പ്രബോധനം 'ആത്മരക്ഷക്ക്'

ടി.കെ.അശ്‌റഫ്

2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10

ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രചോദനം ആത്മരക്ഷയാണ്. പരലോകത്ത് രക്ഷപ്പെടാന്‍ വിശ്വാസവും പ്രവര്‍ത്തനങ്ങളും മാത്രം മതിയാകില്ല. സത്യവും സഹനശേഷിയും സ്വയം ഉള്‍ക്കൊള്ളുകയും അതിനായി പരസ്പരം ഉപദേശിക്കുകയും കൂടി ചെയ്യുമ്പോള്‍ മാത്രമെ നഷ്ടത്തില്‍ നിന്ന് പൂര്‍ണമായി രക്ഷപ്പെടുകയുള്ളൂ. അല്ലാഹു പറയുന്നത് നോക്കൂ:

''കാലം തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ'' (ക്വുര്‍ആന്‍: 103:1-3).

ക്വുര്‍ആനും സുന്നത്തും സച്ചരിതരായ മുന്‍ഗാമികളുടെ (സലഫുകളുടെ) മാര്‍ഗവും അവംബിച്ചുകൊണ്ട് മുന്നേറുന്ന ഒരു വിഭാഗം ലോകാവസാനംവരെ ഇവിടെ നിലനില്‍ക്കുമെന്നത് നബി ﷺ യുടെ പ്രവചനമാണ്. പണ്ഡിതന്മാര്‍ 'അല്‍ ജമാഅ' എന്നാണ് ആ വിഭാഗത്തെ പരിചയപ്പെടുത്തിയ പേരുകളിലൊന്ന്. അതിനോടൊപ്പം ചേര്‍ന്നുനില്‍ക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്.

ക്വുര്‍ആന്‍ ഇക്കാര്യം  പഠിപ്പിക്കുന്നുണ്ട്: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാന്മാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക'' (9:119).

സത്യമത പ്രബോധനം സംഘടിതമായി നിര്‍വഹിക്കുമ്പോഴാണ് കൂടുതല്‍ സല്‍ഫലങ്ങളും സുതാര്യതയും ഉണ്ടാകുന്നത്. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാന്‍ സംഘടിക്കുമ്പോള്‍ അത് ഒരു നേതൃത്വത്തിന്റെ കീഴിലായിരിക്കണമെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.

മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങളില്‍ പെട്ടതാണ് മതപ്രബോധന സ്വാതന്ത്ര്യവും.

രാജ്യത്തെ സൊസൈറ്റി ആക്ട് പ്രകാരമുളള നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സംഘംചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ട് പ്രത്യേക ഭരണഘടനയും ചട്ടങ്ങളും സംഘടനക്ക് അത്യാവശ്യമായി വരുന്നു. സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഔദാര്യമോ സേവനമോ അല്ല എന്നും  പരലോക നഷ്ടത്തില്‍നിന്ന് സ്വയം രക്ഷപ്പെടാനുള്ള ഉത്തരവാദിത്ത നിര്‍വഹണമാണ് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

പരലോക രക്ഷക്കുവേണ്ടി നാം സംഘടനയെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. വിവിധ കഴിവുകളുടെ സംയോജനമാണ് സംഘടനയിലൂടെ നടക്കുന്നത്. അറിവും സംഘാടനവും സമ്പത്തും മനുഷ്യവിഭവശേഷിയും ചിതറിക്കിടന്നാല്‍ പ്രബോധനരംഗത്ത് വ്യക്തികള്‍ക്ക് പരിമിതമായ ചില കാര്യങ്ങളല്ലാതെ കൂടുതലൊന്നും ചെയ്യാനാവില്ല. എന്നാല്‍, അതെല്ലാം കൂട്ടിയോജിപ്പിക്കുമ്പോള്‍ വമ്പിച്ച മുന്നേറ്റം സാധ്യമാകും. ഓരോരുത്തരുടെയും കഴിവുകള്‍ സംയോജിപ്പിച്ച് പ്രയോഗവത്കരിക്കാന്‍ സംഘടനയാകുന്ന പ്ലാറ്റ്‌ഫോം അനിവാര്യമാണ്.

നാം വാഹനത്തില്‍ യാത്ര ചെയ്യുന്നത് ഉടമസ്ഥന് വേണ്ടിയോ ജോലിക്കാര്‍ക്ക് വേണ്ടിയോ അല്ല; നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാണ്.

ഇതുപോലെ സംഘടനയിലെ ഭാരവാഹികള്‍ക്ക് വേണ്ടിയല്ല നാം പ്രവര്‍ത്തിക്കുന്നത്. നമ്മുടെ പരലോക രക്ഷക്കായി പ്രബോധനമെന്ന ബാധ്യത നിര്‍വഹിക്കുകയാണ്. ഒരാള്‍ സംഘടനയില്‍ ചേരുന്നതിന്റെ ഗുണവും അതില്‍നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ ദോഷവും ആത്യന്തികമായി അയാള്‍ക്ക് തന്നെയാണ്.

നമ്മുടെ ബാധ്യത നിര്‍വഹിക്കുമ്പോള്‍ ജനങ്ങള്‍ സത്യം ഉള്‍ക്കൊള്ളുന്നത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അതിലൂടെ പ്രസ്ഥാനം വളര്‍ന്നു പന്തലിക്കും. നമ്മുടെ പ്രബോധനത്തിലൂടെ ഒരാള്‍പോലും ആദര്‍ശം സ്വീകരിച്ചില്ലെങ്കിലും നാം പ്രയത്‌നിച്ചതിന്റെ പ്രതിഫലം നമുക്ക് അല്ലാഹുവിങ്കല്‍നിന്ന് ലഭിക്കും.

ബനൂ ഇസ്‌റാഈല്യരിലെ ഒരു വിഭാഗം, ശബ്ബത്ത് നാളില്‍ പാലിക്കാന്‍ അല്ലാഹു നല്‍കിയ വിധി ലംഘിച്ചുകൊണ്ട് മീന്‍ പിടിക്കാനൊരുങ്ങിയപ്പോള്‍ ഉറച്ച വിശ്വാസമുള്ളവര്‍ അവരെ ഗുണദോഷിച്ചു. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അതിലംഘിക്കുന്നതിലുള്ള അപകടം ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു വിഭാഗത്തിന് ഈ ഉപദേശം അനാവശ്യമാണെന്ന് തോന്നി. കുറ്റവാളികളെ അല്ലാഹു ശിക്ഷിച്ചുകൊള്ളുമല്ലോ, നമ്മളെന്തിന് അതിലിടപെടണം എന്നായിരുന്നു അവരുടെ നിലപാട്. ഈ ചോദ്യത്തിന് വിശ്വാസികള്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

''നിങ്ങളുടെ രക്ഷിതാവിങ്കല്‍(ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചുവെന്നും വരാമല്ലൊ'' (7:164).

തിന്മ വിരോധിക്കാതിരുന്നാല്‍ അല്ലാഹുവിന്റെ മുമ്പില്‍ നാം മറുപടി പറയേണ്ടിവരുമെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. പ്രബോധനം സ്വന്തം കാര്യമാണെന്ന് ബോധ്യപ്പെടുമ്പോള്‍, തടസ്സവാദങ്ങള്‍ നിരത്തി മാറിനില്‍ക്കുകയില്ല. പ്രബോധന രംഗത്തെ പ്രതിബന്ധങ്ങള്‍ സ്വയം തട്ടിമാറ്റി ബാധ്യത നിര്‍വഹണ രംഗത്ത് നാം സ്വയം മുന്നേറും.

ഓരോരുത്തരും അവരവരുടെ വിശ്വാസവും ആചാരവും സ്വീകരിച്ച് ജീവിച്ചാല്‍ മതി, അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കേണ്ടതില്ല എന്ന് വാദിക്കുന്നവരുണ്ട്. ഇത് ശരിയായ നിലപാടല്ല. മറ്റുള്ളവര്‍ക്ക് കൂടി ഇസ്‌ലാമിക സന്ദേശം പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. അതിന് ശ്രമിക്കാതിരിക്കുന്നത് കുറ്റകരമായ കാര്യമാണ്. മറ്റൊരാളെ സത്യപാതയിലേക്ക് ക്ഷണിക്കുന്നത് അയാളോടുള്ള സ്‌നേഹം കൊണ്ടാണ്. താന്‍ സ്വീകരിച്ച സന്ദേശം മറ്റുള്ളവരും ഉള്‍ക്കൊള്ളുന്നതിലൂടെ സ്വര്‍ഗ പ്രവേശം സാധ്യമാകട്ടെയെന്ന അടങ്ങാത്ത ആഗ്രഹമാണ് ഒരു വിശ്വാസിയെ പ്രബോധകനാക്കുന്നത്. മതം മറ്റൊരാള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ നമ്മുടെ രാജ്യം അനുവാദം നല്‍കുകയും ചെയ്യുന്നുണ്ട്. തന്റെ മതത്തിലേക്ക് ക്ഷണിക്കുന്നതല്ല; നിര്‍ബന്ധിക്കുന്നതാണ് കുഴപ്പങ്ങള്‍ക്ക് കാരണമാവുക. ബലപ്രയോഗത്തിലൂടെയുള്ള പരിവര്‍ത്തനശ്രമം വിലക്കിയ മതമാണ് ഇസ്‌ലാം. മാറ്റം ആദ്യം മനസ്സിലാണ് വേണ്ടത്. മതപ്രബോധനം ആത്മരക്ഷയുടെ മാര്‍ഗമായതുകൊണ്ടാണ് ഇസ്‌ലാമിക പ്രബോധകര്‍ അനുസ്യൂതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.