'ഡയലോഗ്' ഒരു പൊളിച്ചെഴുത്താണ്

ടി.കെ.അശ്‌റഫ്

2019 ഒക്ടോബര്‍ 12 1441 സഫര്‍ 13

വിസ്ഡം യൂത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 22ന് തിരൂരില്‍ നടന്ന 'ഡയലോഗ്' ഒരു പൊളിച്ചെഴുത്തായിരുന്നു.

വിമര്‍ശകരോടുള്ള മറുപടികളില്‍ ഇത്രയും കാലം സ്വീകരിച്ചുവന്ന ശൈലിയിലും സമീപനത്തിലും വരുത്തിയ മാറ്റമാണ് ഡയലോഗ് ഒരു പൊളിച്ചെഴുത്താണ് എന്ന പ്രയോഗത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.

ഡയലോഗിലൂടെ വിമര്‍ശകര്‍ക്ക് പോലും പുനരാലോചനയ്ക്ക് വഴിതെളിയിക്കുന്ന വിധത്തില്‍ ആരോപണങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി പ്രാമാണികമായി മറുപടി പറയുകയായിരുന്നു.

ഇസ്‌ലാമിക വിമര്‍ശകര്‍ക്ക് ഇത്രയും കാലം നല്‍കിയ മറുപടികളുടെ ശൈലിയെയും രൂപത്തെയും അടച്ചാക്ഷേപിക്കുകയല്ല. ഓരോ കാലഘട്ടത്തിലും ഓരോ രീതിയാണ് ഫലം ചെയ്യുക. ആ നിലയ്ക്ക് ഇതുവരെയുള്ള സംവാദ ശൈലികള്‍ ധാരാളം ഗുണങ്ങള്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത് നേടിത്തന്നിട്ടുണ്ട്. തുറന്ന വേദിയില്‍ തത്സമയം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ശൈലിയാണ് കുറേ കാലമായി കേരളത്തിലും പുറത്തും സ്വീകരിച്ച് വന്നിരുന്നത്. ഇതിലൂടെ ചോദ്യകര്‍ത്താവിന് സംശയങ്ങള്‍ ദൂരീകരിക്കാനും ഇസ്ലാമിക സമൂഹത്തിന് ആത്മവിശ്വാസം പകരാനും സാധിക്കുന്നുവെന്നത് ഒരു ഗുണമാണ്. ഉപചോദ്യങ്ങള്‍ക്ക് അവസരം നല്‍കുന്നതിലൂടെ വിഷയത്തിന്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശാനും കഴിയുന്നു.

എന്നാല്‍ ഇതിനൊരു മറുവശവും ഉണ്ട്. തുറന്ന വേദിയില്‍ വരുന്ന ചോദ്യങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ മര്‍മത്തില്‍ നിന്ന് മാറിക്കൊണ്ടുള്ളതായിരിക്കും. ചോദ്യകര്‍ത്താവില്‍ അധികപേരും സത്യമറിയാനല്ല ചോദിക്കാറുള്ളത്. സംഘാടകരെ ഉത്തരം മുട്ടിക്കുക, പരിപാടിയുടെ ലക്ഷ്യം വഴിതിരിച്ചുവിടുക, തങ്ങളുടെ ആശയങ്ങള്‍ പരമാവധി സദസ്സിനു മുന്നില്‍ വിശദീകരിക്കുക തുടങ്ങിയ ഹിഡന്‍ അജണ്ടകളാണ് അവരെ നയിക്കാറുള്ളത്. വിഷയബന്ധിതമല്ലാത്ത ചോദ്യമാണ് ചോദിച്ചതെങ്കിലും, സദസ്സില്‍ അവ്വിഷയത്തില്‍ ആശയക്കുഴപ്പം ഉടലെടുത്തതിനാല്‍ മറുപടി പറയല്‍ അനിവാര്യമായി മാറും. അതോടെ പരിപാടിയുടെ ലക്ഷ്യത്തില്‍ നിന്ന് മാറിപ്പോവുകയും ചെയ്യും. വിഷയത്തിലൂന്നിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയാലാവട്ടെ, ചോദ്യകര്‍ത്താവ് പരാജയഭീതി മറച്ചുവെക്കാന്‍ വീണ്ടും അവസരങ്ങള്‍ ആവശ്യപ്പെടും. അനുവദിച്ചാല്‍ സമയം അപഹരിക്കും. നിഷേധിച്ചാല്‍ ഉപചോദ്യത്തിനവസരം നല്‍കിയില്ലന്ന് മുറവിളി കൂട്ടും. പലപ്പോഴും ചോദ്യവും മറുപടിയും ചോദ്യകര്‍ത്താവിന്റെയും മറുപടി പറയുന്നവരുടെയും അഭിമാന പ്രശ്‌നമായി മാറുന്നതായാണ് നാം കാണാറുള്ളത്. ചോദ്യത്തിന് ശരിയായ മറുപടി അറിയില്ലെങ്കിലും അറിയില്ലെന്ന് സമ്മതിക്കാന്‍ സാഹചര്യവും വിനയവും അനുവദിക്കില്ല. അത്തരം ഘട്ടങ്ങളില്‍ തനിക്ക് ശരിയെന്ന് തോന്നിയത് പറയാന്‍ നിര്‍ബന്ധിതനാകും. അത് പിന്നീട് ആദര്‍ശ രംഗത്ത് വലിയ പ്രയാസങ്ങള്‍ വിളിച്ച് വരുത്തും. അല്ലാഹുവിന്റെ ദീനില്‍ അറിയാത്തത് പറയുന്നത് വലിയ അപരാധമാണ്.

വിസ്ഡത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മുഖാമുഖങ്ങളില്‍ ഇക്കാര്യം തുറന്ന് സമ്മതിക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്. അറിയാത്തത് അറിയില്ലെന്ന് സമ്മതിച്ചു കൊണ്ടാണ് പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മുന്നോട്ട് നീങ്ങാറുള്ളത്. പരിപാടിക്കിടയില്‍ അബദ്ധം പിണഞ്ഞാല്‍ അത് തുറന്ന് സമ്മതിക്കാനും തിരുത്താനും തയ്യാറാവുകയും ചെയ്തിട്ടുണ്ട്.

നേര്‍ക്ക് നേരെയുള്ള ചോദേ്യാത്തര വേദികള്‍ പലപ്പോഴും സംഘര്‍ഷങ്ങളിലേക്ക് വഴുതി വീഴുകയും അതിന്റെ പേരില്‍ വര്‍ഷങ്ങളോളം ആ പ്രദേശത്ത് മത സംഘടനകള്‍ക്ക് മൈക്ക് പെര്‍മിഷന്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. മതപ്രഭാഷണങ്ങളെ വിലക്കാന്‍ കാരണങ്ങള്‍ തേടുന്ന ഉദേ്യാഗസ്ഥന്മാര്‍ക്ക് വടി കൊടുക്കുന്ന നീക്കങ്ങള്‍ പ്രബോധകര്‍ക്ക് അനുചിതമാണ്.

നേര്‍ക്ക് നേരെയുള്ള ചോദേ്യാത്തര ശൈലി കാലഹരണപ്പെട്ടുവെന്നോ അത് നിര്‍ത്തിവെക്കണമെന്നോ അല്ല ഇപ്പറഞ്ഞതിനര്‍ഥം. അനിവാര്യമായ ഘട്ടത്തില്‍ അത് നടത്തേണ്ടിവന്നാല്‍ നടത്തുകതന്നെ േവണം. എന്നാല്‍ മൊത്തത്തിലുള്ള പ്രബോധന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുവാന്‍ മനഃപൂര്‍വം ശ്രമിക്കുന്നവരുള്ള പ്രദേശങ്ങളില്‍ ഈ ശൈലി ഗുണമല്ല ദോഷമാണ് വരുത്തിവയ്ക്കുക.  

വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുടെ ഫലപ്രദമായ മറ്റു മാര്‍ഗങ്ങളെക്കുറിച്ച് വിസ്ഡം ചിന്തിക്കുകയും അതിലൂടെ 'ഡയലോഗ്' എന്ന പ്രോഗ്രാം പിറവിയെടുക്കുകയും ചെയ്തത് ഈ സാഹചര്യത്തിലാണ്.

വിമര്‍ശകരുടെ ആരോപണങ്ങള്‍ വിശകലനം ചെയ്ത് മറുപടി അര്‍ഹിക്കുന്നവയ്ക്ക് മാത്രം  പ്രാമാണികമായി പണ്ഡിതന്മാരുടെ ടീം വിഷയ വിഭജനം നടത്തി,  വിശദീകരണം നല്‍കുന്ന ശൈലിയാണ് ഡയലോഗിനെ വ്യത്യസ്തമാക്കിയത്. സാങ്കേതിക വിദ്യയുടെ ലഭ്യമായ സങ്കേതങ്ങളെല്ലാം ചേര്‍ത്ത് പിടിച്ചപ്പോള്‍ 'ഡയലോഗ്' ഹൃദ്യവും കൂടുതല്‍ വ്യക്തതയുള്ളതുമാവുകയായിരുന്നു.

വിവിധ മുസ്‌ലിം സംഘടനകളിലെ ഈ രംഗത്ത് കഴിവുള്ള പണ്ഡിതന്മാരെ ഒരേ സ്‌റ്റേജില്‍ അണിനിരത്തിയാണ് യുക്തിവാദികളടക്കമുള്ള വിമര്‍ശകര്‍ക്ക് മറുപടി നല്‍കേണ്ടതെന്ന ചിന്ത അസ്ഥാനത്താണെന്നും ഡയലോഗ് തെളിയിച്ചു.

ഹദീഥുകളില്‍ വന്ന ആശയങ്ങളാണ് വിമര്‍ശകര്‍ പലപ്പോഴും ആരോപണത്തിന് ആയുധമാക്കാറുള്ളത്. ഹദീഥുകള്‍ സ്വീകരിക്കുന്നതില്‍ വിവിധ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരേ വേദിയില്‍ മറുപടി പറയാനാവുക? ക്വുര്‍ആനിനെയും സുന്നത്തിനെയും വ്യാഖ്യാനിക്കാന്‍ മുന്‍ഗാമികള്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോഴേ വിമര്‍ശകര്‍ക്ക് പഴുതടച്ച മറുപടി നല്‍കാനാവുകയുള്ളൂ. പ്രമാണങ്ങളോടുള്ള സമീപനത്തില്‍ ഒരേനിലപാട് പുലര്‍ത്തുന്ന പണ്ഡിതന്മാരുടെയും പ്രബോധകരുടെയും ഐ.ടി വിദഗ്ധരുടെയും ഏകോപനമായിരുന്നു വിസ്ഡം ഡയലോഗിന്റെ മറുപടികള്‍ വസ്തുനിഷ്ഠമാകാനുള്ള കാരണം.

ഇസ്‌ലാം വിമര്‍ശനങ്ങളെയും അതിനോടുള്ള പ്രതികരണങ്ങളെയും ഓണ്‍ലൈനില്‍ സാന്നിധ്യം തെളിയിക്കാനുള്ള അവസരമായി കാണുന്നവരും ഇല്ലാതില്ല. ഇസ്‌ലാമിക ആശയങ്ങള്‍ പുലര്‍ന്ന് കാണണമെന്ന് ചിന്തിക്കുന്നതിലപ്പുറം ഇവ്വിഷയത്തില്‍ ഇടപെടുന്നതിലൂടെ താന്‍ അറിയപ്പെടണമെന്ന വികാരമാണ് ചിലരെ നയിക്കുന്നത്. ഫലപ്രദമായ മറുപടിയാണ് ഉദ്ദേശ്യമെങ്കില്‍ അതിന് വേണ്ടിയുള്ള ഒന്നിച്ചുള്ള മുന്നേറ്റത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്.

വിമര്‍ശനങ്ങളില്‍ ശൂറകളുടെ (കൂടിയാലോചന) അഭാവം, അവഗണിക്കേണ്ടവയെ പരിഗണിക്കുകയും പരിഗണിക്കേണ്ടവ അവഗണിക്കുകയും ചെയ്യുന്ന സാഹചര്യം  സംജാതമാക്കും. ചില വിമര്‍ശകര്‍ക്കുള്ള ശരിയായ മറുപടി അവഗണനയാണ്. കൂടിയാലോചനകളില്ലാത്ത പ്രതികരണങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമാണ് വിളിച്ച് വരുത്തുക. വിസ്ഡം യൂത്ത് ഇസ്‌ലാമിക വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികളുടെ ശൈലിയും രൂപവും പൊളിച്ചെഴുതുകയായിരുന്നു.