യത്തെ നിരാകരിക്കലും ജനങ്ങളെ നിസ്സാരമായി കാണലുമാണ്.'

എന്നെ ഉപദേശിക്കാനും എന്നെ തിരുത്താനും ഇവനാരാണ് എന്ന ചിന്ത ഒരാളിലും ഉണ്ടാകാന്‍ പാടില്ല. അത് ദുരഭിമാനം നടിക്കലാണ്. അല്ലാഹു പറയുന്നു:

''...പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല'' (ക്വുര്‍ആന്‍ 4:36).

ഒരു ചുവടാണ് നേര്‍വഴിയില്‍ നിന്ന് മാറിയതെങ്കിലും വഴിതെറ്റാന്‍ അതു മതിയാകും. നേര്‍വഴിയില്‍ നിന്നിറങ്ങി നടക്കുന്തോറും അതില്‍ നിന്ന് അകന്നുപോവുകയാണ് ചെയ്യുക എന്നത് പ്രത്യേകം പറയേണ്ടല്ലോ. സ്വര്‍ഗംകൊണ്ട് തുടങ്ങി നരകത്തില്‍ അവസാനിക്കുന്നവരും നരകം കൊണ്ട് തുടങ്ങി സ്വര്‍ഗത്തില്‍ എത്തുകയും ചെയ്യുന്നവരുണ്ടെന്ന് നബി ﷺ പഠിപ്പിച്ചത് നാം ഓര്‍ക്കണം.

ജീവിതത്തിന്റെ തുടക്കമല്ല; ഒടുക്കമാണ് പ്രധാനം.

പ്രലോഭനങ്ങളെ പ്രതിരോധിക്കുക.

ജീവിതാവസാനം വരെ സത്യമാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാന്‍ പരിശ്രമിക്കുക. അതിനായിപ്രാര്‍ഥിക്കുക. തിരുത്തുന്നവരെ സ്‌നേഹിക്കുക. അല്ലാഹു സഹായിക്കട്ടെ.