ഈ വിശ്വാസങ്ങള്‍ ഏത് പ്രമാണത്തിലേക്കാണ് ലിങ്ക് ചെയ്തിട്ടുള്ളത്?

ഫദ്‌ലുല്‍ ഹഖ് ഉമരി

2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28

ഇസ്‌ലാമിന്റെ ഉന്നതമായ ആശയാദര്‍ശങ്ങളെ വക്രീകരിച്ച്, സമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ നിലനിര്‍ത്തി, ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന പൗരോഹിത്യം എക്കാലത്തും ഉണ്ടായിട്ടുണ്ട്. അഹ്‌ലുകിതാബിലെ പണ്ഡിതന്മാരെ ആ നിലയ്ക്കാണ് അല്ലാഹു പരിചയപ്പെടുത്തിയത്. അതേ സ്ഥാനത്ത് സത്യത്തോടൊപ്പം നിന്ന് പ്രമാണബദ്ധമായ നിലപാടുകളെ സ്വീകരിക്കുന്നവരും എന്നും സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. അവര്‍ എക്കാലത്തും അവഗണിക്കപ്പെട്ടിട്ടുമുണ്ട്. സത്യത്തെ സ്വീകരിച്ചവരെക്കുറിച്ച് അസത്യത്തിന്റെ ആളുകളെന്നും വിവരമില്ലാത്തവരെന്നും ഭിന്നിപ്പിക്കുന്നവരെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ചരിത്രത്തിലെ ആവര്‍ത്തനങ്ങളാണ്. ഈ ദുരാരോപണത്തിന്റെ ഇന്നത്തെ വാഹകരാണ് യാഥാസ്ഥിതിക വിഭാഗം.

വ്യക്തികള്‍ നേതൃത്വം കൊടുക്കുന്ന കക്ഷികളായും എണ്ണിയാല്‍ ഒടുങ്ങാത്ത ത്വരീക്വത്തുകളായും കേരള സമൂഹത്തില്‍ ശിര്‍ക്കും ബിദ്അത്തും പ്രചരിപ്പിച്ച്, ജൂത ക്രൈസ്തവരുടെ മതാചാരങ്ങളും സംസ്‌കാരങ്ങളും സ്വന്തമാക്കി, അഹ്‌ലുസ്സുന്നയുടെ പേര് ദുരുപയോഗം ചെയ്ത്, ശിയാവിശ്വാസങ്ങളില്‍ മുങ്ങിക്കുളിച്ച ഒരു വിഭാഗം. 

അവരുടെ നിലനില്‍പിന് തടസ്സമാണ് മുജാഹിദുകളുടെ തൗഹീദിന്റെയും സുന്നത്തിന്റെയും പ്രബോധനം എന്ന് നല്ലപോലെ മനസ്സിലാക്കിയത് കൊണ്ട് മുജാഹിദുകള്‍ പിഴച്ചവരാണ് എന്നും ഞങ്ങള്‍ സമസ്തക്കാര്‍ നബി ﷺ യിലേക്ക് എത്തുന്ന പാരമ്പര്യമുള്ളവരാണ് എന്നും പലപ്പോഴും പറഞ്ഞും എഴുതിയും സമര്‍ഥിക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് അമ്പലക്കടവ് ഫൈസി. 

ഞങ്ങള്‍ സുന്നത്ത് ജമാഅത്തിന്റെ ആളുകള്‍ അല്ല എന്ന് സ്വയം തോന്നുമ്പോള്‍ ഒരു പേനയെടുത്ത് ഞങ്ങള്‍ സുന്നത്ത് ജമാഅത്തിന്റെ ആളുകളാണേ, ഞങ്ങള്‍ പാരമ്പര്യമുള്ളവരാണേ എന്നൊക്കെ ചില പത്രങ്ങളില്‍ അദ്ദേഹം എഴുതിവിടാറുണ്ട്. അങ്ങനെയിരിക്കെയാണ് രണ്ട് ദിവസം മുമ്പ് ആധാര്‍ ബന്ധിപ്പിക്കാന്‍ വേണ്ടി പേനയുമായി ഇറങ്ങിത്തിരിച്ചത്. അവിടെയും ഫൈസി തന്റെ പാരമ്പര്യവാദം എടുത്ത് കാട്ടി. 

ഫൈസി എഴുതി: ''പാരമ്പര്യ മുസ്‌ലിംകള്‍ ആയ സുന്നികള്‍ മുസ്‌ലിംകള്‍ അല്ലെന്നും ബഹുദൈവ വിശ്വാസികള്‍ ആണെന്നും അവര്‍ സിദ്ധാന്തിച്ചു.'' 

''ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങള്‍ ആയ ക്വുര്‍ആനും സുന്നത്തും സച്ചരിതരായ മുന്‍ഗാമികള്‍ വ്യാഖ്യാനിച്ച മദ്ഹബുകളില്‍ ക്രോഡീകരിച്ച മതവിധികളും പിന്‍പറ്റി സൂക്ഷ്മതയോടെ ജീവിക്കുന്ന കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നതയുടെ വിഷബീജം വിതക്കുകയായിരുന്നു അവര്‍.'' 

മുജാഹിദുകളെക്കുറിച്ച് കുറെ നുണകളും ആരോപണങ്ങളും ഈ വരികള്‍ക്കിടയിലൂടെ ഫൈസി തൊടുത്ത് വിടുന്നുണ്ട്. കളവ് പറഞ്ഞാലേ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും പൊതുജനങ്ങളെ പിടിച്ചുനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്നും ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഉസ്താദുമാര്‍ പഠിപ്പിച്ചിട്ടുണ്ടാകാം. അത് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതായിരിക്കാം ഈ വരികളിലൂടെ.

സത്യത്തില്‍ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തിയ കാരണത്താല്‍ കൂറ്റനാട് മുസ്‌ലിയാരെക്കുറിച്ച് കാഫിറെന്നും മുര്‍തദ്ദെന്നും പറയുകയും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെക്കുറിച്ച് സി.എം. മടവൂര്‍ കഫറ എന്ന് പറഞ്ഞിട്ടുണ്ടെന്ന് ഉള്ളാല്‍ തങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ആര് ആരെയാണ് കാഫിറെന്ന് വിളിച്ചത് എന്ന് കേരള ജനത മനസ്സിലാക്കിയതാണ്. 

ഞങ്ങള്‍ പാരമ്പര്യമുള്ള ആളുകളാണെന്ന് ഫൈസി ഇടക്കിടക്ക് ആവര്‍ത്തിക്കുന്നതിനാല്‍ ഇന്ന് സമസ്തക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന പലതിന്റെയും പാരമ്പര്യം എവിടം വരെ എത്തുന്നു എന്നും അതിന്റെയെല്ലാം ആധാരം ഏത് പ്രമാണങ്ങളിലേക്ക് ബന്ധിപ്പിക്കണമെന്നും വ്യക്തമാക്കേണ്ടിവന്നിരിക്കുന്നു.  മുസ്‌ലിയാക്കന്മാര്‍ അത് മനസ്സിലാക്കുകയോ, മനസ്സിലായാലും ഉള്‍ക്കൊള്ളുകയോ ചെയ്യാന്‍ സാധ്യത കുറവാണ്. എന്നാല്‍ സാധാരണക്കാരെങ്കിലും അത് അറിയുകയും ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനു വേണ്ടി ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്. 

ഇസ്‌ലാമിന്റെ അടിത്തറയാണല്ലോ തൗഹീദ്. അല്ലാഹുവിനെ ഏകനാക്കുക എന്നതാണ് തൗഹീദ്. ഉലൂഹിയത്തിലും റൂബൂബിയ്യത്തിലും നാമഗുണ വിശേഷണങ്ങളിലുമെല്ലാം അല്ലാഹു ഏകനാണ്. പക്ഷേ, തൗഹീദിന്റെ ഈ മൂന്ന് ഇനങ്ങളിലും സമസ്തയിലെ പുരോഹിതന്മാര്‍ അല്ലാഹുവില്‍ പങ്കുചേര്‍ത്തു. അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങള്‍ ഉള്ളതു പോലെ മുഹ്‌യുദ്ദീന്‍ ശൈഖിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങള്‍ ഉണ്ട്. അല്ലാഹു ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞാല്‍ അത് ഉണ്ടാകും എന്നത് പോലെ മുഹ്‌യുദ്ദീന്‍ ശൈഖ് ഒരു വസ്തുവിനെ നോക്കിയിട്ട് 'ആകെന്ന് ചൊല്‍കില്‍ ആകും അതെന്നോവര്‍' എന്ന് ഇവര്‍ വിശ്വസിക്കുന്നു. 

അല്ലാഹു കാണുന്നത് പോലെ ഔലിയാക്കള്‍ കാണുകയും കേള്‍ക്കുകയും ചെയ്യും എന്നൊക്കെത്തുടങ്ങി അല്ലാഹുവിന്റെ സവിശേഷതകള്‍ക്ക് ഒരു വിലയും കല്‍പിക്കാതെ അതൊക്കെ എല്ലാവര്‍ക്കും വകവെച്ച് കൊടുക്കുന്ന ഈ പിഴച്ച വിശ്വാസത്തിന് എന്ത് പാരമ്പര്യമാണുള്ളത് ഫൈസീ...? ഈ പിഴച്ച വിശ്വാസങ്ങള്‍ നിങ്ങള്‍ ഏത് പ്രമാണത്തിലേക്ക് ബന്ധിപ്പിക്കും?

ഭൂമിയിലെ ചെടികള്‍, മണല്‍തരികള്‍, കടലിലെ തിരമാലകള്‍, അല്ലാഹുവിന്റെ അറിവുകള്‍, ലൗഹുല്‍ മഹ്ഫൂളിലെ അറിവുകള്‍ തുടങ്ങിയവയെല്ലാം മുഹ്‌യുദ്ദീന്‍ ശൈഖിന് അറിയാമെന്ന് വിശ്വസിക്കുന്ന നിങ്ങള്‍ക്ക് ഇതിന്റെ നബി ﷺ  വരെയുള്ള വിശ്വാസ പാരമ്പര്യം തെളിയിക്കാന്‍ സാധ്യമാണോ ഫൈസീ?

ചുരുക്കത്തില്‍ അല്ലാഹുവിന്റെ മാത്രം കഴിവുകള്‍ ആയ 'എല്ലാം കാണുക, എല്ലാം അറിയുക' തുടങ്ങിയവയൊക്കെ മുഹ്‌യുദ്ദീന്‍ ശൈഖിനുമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ക്ക് ഒരു പാരമ്പര്യം പറഞ്ഞു തരാമോ? എന്തിനാണ് പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് മുസ്‌ലിം സമൂഹത്തെ നിങ്ങള്‍ നരകത്തിലേക്ക് കൊണ്ടു പോകുന്നത്? 

തൗഹീദുല്‍ ഉലൂഹിയ്യത്തിലും നിങ്ങള്‍ക്ക് പിഴച്ചു. പ്രവാചകന്മാര്‍ മുഴുവനും കടന്നുവന്നത് പ്രധാനമായും 'ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണം' എന്ന് പഠിപ്പിക്കാനായിരുന്നു. ആ ആരാധന യുടെ പ്രധാന ഘടകമാണ് പ്രാര്‍ഥന. നമസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയ കര്‍മങ്ങളെല്ലാം അല്ലാഹുവിന് മാത്രം എന്ന പോലെ പ്രാര്‍ഥനയും അല്ലാഹുവോട് മാത്രം എന്നാണ് ഇസ്‌ലാമികാധ്യാപനം. അതിനര്‍ഹതപ്പെട്ടവന്‍ അല്ലാഹു മാത്രം. ക്വുര്‍ആനിലെ എത്രയെത്ര ആയത്തുകളിലൂടെയാണ് അല്ലാഹു ഈ ആശയം പഠിപ്പിച്ചിട്ടുള്ളത്! അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിച്ചാല്‍ നരകമാണ്, സ്വര്‍ഗം നിഷിദ്ധമാണ്, അങ്ങനെ ചെയ്യുന്നവന്‍ ഏറ്റവും വലിയ വഴിപിഴച്ചവനാണ്, അവരുടെ കര്‍മങ്ങള്‍ തകര്‍ന്ന് പോകും, നരകത്തില്‍ ശാശ്വതമാണ്...എന്നെല്ലാം ക്വുര്‍ആനില്‍ കാണാം. എന്നിട്ടും ഫൈസീ, നിങ്ങള്‍ സമൂഹത്തോട് പറയുന്നതും പഠിപ്പിക്കുന്നതും എന്താണ്? 

''മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ സഹായിക്കണേ എന്നിങ്ങിനെ മരിച്ച് പോയവരെ വിളിച്ച് പ്രാര്‍ഥിക്കും. നബി ﷺ യെ മറികടന്ന് അല്ലാഹുവിനോട് നേരിട്ട് പ്രാര്‍ഥിക്കാന്‍ നമ്മളാര്?''

''അല്ലാഹുവോട് ചോദിച്ചാല്‍ ഉത്തരം ചെയ്യുന്നവന്‍ മുഹ്‌യുദ്ദീന്‍ ശൈഖ്, മുഹ്‌യുദ്ദീന്‍ ശൈഖിനോട് ചോദിച്ചാല്‍ ഉത്തരം നല്‍കുന്നവന്‍ അല്ലാഹു. പിന്നെ എന്ത് പ്രശ്‌നം?'' 

''ഔലിയാക്കളോട് ചോദിക്കുന്നതാണ് അല്ലാഹുവോട് ചോദിക്കുന്നതിനെക്കാള്‍ ഉത്തരം കിട്ടാന്‍ എളുപ്പം.''

''അല്ലാഹുവോട് ചോദിച്ചാല്‍ ലോക്കല്‍ കെ. എസ്. ആര്‍. ടി. സി ബസ്സില്‍ കയറിയ പോലെ, അല്ലാഹു അല്ലാത്തവരോട് ചോദിച്ചാല്‍ ബെന്‍സ് കാറില്‍ കയറിയതു പോലെയും...'' ഇങ്ങനെയുള്ള കുഫ്‌റിന്റെ വാദങ്ങള്‍ ഉന്നയിക്കുന്ന സമസ്തക്ക് നേതൃത്വം കൊടുക്കുന്ന ഫൈസീ എന്ത് അവകാശം നിങ്ങള്‍ക്ക് ഇസ്‌ലാമിന്റെ വിശ്വാസ പാരമ്പര്യം പറയാന്‍? 

അബൂജഹലിലേക്ക് പോലും ബന്ധിപ്പിക്കാന്‍ സാധിക്കാത്തതാണ് നിങ്ങള്‍ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍. കാരണം മഴ ഇറക്കുന്നത് ഇബ്‌റാഹീം നബി(അ) ആണെന്ന് അബൂജഹല്‍ പോലും പറഞ്ഞിട്ടില്ല. എന്നാല്‍ മഴ ഇറക്കുന്നത് മുഹ്‌യുദ്ദീന്‍ ശൈഖാണെന്ന് നിങ്ങള്‍ ഖുത്വുബിയ്യത്തിലൂടെ മുസ്‌ലിം സമൂഹത്തെക്കൊണ്ട് ചൊല്ലിപ്പിച്ചുകൊണ്ടിരിക്കുന്നു. വലിയ പ്രയാസങ്ങളും ദുരിതങ്ങളും, കടലില്‍ കുടുങ്ങിപ്പോകുക പോലുള്ള കഷ്ടപ്പാടുകളും വന്നാല്‍ അബൂജഹല്‍ വിളിച്ചിരുന്നത് അല്ലാഹുവിനെയായിരുന്നെങ്കില്‍ നിപ്പാ വൈറസ് പോലെയുള്ള വലിയ ദുരന്തങ്ങള്‍ വന്നപ്പോള്‍ നിങ്ങള്‍ സമൂഹത്തോട് പറഞ്ഞത് നബി ﷺ യെ വിളിച്ച് പ്രാര്‍ഥിക്കുന്ന മങ്കൂസും ബദ്‌രീങ്ങളെ വിളിച്ച് പ്രാര്‍ഥിക്കുന്ന ബദ്ര്‍ മൗലിദും ചൊല്ലാനാണ്. അതാണ് അബൂജഹല്‍ പോലും സമ്മതിക്കാത്ത ആധാരമാണ് നിങ്ങളുടെ കയ്യിലുള്ളതെന്ന് ഞാന്‍ പറയാന്‍ കാരണം. ഇത്രയും വൃത്തികെട്ട വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്ന നിങ്ങളാണോ മുജാഹിദുകളുടെ തൗഹീദ് പിഴച്ചു എന്ന് പറഞ്ഞ് നടക്കുന്നത്?

മുകളില്‍ പറഞ്ഞത് പോലെ നിങ്ങള്‍ ഇന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ഒരു വിശ്വാസം നബി ﷺ ക്കോ സ്വഹാബികള്‍ക്കോ ഉണ്ടായിരുന്നോ? 

ആദം നബി(അ) മുതല്‍ ഒട്ടനവധി നബിമാര്‍ കഴിഞ്ഞ് പോയിട്ടുണ്ടല്ലോ. അവരില്‍ ആരോടെങ്കിലും നബി ﷺ യോ സ്വഹാബികളോ പ്രാര്‍ഥിച്ചതായി ഒരു വരി ഇസ്‌ലാമിക പ്രമാണങ്ങളില്‍ കാണിച്ച് തരാന്‍ സാധ്യമാണോ? 

നിങ്ങളുടെ പാരമ്പര്യം കൃത്യമായ ഇസ്‌ലാമിക പാരമ്പര്യമല്ല; നിങ്ങളില്‍ തന്നെ ഒതുങ്ങുന്ന പാരമ്പര്യമാണ്. അല്ലാഹുവിനെക്കുറിച്ചുള്ള വിശ്വാസത്തില്‍ പോലും ആഴമേറിയ പിഴവാണ് സമൂഹത്തില്‍ ഫൈസീ നിങ്ങളെപ്പോലുള്ളവര്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് ചിലത് സൂചിപ്പിക്കട്ടെ:

''ഔലിയാക്കളെല്ലാം അല്ലാഹുവിന്റെ തനി സമ്പൂര്‍ണ വെളിപ്പെടലുകള്‍ തന്നെ'' (വഹ്ദത്തുമാല വ്യാഖ്യാനം, പേജ് 17).

''ഞാനും നീയെന്നുമില്ല. ഉള്ളത് അല്ലാഹു മാത്രം. അവന്‍ തന്നെയാണ് ആരാധിക്കുന്നതും ആരാധ്യനും സ്മരിക്കുന്നതും സ്മരിക്കപ്പെടുന്നതും''(വഹ്ദത്തുമാല വ്യാഖ്യാനം, പേജ് 121). 

ഫൈസീ, കുഫ്‌റല്ലേ ഈ പറയുന്നതൊക്കെ? ഇത് മുസ്‌ലിംകളുടെ വിശ്വാസമല്ല. ഇത് സാക്ഷാല്‍ അദ്വൈത വാദമാണ്. ഇതാണോ സുന്നത്ത് ജമാഅത്ത്? ഏത് സ്വഹാബിയാണ് ഇത് പഠിപ്പിച്ചത്? 

തീര്‍ന്നില്ല; ഇനിയും വായിച്ചോളൂ: ''ഞാന്‍ ആദമില്‍ എന്റെ ആത്മാവിനെ ഊതി. (ക്വുര്‍ആന്‍) അല്ലാഹുവിന്റെ ആത്മാവ് എന്നാല്‍ അല്ലാഹു തന്നെയാണ്. അപ്പോള്‍ ഈ ആയത്തിനര്‍ഥം അല്ലാഹു ആദമിലൂടെ വെളിപ്പെട്ടു എന്നാണ്'' (ശത്വരീയ ത്വരീഖത്ത്  കെ. വി, എം, പേജ് 160). 

''മുത്ത് നബി ﷺ യിലൂടെ മക്കത്ത് ഉദിച്ചത് അല്ലാഹവിന്റെ പരസത്തയാണ്''(വഹ്ദത്തുമാല വ്യഖ്യാനം, പേജ് 55).

''അഹ്മദിലെ മീമു പോയാല്‍ അഹദായി. അഹദില്‍ മീമു ചേര്‍ന്നാല്‍ അഹ്മദുമായി'' (വഹ്ദത്തുമാല വ്യഖ്യാനം, പേജ് 45).

ഇത്തരം സത്യനിഷേധത്തിന്റെ വിശ്വാസങ്ങള്‍ കൊണ്ട് നടക്കുന്ന നിങ്ങള്‍ക്ക് അഹ്‌ലുസ്സുന്നയുടെ പാരമ്പര്യം പറയാനേ അവകാശമില്ല ഫൈസീ...

അല്ലെങ്കില്‍ നിങ്ങള്‍ പറയണം; ഈ വിശ്വാസങ്ങള്‍ ഇന്ന ഹദീഥിലുണ്ട്, ഇന്ന സ്വഹാബി പഠിപ്പിച്ചു, താബിഅ് പഠിപ്പിച്ചു, ഇന്ന മദ്ഹബിന്റെ ഇമാം പഠിപ്പിച്ചു...എന്നൊക്കെ. കഴിയുമോ ഫൈസിക്ക് തെളിവുദ്ധരിക്കാന്‍? അല്ലെങ്കില്‍ ഇതൊന്നും ഞങ്ങളുടെ വിശ്വാസമല്ലെന്ന് തുറന്ന് പറയൂ.

നബി ﷺ യെക്കുറിച്ചുള്ള നിങ്ങളുടെ വിശ്വാസത്തിലും പിഴവുണ്ട്:

''ഇബ്‌റാഹീം നബി(അ)യെ തീയിലിട്ടപ്പോള്‍ ഞാനാണ് തീ കെടുത്തിയത് എന്ന് മുത്ത് നബി പറഞ്ഞു. ഞാനാണ് ചെയ്തതെന്ന് ഗൗസുല്‍ അഅ്‌ളമും പറഞ്ഞു. രണ്ടാളും അവിടെ ഉണ്ടായിരുന്നുവോ? ഇല്ല; ഒരാള്‍ മാത്രം! പിന്നെ രണ്ടാളും അങ്ങനെ പറഞ്ഞതോ? രണ്ടും സത്യം. കാരണം മുത്ത് നബിയും ഗൗസുല്‍ അഅ്‌ളമും രണ്ടല്ല; ഒന്നാണ്'' (വഹ്ദത്തുമാല വ്യാഖ്യാനം, പേജ് 46). 

ഇതൊക്കെ ഏത് ഇസ്‌ലാമിക പ്രമാണങ്ങളിലേക്കാണ് ബന്ധിപ്പിക്കുക? 

സമസ്തയുടെ പിഴച്ച വിശ്വാസങ്ങളിലെ ചില തുള്ളികള്‍ മാത്രമാണ് നാം മുകളില്‍ കണ്ടത്. കര്‍മാനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചാല്‍ ബിദ്അത്തുകളുടെ കടല്‍ തന്നെ കാണാം. സമസ്ത നിലനില്‍ക്കുന്നത് തന്നെ ഇത്തരം ബിദ്അത്തുകളെ നിലനിര്‍ത്താനും അവയെ അരക്കിട്ടുറപ്പിക്കാനും വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഇനി ഞാന്‍ എണ്ണിപ്പറയാന്‍ പോകുന്ന കാര്യങ്ങളുടെ പാരമ്പര്യം ഫൈസി (ഇനി എഴുതുന്നുണ്ടെങ്കില്‍) ഒന്ന് മാലോകരെ അറിയിക്കണം. ജനങ്ങള്‍ കാത്തിരിക്കുകയാണ്.

മമ്പുറം മൗലിദ്, സി.എം മൗലിദ്, അജ്മീര്‍ ഖാജ മൗലിദ്, മങ്കൂസ് മൗലിദ്, മാസിന്‍ മൗലിദ്, താജുല്‍ ഉലമ മൗലിദ്, ബദ്ര്‍ മൗലിദ്, മുഹ്‌യിദ്ദീന്‍ മാല, നഫീസത്ത് മാല, ഒ.കെ ഉസ്താദ് മൗലിദ്, ശര്‍റഫല്‍ അനാം മൗലിദ്, രിഫാഈ മൗലിദ്, ക്വസ്വീദ മുഹമ്മദിയ്യ, ഉമര്‍ ഖാളി ക്വസ്വീദ, സലാം ബൈത്ത്, യാ സയ്യിദീ ബൈത്ത്, തവസ്സുല്‍ ബൈത്ത്, യാ അക്‌റം ബൈത്ത്, ആരംഭ പൂവായ (കൂണ്ടൂര്‍ ഉസ്താദ്), അജ്മീര്‍ ഖാജ ബൈത്ത്, അശ്‌റക ബൈത്ത്, സി. എം തവസ്സുല്‍ ബൈത്ത്, ജീലാനീ സലാം ബൈത്ത്, താജുല്‍ ഉലമ മര്‍ദിയാത്ത്, അത്ഭുത സ്വലാത്ത്, ശാമീ ഇമാം സ്വലാത്ത്, ഗസ്‌നവീ സ്വലാത്ത്, അഅ്‌ളമുസ്വലാത്ത്, ഹുളൂര്‍ സ്വലാത്ത്, ഫാതീഹ് സ്വലാത്ത്, മുന്‍ജിയ സ്വലാത്ത്, തിബ്ബ് സ്വലാത്ത്, നബി ﷺ യെ ക്വബ്‌റില്‍ കാണാന്‍ സ്വലാത്ത്...

എല്ലാം എഴുതാന്‍ സ്ഥലം മതിയാകുകയില്ല. 

ഫൈസീ, സുന്നത്ത് ജമാഅത്ത് എന്ന് പറഞ്ഞാല്‍ നബി ﷺ യും സ്വഹാബികളും വിശ്വസിച്ചതും പ്രവര്‍ത്തിച്ചതുമാണ്. ഇനി നിങ്ങള്‍ പറയണം; മേല്‍ പറഞ്ഞവയുടെയെല്ലാം പാരമ്പര്യം എവിടം വരെ എത്തുന്നു എന്ന്.

ഇതിനു പുറമെ ക്വബ്‌റുകള്‍ കെട്ടിപ്പൊക്കി, അവിടെ പച്ചവിരിച്ച്, നിലവിളക്ക് കൊളുത്തി അവിടുത്തെ എണ്ണ കുടിക്കാന്‍ കൊടുക്കുന്നു. ചന്ദനത്തിരി കത്തിക്കുന്നു, സാമ്പ്രാണി പുകക്കുന്നു, സുജൂദ് ചെയ്യുന്നു... ഇത്തരം സംസ്‌കാരങ്ങള്‍ ഇസ്‌ലാമികമോ? അതോ ശിയായിസമോ? റാത്തീബും വെട്ടലും മുറിക്കലും തുളക്കലും തുള്ളലും ദിക്ര്‍ ഡാന്‍സും സ്വലാത്ത് വാര്‍ഷികവും ബുര്‍ദ മജ്‌ലിസും ഏതു സ്വഹാബി ചെയ്തു? ഫൈസി മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. 

ഇതിനെല്ലാം പുറമെ ശിയാക്കളുടെ വിശ്വാസവും സമസ്തക്കാര്‍ പേറുന്നു. നബി ﷺ  കഴിഞ്ഞാല്‍ ശ്രേഷ്ഠന്‍ അലി(റ)യാണെന്ന് പറഞ്ഞ് സുന്നത്ത് ജമാഅത്തിന്റെ നാളിത് വരെയുള്ള വിശ്വാസത്തിന്റെ കടക്കല്‍ കത്തിവെച്ചത് സമസ്തയാണ്. ശിയാക്കളെ കേരളത്തിലേക്ക് കൊണ്ട് വന്നു. അവരെ കാണാന്‍ അങ്ങോട്ട് പോയി. അവരെക്കൊണ്ട് സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യിച്ചു. ശിയാ പുസ്തകങ്ങള്‍ സമസ്ത പണ്ഡിതന്മാര്‍ വിവര്‍ത്തനം ചെയ്തു. 

സ്വഹാബികളെ തള്ളിപ്പറയുകയും അസഭ്യം പറയുകയും ചെയ്യുന്ന ശിയാക്കളെയും ശിയാ വിശ്വാസത്തെയും വഹിച്ച് നടക്കുന്ന ഫൈസി പറയുന്നു; ഞങ്ങള്‍ സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യമുള്ളവരാണെന്ന്!

ഇനി മാലമൗലിദുകളിലേക്ക് പ്രവേശിച്ചാല്‍ അതില്‍ കുത്തി നിറക്കപ്പെട്ട കുഫ്‌റുകള്‍, ശിര്‍ക്കുകള്‍, കള്ളക്കഥകള്‍, അല്ലാഹുവിനെയും മലക്കുകളെയും പരിഹസിക്കല്‍, ഇസ്‌ലാമിലെ ആരാധനകളെ പരിഹസിക്കല്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ഇസ്‌ലാംവിരുദ്ധതകള്‍ കാണാം. അതിലേക്കൊന്നും ഇപ്പോള്‍ പ്രവേശിക്കുന്നില്ല.

ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ; മുസ്‌ലിം സമൂഹത്തെ വെറുതെ വിട്ടേക്കുക. അവരെ ശിര്‍ക്ക് ചെയ്യിപ്പിച്ച് നരകത്തിലേക്ക് അയക്കരുത്. ബിദ്അത്തുകള്‍ ചെയ്യിപ്പിച്ച് ഹൗളുല്‍ കൗഥറിലെ വെള്ളം മുടക്കരുത്. നിങ്ങളെപ്പോലുള്ള നേതാക്കള്‍ ഒന്ന് ആത്മാര്‍ഥമായി ചിന്തിക്കുക; ഇസ്‌ലാമിന്റെ പേരില്‍ എന്തൊക്കെ കോപ്രായങ്ങളാണ് ജനങ്ങള്‍ കാട്ടിക്കൂട്ടുന്നതെന്ന്, അഥവാ നിങ്ങള്‍ ചെയ്യിക്കുന്നതെന്ന്. എന്നിട്ട് മതി മുജാഹിദുകള്‍ക്ക് നേരെ കുതിര കയറല്‍.