നന്ദിയുള്ളവരാവുക

ടി.കെ.അശ്‌റഫ്

2019 ഒക്ടോബര്‍ 05 1441 സഫര്‍ 06

ഓരോ നിമിഷവും അല്ലാഹുവിന്റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. സ്രഷ്ടാിനോട് നന്ദികേട് കാണിക്കല്‍ വലിയ അപരാധമാണ്.

നന്ദികേടിന്റെ വ്യക്തമായ അടയാളമാണ് ആഡംബരവും ധൂര്‍ത്തും. വിവാഹരംഗത്തും മറ്റും കാണിക്കുന്ന, തികച്ചും അനാവശ്യമെന്ന് ആര്‍ക്കും ബോധ്യമാകുന്ന ധൂര്‍ത്തും ആഡംബരവും ഒഴിവാക്കിയേ തീരൂ. ഓരോ ഇനം ഭക്ഷണവും രുചിച്ചുനോക്കുമ്പോഴേക്കും വയറുനിറയുന്ന രൂപത്തില്‍ എണ്ണമറ്റ വിഭവങ്ങള്‍ വിളമ്പുകയും അവസാനം എത്രയോ ആളുകള്‍ക്ക് കഴിക്കാന്‍ മാത്രമുള്ള ഭക്ഷണം മാലിന്യക്കൂമ്പാരത്തില്‍ തള്ളുകയും ചെയ്യുന്നത് കൊണ്ട് ആര്‍ക്ക് എന്തു നേട്ടമാണുള്ളത്? നിലത്തുവീണ ഭക്ഷണ ശകലത്തില്‍  മാലിന്യം പുരണ്ടിട്ടില്ലെങ്കില്‍ കഴുകി കഴിക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുചരന്മാര്‍ക്ക് എങ്ങനെയാണ് ഭക്ഷണം പാഴാക്കാന്‍ സാധിക്കുക? ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വാഹനം എന്നിവ ആവശ്യത്തിനുള്ളത് മാത്രമെ വിശ്വാസികള്‍ ഒരുക്കേണ്ടതുള്ളൂ. അമിതത്വവും ആര്‍ഭാടവും പൈശാചികതയാണ്.

ആധുനിക ഉപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുമ്പോഴും ഇക്കാര്യം നാം ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്. അടുക്കള ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം നമ്മുടെ ഉപയോഗത്തിന്റെ വ്യാപ്തിയും സാമ്പത്തികസ്ഥിതിയും പരിഗണിച്ചായിരിക്കണം വാങ്ങിക്കേണ്ടത്. ഒരേസാധനം തന്നെ വിപണിയില്‍ വിവിധ വിലകളില്‍ ലഭിക്കും. വില കൂടുന്നതിനനുസരിച്ച് സൗകര്യങ്ങളും വര്‍ധിക്കും. വലിയ വില കൊടുത്ത് വാങ്ങുമ്പോള്‍ അതിലുള്ള മുഴുവന്‍ സൗകര്യങ്ങളും നമുക്ക് ഉപയോഗിക്കാനാകുമോയെന്ന ആത്മപരിശോധന നടത്തണം.  ഉപയോഗിക്കാനാവാത്ത സൗകര്യങ്ങള്‍ വില കൊടുത്തു വാങ്ങുന്നത് വിശ്വാസിക്ക് ഭൂഷണമല്ല.

ഇന്ന് ഏവര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമാണ് മൊബൈല്‍ ഫോണ്‍. ആയിരം രൂപ മുതല്‍ ഒരുലക്ഷത്തിലധികം രൂപ വില വരുന്ന ഫോണുകള്‍ വിപണിയിലുണ്ട്. വില കൂടുന്നതിനനുസരിച്ച് സൗകര്യങ്ങളും ഗുണമേന്മയും  വര്‍ധിച്ചുവരുന്നു. വലിയ വിലകൊടുത്ത്  വാങ്ങുന്ന ഫോണുകളിലെ എത്രമാത്രം സൗകര്യങ്ങള്‍ നാം ഉപയോഗിക്കുന്നുണ്ട്? കേവലം ഫോണ്‍ വിളിക്കലും മെസ്സേജ് അയക്കലും മാത്രമാണ് ഉദ്ദേശ്യമെങ്കില്‍ എന്തിനാണ് ആയിരങ്ങള്‍ നല്‍കി ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുന്നത്? ഇക്കാര്യത്തില്‍ വിശ്വാസികള്‍ കാര്യമായ ആലോചന നടത്തണം. തന്റെ ഫോണിലെ സൗകര്യങ്ങള്‍ പരമാവധി നല്ല കാര്യങ്ങള്‍ അറിയാനും അറിയിക്കാനും ഉപയോഗപ്പെടുത്തണം. അല്ലാഹുവിനെ ഭയക്കുന്ന ഒരു വ്യക്തിക്ക്, പലരും ദുരുപയോഗം ചെയ്യുന്ന മൊബൈല്‍ ഫോണിലെ പലവിധ സൗകര്യങ്ങള്‍ അറിവ് നുകരാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ഉപയോഗിക്കാന്‍ സാധിക്കണം. ഇന്റര്‍നെറ്റില്‍ നിന്ന് സമൂഹത്തെ അകറ്റിനിര്‍ത്തലല്ല, അതിനെ ശരിയായ വഴിയില്‍ ഉപയോഗിക്കാന്‍ ബോധപൂര്‍വം അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പരിഹാരം. ഇസ്‌ലാമിക സംഘടനകള്‍ ഇക്കാര്യം സജീവമായി പരിഗണിക്കേണ്ടതാണ്.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഈ രംഗത്ത് ഒട്ടനവധി സംരംഭങ്ങള്‍ ഇതിനകംതന്നെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. 'പീസ് റേഡിയോ' അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ലക്ഷങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ആയിരങ്ങള്‍ ഒരേസമയം ശ്രവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പീസ് റേഡിയോ മലയാളികള്‍ കക്ഷിഭേദമന്യെ നെഞ്ചിലേറ്റിയത് ഇന്റര്‍നെറ്റ് ലോകത്ത് നന്മയന്വേഷിക്കുന്നവരുടെ ദാഹമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. എല്ലാ ദിവസവും അഞ്ചുമിനുട്ട് മാത്രമുള്ള 'നേര്‍വഴി' പ്രഭാഷണവും 'വഴിവിളക്ക്' എന്ന സന്ദേശ പോസ്റ്ററും കുട്ടികള്‍ക്കായുള്ള 'തേന്‍ മൊഴി'യും എല്ലാം ഈ രംഗത്ത് ജനശ്രദ്ധയാകര്‍ഷിച്ച സംരംഭങ്ങളാണ്. കൂടാതെ ആഴ്ചതോറുമുള്ള ഖുത്വുബകളും ക്ലാസുകളും ഓണ്‍ലൈനിലൂടെ ശ്രവിക്കുന്ന ആയിരങ്ങളുണ്ട്. 'മീഡിയ സ്‌കൂളി'ന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് വീഡിയോ ക്ലിപ്പുകളും സംഘടനയുടെയും മറ്റും പേരിലുള്ള ഫെയ്‌സ്ബുക്ക് പേജുകളില്‍ വരുന്ന തല്‍സമയ വാര്‍ത്തകളും കുറിപ്പുകളും ഇന്റര്‍നെറ്റ് ഉപയോഗത്തെ നന്മയുടെ വഴിയിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. സംഘടനയുടെ മുഖപത്രമായ 'നേര്‍പഥ'ത്തില്‍ വരുന്ന ലേഖനങ്ങള്‍ ഓണ്‍ലൈന്‍ പതിപ്പില്‍ വായിക്കാന്‍ കാത്തിരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മുഴുവന്‍ മെമ്പര്‍മാരും ഓണ്‍ലൈനിലുള്ള പ്രബോധന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള പ്രാവീണ്യം നേടിയവരാകണമെന്ന കാഴ്ചപ്പാട് അനുസരിച്ചുള്ള പ്രത്യേക പദ്ധതിയായ 'വിസ്ഡം ഗൈഡ്' എന്ന പുതിയ സംരംഭത്തിന് സംഘടന തുടക്കം കുറിച്ചിരിക്കുകയാണ്. വലിയ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ ഇതിന്റെ പ്രാഥമിക ഘട്ടത്തെ സ്വീകരിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതില്‍ അധികം വേഗതയില്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടാന്‍ നല്ലൊരു വിഭാഗത്തിന് ഇതിനകംതന്നെ സാധിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി വിസ്ഡം ഗൈഡ് ലക്ഷ്യം പൂര്‍ത്തീകരിക്കും, ഇന്‍ശാ അല്ലാഹ്.

ഇസ്‌ലാമിക വിമര്‍ശനങ്ങള്‍ ശരവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ അതിനുള്ള പ്രതിരോധം ഒച്ച് വേഗതയിലായിക്കൂടാ. ആധുനിക സങ്കേതങ്ങള്‍ പ്രബോധനരംഗത്ത് ഫലപ്രദമായി പ്രയോഗവത്കരിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇന്നലെകളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട്, അതിന്റെ തുടര്‍ച്ച നിര്‍വഹിക്കുകയാണ് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പരമാവധി നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗിക്കാന്‍ നാം തയ്യാറാവുക. തിന്മയുടെ മാര്‍ഗത്തില്‍ അവ ഉപയോഗിക്കാതിരിക്കുക. അവസരത്തിനനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കുക. അല്ലാഹുവിന്റെ നിരീക്ഷണത്തില്‍നിന്ന് ഒരു സെക്കന്റ് സമയം പോലും നാം പുറത്താകുന്നില്ല എന്ന ബോധം നിലനിര്‍ത്തുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.