ലക്ഷ്യം, ഐക്യം, സംഘടന

ടി.കെ.അശ്‌റഫ്

2019 സെപ്തംബര്‍ 28 1441 മുഹര്‍റം 28

ലക്ഷ്യം നേടാന്‍ ഐക്യം അനിവാര്യമാണ്. ലക്ഷ്യത്തെ സംബന്ധിച്ച് അനൈക്യം നിലനിര്‍ത്തിക്കൊണ്ട് മാര്‍ഗത്തില്‍ മാത്രം ഐക്യപ്പെടുകയെന്നത് ഭീമാബദ്ധമാണ്. ഏതൊരു സംഘടനയും സ്ഥാപനവും സ്ഥാപിക്കുന്നതിന് പിന്നില്‍ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരിക്കും. പ്രസ്തുത ലക്ഷ്യത്തില്‍ യോജിക്കുന്നവരാണ് അതിന് വേണ്ടിയുള്ള കൂട്ടായ്മയില്‍ കണ്ണിചേരുക. ലക്ഷ്യത്തില്‍ ഭിന്നതയില്ലാതിരിക്കുകയും മറ്റു കാര്യങ്ങളില്‍ അനൈക്യം ഉണ്ടാവുകയും ചെയ്താല്‍ യോജിപ്പിനും ഐക്യത്തിനും വേണ്ടി സാധ്യമാകുന്നത്ര പ്രയത്‌നിക്കണം. ലക്ഷ്യത്തിലാണ് ഭിന്നതയെങ്കില്‍ കുറച്ചു കൂടി ഗൗരവപൂര്‍വം വിഷയത്തെ പരിഗണിക്കണം. സംഘടനയുടെ ആദര്‍ശ വ്യതിരിക്തത പ്രാമാണികമായി ബോധ്യപ്പെടുത്തലാണ് അതിനുള്ള പരിഹാരം.

കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷവും മറ്റൊരു ആദര്‍ശധാരയിലേക്ക് സംഘടനയെ വഴി തിരിക്കാനാണ് അത്തരക്കാരുടെ ഉദ്ദേശ്യമെങ്കില്‍ അത് അനുവദിക്കാനാവില്ല. ആദര്‍ശത്തില്‍ നിന്ന് വ്യതിചലിച്ചവര്‍ ന്യൂനപക്ഷമാണങ്കില്‍ തല്‍ക്കാലം തങ്ങളുടെ യഥാര്‍ഥ മുഖം മറച്ചുവെക്കുകയും പുറത്തേക്ക് ഐക്യത്തിന്റെ തേന്‍ പുരട്ടിയ വര്‍ത്തമാനങ്ങള്‍ പറയുകയും ചെയ്യുന്നവരുണ്ട്. ഇതാണ് ഏറ്റവും അപകടകരം. ആദര്‍ശ അടിത്തറയില്‍ നിലയുറപ്പിച്ചവര്‍ക്ക് ഇത്തരക്കാരുടെ സൂത്രപ്പണി വേഗത്തില്‍ തിരിച്ചറിയാനാകും. എന്നാല്‍ അനുഭാവികളുടെ സഹതാപം പിടിച്ചുപറ്റാനാണ് ഐക്യത്തെക്കുറിച്ച് വാതോരാതെ ഇപ്രകാരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഭിന്നതയും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ആരെയും വേദനിപ്പിക്കും. ആയതിനാല്‍ നിഷ്പക്ഷരെ വലവീശിപ്പിടിച്ച് തങ്ങളുടെ തെറ്റായ ആശയങ്ങള്‍ക്ക് അംഗബലം വര്‍ധിപ്പിക്കാനാണ് ഐക്യത്തിന്റെ വക്താക്കളായി ഇത്തരക്കാര്‍ രംഗത്ത് വരുന്നത്.

സ്വാര്‍ഥ താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ ഐക്യമെന്ന പദം വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നിച്ചു നില്‍ക്കുകയെന്നത് നല്ല കാര്യമാണ്. എന്തിന് വേണ്ടി ഒന്നിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. അധര്‍മങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അതിവാദങ്ങള്‍ക്കുമാണ് ഐക്യപ്പെടുന്നതെങ്കില്‍ പ്രസ്തുത ഐക്യവും കൂട്ടായ്മയും അപകടകരമാണ്. അത്തരം സംഘങ്ങളില്‍ ഭിന്നതയാണ് സമൂഹത്തിന് അനുഗ്രഹം നേടിത്തരിക.

ആദര്‍ശ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഐക്യം പ്രസ്ഥാനത്തിന് അതിവേഗം ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ സഹായകമാകും. എന്നാല്‍, ഭിന്നമായ ആദര്‍ശങ്ങള്‍ മനസ്സിലൊളിപ്പിച്ചവര്‍ തമ്മില്‍ ഐക്യപ്പെടുന്നത് ആദര്‍ശ രംഗത്ത് കിതപ്പാണ് കാഴ്ചവയ്ക്കുക. അല്‍പം പോലും മുന്നോട്ട് നീങ്ങാനാവില്ല.

വിരുദ്ധാശയങ്ങള്‍ ഒന്നിപ്പിക്കുന്നതിലേറെ പരസ്പര ബഹുമാനത്തോടെ വേറിട്ട് പ്രവര്‍ത്തിക്കലാണ് അഭികാമ്യം. അപ്പോഴും മാന്യത കൈവിടരുത്. പിണങ്ങിയാല്‍ അധിക്ഷേപിക്കല്‍ മുസ്‌ലിമിന് ചേരാത്തതാണ്.

ഭിന്നതയുടെ സുഷിരങ്ങളല്ല; ഐക്യത്തിന്റെ വിശാല വീഥിയാണ് പ്രബോധകന്മാര്‍ എപ്പോഴും അന്വേഷിക്കേണ്ടത്. പിണങ്ങാന്‍ എളുപ്പമാണ്. ഇണങ്ങാനാണ് പ്രയാസം. തീര്‍ത്തും പ്രമാണ വിരുദ്ധമായ ആശയങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുമായി ഐക്യപ്പെടുക അസാധ്യമാണ്. എന്നാല്‍ ഒരേ പ്രമാണത്തില്‍ നിന്നുത്ഭവിക്കുന്ന വീക്ഷണ വ്യത്യാസങ്ങളുടെ പേരില്‍ പോരിനിറങ്ങുന്നത് ശരിയല്ല. പ്രമാണനിഷേധത്തിന്റെയും അതിവാദത്തിന്റെയും ആളുകളോട് യോജിച്ച് പോകണമെന്ന ആവശ്യം തിരസ്‌കരിക്കാന്‍ അധികം ആലോചിക്കേണ്ടതില്ല.

ഇസ്‌ലാമിന് നേരെ ഉയര്‍ന്ന് വരുന്ന പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തി നേടുകയാണ് വിവേകമുള്ള കൂട്ടായ്മകള്‍ ചെയ്യേണ്ടത്. മുഖ്യദൗത്യത്തില്‍നിന്ന് വഴുതിമാറി മറ്റു വിഷയങ്ങളില്‍ അഭിരമിക്കുന്നത് വ്യതിയാനത്തിന്റെ തുടക്കമാണ്. നേര്‍വഴിയില്‍ ചരിക്കുന്നവരെ പിഴപ്പിക്കലാണ് പിശാചിന്റെ ലക്ഷ്യം. ഈ ബോധം വ്യക്തികള്‍ക്കും ഇസ്‌ലാമിക കൂട്ടായ്മകള്‍ക്കും അനിവാര്യമാണ്.