വിലങ്ങുതടികളെ എടുത്തുമാറ്റുക

മൂസ സ്വലാഹി, കാര

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17

മതപരവും സാമൂഹികവുമായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലമത്രയും കേരളീയ സമൂഹത്തില്‍ നേതൃത്വം നല്‍കിയവരാണ് 'മുജാഹിദുകള്‍.''സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്തുടരുന്നവര്‍ എന്ന നിലയില്‍ 'സലഫികള്‍' എന്ന പേരിലും മുജാഹിദുകള്‍ അറിയപ്പെടുന്നു.

മത, വൈജ്ഞാനിക, സാമൂഹിക മേഖലകളിലുള്ള സലഫികളുടെ ശക്തമായ മുന്നേറ്റത്തെ പ്രമാണബദ്ധമായി നേരിടാന്‍ കഴിയാത്ത സമസ്തക്കാര്‍ 'തീവ്രവാദം; സലഫിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന പേരില്‍ ഇയിടെയായി നാടാകെ പ്രചണ്ഡമായ പ്രചാരണം നടത്തുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്! ഇതിന്റെ ഭാഗമായി 2017 ഡിസംബര്‍ 16-31 ലക്കം 'സുന്നിവോയ്‌സി'ല്‍ 'സലഫും മുജാഹിദും  തമ്മിലെന്ത്' എന്ന ശീര്‍ഷകത്തില്‍ വന്ന ലേഖനം വായിച്ചപ്പോള്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നി. 

അബ്ദുല്ല(റ)വില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''എന്റെ തലമുറയാണ് ഉത്തമ തലമുറ. പിന്നീട് അവരെ പിന്‍പറ്റി വരുന്നവര്‍, പിന്നീട് അവരെ പിന്‍പറ്റിവരുന്നവര്‍'' (ബുഖാരി).

വിശ്വാസ-കര്‍മ കാര്യങ്ങളില്‍ അവര്‍ കൈക്കൊണ്ട രീതി ഏതാണോ അതില്‍ തന്നെയാണ് നാം നിലകൊള്ളേണ്ടത്.

അല്ലാഹു പറയുന്നു: ''നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി. അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ'' (ക്വുര്‍ആന്‍ 2:137).

മതപരമായ ഏതു പ്രശ്‌നങ്ങളിലും ശരിയായ പരിഹാരം കണ്ടെത്താനുള്ള ഏക മാര്‍ഗം സച്ചരിതരായ മുന്‍ഗാമികള്‍ മനസ്സിലാക്കിയ പോലെ പ്രമാണങ്ങളെ മനസ്സിലാക്കുക എന്നതാണ്. 

ഇബ്‌നുമസ്ഊദ്(റ) പറയുന്നു: ''നിങ്ങളില്‍ ആരെങ്കിലും മാതൃകയാക്കുന്നുവെങ്കില്‍ മുഹമ്മദ് നബി ﷺ യുടെ സ്വഹാബത്തിനെ മാതൃകയാക്കട്ടെ. അവരാണ് ഈ സമൂഹത്തിലെ ഏറ്റവും നല്ല അവസ്ഥയിലുള്ളവര്‍, അഗാധജ്ഞാനമുള്ളവര്‍, കൃത്രിമത്വം ഒട്ടുമില്ലാത്തവര്‍, നേര്‍മാര്‍ഗത്തില്‍ നിലകൊണ്ടവര്‍. തന്റെ പ്രവാചകന്റെ അനുയായികളാവാന്‍ അല്ലാഹു തെരഞ്ഞെടുത്തവരാണവര്‍. നിങ്ങള്‍ അവരുടെ ശ്രേഷ്ഠത അംഗീകരിക്കണം. അവരുടെ കാല്‍പാടുകളെ നിങ്ങള്‍ പിന്‍പറ്റണം. കാരണം, അവരായിരുന്നു നേര്‍മാര്‍ഗത്തില്‍ നിലകൊണ്ടവര്‍'' (ഇബ്‌നു അബ്ദുല്‍ബര്‍റ്/ജാമിഅ് ബയാനില്‍ ഇല്‍മ്/1810). 

ഇമാമുസ്സുന്ന അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) പറഞ്ഞു: ''നമ്മുടെ അടുക്കല്‍ സുന്നത്തിന്റെ അടിസ്ഥാനമെന്നത് നബി ﷺ യുടെ അനുചരന്മാര്‍ നിലകൊണ്ട മാര്‍ഗം മുറുകെ പിടിക്കലും അവരുടെ മാതൃക പിന്‍പറ്റലുമാണ്'' (ഉസൂലുസ്സുന്ന). 

ഈ അര്‍ഥത്തില്‍ പരിശോധിച്ചാല്‍ സത്യസന്ധമായി മുന്‍ഗാമികളെ പിന്‍പറ്റുന്നവര്‍ അന്നും ഇന്നും എന്നും സലഫികള്‍ മാത്രമായിരിക്കും. 

വിമര്‍ശകന്റെ സലഫി വിരോധവും നിരര്‍ഥക വാദവും നിറഞ്ഞ വരികള്‍ കാണുക:

1. ''പ്രമാണങ്ങളെ പൂര്‍വ്വ സൂരികള്‍ കാണിച്ച വഴിയിലൂടെ വായിക്കാന്‍ തയ്യാറാവാത്തതും മുന്‍ഗാമികളെ തള്ളിപറഞ്ഞു കൊണ്ടുള്ള സ്വതന്ത്ര വായന നടത്തുന്നതുമാണ് മുജാഹിദുകളുടെ കുഴപ്പം. സലഫുകളുടെ അഭിപ്രായങ്ങളെ നിര്‍ലജ്ജം തള്ളുകയും അതാണു തങ്ങളുടെ ശൈലിയെന്ന് ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്ന വഹാബിസത്തിനു സലഫിധാരയവകാശപ്പെടാന്‍ ഒരര്‍ഹതയുമില്ല'' (സുന്നിവോയ്‌സ്, 2017 ഡിസംബര്‍ 16-31, പേജ് 17).

ശുദ്ധമായ നുണയെന്നല്ലാതെ ഇതിനെപ്പറ്റി മറ്റെന്തു പറയാന്‍? ലോകവ്യാപകമായി ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാന്ന ശീഈ-സ്വൂഫീ കൂട്ടുകെട്ടിന്റെ കേരള പതിപ്പായ സമസ്തക്കെന്ത് മുന്‍ഗാമികള്‍. അല്ലാഹുവിന്ന് മാത്രമായിട്ടുള്ള അവകാശത്തെ അവനല്ലാത്തവര്‍ക്ക് നല്‍കാന്‍ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ചും ദുര്‍ബലവും നിര്‍മിതവുമായ തെളിവുകള്‍ തേടിപ്പിടിച്ചും അല്ലാഹുവിന്റെ ചില നാമഗുണ വിശേഷണങ്ങളെ നിഷേധിച്ചും പരിഹസിച്ചും മദ്ഹബി പക്ഷപാതിത്വം തലയ്ക്ക് പിടിച്ച് അന്ധമായ അനുകരണത്തില്‍ അണികളെ തളച്ചിട്ടും ദീനിലില്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍ പഠിപ്പിച്ചും നടക്കുന്ന ഇക്കൂട്ടര്‍ക്ക് ഏത് സലഫുകളാണാവോ മാതൃകയായിട്ടുള്ളത്. യാഥാര്‍ഥ്യങ്ങളെ മറച്ചുവെച്ചുകൊണ്ടുള്ള ആരോപണങ്ങള്‍ക്ക് വിവേകമുള്ളവര്‍ വിലകൊടുക്കില്ലെന്നാണ് ഉണര്‍ത്താനുള്ളത്.

2. ''പതിനെട്ടാം നൂറ്റാണ്ടില്‍ ഇബ്‌നു അബ്ദില്‍ വഹാബ് ആലു സഊദ് ഭരണകൂടത്തിന്റെ സഹായത്തോടെ കെട്ടിപ്പടുത്ത ഒരു സ്വതന്ത്രചിന്താ പ്രസ്ഥാനമാണ് വഹാബിസം.

അധികാരമുപയോഗിച്ചു വക്രമായ ചിന്താഗതിയെ സമൂഹത്തിനുമേല്‍ അടിച്ചേല്‍പിച്ച പ്രസ്ഥാനമാണത്. അബദ്ധജടിലമായ വാദഗതികളും ബുദ്ധിശൂന്യമായ നിലപാടുകളും നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന ആശയങ്ങളും കൈക്കൊള്ളുന്ന മതത്തിലെ അവാന്തര വിഭാഗങ്ങള്‍ സലഫുസ്സ്വാലിഹുകളുടെ പരമ്പര്യമവകാശപ്പെടുന്നത് ആടിനെ പട്ടിയാക്കുന്ന രാസവിദ്യയാണ്'' (പേജ് 18).

സത്യത്തോടും അതിന്റെ അനുയായികളോടും എക്കാലത്തും പുരോഹിതന്മാര്‍ അരിശം തീര്‍ത്തത് ഇങ്ങനെയാണ്. ഹിജ്‌റ 1150കളില്‍ മതസാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ശക്തിയുക്തം പോരാടിയ നവോത്ഥാന നായകനാണ് ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹ്ഹാബ്(റഹി). ഇസ്‌ലാം വിരോധിച്ച ക്വബ്‌റാരാധനയെയും മറ്റു ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളെയും പ്രാമാണികമായി എതിര്‍ത്തുനിന്നു എന്നതാണ് അദ്ദേഹത്തെ ശത്രുവായി കാണുവാന്‍ കാരണം. 

ഇസ്‌ലാമിക ചരിത്രത്തില്‍ സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നിന്നവരിലൂടെ സലഫികള്‍ അറിയപ്പെടുന്നു എന്നത് സമസ്തക്കാര്‍ക്ക് സഹിക്കുന്നില്ല. തൗഹീദും ക്വുര്‍ആനും സുന്നത്തുമൊന്നും ഇവരുടെ അജണ്ടയില്‍ പെട്ടതുമല്ല. 

3. ''തങ്ങളാണ് കറകളഞ്ഞ തൗഹീദിന്റെ വക്താക്കളെന്നും അമ്പിയാക്കളോടും ഔലിയാക്കളോടും സഹായം ചോദിക്കുന്നവര്‍ സമ്പൂര്‍ണ്ണ മുശ്‌രിക്കുകളാണെന്നും അവരെ കൊന്നൊടുക്കുന്നത് മതപരമായ ബാധ്യതയാണെന്നും അവര്‍ നാടാകെ പ്രചരിപ്പിക്കുകയും അതിനു വേണ്ടി ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു ജനങ്ങളെ വഞ്ചിക്കുകയുമായിരുന്നു'' (പേജ് 19).

മുഖ്യപരിഗണന തൗഹീദിന് നല്‍കിക്കൊണ്ട് തന്നെയാണ് യഥാര്‍ഥ മുജാഹിദുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ അത് ശിര്‍ക്കാണെന്ന് സമൂഹത്തെ പഠിപ്പിക്കല്‍ തങ്ങളുടെ ബാധ്യതയായി കാണുന്നവരാണ് മുജാഹിദുകള്‍. ശിര്‍ക്ക് ചെയ്യുന്നവരെ കൊന്നൊടുക്കല്‍ ബാധ്യതയായി കാണുന്നവരാണ് മുജാഹിദുകള്‍ എന്ന വിമര്‍ശകന്റെ വാക്കുകള്‍ മാത്രം മതി അദ്ദേഹം അസത്യം സ്ഥാപിക്കുവാന്‍ ഒരുങ്ങിപ്പുറപ്പെട്ട വ്യക്തിയാണെന്നതിന് തെളിവായി. അത് തെളിയിക്കുവാന്‍ കഴിയാത്ത വ്യാജ ആരോപണമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? 

തൗഹീദില്‍ മായം കലര്‍ത്തിയവരില്‍ 'വമ്പന്മാര്‍' സമസ്തക്കാര്‍ തന്നെയാണല്ലോ. പ്രാര്‍ഥനയും സഹായതേട്ടവും നേര്‍ച്ച വഴിപാടുകളുമൊക്കെ അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ജാറങ്ങളിലേക്കും വഴിതിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത് ഇവരാണ്. ഇതിനായി പ്രമാണങ്ങളെ ദുരുപയോഗം ചെയ്തു. ഇത്തരം തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുന്നതിനെ കൊന്നൊടുക്കലായി ചിത്രീകരിക്കുന്ന ഈ വിഭാഗം സ്വയം മെനഞ്ഞെടുത്ത ആശയങ്ങളുടെ സംരക്ഷണത്തിനായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ആരുമറിയില്ലെന്നാണോ വിചാരിക്കുന്നത്?  

4. ''അന്ധമായ തഖ്‌ലീദിന് പകരം ഇജ്ദിഹാദിന്റെ കവാടങ്ങള്‍ തുറന്നുവെക്കണമെന്ന സലഫി ചിന്താധാര വികലമായ ഇജ്തിഹാദിന്റെ അസംബന്ധമായ അഭിപ്രായ പ്രകടനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. അങ്ങനെയാണ് കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങളും ആശയകാലുഷ്യങ്ങളും വഹാബി പ്രസ്ഥാനത്തില്‍ ഉടലെടുത്തത്'' (പേജ് 19).

ഒരു പണ്ഡിതനെയും അന്ധമായി അനുകരിക്കുവാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നില്ല. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ തെളിവുകളുടെ വെളിച്ചത്തില്‍ മതവിഷയങ്ങള്‍ പഠിക്കുവാനും പകര്‍ത്തുവാനുമാണ് നര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ യാതൊരു തെളിവുമില്ലെങ്കിലും തെളിച്ചമുള്ള പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും പണ്ഡിത പുരോഹിതന്മാര്‍ പറയുന്നത് അപ്പടി അനുസരിക്കണമെന്ന വാദമാണ് സമസ്ത വെച്ചുപുലര്‍ത്തുന്നത്. ഇജ്തിഹാദിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെട്ടിട്ടുണ്ടെന്ന് പറയുകയും അതേസമയം ശിര്‍ക്കിലേക്ക് ജനങ്ങളെ നയിക്കുവാനായി, ലോകത്ത് കഴിഞ്ഞുപോയ ഒരുപണ്ഡിതനും പറയാത്ത വിശദീകരണം ചില ക്വുര്‍ആന്‍ വചനങ്ങള്‍ക്ക് നല്‍കി ഇജ്തിഹാദിന്റെ വാതിലുകള്‍ ചവിട്ടുത്തുറക്കുന്നവര്‍ക്ക് മുജാഹിദുകളെ വിമര്‍ശിക്കുവാന്‍ എന്ത് അര്‍ഹതയാണുള്ളത്? 

ലോകാടിസ്ഥാനത്തില്‍ തന്നെ പുത്തന്‍ വിശ്വാസാചാരങ്ങളുടെ മൊത്തക്കച്ചവടക്കാരും സ്വൂഫികളില്‍ പ്രമുഖരുമായ സൈനീദഹ്‌ലന്‍, യൂസുഫ് നബ്ഹാന്‍ എന്നിവരെ ആചാര്യന്‍മാരായി കാണുന്നവരാണല്ലോ സമസ്തക്കാര്‍. ശാഫിഈ മദ്ഹബിന്റെ പേരില്‍ ദീനില്‍ പുതുതായി ഉണ്ടാക്കുന്ന സകല കാര്യങ്ങളെയും വെള്ളപൂശാന്‍ പെടാപാട് പെടുന്ന ഇവര്‍ക്ക് മതത്തിന്റെ യഥാര്‍ഥ പ്രമാണങ്ങളോട് എന്ത് അടുപ്പമാണുള്ളതെന്ന് സമൂഹം തിരിച്ചറിയുന്നുണ്ട്. പ്രമാണങ്ങളെ ശരിയാം വിധം ഉള്‍ക്കൊണ്ട സലഫുകളുടെ സരണിയെ പിന്‍പറ്റുന്ന യഥാര്‍ഥ സലഫികള്‍ക്കിടയില്‍ യാതൊരു ആശയ വൈകല്യവും ഉണ്ടായിട്ടില്ല. ഉണ്ടെന്ന് തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല.

5. ''വഹാബി പ്രസ്ഥാനത്തിന്റെ ആഗമനം തന്നെ തീവ്രവും ഭീകരവുമായ നരനായാട്ടു നടത്തിയായിരുന്നു. അതുകൊണ്ട് തന്നെയാണ് പലരും അതിനെ രക്ത പ്രസ്ഥാനമെന്നു പേരു വിളിച്ചതും'' (പേജ് 18).

ശീഈ ചിന്താഗതികളാലും മതരാഷ്ട്രവാദികളാലും കേരളത്തില്‍ തലയെടുക്കാന്‍ ശ്രമിച്ച തീവ്രവാദസ്വഭാവങ്ങളെ മുളയിലേ നുള്ളിക്കളയാന്‍ പരിശ്രമിച്ച പാരമ്പര്യമാണ് മുജാഹിദുകളുടേത്. കെ.എം മൗലവി, കെ ഉമര്‍ മൗലവി, ഇ.കെ മൊയ്തു മൗലവി തുടങ്ങിയ പണ്ഡിതര്‍ ഈ രംഗത്ത് ചെയ്ത സേവനവും ത്യാഗവും ചെറുതല്ല. 1996 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് ധ്വംസനമുണ്ടായപ്പോള്‍ രാജ്യമൊട്ടാകെ ഭീതിയുടെ മുള്‍മുനയിലായിരുന്നു. ആ പ്രതിസന്ധി ഘട്ടത്തില്‍ അതേമാസം തന്നെ 'മതം മനുഷ്യ സൗഹാര്‍ദത്തിന്' എന്ന സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മുജാഹിദുകള്‍ കേരളീയ സമൂഹത്തില്‍ നടത്തിയ മാതൃകാപരമായ മുന്നേറ്റത്തിനും തുടര്‍പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നെലകളിലെ ഉദ്ബുദ്ധ സമൂഹം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അന്നും സലഫകളില്‍ തീവ്രവാദം മണത്തു നോക്കാന്‍ 'തറവേലകളു'മായി വേഷം മാറി രംഗത്തെിയത് ഇക്കൂട്ടര്‍ തന്നെയായിരുന്നു.

ഇസ്‌ലാമിനെ അതിന്റെ 'തനിമയില്‍' സമൂഹത്തിന് പകര്‍ന്ന് നല്‍കുക എന്നത് തീവ്രതയോ ഭീകരതയോ അല്ല.  അത് സമാധാനമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ്. പൗരോഹിത്യത്തിന്റെ അക്രമാസക്തമായഇടപെടലുകളും കപട ആത്മീയതയുടെ വക്താക്കളും എന്നും സത്യസന്ധമായ ദൗത്യനിര്‍വഹണത്തിന് വിലങ്ങുതടികളായിട്ടുണ്ട്. മുസ്‌ലിംകള്‍ സമര്‍പ്പണ ബോധമുള്ളവരും ത്യാഗസന്നദ്ധതയുള്ളവരുമായി മാറുകയും പ്രബോധനവീഥിയില്‍ മുന്നേറുകയും ചെയ്ത് ഈ വിലങ്ങുതടികളെ എടുത്തുമാറ്റേണ്ടതുണ്ട്.