വായനയിലൂടെ വിജയത്തിലേക്ക്

ടി.കെ.അശ്‌റഫ്

2019 നവംബര്‍ 30 1441 റബിഉല്‍ ആഖിര്‍ 03

അധ്വാനിക്കാതെ കുറുക്കുവഴിയില്‍ കാര്യം നേടുകയെന്നത് പുതിയ കാലത്തിന്റെ പ്രവണതയാണ്. മതപരമായ വിജ്ഞാനം നേടുന്ന കാര്യത്തിലും ഈ സ്വഭാവം പ്രകടമാണ്. അറിവിന്റെ ലഭ്യമായ സ്രോതസ്സുകള്‍ പരിശോധിക്കാനും കാര്യങ്ങള്‍ കണ്ടെത്താനും പലരും പരിശ്രമിക്കാറില്ല. തന്റെ അലമാരയില്‍ ക്വുര്‍ആന്‍ പരിഭാഷകളും പുസ്തകങ്ങളും യഥേഷ്ടം ഉണ്ടെങ്കിലും സംശയ നിവാരണത്തിനായെങ്കിലും അതൊന്ന് തുറന്ന് നോക്കാന്‍ പലരും പരിശ്രമിക്കാറില്ല. സംശയമുള്ള വിഷയത്തില്‍ തന്റെയടുത്തുള്ള ഗ്രന്ഥങ്ങളും ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളും പരിശോധിക്കാനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. വായിച്ച ശേഷമുണ്ടാകുന്ന വ്യക്തതക്ക് വേണ്ടിയാവണം പരിചയമുള്ള ഏതെങ്കിലും പ്രബോധകനോട് അന്വേഷിക്കുന്നത്.

ഇസ്‌ലാമിക പ്രസിദ്ധീകരണത്തിന് വരിചേര്‍ക്കാന്‍ ചെല്ലുമ്പോള്‍ ചിലര്‍ ചോദിക്കുന്ന ചോദ്യത്തില്‍ നിന്ന് വായനയോടുള്ള അവരുടെ വിമുഖത വ്യക്തമാകും. 'വീട്ടിലാരും വായിക്കാനില്ല,' 'വായിക്കാന്‍ വിചാരിച്ചാല്‍ തന്നെ സമയമെവിടെ?' തുടങ്ങിയ ചോദ്യങ്ങളില്‍നിന്ന് മറ്റെന്താണ് മനസ്സിലാക്കാനാവുക? വീട്ടിലാരും വായിക്കാനില്ലെന്ന് പറയുമ്പോള്‍ പ്രതിയാകുന്നത് പറയുന്ന വ്യക്തി തന്നെയല്ലേ?

നല്ല വായന ആത്മാവിന്റെ ഭക്ഷണമാണ്. ശരീരത്തിന് ഭക്ഷണം ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന അപകടത്തെക്കാള്‍ വലിയ ദുരന്തമാണ് ആത്മാവിന് ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ സംഭവിക്കുന്നത്. വിശുദ്ധ ക്വുര്‍ആനും സ്രഷ്ടാവിനെക്കുറിച്ചുള്ള സ്മരണയുള്‍ക്കൊള്ളുന്ന മറ്റു ഗ്രന്ഥങ്ങളും പാരായണം ചെയ്യുമ്പോള്‍ ഭയഭക്തി വര്‍ധിക്കുമെന്നതില്‍ സംശയമില്ല. കാര്യങ്ങള്‍ പഠിച്ചറിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കും ജീവിത കാഴ്ചപ്പാടില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകും.''...പറയുക, അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ''(ക്വുര്‍ആന്‍ 39:9).

അറിവ് നേടല്‍ ഒരു സത്യവിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണന്ന് പ്രവാചകന്‍ ﷺ  പഠിപ്പിച്ചിട്ടുണ്ട്. വായിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥത്തിന്റെ വക്താക്കള്‍ എന്റെ വീട്ടില്‍ വായിക്കാനാരുമില്ലെന്ന് പറയുന്നത് ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. വായിക്കാനാളില്ല, സമയമില്ല, പണമില്ല... തുടങ്ങിയ തടസ്സവാദങ്ങള്‍ മതപരമായ വായനയുടെ കാര്യത്തില്‍ മാത്രമെ പലരും ഉന്നയിക്കാറുള്ളൂ. ടി.വി ചാനലുകള്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, അനിവാര്യമല്ലാത്ത ബൈക്ക്-കാര്‍ യാത്രകള്‍, സോഷ്യല്‍ മീഡിയയില്‍ വരുന്ന തമാശകള്‍... പണവും സമയവും ഇങ്ങനെയുള്ള പല വഴികളിലും നാം ഏറെ ചെലവഴിക്കാറുണ്ട് താനും!

ശാശ്വത ജീവിതം പരലോകത്താണ്. അവിടേക്കുള്ള ഒരുക്കത്തിന് വേണ്ടി നാം അറിയേണ്ട ആശയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. ഇഹലോകത്തിന് പ്രാമുഖ്യം നല്‍കുന്നതാണ് മതപരമായ വായനയില്‍ നിന്ന് അകലാന്‍ കാരണം. നാം നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പല വിഷയങ്ങള്‍ക്കുമുള്ള പരിഹാരം നിര്‍ദേശിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും ഒരുപക്ഷേ, നാം വാങ്ങിവെച്ച ആനുകാലിക പ്രസിദ്ധീകരണത്തിലുണ്ടാവും. അതിന്റെ റാപ്പര്‍ പോലും പൊട്ടിക്കാതിരിക്കുകയും തന്റെ പ്രശ്‌നങ്ങളെക്കുറിച്ചോര്‍ത്ത് ദുഃഖിക്കുകയും ചെയ്യുന്നവരെക്കുറിച്ച് എന്ത് പറയാനാണ്?!

ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള വായനക്കും പഠനത്തിനും സമയമില്ലന്ന് പറഞ്ഞ് മാറിനിന്നാല്‍ നമ്മുടെ കര്‍മരേഖ നിര്‍ബന്ധപൂര്‍വം വായിക്കേണ്ടി വരുന്ന ഒരു ദിനത്തില്‍ നാം ഖേദിക്കേണ്ടി വരും. മനുഷ്യന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും ഇളക്കി മാറ്റുന്ന ലിബറല്‍ ചിന്താഗതികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ നേര്‍വഴിയിലേക്കുള്ള വായനയുടെ പ്രസക്തി വര്‍ധിക്കുകയാണ്. കാലാതിവര്‍ത്തിയായ ഇസ്‌ലാമിനെ കാലികമായി പ്രമാണത്തിലൂന്നിയവതരിപ്പിക്കുകയാണ് 'നേര്‍പഥം' വാരിക നിര്‍വഹിക്കുന്ന ദൗത്യം.

നവമ്പര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ അതിന്റെ പ്രചാരണ കാലമാണ്. കേള്‍വി മാത്രമല്ല; വായന കൂടി ഉണ്ടാകുമ്പോഴാണ് ആശയങ്ങള്‍ക്ക് മനസ്സില്‍ സ്ഥിരതയും വ്യക്തതയും ഉണ്ടാകുന്നത്. വിജ്ഞാനസമ്പാദനത്തില്‍ താല്‍കാലിക പരിഹാരമല്ല നാം അന്വേഷിക്കേണ്ടത്. നിരന്തരവും സമയബന്ധിതവും ലക്ഷ്യബോധവുമുള്ള ഒരു വായനാ സംസ്‌കാരത്തിലേക്ക് നാം ഉണര്‍ന്നെഴുന്നേല്‍ക്കണം.