വിമര്‍ശകരുടെ അടിത്തറയിളക്കിയ ഡയലോഗ് 2.0

ടി.കെ.അശ്‌റഫ്

2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17

വിസ്ഡം യൂത്ത് ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിച്ച 'വിശുദ്ധ ക്വുര്‍ആന്‍: ദൈവികം കാലികം' എന്ന വിഷയത്തിലുള്ള ഡയലോഗ് 2.0 എന്ന പ്രോഗ്രാം ക്വുര്‍ആന്‍ വിമര്‍ശകരുടെ അടിത്തറയിളക്കുന്നതായി. ക്വുര്‍ആനിനെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്ന നാസ്തികന്മാരുടെ ഇത്രയും കാലത്തെ കുതന്ത്രമാണ് ഡയലോഗ് തുറന്നു കാണിച്ചത്. തങ്ങള്‍ ചെയ്തുകൂട്ടിയ അപരാധങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ പ്രചരിപ്പിക്കുകയാണ് നാസ്തികര്‍ ചെയ്തുവന്നിരുന്നത്. കൃത്രിമമായി പടച്ചുണ്ടാക്കിയ ഒരു ഭൂമികയില്‍ നിന്നുകൊണ്ടാണ് അവര്‍ ഇസ്‌ലാമിന് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്. അവരുണ്ടാക്കിയ വാസ്തവ വിരുദ്ധമായ ധാരണകളെ കടപുഴക്കാതെ പ്രതിരോധത്തില്‍ നിന്നുകൊണ്ടുള്ള മറുപടികള്‍ അവരുടെ ലക്ഷ്യങ്ങള്‍ നേടിക്കൊടുക്കാന്‍ സഹായകമാവുകയാണ് ചെയ്യുക. ഇസ്‌ലാമിക ആശയങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി, പ്രമാണങ്ങളെന്ന വ്യാജേന തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ടെക്സ്റ്റുകളുടെ നിജസ്ഥിതി പരിശോധിക്കാതെയുള്ള പ്രതികരണങ്ങളിലാണ് നാസ്തികര്‍ ജീവിച്ചുപോന്നിരുന്നത്. 'വിസ്ഡം ഡയലോഗ്' നാസ്തികരുടെ പ്ലാറ്റ്‌ഫോംതന്നെ പിടിച്ചുലയ്ക്കുകയായിരുന്നു!

ഇസ്‌ലാമും ശാസ്ത്രവും എന്നും പരസ്പര സംഘട്ടനത്തിലാണെന്ന ധാരണയുടെ പിന്‍ബലത്തിലാണ് നാസ്തികര്‍ ശാസ്ത്ര വാദികളായി ചമഞ്ഞ് ഇസ്‌ലാമിനെ വിമര്‍ശിക്കാറുള്ളത്. വിശുദ്ധ ക്വുര്‍ആനിലെ പല ആയത്തുകളും ശാസ്ത്രത്തിന് എതിരാണെന്നും അതിനാല്‍ ക്വുര്‍ആന്‍ ശരിയല്ലെന്നുമാണ് പലപ്പോഴുമുള്ള അവരുടെ വിമര്‍ശനം. എന്നാല്‍ ക്വുര്‍ആനികാശയങ്ങള്‍ ഒരു കാലത്തും ശാസ്ത്രത്തിന്റെ ശരിയായ കണ്ടെത്തലുകള്‍ക്ക് എതിരുനിന്നിട്ടില്ല. ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അപൂര്‍ണത കാരണം എത്തിച്ചേരുന്ന തെറ്റായ നിഗമനങ്ങളുമായി ക്വുര്‍ആന്‍ പൊരുത്തപ്പെടുകയില്ലയെന്നത് സത്യമാണ്. ക്വുര്‍ആനിലെ ശാസ്ത്ര സൂചനകള്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് മുന്നോട്ടു നീങ്ങാനുള്ള വ്യക്തമായ ചൂണ്ടുപലകയാണ്. അതൊരിക്കലും ശാസ്ത്രവുമായി പരസ്പരം സംഘട്ടനത്തിലല്ല വര്‍ത്തിക്കുന്നത്.

എന്നാല്‍ നാസ്തികരാവട്ടെ, ദൈവനിരാസവാദത്തിനായി അവര്‍ നടത്തുന്ന കണ്ടെത്തലുകള്‍ക്ക് പരിക്കുണ്ടാക്കാന്‍ സാധ്യതയുള്ള നിരീക്ഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞന്മാരെ ക്രൂരമായി കൊല ചെയ്യുകയോ ജയിലിലടയ്ക്കുകയോ ചെയ്ത പാരമ്പര്യമാണ് അവര്‍ക്കുള്ളത്. സ്വതന്ത്ര അന്വേഷണങ്ങള്‍ക്ക് കടിഞ്ഞാണിടുകയും ഞങ്ങളാണ് യഥാര്‍ഥ ശാസ്ത്ര പ്രചാരകരെന്ന് വിളിച്ചു കൂവുകയും ചെയ്യുകയായിരുന്നു നാസ്തികരുടെ രീതി.

വംശീയതയും വര്‍ഗീയതയും ഉള്ളിലൊളിപ്പിച്ചു നാസ്തികര്‍ നടത്തുന്ന ഇടപെടലുകളുടെ തൊലി പൊളിക്കുന്നതായിരുന്നു വിസ്ഡം ഡയലോഗിലെ ഓരോ വിഷയാവതരണവും. ശാസ്ത്രീയമായ കണ്ടെത്തലുകളെ നാസ്തികര്‍ അടിച്ചൊതുക്കിയ കാലത്ത്, ഇസ്‌ലാമിക പരിസരത്തുനിന്നുയര്‍ന്നുവന്ന ശാസ്ത്രജ്ഞന്മാര്‍ ആധുനിക ശാസ്ത്രീയ വിജ്ഞാനീയങ്ങള്‍ക്ക് അസ്തിവാരമിടുകയായിരുന്നു. ഈ യാഥാര്‍ഥ്യം പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ നിരീക്ഷണങ്ങളുടെ ചുവടുപിടിച്ച് അവതരിപ്പിച്ച ഡോക്യുമെന്ററിയും അനുബന്ധമായ കൂട്ടിച്ചേര്‍ക്കലുകളും നാസ്തികര്‍ ചരിത്രത്തിലുണ്ടാക്കിയ മിഥ്യാധാരണകള്‍ പൊളിച്ചെഴുതുന്നതായിരുന്നു.

'മുഹമ്മദ് നബി: കുടുംബം, ധാര്‍മികത' എന്ന വിഷയത്തില്‍ തിരൂരില്‍ സംഘടിപ്പിച്ച ആദ്യ ഡയലോഗ് തൊടുത്തുവിട്ട ചോദ്യങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാന്‍ നാസ്തികര്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. അതിന്റെ പിറകെയാണ് കണ്ണൂരില്‍ വെച്ച് അവരുടെ അടിത്തറ തന്നെയിളക്കിയ രണ്ടാമത്തെ ഡയലോഗിന്റെ രംഗപ്രവേശനവും.

കാലത്തിന്റെ ചോദ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുമ്പോഴാണ് പ്രബോധന സംഘടനകള്‍ക്ക് കാലാതിവര്‍ത്തിയായി നിലനില്‍ക്കാന്‍ സാധിക്കുന്നത്. പ്രബോധന രംഗത്തെ തുടിപ്പുകള്‍ നിരീക്ഷിക്കുന്ന യുവാക്കള്‍ക്ക് കര്‍മരംഗത്ത് ബാധ്യത നിര്‍വഹിക്കാനുള്ള വേദിയായി വിസ്ഡം യൂത്ത് മാറിക്കഴിഞ്ഞു.