സാന്ത്വനമേകുന്നവനാകണം പ്രബോധകന്‍

ടി.കെ.അശ്‌റഫ്

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12

രോഗവും രോഗികളും വര്‍ധിച്ചുവരികയാണ്. രോഗികളെ സന്ദര്‍ശിക്കുന്നതിന്റെ പ്രസക്തിയും പ്രാധാന്യവും സമൂഹം കൂടുതല്‍ തിരിച്ചറിയേണ്ടതുണ്ട്. വിശ്വാസികള്‍ പരസ്പരം ഒരു ശരീരം പോലെയാണ്.  ശരീരത്തിന്റെ ഏതെങ്കിലും ഒരവയവത്തിന് അസുഖം ബാധിച്ചാല്‍ മറ്റു അവയവങ്ങള്‍ വേദനയില്‍ പങ്കാളികളാകുന്നതുപോലെ ഒരു വിശ്വാസിക്ക് എന്തെങ്കിലും പ്രയാസം ഉണ്ടായാല്‍ മറ്റുള്ളവര്‍ അതില്‍ ഇടപെട്ട് ആശ്വാസം നല്‍കാന്‍ ശ്രമിക്കണം.

സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യത്തില്‍ സജീവ ശ്രദ്ധയുള്ളവരാകണം. പരസ്പര ബന്ധങ്ങള്‍ സംഘടനാ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാകരുത്. മാനുഷികമായ എല്ലാ പ്രശ്‌നങ്ങളിലും താങ്ങും തണലുമാകേണ്ടവരാണ് സംഘടനാ പ്രവര്‍ത്തകര്‍. യോഗങ്ങളിലും പ്രവര്‍ത്തന മേഖലയിലും നിറസാന്നിധ്യമായിരുന്ന പ്രവര്‍ത്തകനെ കാണാതെ വരുമ്പോള്‍, അവന്റെ അസാന്നിധ്യത്തിന്റെ  കാരണം അന്വേഷിക്കണം. പലപ്പോഴും ഇക്കാര്യം ചിലരെങ്കിലും വിസ്മരിക്കുകയാണ് പതിവ്. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന മരണവാര്‍ത്ത കാണുമ്പോഴാണ് അയാള്‍ ഏറെ നാളായി രോഗത്തിനടിമയായിരുന്നുവെന്ന കാര്യം തന്നെ നാം അറിയുന്നത്. അദ്ദേഹം രോഗിയായ വിവരം ആരും പറഞ്ഞില്ലല്ലോയെന്ന പരിഭവം പങ്കുവെക്കുകയും ചെയ്യും. എപ്പോഴും കൂടെയുള്ളവരെ മാത്രമല്ല കൂട്ടിപ്പിടിക്കേണ്ടത്. കൂട്ടത്തില്‍ കാണാത്തവരെ അന്വേഷിക്കാനും വീടുകള്‍ സന്ദര്‍ശിക്കാനും സമയം കാണണം. രോഗികളായി കിടക്കുന്നവരുടെ വിവരമറിഞ്ഞവര്‍ അക്കാര്യം മറ്റുള്ളവരെ അറിയിക്കാനും ശ്രദ്ധിക്കണം.

രോഗികളെ സന്ദര്‍ശിക്കുന്നവര്‍ രോഗിക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കരുത്. ഒറ്റപ്പെടലില്‍ നിന്ന് ആശ്വാസം പകരാന്‍ നമ്മുടെ സന്ദര്‍ശനത്തിനാവണം. രോഗിക്കു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം. ചികിത്സയെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെ സംബന്ധിച്ചും രോഗിക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കരുത്. ചികിത്സ സംബന്ധിച്ച കാര്യമാത്ര പ്രസക്തമായ നിര്‍ദേശങ്ങള്‍, കുടുംബത്തിലെ ബന്ധപ്പെട്ടവരോട് മാത്രം പങ്കുവയ്ക്കുന്നതാണ് നല്ലത്. ഡോക്ടര്‍മാര്‍ സന്ദര്‍ശനം വിലക്കിയ രോഗിയാണെങ്കില്‍ സന്ദര്‍ശിക്കാതിരിക്കുകയാണ് നന്മ. എന്നാലും വിവരങ്ങള്‍ അറിഞ്ഞാല്‍ പ്രാര്‍ഥിക്കാന്‍ സാധിക്കും. അഭാവത്തിലുള്ള പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. രോഗവിവരം അറിഞ്ഞാല്‍ സന്ദര്‍ശിക്കുന്നതിനു മുമ്പ് തന്നെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

രോഗിയായ വിവരം ബോധപൂര്‍വം മറച്ചുവെക്കുന്നവരെയും കാണാറുണ്ട്. വിവരങ്ങള്‍ അന്വേഷിക്കുന്നവരോട് കളവ് പറയുകയോ, തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നവരും ഉണ്ട്. ഈ പ്രവണത വിശ്വാസികള്‍ക്ക് യോജിച്ചതല്ല. രോഗം അല്ലാഹുവിങ്കല്‍ നിന്നാണ്. അത് പരീക്ഷണത്തിന്റെ മറ്റൊരു ഭാഗമാണ്. അത് ഉള്‍ക്കൊള്ളാനും ക്ഷമിക്കാനും സാധിക്കുമ്പോഴാണ് നാം പരീക്ഷണത്തില്‍ വിജയിക്കുന്നത്. രോഗിയുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് രോഗവിവരം മറച്ചുവെക്കുന്നതിലൂടെ ആത്മാര്‍ഥമായ പ്രാര്‍ഥനകളാണ് നഷ്ടമാവുന്നത്.

അഡ്മിറ്റായ രോഗിയെ സന്ദര്‍ശിക്കാന്‍ ഡോക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പോലും ഭേദിച്ച്, രോഗിയെ കാണാന്‍ കാണിക്കുന്ന ആവേശത്തിന്റെ ചെറിയൊരംശം പോലും രോഗിയെ ഡിസ്ചാര്‍ജ് ചെയ്താല്‍ പലരും കാണിക്കാറില്ല. ആദ്യദിവസങ്ങളിലെല്ലാം വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കായിരിക്കും. പിന്നീട് രോഗിയും പരിചരിക്കുന്നവരും മാത്രമായി ചുരുങ്ങുകയാണ് പതിവ്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണെങ്കില്‍, അന്വേഷിച്ചറിഞ്ഞ് അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ സഹായിക്കാനുള്ള സംവിധാനങ്ങള്‍ കണ്ടെത്തുന്നതിലും പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി വിദഗ്ധ ചികിത്സ ലഭ്യമാവുന്ന കേന്ദ്രങ്ങളിലേക്ക് മാര്‍ഗം കാണിക്കുന്നതിലൂടെ ഭാരിച്ച സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കാനാവും.

പെട്ടെന്നുള്ള രോഗവും മരണവും നമുക്ക് പാഠമാകേണ്ടതുണ്ട്. ഇഹലോകത്തിന്റെ നൈമിഷികതയും ചെയ്തുതീര്‍ക്കാനുള്ള ബാധ്യതകളും നമുക്ക് ഓര്‍മവരണം. ആരാധനകളിലും ഉത്തരവാദിത്ത നിര്‍വഹണത്തിലും കൂടുതല്‍ ശ്രദ്ധ പാലിക്കാനും അധര്‍മങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും പരസ്പരം സ്‌നേഹവും വിട്ടുവീഴ്ചയും കാണിക്കാനുമെല്ലാം സമപ്രായക്കാരുടെ രോഗവും മരണവും നമുക്ക് പ്രേരകമാകേണ്ടതുണ്ട്.

മരണവാര്‍ത്ത അറിഞ്ഞവര്‍ മറ്റുള്ളവരെ അറിയിക്കണം. സാധിക്കുന്നവരെല്ലാം ജനാസയില്‍ പങ്കെടുക്കുകയും വേണം. പ്രത്യേകിച്ച് തൗഹീദ് ഉള്‍ക്കൊണ്ടതിന്റെ പേരില്‍ പ്രാദേശികമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന പ്രവര്‍ത്തകരുടെ ജനാസയില്‍ അല്‍പം ദൂരത്തുനിന്നാണെങ്കിലും എത്തിപ്പെടാന്‍ പരമാവധി പരിശ്രമിക്കണം. തൗഹീദുള്ള 40 പേര്‍ ഒരു മയ്യിത്തിന് വേണ്ടി നമസ്‌കരിച്ചാല്‍ വലിയ പുണ്യമാണ്. രോഗ സന്ദര്‍ശനവും മരണാനന്തര ചടങ്ങില്‍ പങ്കെടുക്കലും സംഘടനാ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിക്കൂടാ. ജൂതന്റെ വീട്ടില്‍ പോയി രോഗിയെ സന്ദര്‍ശിച്ച് മാതൃക കാണിച്ച പ്രവാചകന്റെ അനുയായികള്‍ക്ക് ഇക്കാര്യത്തില്‍ വിശാല സമീപനമാണ് ഉണ്ടാവേണ്ടത്.

ജീവകാരുണ്യ രംഗത്ത് സജീവമാകുന്നതിലൂടെ നാട്ടിലുള്ള മുഴുവന്‍ രോഗികളുടെ അടുത്തും എത്താന്‍ കഴിയുമ്പോഴും, സ്വന്തം വീട്ടില്‍ അസുഖത്തോട് പോരാടുന്ന മാതാപിതാക്കളുടെ സമീപത്ത് എത്ര സമയം ചെലവഴിക്കാറുണ്ടെന്നും ആത്മപരിശോധന നടത്തണം.

രോഗികളെ സന്ദര്‍ശിക്കുന്നതിന്റെയും പരിചരിക്കുന്നതിന്റെയും ആതുര സേവനത്തിന്റെയും മഹത്ത്വവും നേട്ടവും മനസ്സിലാക്കിത്തരുന്ന രണ്ട് പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ:

''ഒരു മുസ്‌ലിം രാവിലെ (രോഗിയായ) മറ്റൊരു മുസ്‌ലിമിനെ സന്ദര്‍ശിച്ചാല്‍ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ഥിക്കും. വൈകുന്നേരമാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ഥിക്കും. സ്വര്‍ഗത്തില്‍ അവന്സുഖസൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യും'' (തിര്‍മിദി).

''നിങ്ങള്‍ വിശന്നവന് ആഹാരം നല്‍കുവിന്‍, രോഗിയെ സന്ദര്‍ശിക്കുവിന്‍, ബന്ധനസ്ഥനെ മോചിപ്പിക്കുവിന്‍''(ബുഖാരി).