മുഖം മിനുക്കുന്ന ആത്മീയചൂഷകര്‍

മൂസ സ്വലാഹി, കാര

2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24

'The chief of mystical Exploiters' (ആത്മീയ ചൂഷണക്കാരുടെ നേതാവ്) എന്ന സ്ഥാനപ്പേരിന് ഏറ്റവും അര്‍ഹനായ സാക്ഷാല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എല്ലാ വിധ ചൂഷണങ്ങളുടെയും  ഈറ്റില്ലവും പോറ്റില്ലവുമായ കേന്ദ്രത്തില്‍ നിന്ന് അന്ധവിശ്വാസങ്ങളെ നിര്‍മാര്‍ജനം ചെയ്യുവാന്‍ നിയമനിര്‍മാണം നടത്തണമെന്ന മുറവിളി ഉയര്‍ന്നത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയായി കാണാവുന്നതാണ്. അതിപ്രകാരമാണ്: ''ജനങ്ങളെ സാമ്പത്തികമായും രാഷ്ട്രീയമായും ശാരീരികമായും ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ നിയമം കൊണ്ടു വരണമെന്നു മര്‍ക്കസ് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മതത്തെ കുറിച്ചു പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതില്‍ അന്ധവിശ്വാസങ്ങള്‍ക്ക് വലിയ പങ്കുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് അന്ധവിശ്വാസങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. മതപ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത വിശ്വാസാചാരങ്ങള്‍ മതനിയമങ്ങള്‍ ദുര്‍വ്യാഖ്യനിക്കാനും തീവ്രവാദം പോലുള്ള സാമൂഹിക വിരുദ്ധ പ്രവണതകളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടാനും കാരണമായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രമേയം അഭിപ്രായപ്പെട്ടു'' (മലയാള മനോരമ, 2018 ജനുവരി 6 ശനി, പേജ്:11).

ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരത്തിന് നടുവില്‍ 'ഇവിടെ മാലിന്യം നിക്ഷേപിക്കരുത്' എന്ന് എഴുതി വെച്ചതിനു സമാനമല്ലേ ഇത്? പഴയതും പുതിയതുമായ എല്ലാവിധ അന്ധവിശ്വാസങ്ങളുടെയും മൊത്തക്കച്ചവടക്കാരായി രംഗത്തുള്ള ഇവര്‍ക്ക് ഇങ്ങനെയൊരാഹ്വാനം നടത്തുവാന്‍ ധാര്‍മികമായ എന്തവകാശമാണുള്ളത്?

ശീഈ-സ്വൂഫി കൂട്ടുകെട്ടിന് എങ്ങനെ സമൂഹത്തില്‍ നിന്ന് അന്ധവിശ്വാസങ്ങളെ എടുത്തുകളയാനാകും? ഇസ്‌ലാമിന്റെ ശരിയായ പ്രമാണങ്ങള്‍ പരിഗണിക്കാതെ മാലകളും മൗലിദുകളും കള്ളക്കഥകളും പ്രമാണമാക്കി മുന്നോട്ടു പോകുന്ന, ദുര്‍വ്യാഖ്യാനങ്ങളിലൂടെ പ്രമാണ വചനങ്ങളെ അവഹേളിക്കുന്ന ഈ വിഭാഗത്തിനെങ്ങനെ പ്രമാണങ്ങളെ മുന്‍നിര്‍ത്തി ചൂഷണങ്ങളെ അകറ്റാനാകും?

യഥാര്‍ഥ ആത്മീയ ചൂഷകര്‍ ആരെന്നും കപട ആത്മീയത ഏതെല്ലാം കോലത്തിലുണ്ടെന്നും നമുക്ക് പരിശോധിക്കാം.

മതവാണിഭത്തിനായുള്ള ഒന്നാമത്തെ ആജ്ഞ സമസ്ത പുറപ്പെടുവിച്ചത് ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തിയുടെ നേതൃത്വത്തില്‍ 1933ല്‍ ഫറോക്കില്‍ ചേര്‍ന്ന ഇവരുടെ 6ാം സമ്മേളനം അംഗീകരിച്ചു പാസാക്കിയ 8ാം പ്രമേയത്തിലൂടെയാണ്. അതില്‍ പറയുന്നത് കാണുക:

''മരിച്ചുപോയ അമ്പിയാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍, ഇവരുടെ ദാത്ത്, ജാഹ്, ഹഖ്, ബര്‍കത്ത് കൊണ്ടുള്ള തവസ്സുല്‍, നേരിട്ടുള്ള വിളികള്‍, അവരോട് സഹായത്തിനപേക്ഷിക്കല്‍, ആസാറ് കൊണ്ട് ബര്‍ക്കത്തെടുക്കല്‍ എന്നിവയും, മരിച്ചുപോയ മഹാത്മാക്കള്‍ക്കും മറ്റ് മുസ്‌ലിംകള്‍ക്കും കൂലി ലഭിക്കാനായി ധര്‍മ്മം ചെയ്യല്‍, കോഴി, ആട് മുതലായവ ധര്‍മ്മം ചെയ്യാന്‍ നേര്‍ച്ചയാക്കല്‍, അവര്‍ക്ക് വേണ്ടി ഖബറുങ്ങല്‍ വെച്ചും മറ്റും ഖുര്‍ആന്‍ ഓതലും ഓതിപ്പിക്കലും ഖബറുങ്ങല്‍ വെച്ച് തല്‍ഖീന്‍ ചൊല്ലിക്കൊടുക്കലും മയ്യിത്തിനുവേണ്ടി ഖുര്‍ആന്‍ ഓതലും ഓതിപ്പിക്കലും ഖബര്‍ സിയാറത്തും ഖബ്‌റാളികള്‍ക്ക് സലാം ചൊല്ലലും അവര്‍ക്ക് വേണ്ടിയുള്ള ദുആയും സിയാറത്തിനായുള്ള യാത്രയും ആയത്ത്-ഹദീഥ്, മുഅള്ളമായ അസ്മാഅ് എന്നിവ കൊണ്ടുള്ള മന്ത്രവും ഉറുക്കും നൂല്‍, വെള്ളം എന്നിവ ജപിച്ചു കൊടുക്കലും, ബുര്‍ദ ഓതി മന്ത്രിക്കലും ശാദുലിയ, രിഫാഇയ്യ തുടങ്ങിയ ശരിയായ ത്വരീഖത്ത് ദിക്‌റുകള്‍ ചൊല്ലലും ദലാഇലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബവി, അസ്മാഉന്നബവി, അസ്മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്ബുല്‍ ബഹര്‍ മുതലായ ദിക്‌റുകള്‍ പതിവാക്കലും തസ്ബീഹ് മാല ഉപയോഗിക്കലും മന്‍ഖൂസ് മുതലായ മൗലീദുകള്‍, ബദരിയ്യത്ത് ബൈത്ത്, മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല മുതലായ നിരാക്ഷേപം മുസ്‌ലിംകളില്‍ നടന്ന് വരുന്നതും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ഉലമാക്കളാല്‍ ദീനില്‍ അറിയപ്പെട്ടതുമായ കാര്യങ്ങള്‍ മതവിരുദ്ധമാണെന്നോ  ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ല. അവര്‍ ഖാസി, ഖതീബ്, ഇമാം എന്നീ സ്ഥാനത്തേക്ക് അര്‍ഹരുമല്ല. വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒരു പ്രമേയമാണിത്'' (ഇവരെ എന്ത് കൊണ്ട് അകറ്റണം?/ചാലിയം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, പേജ് 14,15).

ശിയാക്കള്‍ വിത്ത്പാകിയതും സ്വൂഫികള്‍ മുളപ്പിച്ചതുമായ ശിര്‍ക്കും അനാചാരങ്ങളും യഥേഷ്ടം ഇതില്‍ അടങ്ങിയിട്ടുണ്ട്. എല്ലാവിധ ചൂഷണങ്ങള്‍ക്കും സാധ്യതയുള്ള, ഇസ്‌ലാമുമായി ബന്ധമില്ലാത്ത ഈ വക കാര്യങ്ങളെ ചൂഷകര്‍ക്കെതിരെയുള്ള നിയമം നടപ്പിലായാല്‍ ഏതു പ്രമാണം കൊണ്ടായിരിക്കും ഇവര്‍ പ്രതിരോധിക്കുക എന്നറിയാന്‍ താല്‍പര്യമുണ്ട്.

നഹ്‌സ് അഥവാ ശകുനം നോക്കല്‍ മറ്റൊരു അന്ധവിശ്വാസവും ചുഷണ മാര്‍ഗവുമാണ്. അവര്‍ തന്നെ എഴുതിയത് കാണുക: ''നഹ്‌സ് നോക്കല്‍: എല്ലാ അറബി മാസങ്ങളില്‍ നിന്നും താഴെ പറയുന്ന ദിവസങ്ങളില്‍ പുതുവസ്ത്രം ധരിക്കുക, വിവാഹം ചെയ്യുക, വൃക്ഷങ്ങള്‍ നടുക, കിണര്‍ കുഴിക്കുക, കെട്ടിടം ഉണ്ടാക്കുക, ഭരണാധികാരിയെ സമീപിക്കുക എന്നീ പ്രധാന കാര്യങ്ങള്‍ സൂക്ഷിക്കേണ്ടതാണ്. 3,13,15,16,21,24,25 ഒടുവിലെ ബുധന്‍'' (മമ്പുറം സ്വലാത്തും സ്വര്‍ഗനിധിയും, കോയക്കുട്ടി ബാഖവി അച്ചിപ്ര, പേജ് 27).

''എല്ലാ മാസവും 24 നഹ്‌സാണ്. റമദാന്‍ 24 കടുത്ത നഹ്‌സാണ്'' (നഹ്‌സ്, നിയാസ് ഫൈസി, പേജ് 17).

അന്യസമുദായത്തിന്റെ ആചാരമാണ് ശകുനം നോക്കല്‍. ഇതിനെ ഇസ്‌ലാമിന്റെ ബാനറിലാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ശിയായിസത്തിന്റെ പാത പിന്‍പറ്റി നബി(സ്വ)യുടെ ജന്മദിനത്തെ ആഘോഷമാക്കിയും, ഹുസൈന്‍(റ)വിന്റെ ആണ്ടിനെ മതചിഹ്നമാക്കിയും അവതരിപ്പിക്കുന്ന ഇവര്‍ മതം അനുവദിച്ച് തന്ന പലതിനെയും വിലക്കിയും വിലക്കിയ പലതിനെയും അനുവദനീയമാക്കിയുമാണ് സമൂഹത്തെ നയിക്കുന്നത്.  

ഇസ്മ് ചികിത്സാമുറകളാണ് ആത്മീയയുടെ മറവില്‍ നടക്കുന്ന വമ്പിച്ച ചൂഷണ മാര്‍ഗം. സിദ്ധവേഷം കെട്ടിയാടുന്ന ചൂഷകര്‍ ഇതിനായി ആളുകളുടെ വിശ്വാസം നേടിയെടുക്കാന്‍ പല തന്ത്രങ്ങളും മെനയാറുണ്ട്.

ജ്യോതിഷത്തിലെ പ്രയോഗങ്ങളെ അറബിയാക്കി മുസ്‌ലിംകളെ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരായി മാറ്റുവാന്‍ ഇവര്‍ ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്.

''ഹംല് (മേടം), സൗറ് (എടവം), ഈസാഅ് (കന്നി), മൈസാന്‍ (തുലാം), അഖ്‌രിബ് (വൃശ്ചികം), ഖൗഅസ് (ധനു), ജദിയ് (മകരം), ദല്‍വ് (കുംഭം), ജൂത്ത് (മീനം) എന്നിവയാണ് ഇതിന്റെ രാശികള്‍.'' (അല്‍ഹുസ്ബാന്‍ ഇസ്മു ചികിത്സ, മുസ്തഫ ബാഖവി ഈങ്ങാപ്പുഴ, പേജ്: 25).

 ''ഒരു രോഗിയോ, മറ്റാവശ്യക്കാരനോ നിന്നെ സമീപിച്ചാല്‍ ഏത് നാളിലായാലും അയാളുടെയും ഉമ്മയുടെയും പേരും അയാളുടെ ഉദ്ദേശവും ഒരു കടലാസില്‍ എഴുതുക. ഒറ്റക്ഷരമായിട്ടാണ് എഴുതേണ്ടത്. എന്നിട്ട് മൂന്നാമതായി നിര്‍ണയിക്കേണ്ടത് അവന്റെയും ഉമ്മയുടെയും പേരിന്റെ അക്ഷരങ്ങളില്‍ നിന്നു കിട്ടുന്ന പ്രകൃതങ്ങള്‍ അനുസരിച്ചാണ്. അത് നാരിയ്യോ (അഗ്നി പ്രകൃതം), തുറാബിയ്യോ (മണ്ണിന്റെ പ്രകൃതം), ഹവായ്യിയോ (വായു പ്രകൃതം), മാഇയ്യോ (ജല പ്രകൃതം) ഏതാണെന്ന് നിര്‍ണയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാത്തപക്ഷം പ്രതിവിധി ചെയ്യുന്നതിന്് ഖമര്‍ അനുയോജ്യമായ ബുര്‍ജില്‍ (രാശിയില്‍) എത്തുന്നതുവരെ കാത്തിരിക്കണം. ഖമര്‍ ഏത് ബുര്‍ജില്‍ എത്തുമ്പോഴാണോ ചെയ്യേണ്ടത് അപ്പോള്‍ മാത്രമേ ചെയ്യാവൂ. കൃത്യമായ മുഹൂര്‍ത്തത്തില്‍ പ്രതിവിധി ചെയ്താല്‍ വെടിവെച്ചപോലെ കൊള്ളും'' (അതേ പുസ്തകം, പേജ്:31).

കച്ചവട പുരോഗതിക്ക്, വശീകരണത്തിന്, ശത്രുത ഇല്ലാതാക്കാന്‍, ഭര്‍ത്താവിന്റെ അവിഹിത ബന്ധം തടയാന്‍, പ്രേമവിവാഹം മുടക്കാന്‍, ഡ്രൈവിംഗ് ചെയ്യുമ്പോഴുള്ള ഭയം നീങ്ങാന്‍... ഇങ്ങനെ ലോകത്തുള്ള സകല പ്രശ്‌നങ്ങള്‍ക്കും ഇവരുടെ പക്കല്‍ പരിഹാരമുണ്ട് പോലും! കാശിത്തിരി ചെലവു വരും എന്ന് മാത്രം. ഇതിനെയൊക്കെ അന്ധവിശ്വാസവും ചൂഷമാര്‍ഗവുമായാണ് ബുദ്ധിയുള്ളവര്‍ കാണുന്നത്; അതിനാല്‍ നിരോധിക്കപ്പെടുകയും വേണം. ഇവ നിര്‍മാര്‍ജനം ചെയ്യുവാന്‍ നിയമനിര്‍മാണം നടത്തുവാന്‍ ഇവര്‍ ഒരുക്കമാണോ എന്നറിയാന്‍ താല്‍പര്യമുണ്ട്.

ആണ്ട് നേര്‍ച്ചകളും ഉറൂസുകളും ചൂഷണകേന്ദ്രങ്ങളാണ്. ഉയര്‍ത്തപ്പെട്ടതും എടുപ്പുണ്ടാക്കപ്പെട്ടതുമായ ജാറങ്ങള്‍ കേന്ദ്രമാക്കിയാണ് ഇത്തരം ആഘോഷപരിപാടികള്‍ അരങ്ങ് തകര്‍ക്കുന്നത്. വിളക്ക്, തിരി, എണ്ണ, മെഴുകുതിരി, പച്ചപ്പട്ട്, കുന്തിരിക്കം, ആട്ടം, പാട്ട്, ചെണ്ട, കുഴല്‍വിളി, ആന... ഇതൊക്കെ ഇവര്‍ക്ക് 'ആരാധന'യുടെ അസംസ്‌കൃതവസ്തുക്കളാണ്. എന്തിനും ഏതിനും ന്യായീകരണവും ഇവരുടെ പക്കലുണ്ട്!

''മഹാന്മാരുടെ ഖബറിടങ്ങളില്‍ നിലവിളക്ക് കത്തിക്കുന്നത് വെളിച്ചത്തിന് വേണ്ടിമാത്രമല്ല, മഹാന്മാരോടുള്ള ആദരവുകൂടി അതിന്റെ പിന്നിലുണ്ട്. വൈദ്യുതി വെളിച്ചം ഉള്ളപ്പോഴും വിളക്ക് കത്തിക്കുന്നത് അനുവദനീയമാണെന്ന് മാത്രമല്ല, പുണ്യകര്‍മ്മം കൂടിയാണ്. അപ്പോള്‍ അതിന് എണ്ണയും നേര്‍ച്ചയാക്കാവുന്നതാണല്ലോ'' (സുന്നിവോയ്‌സ്, 1986 നവംമ്പര്‍, പേജ് 10).

''അമ്പിയ, ഔലിയ എന്നീ മഹാന്മാരുടെ ഖബര്‍ സിയാറത്തിന് കൊടികളോട് കൂടിയും ചെണ്ടകള്‍ മുട്ടിയും കുഴലുകള്‍ വിളിച്ചും പോകുന്നത് ഹറാമാണോ എന്ന് അല്ലാമ ശൈഖ് മുഹമ്മദ് ഖലീലീ(റ) തങ്ങളോട് ചോദിച്ചതിന് ഇവകളില്‍ ഒന്നും ശറഅ് വിരോധിക്കപ്പെട്ടതല്ലെന്ന് മറുപടി പറഞ്ഞിരിക്കുന്നു'' (ആണ്ട് നേര്‍ച്ചയും ചില അപവാദങ്ങളും, ഫത്‌വ; അഹ്മ്മദ് കോയ ശാലിയാത്തി, പേജ് 22).

''തുണികളും വിരികളും മഖാമുകളിലേക്ക് നേര്‍ച്ചയാക്കുകയോ ദാനം ചെയ്യുകയോ ചെയ്യുന്ന പതിവും നിലവിലുണ്ട്. ജാറം മൂടുക എന്നാണ് ഇതിന് പേരു വിളിച്ചു വരുന്നത്. മഖാമില്‍ നടന്നുവരുന്ന പതിവെന്തോ അതിലേക്ക് ആ തുണിയും വിരിയും തിരിക്കുമെന്ന് ഉദ്ദേശിച്ചു കൊണ്ടുതന്നെയാണ് ജാറം മൂടാന്‍ നേര്‍ച്ചയാക്കിയവര്‍ നേര്‍ച്ചയാക്കുന്നതും അവ കൊണ്ടുവരുന്നതും കൊണ്ടുവരുന്നവര്‍ ഖബറിന്‍മേലോ, ഖബറിന്‍മേല്‍ വെച്ച പെട്ടിക്കു മുകളിലോ അത് വെയ്ക്കുന്നത് കൊണ്ടു മാത്രം സ്വദഖയല്ലാതാവുകയില്ലല്ലോ'' (മഖ്ബറ ആചാരങ്ങള്‍, പേജ് 33).

''ഇതുപോലെ ഔലിയാക്കളുടെയും സച്ചരിതരുടെയും മഖ്ബറകളില്‍ വിളക്കുകളും തിരികളും കത്തിക്കുന്നത് അവരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. അതിനാല്‍ അതെല്ലാം നല്ല ഉദ്ദേശ്യങ്ങളാണ്'' (ഇസ്‌ലാമിക യാത്രാ ഗൈഡ്, പേജ് 22).

നീണ്ട മുടിയും പാത്രവും ചെരുപ്പിന്റെ രൂപവും പൊടിയുമൊക്കെ എടുത്തുകാട്ടി അവയെ നബി(സ്വ)യിലേക്ക് ചേര്‍ത്തിപ്പറഞ്ഞ് കോടികള്‍ പിരിച്ചെടുക്കുവാനുള്ള ഉപാധിയാക്കി മാറ്റിയതിനെ ചൂഷണമെന്നല്ലാതെ എന്തു വിശേഷിപ്പിക്കാനാവും?  

സമൂഹത്തില്‍ നിലവിലുള്ള ആത്മീയ ചൂഷണങ്ങളെ തുറന്നു കാട്ടിയുള്ളപ്രാമാണിക വിശദീകരണങ്ങള്‍ വ്യാപകമായപ്പോള്‍ വ്യക്തമായ തെളിവുകള്‍ നിരത്തി പ്രതിരോധിക്കാനാകാതെ അതില്‍ നിന്ന് ഒളിച്ചോടാന്‍ ഇത്തരം കുതന്ത്രങ്ങളെ പരിചയാക്കുന്നത് സമൂഹം തിരിച്ചറിയും. റബ്ബിന്റെ താക്കീതിനെ ഭയപ്പെടുക എന്നേ പറയാനുള്ളൂ.  

അല്ലാഹു പറയുന്നു: ''അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്‌മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും)'' (ക്വുര്‍ആന്‍ 33:66-68)