ഇസ്‌ലാം: നിര്‍ഭയത്വത്തിന്റെ നേര്‍വഴി

ടി.കെ.അശ്‌റഫ്

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

വിവിധ ഭയങ്ങള്‍ മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഭയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്ത് ചെയ്യണമെന്നറിയാതെ അലയുകയാണ് ആധുനിക മനുഷ്യന്‍. നിര്‍ഭയത്വമില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യമില്ലല്ലോ.

ചകിതനായ മനുഷ്യനെ ചൂഷണം ചെയ്തു ജീവിക്കുന്നവരെയും നമുക്ക് കാണാം. ആത്മീയ ആചാര്യന്മാരും സിദ്ധന്മാരും അവരുടെ കേന്ദ്രങ്ങളും സാമ്പത്തികമായി തടിച്ചു കൊഴുക്കുന്നത് ജനങ്ങളുടെ ഭയമെന്ന വികാരത്തെ ചൂഷണം ചെയ്തുകൊണ്ടാണ്. ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളുടെ കാരണങ്ങള്‍ നിരത്തി, അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന പേരില്‍ ഭീമമായ തുക ഈടാക്കി ചരടുകള്‍, തകിടുകള്‍, ഏലസ്സ് തുടങ്ങിയ ശരീരത്തില്‍ ബന്ധിക്കുകയോ വീട്ടില്‍ കുഴിച്ചിടുകയോ ചെയ്യാന്‍ ചൂഷകര്‍ നിര്‍ദേശിക്കുന്നു. പ്രത്യേക സിദ്ധിയുള്ള ഈ വസ്തുക്കള്‍ പ്രയാസങ്ങള്‍ നീക്കുകയും അഭിവൃദ്ധി നല്‍കുകയും ചെയ്യുമെന്ന് വാഗ്ദാനത്തില്‍ വിശ്വസിച്ച് പറയുന്ന തുക നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവുകയും ചെയ്യുന്നു.

വീട് നിര്‍മിച്ചതിന്റെ സാമ്പത്തിക ബാധ്യത മുതുകില്‍ പേറുന്നവരോട് അത് പൊളിച്ച് മറ്റൊന്നുണ്ടാക്കുവാനോ അതിന്റെ ഏതെങ്കിലും ഭാഗം പൊളിച്ചു കളയുവാനോ കതകിന്റെ സ്ഥാനം മാറ്റുവാനോ ഒക്കെനിര്‍ബന്ധിക്കുന്നവരുമുണ്ട്. എന്നാലേ തങ്ങളെ ബാധിച്ച വിപത്ത് വിട്ടുപോകുകയുള്ളൂ എന്ന വിശ്വാസത്തില്‍ അതൊക്കെ അംഗീകരിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. അവിടെ പ്രത്യേക കര്‍മങ്ങള്‍ ചെയ്യുവാനായി ആത്മീയ കച്ചവടക്കാര്‍ വരികയും ഭീമമായ തുക കൈപ്പറ്റുകയും ചെയ്യുന്നു.

ഇങ്ങനെ ഭയമുക്തമായ ജീവിതം കൊതിച്ച് മനുഷ്യര്‍ എന്തെല്ലാം ചെയ്യുന്നു! അതിന്റെ മാര്‍ഗത്തില്‍ എന്തെല്ലാം നഷ്ടപ്പെടുത്തുന്നു! എന്നിട്ടും ഭയം ഏറിവരികയല്ലാതെ കുറയുന്നില്ല.

ഇവിടെയാണ് 'നിര്‍ഭയത്വത്തിന്റെ നേര്‍വഴി' പ്രസക്തമാകുന്നത്.

നിര്‍ഭയത്വത്തിന്റെ നേര്‍വഴി പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. ഭൗതികവും അഭൗതികവുമായ രണ്ട് തരം ഭയം മനുഷ്യനെ വേട്ടയാടാറുണ്ട്.

പാമ്പ്, തേള്, പൂച്ച, നായ തുടങ്ങിയ ജീവികളില്‍ നിന്നുണ്ടാകുന്ന ഉപദ്രവങ്ങള്‍, മനുഷ്യരില്‍ നിന്നുണ്ടാകുന്ന അക്രമങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന ഭീതിയെ ഭൗതികമായ ഭയത്തില്‍ ഉള്‍പ്പെടുത്താം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ഭയത്തില്‍ നിന്ന് മോചിതരാകാന്‍ നമ്മുടെ ശ്രദ്ധയും മുന്‍കരുതലുകളുമാണ് പരിഹാരമാര്‍ഗം.

കൊത്താന്‍ വരുന്ന പാമ്പിന്റെ കടിയേല്‍ക്കുമെന്ന ഭയത്തിനപ്പുറം, ഈ പാമ്പിനെ പൂജിച്ചില്ലെങ്കില്‍ മറ്റെന്തോ ഉപദ്രവം ഉണ്ടാകുമെന്ന് വിശ്വസിച്ചാല്‍ അതിനെയാണ് അഭൗതികമായ ഭയം എന്ന് പറയുന്നത്. പൂച്ച കടിക്കുമെന്ന പേടിക്കപ്പുറം, വാഹനത്തിനു മുന്നിലൂടെ കറുത്ത പൂച്ച വിലങ്ങ് പറഞ്ഞാല്‍ അന്നത്തെ ദിവസം എന്തെങ്കിലും ഉപദ്രവം ഉണ്ടാകും എന്ന വിശ്വാസവും അത് തന്നെയാണ്. ഇവിടെയാണ് ഇസ്‌ലാമിലെ ദൈവ വിശ്വാസം പരിഹാരമായി കടന്നുവരുന്നത്.

അഭൗതികമായ വഴിയില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി നമ്മെ രക്ഷിക്കാനോ ശിക്ഷിക്കാനോ ഒരു സൃഷ്ടിക്കും സാധ്യമല്ല എന്നതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നിര്‍ഭയത്വത്തിന്റെ സന്ദേശം. അഭൗതികമായ മാര്‍ഗത്തില്‍ ഇടപെടാന്‍ പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന് മാത്രമെ സാധിക്കുകയുള്ളൂ. അഭൗതികമായ ഭയങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു ജീവിക്കുകയും അവനെ മാത്രം ആരാധിക്കുകയും അവനില്‍ മാത്രം ഭരമേല്‍പിക്കുകയും ചെയ്യുകയാണ് വേണ്ടത്. അതാണ് യഥാര്‍ഥ പരിഹാരമാര്‍ഗം.

അടിയുറച്ച ഏകദൈവവിശ്വാസം സ്വീകരിക്കുന്നവനെയാണ് 'മുഅ്മിന്‍' എന്ന് വിളിക്കുന്നത്. 'അംന്' എന്ന ശബ്ദധാതുവില്‍ നിന്നാണ് 'വിശ്വാസം' എന്ന് അര്‍ഥമുള്ള 'ഈമാന്‍' എന്ന പദത്തിന്റെ നിഷ്പത്തി. നിര്‍ഭയത്വം, സുരക്ഷിതത്വം, വിശ്വസ്തത എന്നീ അര്‍ഥങ്ങളാണ് 'അംന്' എന്ന ധാതുവിനുള്ളത്. ശുദ്ധ പ്രകൃതിയുള്ള മനുഷ്യന് നിര്‍ഭയത്വവും സുരക്ഷിതത്വവും ലഭിക്കുമ്പോള്‍ അവന്‍ എല്ലാവരോടും വിശ്വസ്തതയോടെ വര്‍ത്തിക്കുന്നു.

അടിസ്ഥാനരഹിതമായ ഭയത്തില്‍നിന്ന് ഉത്ഭൂതമായതും ഭയാശങ്കകളില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാന്‍ സഹായകമല്ലാത്തതുമാണ് വൈവിധ്യമാര്‍ന്ന ബഹുദൈവ സങ്കല്‍പങ്ങള്‍. മനുഷ്യരില്‍ ബഹുഭൂരിപക്ഷത്തെയും ഭയമെന്ന വികാരം ഭരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മുട്ടുശാന്തി വാഗ്ദാനം ചെയ്യുന്ന മന്ത്രവാദികള്‍ക്കും പുരോഹിതന്മാര്‍ക്കും ബഹുദൈവ ആരാധനകളില്‍ അവരെ തളച്ചിടാന്‍ കഴിയുന്നു. പ്രവാചകന്മാര്‍ പഠിപ്പിച്ച സാക്ഷാല്‍ ഏകദൈവ വിശ്വാസത്തിന്റെ മൗലിക ഭാഗങ്ങളില്‍ ഒന്ന്, മനുഷ്യമനസ്സില്‍ നിന്ന് അത് ഭയത്തെ പിഴുതെറിയുന്നുവെന്നതാണ്.

ഭയത്തില്‍ നിന്നുണ്ടാകുന്നതാണ് വര്‍ധിച്ച് വരുന്ന ആത്മഹത്യ. ശാന്തിയോടെയുള്ള ശാശ്വത ജീവിതം പരലോകത്താണ് എന്ന ഇസ്‌ലാമിക വിശ്വാസം ആത്മഹത്യയില്‍ നിന്ന് മനുഷ്യനെ തടയും.

ഇന്ന് ഇന്ത്യയുടെ ആകാശത്ത് ഭയചകിതമായ കാര്‍മേഘങ്ങളാണ് ഉരുണ്ടുകൂടിയിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ഒരുഭാഗത്ത് വര്‍ധിച്ചുവരുമ്പോള്‍, രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒരു പ്രത്യേക മത വിഭാഗത്തെ മാറ്റി നിര്‍ത്തുകയെന്ന അജണ്ടയോടെ നിയമങ്ങള്‍ പാസ്സാക്കിക്കൊണ്ടിരിക്കുകയാണ്. പൗരത്വ ഭേദഗതി ബില്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഭയപ്പെടുത്തി കീഴ്‌പെടുത്തുക എന്ന തന്ത്രവും ഇതിന്റെ പിന്നിലുണ്ട്.

മുസ്‌ലിംകള്‍ വേറിട്ടുനിന്നു കൊണ്ട് കൂടുതല്‍ ദുര്‍ബലമാകലല്ല; മതേതര കാഴ്ചപ്പാടുള്ള മുഴുവന്‍ ഇന്ത്യക്കാരും ഒന്നിച്ചു നിന്നുകൊണ്ടുള്ള ജനാധിപത്യ പോരാട്ടമാണ് ഇതിനുള്ള പരിഹാരം.  

വൈകാരികമായി ചിന്തിക്കുന്ന വ്യക്തികളും സംഘങ്ങളും മുസ്‌ലിം ജനവിഭാഗത്തെ മതേതര കൂട്ടായ്മയില്‍ നിന്ന് അടര്‍ത്തി മാറ്റുവാനാണ് ശ്രമിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ വര്‍ഗീയ ഏകീകരണത്തിന് സഹായകമാകുന്ന ഈ നിലപാട് നിര്‍ഭയത്വത്തിന്റെ വഴിയല്ല.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ 'ഇസ്‌ലാം: നിര്‍ഭയത്വത്തിന്റെ നേര്‍വഴി' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 2019 ഡിസംബര്‍ 29ന് പെരുമ്പാവൂരില്‍ 'ദക്ഷിണ കേരള മുജാഹിദ് സമ്മേളനം' സംഘടിപ്പിക്കുകയാണ്.

മനുഷ്യന്റെ ആത്മീയമായ ആകുലതകളെ ചൂഷണം ചെയ്തു തടിച്ചുകൊഴുക്കുന്ന വ്യക്തികളുടെയും കേന്ദ്രങ്ങളുടെയും തടവറകളില്‍ നിന്ന് സാധാരണക്കാരെ മോചിപ്പിക്കലാണ് ദക്ഷിണകേരള സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. ഇന്ത്യന്‍ മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥ ഉയര്‍ത്തിക്കാട്ടി മുസ്‌ലിം ചെറുപ്പക്കാരെ തീവ്ര ചിന്താഗതിയിലേക്ക് തട്ടിക്കൊണ്ടുപോവുക വഴി, വര്‍ഗീയ ധ്രുവീകരണത്തിന് കാത്തിരിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് ലക്ഷ്യം എളുപ്പമാക്കുന്ന ആശയങ്ങളെ പ്രതിരോധിക്കലും സമ്മേളനത്തിന്റെ ലക്ഷ്യത്തില്‍ പെടുന്നു.

വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിവിടങ്ങളിലെല്ലാം സമാധാനത്തോടെ നിലകൊള്ളാന്‍ നിര്‍ഭയത്വത്തിന്റെ നേര്‍വഴി എല്ലാ മനുഷ്യരിലേക്കും എത്തിക്കേണ്ടതുണ്ട്. സന്മനസ്സുള്ള എല്ലാവരും ഈ സദുദ്യമത്തില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു.