ഓണ്‍ലൈന്‍ ചര്‍ച്ചകളും പ്രബോധകന്റെ സൂക്ഷ്മതയും

ടി.കെ.അശ്‌റഫ്

2019 നവംബര്‍ 16 1441 റബിഉല്‍ അവ്വല്‍ 19

നേരായ മാര്‍ഗത്തിലാണെങ്കില്‍ മഹത്തായ നന്മയും തെറ്റായ ദിശയിലാണെങ്കില്‍ തീരാത്ത ദുഃഖവും ബാക്കിവെക്കുന്നതാണ് ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ട്.

ചില വ്യക്തികള്‍ക്കിടയില്‍ നടന്ന ആരോഗ്യകരമായ ചര്‍ച്ചകളാണ് പല ബന്ധങ്ങളെയും കൂട്ടിയിണക്കിയത്. അതുപോലെ മറ്റു ചിലര്‍ക്കിടയില്‍ നടന്ന വൈകാരിക ചര്‍ച്ചകളാണ് അനേകം ബന്ധങ്ങളെ ശിഥിലമാക്കിയത്. കുടുംബം, സ്ഥാപനം, സംഘടന, ഭരണസംവിധാനം എന്നിവയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്.

ഇക്കാലത്ത് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വര്‍ധിച്ചതിനാല്‍ അടുത്തിരുന്നുള്ള ചര്‍ച്ചകളെക്കാള്‍ കൂടുതല്‍ അകന്നിരുന്ന ചര്‍ച്ചകളാണ് നടക്കുന്നത്. വാട്‌സ്ആപ്പിലും സ്റ്റുഡിയോ റൂമുകളിലും നടക്കുന്ന നെഗറ്റീവ് ചര്‍ച്ചകള്‍ വര്‍ഗീയ ധ്രുവീകരണത്തിനും വിഭാഗീയതക്കും സംഘടനാ സങ്കുചിതത്വത്തിനും വന്‍തോതില്‍ കാരണമാകുന്നുണ്ട്.

വിശ്വാസികള്‍ക്ക് ഇക്കാര്യത്തിലും തികഞ്ഞ സൂക്ഷ്മത വേണം. ഏത് സന്ദര്‍ഭത്തിലും നല്ലത് മാത്രമെ പറയാവൂ. സംസാരശേഷി അല്ലാഹുവിന്റെ അനുഗ്രഹമാണ്. അത് ചോദ്യം ചെയ്യപ്പെടും. ജനങ്ങളോട് നല്ല വാക്ക് പറയണമെന്നത് ക്വുര്‍ആനിന്റെ (2:83) കല്‍പനയാണ്. നല്ല വാക്ക് ധര്‍മമാണന്നും നരക രക്ഷക്ക് കാരണമാകുമെന്നും നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്.

'''അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല'' (ക്വുര്‍ആന്‍ 50: 18) എന്ന അല്ലാഹുവിന്റെ താക്കീതും വിശ്വാസികള്‍ ശ്രദ്ധിക്കണം.

നന്മയുണ്ടെങ്കില്‍ മാത്രമെ ഏതൊരു ചര്‍ച്ചയിലും നാം പങ്കെടുക്കേണ്ടതുള്ളൂ. 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ' എന്നാണ്  പ്രവാചകാധ്യാപനം.

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് പൊതുഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ ഏതെല്ലാം തരത്തില്‍ പെട്ടവരാണന്ന ബോധം നമുക്കുണ്ടാവണം. ബഹുമത സമൂഹത്തിലാണ് സംസാരിക്കുന്നതെന്ന ഉത്തമ ബോധ്യത്തോടെയാവണം ഓരോ വാക്കും ഉപയോഗിക്കേണ്ടത്. അറിവിലും അനുഭവത്തിലും പ്രായത്തിലും വിവിധ തട്ടിലുള്ളവര്‍ക്കിടയില്‍ പറയുന്ന കാര്യങ്ങള്‍ വ്യത്യസ്ത രീതിയിലാണ് ഓരോരുത്തരും മനസ്സിലാക്കുക. ഇബ്‌നുമസ്ഊദ്(റ) ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: 'ബുദ്ധിക്ക് അപ്രാപ്യമായ കാര്യങ്ങള്‍ താങ്കള്‍ ഒരു വിഭാഗത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതായാല്‍ അത് അവരില്‍ ചിലര്‍ക്കെങ്കിലും ഫിത്‌ന(കുഴപ്പം)യാകാതിരിക്കില്ല.'

അന്യവീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ അനുവാദം ചോദിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മൂന്ന് പ്രാവശ്യം സലാം പറഞ്ഞിട്ട് മടക്കിയില്ലെങ്കില്‍ തിരിച്ച് പോകണമെന്ന് പഠിപ്പിച്ച പ്രവാചക അനുയായികള്‍ക്ക് എങ്ങനെയാണ്, അനുവാദമില്ലാതെ വാട്‌സ് ഗ്രൂപ്പില്‍ ചേര്‍ത്ത് ഒരാളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കയറാന്‍ സാധിക്കുക?

ചര്‍ച്ചകളിലും അല്ലാത്തപ്പോഴും കാര്യങ്ങള്‍ ചുരുക്കിപ്പറയുകയാണ് പ്രവാചക മാതൃക. സംസാരത്തില്‍ സൗമ്യതയും അവധാനതയും ഗുണകാംക്ഷയും നിറഞ്ഞ് നില്‍ക്കണം. എത്ര വലിയ എതിരാളിയോട് സംസാരിക്കുമ്പോഴും ഇക്കാര്യം പരിഗണിക്കണം. ഏറ്റവും വലിയ അക്രമിയായ ഫിര്‍ഔനിന്റെ അടുക്കലേക്ക് പോകുന്ന മൂസാനബിൗക്ക് അല്ലാഹു നല്‍കിയ ഉപദേശം ശ്രദ്ധേയമാണ്. അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ രണ്ട് പേരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോവുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്നു വരാം' (ക്വുര്‍ആന്‍ 20:43,44).

'നിങ്ങള്‍ എളുപ്പമുണ്ടാക്കുക, പ്രയാസമുണ്ടാക്കരുത്; സന്തോഷവാര്‍ത്ത അറിയിക്കുക, അകറ്റിക്കളയരുത്' തുടങ്ങിയ പ്രവാചകാധ്യാപനവും നമുക്ക് വെളിച്ചമാകണം. ഒരു മുസ്‌ലിമിനെ ചീത്ത വിളിക്കുന്നവന്‍ അധര്‍മകാരിയാണന്നും, അവനെ വഷളാക്കിയാല്‍ പരലോകത്ത് അല്ലാഹു തിരിച്ചും വഷളാക്കുമെന്നും പഠിച്ചവര്‍ക്ക് എങ്ങനെയാണ് ഓണ്‍ലൈനിലെ ചര്‍ച്ചകളില്‍ വിശ്വാസികള്‍ക്ക് നേരെ തെറിയഭിഷേകം നടത്താന്‍ സാധിക്കുക?

കുതര്‍ക്കങ്ങള്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നവരെ കുഴിയില്‍ വീഴ്ത്തും. ലക്ഷ്യബോധമുള്ളവര്‍ കുതര്‍ക്കങ്ങള്‍ക്ക് കാത് കൊടുക്കില്ല. വ്യക്തമായ ആദര്‍ശവും ഉന്നതമായ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തന പദ്ധതികളുമായി മുന്നോട്ട് നീങ്ങുന്ന കൂട്ടായ്മകള്‍ക്ക് കുതര്‍ക്കത്തിന് സമയമുണ്ടാവില്ല. നയിക്കാന്‍ നേതൃത്വവും മുന്നോട്ട് വെക്കാന്‍ വ്യക്തമായ പദ്ധതികളും ഇല്ലാതെ വരുമ്പോള്‍ മറ്റുള്ളവരില്‍ അപാകത കണ്ടെത്താനുള്ള വ്യഗ്രത വര്‍ധിക്കും. അപരന്റെ അസ്തിത്വത്തില്‍ ഇത്തിക്കണ്ണികളായി ജീവിക്കാനെ അവര്‍ക്ക് സാധിക്കൂ.

കുതര്‍ക്കങ്ങള്‍ പ്രവാചകന്‍ വിരോധിച്ചതാണ്. ഒരിക്കല്‍ തന്റെ വീട്ടുപടിക്കല്‍ ഒരു വിഭാഗം സംസാരിക്കുന്നത് നബി ﷺ  കേട്ടു. ഒരാള്‍ പറയുന്നു: 'അല്ലാഹു ഇന്നത് പറഞ്ഞിട്ടില്ലേ?' അപരന്‍ പറഞ്ഞു: 'അല്ലാഹു ഇന്നതും പറഞ്ഞിട്ടില്ലേ..?' നബി ﷺ  കോപാകുലനായി പുറത്ത് വന്നു. അദ്ദേഹം പറഞ്ഞു: 'ഇതിനാണോ നിങ്ങള്‍ കല്‍പിക്കപ്പെട്ടത്? അതല്ല, ഇതുകൊണ്ടാണോ നിങ്ങള്‍ നിയോഗിക്കപ്പെട്ടത്?' (അഥവാ അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ചില വചനങ്ങളെ ചിലതുകൊണ്ട് ഈ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍). ഇതുപോലുള്ള സംസാരങ്ങളിലാണ് നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ പിഴച്ചു പോയത്...'

ഈ വിഷയത്തില്‍ വന്ന മറ്റു ചില പ്രവാചക വചനങ്ങള്‍ ഇപ്രകാരമാണ്. '...അനാവശ്യ സംസാരവും കൂടുതലായുള്ള ചോദ്യങ്ങളും സമ്പത്ത് പാഴാക്കലും നിശ്ചയം അല്ലാഹു നിങ്ങള്‍ക്ക് വെറുത്തിരിക്കുന്നു' (ബുഖാരി).

'സത്യവിശ്വാസി കുത്തിപ്പറയുന്നവനോ ശപിക്കുന്നവനോ നീചവൃത്തി ചെയ്യുന്നവനോ നെറികെട്ടവനോ അല്ല.'

'പറയുന്നത് സത്യമാണെങ്കിലും ശരി, തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തിന് ചുറ്റും ഒരു വീടിന് ഞാന്‍ ജാമ്യം നില്‍ക്കുന്നു...'

മേല്‍വചനങ്ങളെ ആദരിക്കുന്ന ഒരു വിശ്വാസിക്ക് മതപരമായ ചര്‍ച്ചയെന്ന മേല്‍വിലാസം നല്‍കി, ഓണ്‍ലൈനില്‍ അനാവശ്യങ്ങള്‍ വിളിച്ച് പറയാനാന്‍ സാധിക്കുമോ?

ചര്‍ച്ചകളില്‍ കാട്കയറിപ്പോകുകയും ഞാന്‍ വെറുതെ പറഞ്ഞതാണെന്ന് ന്യായീകരിക്കുകയും ചെയ്യുന്നവര്‍ പ്രവാചകന്റെ ഈ വചനം ഓര്‍ക്കുക:

'തീര്‍ച്ചയായും ഒരു അടിമ ഒരു വാചകം പറയും; ആ വാചകത്തിലെ ആശയം ആലോചിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ, പ്രസ്തുത വാചകം കാരണത്താല്‍ അയാള്‍ കിഴക്കിനും പടിഞ്ഞാറിനുമിടയിലുള്ളതിനെക്കാള്‍ വിദൂരമായി നരകത്തിലേക്ക് തെന്നി വീഴും' (ബുഖാരി, മുസ്‌ലിം).

'താന്‍ കേട്ടതെല്ലാം പറഞ്ഞു നടക്കുകയെന്നത് ഒരു മനുഷ്യന് കളവായി അത് മതി'യെന്ന നബിവചനം  കേട്ടതെല്ലാം പറഞ്ഞ് ചര്‍ച്ചക്ക് കളമൊരുക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണ്.

ഞാന്‍ പറയുന്നത് കാര്യമല്ലേ, അല്‍പം പരുഷമായാലെന്താ കുഴപ്പം എന്ന് ചോദിക്കുന്നവര്‍ താഴെ ചേര്‍ത്ത ക്വുര്‍ആനിക വചനം ഓര്‍ക്കുക.

'(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞു പോയിക്കളയുമായിരുന്നു... (ക്വുര്‍ആന്‍: 3:159).

കാതുകളെ അടച്ചുകളയുന്ന കുതര്‍ക്കങ്ങളല്ല നമുക്കാവശ്യം. ഹൃദയത്തെ തുറന്ന് വെക്കുന്ന ഗുണകാംക്ഷയുള്ള സംഭാഷണത്തിന്റെ വേദികളാണ് നാം അന്വേഷിക്കേണ്ടത്.

പ്രബോധന രംഗത്തുള്ള ക്രിയാത്മകമായ ചര്‍ച്ചകളും സംവാദങ്ങളും ആവശ്യമില്ലെന്ന പൊതുബോധത്തിന് തര്‍ക്കം പാടില്ലെന്ന ബോധവത്കരണം കാരണമായിക്കൂടാ. തെളിവുദ്ധരിച്ച് ബുദ്ധിയെ പ്രവര്‍ത്തനക്ഷമമാക്കുകയും ഗുണകാംക്ഷയില്‍ പൊതിഞ്ഞ സദുപദേശം നല്‍കുകയുമാണ് പ്രബോധകന്റെ ബാധ്യത. അത്യാവശ്യമെങ്കില്‍  സംശയമുന്നയിക്കുന്നവരോട് ഏറ്റവും നല്ല രീതിയില്‍ സംവദിക്കാനും ഇസ്‌ലാം അനുവദിക്കുന്നുണ്ട്.

'യുക്തിദീക്ഷയോട് കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക...'(ക്വുര്‍ആന്‍ 16:125).

അനിഷ്ടകരമായ സന്ദര്‍ഭങ്ങളില്‍ നബി ﷺ യുടെ മുഖത്ത് അതിന്റെ നീരസം കാണാമായിരുന്നു. സത്യത്തോടുള്ള പ്രതിബദ്ധത നിമിത്തം, ഉദ്‌ബോധന വേളകളില്‍ ശബ്ദം ഉയരുകയും മുഖം ചുവക്കുകയും സൈന്യാധിപന്റെ ധീരത പ്രകടമാവുകയും ചെയ്തിരുന്നുവെങ്കിലും അനാവശ്യ വാക്കുകള്‍ ഒരിക്കല്‍ പോലും തിരുമേനിയില്‍ നിന്ന് പുറത്തുവന്നിട്ടില്ല. ഈ പുണ്യപ്രവാചകന്റെ അനുയായികള്‍, പ്രതിപക്ഷത്തുള്ളവര്‍ എത്ര പ്രകോപിതരാക്കുവാന്‍ ശ്രമിച്ചാലും അനാവശ്യ പദപ്രയോഗങ്ങള്‍ക്ക് ഒരിക്കലും അടിമപ്പെട്ടു പോകരുത്.

വാക്കിലും പെരുമാറ്റത്തിലും മാന്യതയില്ലാത്തവരില്‍ നിന്ന് അകന്ന് നില്‍ക്കലാണ് വിശ്വാസികളുടെ വഴി. മതം ജീവിതത്തില്‍ പകര്‍ത്താനും പ്രചരിപ്പിക്കാനുമായിരിക്കണം പഠിക്കേണ്ടത്; തര്‍ക്കിക്കാനാവരുത്.