നേതൃത്വം അലങ്കാരമല്ല

ടി.കെ.അശ്‌റഫ്

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

നേതൃത്വം ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്; അത് അലങ്കാരമല്ല. അത് ആഗ്രഹിക്കുന്നതും ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഒളിച്ചോടുന്നതും വിശ്വാസികള്‍ക്ക് ഭൂഷണമല്ല.

നേതൃത്വം നമ്മിലേക്ക് വന്നുചേര്‍ന്നതാണങ്കില്‍ അതില്‍ അല്ലാഹുവിന്റെ പ്രത്യേക സഹായമുണ്ടാകും. ചോദിച്ച് വാങ്ങിയതാണങ്കില്‍ അനുഗ്രഹമുണ്ടാകില്ല. സംഘടനക്കും സമൂഹത്തിനും ഭാരമായി മാറുന്നവനല്ല; ഭാരം വഹിക്കുന്നവനാണ് ഭാരവാഹി.

നേതൃത്വം ഒരവസരമാണ്. നന്മക്ക് തുടക്കം കുറിക്കാനും അതിന്റെ മുന്നില്‍ നടക്കാനും നേതൃത്വത്തിന് അവസരം ലഭിക്കും. നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തെപ്പോലെ തന്നെ ചിന്തക്കും വലിയ പ്രതിഫലമുണ്ട്. തന്റെ സംഘടനയെ ലക്ഷ്യത്തിലേക്ക് നയിക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നവനായിരിക്കും നല്ലൊരു നേതാവ്. ചിന്തയില്‍നിന്നുണ്ടാകുന്ന ആശയങ്ങളാണ് ചര്‍ച്ചകളിലൂടെ പ്രവര്‍ത്തനമായി രൂപപ്പെടുന്നത്. പടര്‍ന്നു പന്തലിച്ച പദ്ധതിയിലൂടെ ഉണ്ടാകുന്ന നന്മകളുടെയെല്ലാം പ്രതിഫലത്തില്‍ അതിന് തുടക്കം കുറിച്ചവരും തുടര്‍ച്ചക്കായി പ്രയത്‌നിക്കുന്നവരും പങ്കാളികളായിരിക്കും.

നേതൃത്വം ഒരു അമാനത്ത് കൂടിയാണ്. അത് പരലോകത്ത് ചോദ്യം ചെയ്യപ്പെടും. അമാനത്തുകളും കരാറുകളും പൂര്‍ത്തീകരിക്കാത്തവര്‍ക്ക് സ്വര്‍ഗപ്രവേശം അസാധ്യമായിരിക്കും. അമാനത്തില്‍ വഞ്ചന കാണിക്കുന്നത് പരലോകത്ത് അങ്ങേയറ്റത്തെ ഖേദത്തിനിടയാക്കും. ഉത്തരവാദിത്തങ്ങളെക്കുറിച്ച് നേതൃത്വം ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് ഭാരവാഹിത്വം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ സംഘടനാ നേതൃത്വം ശ്രമിക്കണം.

കഴിവും സാഹചര്യവും ഉണ്ടായിട്ടും ഭാരവാഹിത്വം ചോദ്യം ചെയ്യപ്പെടുമെന്ന് ഭയന്ന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നതും ശിക്ഷക്ക് കാരണമാകുന്ന വിഷയമാണ്. ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയ യൂനുസ് നബിൗയുടെ അനുഭവം വിശ്വാസികള്‍ക്ക് പാഠമാകണം. ഇഹലോകത്തെ തിരക്കും ഉപജീവനത്തിന്റെ തിടുക്കവും ഉയര്‍ത്തിക്കാണിച്ച്, മതപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നാല്‍ ദുനിയാവ് കൂടുതല്‍ ഇടുങ്ങുകയും ഉപജീവന മാര്‍ഗം കുടുസ്സാവുകയുമാണ് ചെയ്യുക. അല്ലാഹു പറയുന്നു:

''എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്'' (ക്വുര്‍ആന്‍ 20:124).

നമുക്ക് ആവശ്യമായതെല്ലാം നല്‍കുന്നത് അല്ലാഹുവാണ്. ജോലിയും മറ്റു ഉപജീവന ഉപാധികളും അതിന്റെ നിമിത്തങ്ങള്‍ മാത്രമാണ്. നിമിത്തങ്ങളില്‍ നാം ഭരമേല്‍പിച്ചു കൂടാ. അല്ലാഹുവിലണ് നാം ഭരമേല്‍പിക്കേണ്ടത്. അവനെയാണ് നാം തൃപ്തിപ്പെടുത്തേണ്ടത്. അല്ലാഹു തൃപ്തിപ്പെട്ടാല്‍ നമ്മുടെ ഉപജീവന മാര്‍ഗം വിശാലമാകും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉത്തരവാദിത്തമേറ്റെടുക്കുമ്പോള്‍ നമ്മുടെ ദുനിയാവിന്റെ ഭാരങ്ങള്‍ അല്ലാഹു ഇറക്കിത്തരും. കാരണം അവന്റെ ദീനിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനമാണത്. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്'' (ക്വുര്‍ആന്‍ 47:7).

നേതൃത്വത്തിലിരിക്കുന്നവര്‍ കണ്ണും കാതും തുറന്ന് വെക്കണം. സമൂഹത്തിലും രാജ്യത്തിലുമുള്ള  സംഭവവികാസങ്ങളെ കുറിച്ച് അവര്‍ അജ്ഞരായിക്കൂടാ. വ്യക്തിജീവിതത്തില്‍ വിശുദ്ധി പാലിക്കണം. കാര്യങ്ങളെ അപഗ്രഥിച്ച് ഏറ്റവും ശരിയായ വഴിയിലൂടെ സംഘടനയെ നയിക്കാന്‍ സാധിക്കണം.

സംഘടനയെ നയിക്കുന്നത് വ്യക്തമായ ആദര്‍ശബോധം ഉള്‍ക്കൊണ്ടവരായിരിക്കണം. അവര്‍ക്കേ വഴിതെറ്റാതെ നയിക്കുവാന്‍ കഴിയൂ. പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ജീവിതം മാതൃകായോഗ്യമാക്കുകയും ചെയ്യുന്ന ഭാരവാഹികളുടെ വാക്കുകള്‍ക്ക് വലിയ സ്വാധീനമുണ്ടാകും. കൂടെയുള്ളവരെ കൂട്ടിപ്പിടിക്കാന്‍ സാധിക്കണം. തിരുത്തേണ്ടത് തിരുത്താനും തിരുത്തിക്കാനുമുള്ള ആര്‍ജവം നേതൃത്വത്തിന് ഉണ്ടാകണം.