കൂട്ടായ്മയില്‍നിന്ന് അകലുമ്പോള്‍...

ടി.കെ.അശ്‌റഫ്

2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03

കുടുംബരംഗത്തും സാമൂഹ്യജീവിതത്തിലും പ്രബോധന മേഖലയിലുമെല്ലാം ഒന്നിച്ച് നില്‍ക്കുമ്പോഴാണ് മനഃസംതൃപ്തിയോടെ മുന്നേറാനാവുക.

കൂട്ടായ്മയിലാണ് കരുത്ത്. തിന്മയിലേക്ക് തിരിഞ്ഞ് പോകാതിരിക്കാനുള്ള ഒരു വേലികൂടിയാണ് കൂട്ടായ്മ. ഒറ്റപ്പെടുന്നത് നാം സൂക്ഷിക്കണം.

മനുഷ്യന്‍ ദുര്‍ബലനാണ്. അവന്റെ മനസ്സ് ചഞ്ചലിതമാണ്. രാവിലെ വിശ്വാസിയായവന്‍ വൈകുന്നേരം അവിശ്വാസിയും വൈകുന്നേരം അവിശ്വാസിയായവന്‍ രാവിലെ വിശ്വാസിയും ആകാന്‍  സാധ്യതയുണ്ടെന്ന പ്രവാചക വചനം ശ്രദ്ധേയമാണ്. നിരന്തരമായ പ്രാര്‍ഥനയും പ്രവര്‍ത്തനവും നന്മയില്‍ നിലനില്‍ക്കാന്‍ അനിവാര്യമാണ്.

നമസ്‌കാരത്തില്‍ അഞ്ച് തവണ 'ഞങ്ങളെ നീ നേരായ പാതയില്‍ നയിക്കേണമേ' എന്ന് നമ്മെക്കൊണ്ട് അല്ലാഹു നിര്‍ബന്ധമായും പ്രാര്‍ഥിപ്പിക്കുന്നത് മനസ്സിന്റെ വേഗത്തിലുള്ള ഈ മാറ്റം കാരണമാണ്.

ചുറ്റുപാടിനും സഹജീവികള്‍ക്കും വ്യക്തിയുടെ ജീവിതത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്താന്‍ സാധിക്കും. നന്മയുടെ സാഹചര്യത്തില്‍ ജീവിക്കുന്നവന് അത്ര പെട്ടെന്നൊന്നും തിന്മ ചെയ്യാനാവില്ല. തിന്മയുടെ ഇടങ്ങളില്‍ നന്മ കൈമോശം വരാന്‍ സാധ്യത ഏറെയാണ്.

കൂട്ടായ്മയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കണ്ടെത്തുന്ന കാരണങ്ങള്‍ പലപ്പോഴും നിസ്സാരമായിരിക്കും. അത്തരക്കാര്‍ക്ക് ദോഷൈകദൃഷ്ടിയോടെ മാത്രമെ കൂട്ടായ്മയെ നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ. ഇല്ലാത്ത ദോഷങ്ങള്‍ കെട്ടിപ്പറയാന്‍ അങ്ങനെയുള്ളവര്‍ രംഗത്ത് വന്നേക്കാം. കൂട്ടായ്മയുടെ കുറ്റം കണ്ടെത്തലാണ് തന്റെ ഒഴിഞ്ഞു നില്‍ക്കല്‍ ന്യായീകരിക്കാനുള്ള എളുപ്പവഴി. നന്മയുടെ സംഘത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോഴുള്ള ആത്മസംഘര്‍ഷത്തിന് അയവ് വരുത്താന്‍ പ്രതിലോമപ്രവര്‍ത്തനത്തില്‍ അഭയം തേടുകയാണ് പതിവ്.

പ്രബോധന കൂട്ടായ്മയില്‍ നിന്ന് മാറിനിന്നാല്‍ അതിന്റെ ആത്യന്തികദോഷം വ്യക്തിക്ക് തന്നെയായിരിക്കും. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലൂടെ അതു വരെയുണ്ടായിരുന്ന നല്ല സുഹൃദ് ബന്ധങ്ങളെക്കൂടിയാണ് വിഛേദിക്കുന്നത്.

ക്രമേണ വികലമായ ജീവിതവീക്ഷണമുള്ളവരിലേക്ക് ബന്ധങ്ങള്‍ പറിച്ച് നടപ്പെടും. സ്വാഭാവികമായും ഉദ്‌ബോധനങ്ങളും ഉപദേശങ്ങളും കേള്‍ക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞ് വരും. ഉത്തമമായ ഗുണങ്ങളില്‍ നിന്നുള്ള തിരിഞ്ഞ് നടത്തം ഉദ്‌ബോധനങ്ങള്‍ അവസാനിക്കുന്നിടത്ത് ആരംഭിക്കും. ദിവസങ്ങള്‍ പിന്നിടുംതോറും ദേഹേച്ഛയുടെ പിടിയിലമരും. നിരന്തരമായി ഉപദേശിച്ചിരുന്നവര്‍ അതില്‍ നിന്ന് പിന്തിരിയുകയും ഉപദേശം ശ്രവിച്ചിരുന്നവര്‍ അത് അവസാനിപ്പിക്കുകയും ചെയ്താല്‍ മനസ്സില്‍ മാറാല കെട്ടും. നാം അറിയാതെ നന്മയില്‍ നിന്നകലുമ്പോഴും നന്മയില്‍ തന്നെയാണെന്ന വിചാരം മനസ്സില്‍ നിലനില്‍ക്കും. യഥാര്‍ഥത്തില്‍ നന്മയില്‍ നിന്ന് ബഹുദൂരം അകന്നിരിക്കും. അവരെ വീക്ഷിക്കുന്നവര്‍ക്ക് അവരുടെ ജീവിതനിലപാടുകളില്‍ വന്ന വ്യതിയാനത്തെ വേഗത്തില്‍ തിരിച്ചറിയാനാകും. ഭാഷ, ഇടപെടലുകള്‍, പുതിയ കൂട്ടുകെട്ട്, അഭിപ്രായ പ്രകടനങ്ങള്‍, ഓണ്‍ലൈന്‍ പോസ്റ്റുകള്‍ എന്നിവയിലെല്ലാം നിലപാട് മാറ്റത്തിന്റെ അടയാളങ്ങള്‍ കാണുവാന്‍ കഴിയും.

അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് മാറിനടക്കുന്നവരുടെ കൂട്ടുകാരന്‍ പിശാചായിരിക്കും. അവര്‍  ചെയ്യുന്നതെല്ലാം പിശാച് നന്മയായി തോന്നിപ്പിക്കുകയും ചെയ്യും.

അല്ലാഹു പറയുന്നത് നോക്കൂ: ''പരമകാരുണികന്റെ ഉദ്‌ബോധനത്തിന്റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പ്പെടുത്തിക്കൊടുക്കും. എന്നിട്ട്(പിശാച്) അവന്ന് കൂട്ടാളിയായിരിക്കും'' (ക്വുര്‍ആന്‍ 43:36).

പിശാചിന്റെ പിടിയിലമര്‍ന്നതിനാല്‍ മ്ലേഛമായ പരിസരത്ത് ഒരാള്‍ എത്തിപ്പെട്ടത് സമൂഹം മുഴുവന്‍ മനസ്സിലാക്കിയാലും അകപ്പെട്ട വ്യക്തിക്ക് മാത്രം അത് തിരിച്ചറിയാനാവില്ല. നമസ്‌കാരം ഉപേക്ഷിക്കുമ്പോഴും ഇസ്‌ലാമിക ചിഹ്നങ്ങള്‍ കൊഴിഞ്ഞു പോകുമ്പോഴും ഇസ്‌ലാമിക സംസ്‌കാരത്തോട് വിമുഖതയുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിക്കുമ്പോഴും അവരുടെ മനസ്സില്‍ യാതൊരു പ്രയാസവും അനുഭവപ്പെടില്ല.

പ്രബോധന കൂട്ടായ്മകളില്‍ നിന്ന് നാം മാറിനിന്നാലും നമ്മെക്കാള്‍ കഴിവും പ്രാപ്തിയുമുള്ളവരുടെ നിഷ്‌കളങ്കമായ അധ്വാനത്തിലൂടെ കൂട്ടായ്മ അഭംഗുരം മുന്നേറും. ആത്യന്തികമായ നഷ്ടം മാറിനിന്നവര്‍ക്ക് മാത്രമായിരിക്കും.