നവോത്ഥാന വിരോധികളുടെ ദുരാരോപണങ്ങള്‍

മൂസ സ്വലാഹി, കാര

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25

'മുജാഹിദ് നവോത്ഥാനത്തിലെ തൗഹീദ് ചിന്തകള്‍' എന്ന പേരില്‍ 2017 നവംബര്‍ 1-15 ലക്കം സുന്നി വോയിസില്‍ വന്ന ഒരു ലേഖനം വായിക്കാനിടയായി. കാര്യക്ഷമമായി മത പ്രബോധനം നടത്തുന്നവരെയും സമുദായ രാഷ്ട്രീയ നേതൃത്വത്തില്‍ മുന്‍നിരയിലുള്ളവരെയും ശക്തമായി ശകാരിക്കുന്ന പ്രയോഗങ്ങളാണ് അതിലുള്ളത്. യഥാര്‍ഥ മുജാഹിദ് പ്രസ്ഥാനത്തിന്റെ സത്യസന്ധരായ പണ്ഡിതരും അനുയായികളും ഏറ്റവും നന്നായി ശ്രദ്ധിച്ചു പോരുന്ന ആദര്‍ശ ശുദ്ധിയെയും മതപരവും സാമൂഹികവുമായി നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളെയും അനാവശ്യമായി ആക്ഷേപിക്കുന്ന വരികളും ഇഴചേര്‍ന്നിരിക്കുന്നു. 

മത വിശ്വാസത്തിന്റെ അടിത്തറകളായ തൗഹീദിനും സുന്നത്തിനും തീര്‍ത്തും വിപരീതമായി ശിര്‍ക്ക് ബിദ്അത്തുകള്‍ പ്രചരിപ്പിച്ചും അടിസ്ഥാന പ്രമാണങ്ങളായ ക്വുര്‍ആനിനും ഹദീഥിനും പകരമായി ആരൊക്കയോ എഴുതിയുണ്ടാക്കിയ പുസ്തകങ്ങളെയും മാലപ്പാട്ടുകളെയും ഏറ്റിനടക്കുന്നവരാണ്  കേരളത്തിലെ കേരളത്തിലെ 'സമസ്ത' വിഭാഗങ്ങള്‍.

വിശ്വാസ, സാമൂഹിക രംഗങ്ങളില്‍ ശിആ-സ്വൂഫീ ത്വരീക്വത്തുകളുടെ അതിപ്രസരത്താല്‍ അള്ളിപ്പിടിച്ച ജീര്‍ണതകളെ കഴുകിക്കളയുക എന്ന ലക്ഷ്യത്തിലാണ് 1921-ല്‍ ഐക്യസംഘവും 1924-ല്‍ കേരള ജംഇയ്യത്തുല്‍ ഉലമയും രൂപീകരിക്കപ്പെട്ടത്.

ജംഇയ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ പ്രഥമയോഗത്തില്‍ തന്നെ തീരുമാനിച്ചു. ഇവ ഇപ്രകാരമാണ്:

1. ചിന്നഭിന്നമായിക്കിടക്കുന്ന ഉലമാക്കളുടെ (പണ്ഡിതരുടെ) ഇടയില്‍ ഐക്യമുണ്ടാക്കുക.

2. മുസ്‌ലിംകളുടെ ഇടയിലുള്ള വഴക്കുകളെ അവരുടെ വക പഞ്ചായത്ത് സ്ഥാപിച്ച് അതില്‍ വെച്ച് തീരുമാനിക്കുക.

3. ദാറുല്‍ ഇഫ്താഅ് ഏര്‍പെടുത്തുക.

4. മുസ്‌ലിംകളുടെ ഇടയിലുള്ള മതവിരുദ്ധവും ആപല്‍ക്കരവുമായ ദുരാചാരങ്ങളെ ദൂരീകരിക്കുക.

5. ഇസ്‌ലാം മത പ്രവര്‍ത്തനത്തിനായി ഉചിതമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.

ഐക്യസംഘത്തിന്റെയും ശേഷം കേരള ജംഇയ്യത്തുല്‍ ഉലമയുടെയും രൂപീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ശിആ-സ്വൂഫീ ആശയങ്ങള്‍ സ്വാധീനിച്ച പണ്ഡിത പുരോഹിതന്മാര്‍ക്ക് സഹിക്കവയ്യാതായപ്പോള്‍ ഇതിന് ചുക്കാന്‍ പിടിച്ചവരെ പുത്തന്‍ വാദികളും വഹ്ഹാബികളുമാക്കി അവര്‍ മുദ്രക്കുത്തി. ഈ മുന്നേറ്റത്തിന് തടയിടാന്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ച് 1926 ജൂണ്‍ 26-ന് സമസ്ത രൂപീകരിക്കപ്പെട്ടു. ഇതിന്റെ മുഖ്യലക്ഷ്യങ്ങള്‍ എന്തായിരുന്നുവെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നത് കാണുക: 

1. അവരുമായി കൂടി പെരുമാറാതിരിക്കുക.

2. അവരുമായി കണ്ട്മുട്ടിയാല്‍ സലാം ചൊല്ലാതിരിക്കുക.

3. അവര്‍ സലാം ചൊല്ലിയാല്‍ സലാം മടക്കാതിരിക്കുക.

4. അവരുമായി വിവാഹ ബന്ധം നടത്താതിരിക്കുക.

5. അവരെ പിന്‍തുടര്‍ന്ന് നമസ്‌കരിക്കാതിരിക്കുക. (ഇവരെ എന്ത് കൊണ്ട് അകറ്റണം?/ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചാലിയം/ പേജ്:16).

ഒരു കൂട്ടായ്മയുടെ ലക്ഷ്യമാണ് മുകളില്‍ കൊടുത്തത്! കഷ്ടം എന്നല്ലാതെ എന്തു പറയാന്‍! മുജാഹിദുകളോട് ഈ പിന്തിരിപ്പന്‍ നയം  ഇപ്പോഴും നിലനിര്‍ത്തുവാന്‍ ഇടയ്ക്കിടെ ഇവര്‍ അനുയായികളോട് ആഹ്വാനം ചെയ്യാറുണ്ട്. 

ഇനി ലേഖകന്റെ പ്രധാനപ്പെട്ട ദുരാരോപണങ്ങള്‍ പരിശോധിക്കാം: 

1. ''കേരള മുസ്‌ലിംകളാരും പ്രതിമയെയോ പ്രതിഷ്ഠയെയോ ഖബറിടങ്ങളെയോ ഹജറുല്‍ അസ്‌വദിനെയോ ഒന്നും ആരാധിക്കുന്നില്ല; അല്ലാഹുവിന്റെ തിരുദൂതരെ പോലും ദൈവമായി വിശ്വസിക്കുന്നുമില്ല. പിന്നെ അവര്‍ക്കെതിരെ ശിര്‍ക്ക് ബോംബിടുന്നതിന്റെ ഏക കാരണം അവര്‍ മഹാത്മാക്കളെ തവസ്സുലാക്കുന്നതും അവരില്‍ നിന്ന് സഹാര്‍ത്ഥന നടത്തുന്നതുമാണ്'' (പേജ്:7). 

കേരള മുസ്‌ലിംകള്‍ക്ക്‌മേല്‍ മുജാഹിദുകള്‍ ശിര്‍ക്ക് ബോംബിടുന്നു എന്നതാണ് വലിയ പരാതി. ആരെയെങ്കിലും മുശ്‌രികാക്കുക എന്ന പണി മുജാഹിദുകള്‍ ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ ശുദ്ധ നുണയാണിത്. എന്നാല്‍ ശിര്‍ക്ക് വരുന്ന വഴികളെപ്പറ്റി ബോധവല്‍ക്കരണം നടത്താറുണ്ട്. ക്വബ്‌റുകളെ കെട്ടിയുയര്‍ത്തിയും അതിന്മേല്‍ എടുപ്പുണ്ടാക്കിയും ആളുകള്‍ അവയെ ആഗ്രഹസാഫല്യത്തിന്റെ കേന്ദ്രങ്ങളായി കാണുന്നു. സമസ്ത മുസ്‌ലിയാന്മാരുടെ വാക്കുകള്‍ കേട്ട് സാധാരണക്കാര്‍ ആരാധനയാകുന്ന പ്രാര്‍ഥന, ഇസ്തിഗാസ, തവസ്സുല്‍, തവക്കുല്‍, നേര്‍ച്ച തുടങ്ങിയ കാര്യങ്ങളെ ജാറങ്ങളില്‍ മറമാടപ്പെട്ടവരിലേക്ക്‌സമര്‍പ്പിക്കുന്നു. ഈ പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത പ്രവര്‍ത്തനങ്ങളുടെ അപകടം ബോധ്യപ്പെടുത്തുന്നു എന്നതാണോ 'ശിര്‍ക്ക് ബോംബിന്റെ' ഉദ്ദേശ്യം. അല്ലാഹുവിന്റെ ഈ വചനം ഇവര്‍ കാണാതെ പോയതാണോ?   

''നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്'' (ക്വുര്‍ആന്‍ 2:186).

2. ''ആദര്‍ശനിഷ്ഠ കൊണ്ടോ പ്രമാണ പിന്തുണ കൊണ്ടോ ലോകത്ത് ഒരിടത്തും വഹാബി പ്രസ്ഥാനം വേരുപിടിച്ചിട്ടില്ല. ആദ്യകാലത്ത് പൂര്‍ണമായും സായുധ കാലാപങ്ങള്‍ അവര്‍ക്ക് വഴിയൊരുക്കി. ദയാദാക്ഷിണ്യമില്ലാതെ കൊന്നും കവര്‍ന്നും അവര്‍ ഭരണത്തിലേറി. സ്വാധീന മേഖലയില്‍ വഹാബി ഭീകരന്മാര്‍ ഇപ്പോഴും ഇത് പ്രയോഗിക്കുന്നുണ്ട്. താലിബാനും ഐസിസും ബോക്കോ ഹറാമും ഉദാഹരണം'' (പേജ്:6).

പ്രബോധനത്തിന് കൂച്ചുവിലങ്ങിടാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഇസ്‌ലാമിന്റെ കടുത്ത ശത്രുക്കള്‍ ഒറ്റയും തെറ്റയുമായി പറഞ്ഞ് പരത്തുന്ന ആരോപണങ്ങളില്‍ പെട്ടതാണ് തീവ്രവാദം. ആദര്‍ശബോധവും പ്രമാണ നിഷ്ഠയും കര്‍മനിരതയും കാത്ത് സൂക്ഷിക്കുന്നവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുക എന്നത് ഇവരുടെ സ്ഥാപിത താല്‍പര്യമാണ്. ചിലര്‍ക്കിത് വല്ലാത്ത ഹരമാണ്. കേരളത്തില്‍ സമസ്തക്കാര്‍ ഈ ആരോപണം കൊണ്ടുപിടിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമസ്തയുടെ നാള്‍വഴികള്‍ അന്വേഷിച്ചാല്‍ ഈ ആരോപണമെല്ലാം അവരിലേക്ക് മടങ്ങുന്നതായി കണ്ടെത്താന്‍ പ്രയാസമില്ല. 

1. ലോകത്ത് തീവ്രവാത, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ശിയാക്കളുടെ അജണ്ടകള്‍ നാളിതുവരെ പിന്തുടര്‍ന്ന് പോന്നവര്‍.

2. ഉസാമ ബില്‍ലാദന്‍, സദ്ദാം ഹുസൈന്‍ എന്നിവരെ ലോക മുസ്‌ലിംകളുടെ പ്രിയപ്പെട്ടവരായും 'ആണ്‍കുട്ടി'കളായും ലാദനെ 'കനല്‍പഥങ്ങളിലെ സിംഹ'മായും സമൂഹ മധ്യത്തില്‍ പ്രചരിപ്പിച്ചവര്‍ (സെന്‍സിംഗ്. 2001 ഒക്ടോബര്‍/പേജ്:5,9).

3. 'ടൈഗര്‍ സുന്നി' എന്ന ഗൂഢസംഘത്തെ രൂപീകരിച്ച് അടിപിടിയും മഹല്ല് കലഹങ്ങളും ഉണ്ടാക്കിയവര്‍.

4. പ്രബോധന പ്രവര്‍ത്തനങ്ങളുടെ കുതിപ്പിനു നേരെ വാക്കേറ്റവും കയ്യേറ്റവും കൂക്കുവിളികളുമായി രംഗത്തെത്തിയവര്‍.

5. മതത്തിലില്ലാത്ത ആചാരാഘോഷങ്ങള്‍ (ഉറൂസ്, മീലാദ്) ഉണ്ടാക്കി ചേരിതിരിഞ്ഞ് കൊല്ലും കൊലവിളികളുമായി അങ്ങാടിയിലേക്കിറങ്ങിയവര്‍. ഇക്കഴിഞ്ഞ മാസത്തില്‍പോലും നബിദിനാഘോഷത്തിന്റെ പേരില്‍ ഒരു വ്യക്തിയുടെ കൊലപാതകം നടന്നത് ഓര്‍ക്കുക. 

ഒരു വിഭാഗത്തെ അന്യായമായി ക്രൂശിച്ചും അവര്‍ക്കെതിരെ കള്ളങ്ങള്‍ കെട്ടിച്ചമച്ചും നല്ലപിള്ള ചമയുവാന്‍ നോക്കുന്നവരാണ് സ്വയം പരിശുദ്ധി നടിക്കുന്നത്!

3. ''സത്യം പറഞ്ഞാല്‍ എന്താണ് തൗഹീദ് എന്ന് ഇതുവരെയും പഠിപ്പിച്ചു കാണിക്കാന്‍ ഇ.ടിയുടെ ആദര്‍ശ ബന്ധുക്കള്‍ക്കായിട്ടില്ല. മതരൂപീകരണ കാലത്തെ തൗഹീദ് ഇവരില്‍ ഇന്ന് തീരെ നിലനില്‍ക്കുന്നുമില്ല. തൗഹീദിന്റെ വിവിധ പരിണാമങ്ങളില്‍ പഴക്കം കൂടിയവയും ഇന്ന് പ്രചാരത്തിലില്ല. താരതമ്യേന പുതിയ തൗഹീദ് സമര്‍ഥനത്തിനിടയില്‍ ഓരോ മുജാഹിദും ശിര്‍ക്കുകാരനാകുന്നതും തൗഹീദ് വിരുദ്ധനാകുന്നതും അവര്‍തന്നെയും മനസ്സിലാക്കിക്കഴിഞ്ഞു'' (പേജ്:8).

ഇസ്‌ലാമിന്റെ കാതലായ തൗഹീദിനെ മുന്‍നിര്‍ത്തിയാണ് യഥാര്‍ഥ മുജാഹിദുകള്‍ ഇതുവരെയും പ്രവര്‍ത്തിച്ചിട്ടുള്ളത്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി സൃഷ്ടികളെ സഹായിക്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കലാണ് തൗഹീദിന്റെ താല്‍പര്യം. കാര്യകാരണ ബന്ധങ്ങള്‍ക്കധീനമായി സഹായ സഹകരണങ്ങള്‍ നടത്താന്‍ ഇസ്‌ലാം അനുവദിച്ച വഴികളെ ആശ്രയിക്കുന്നതിന് വിരോധമില്ല. ഉത്തമ തലമുറയില്‍ ജീവിച്ചവര്‍ തൗഹീദിനെ ഏത് വിധമാണോ അറിഞ്ഞത് അതുപോലെ തന്നെയാണ് ആദ്യകാലം തൊട്ടേ മുജാഹിദുകളും അറിഞ്ഞത്. 1946-ല്‍ കെ.എം മൗലവി രചിച്ച പ്രാര്‍ഥനയും ആരാധനയും എന്ന പുസ്തകവും അദ്ദേഹത്തിനെ വൈജ്ഞാനിക ഫത്‌വകളും; 1960ല്‍ എഴുതിത്തുടങ്ങി 1985ല്‍ പൂര്‍ത്തിയായ, അമാനി മൗലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണവും മതി ഇക്കാര്യം ബോധ്യമാകാന്‍. പ്രാമാണികമായി സ്ഥിരപ്പെട്ട സിഹ്ര്‍ പോലുള്ള ചില വിഷയങ്ങളില്‍ ഉറച്ച നിലപാടെടുക്കുവാന്‍ കഴിയാത്ത ചിലര്‍ തൗഹീദിന്റെ നിര്‍വചനത്തെ മാറ്റിയെഴുതാന്‍ നോക്കിയതിനെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ നേരായ അവകാശികളുടെ മേല്‍ കെട്ടിവെയ്ക്കുന്നത് ശരിയല്ല എന്നേ പറയാനുള്ളൂ. 

അല്ലാഹുവിന് മാത്രമുള്ള അവകാശങ്ങളെ (പ്രാര്‍ഥന, ഇസ്തിഗാസ, തവസ്സുല്‍, തവക്കുല്‍) അവന്റെ സൃഷ്ടികള്‍ക്ക് വകവെച്ച് കൊടുത്തും അവന്റെ നാമഗുണവിശേഷണങ്ങളെ നിഷേധിച്ചും കളിയാക്കിയും മുന്നോട്ടു പോകുന്ന സമസ്തക്കാര്‍ തന്നെ ഈ ആരോപണം നടത്തുന്നതിലുള്ള വിരോധാഭാസം തിരിച്ചറിയേണ്ടതുണ്ട്. 

4. ''ഇമാം നവവി(റ) വിജനതയില്‍, കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി, മനുഷ്യകഴിവില്‍ പെടാത്ത കാര്യത്തില്‍ സൃഷ്ടികളോട് സഹായം തേടിയതും മുഹമ്മദ്ബ്‌നു മുന്‍കദിര്‍(റ)നെ പോലുള്ള താബിഉകളും ഇമാം ത്വബ്‌രി(റ)യെ പോലുള്ള ഹദീസ് വിശാരദന്മാരും മരണപ്പെട്ട റസൂലി ﷺ നോട് സഹായം ചോദിച്ചതും മുജാഹിദ് വേദികളില്‍ സജീവ ചര്‍ച്ചയായി. ഈ പ്രമാണങ്ങളൊന്നും പുതുതായി നിര്‍മിക്കപ്പെട്ടതൊന്നുമല്ല. പക്ഷേ, ബോധോദയമുണ്ടാകാന്‍ ഗള്‍ഫ് സലഫിസം ബാധ ഏല്‍ക്കേണ്ടിവന്നുവെന്ന് മാത്രം''(പേജ്:8).

പണ്ഡിതന്മാരുടെ മേല്‍ വ്യാജം പറയുവാനും ഇവര്‍ക്ക് തെല്ലും മടിയില്ലെന്ന് വിളിച്ചോതുന്ന വരികളാണിവ. മേല്‍ പറയപ്പെട്ടവരാരും കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ കാര്യങ്ങളെ അല്ലാഹു അല്ലാത്തവരോട് ചോദിച്ചവരല്ല. ഇവര്‍ സാക്ഷാല്‍ ശിര്‍ക്ക് സമര്‍ഥിക്കുവാനാണ് മഹാന്മാരെ കൂട്ടുപിടിക്കുന്നത്. ഇതിന്റെയൊക്കെ സത്യാവസ്ഥ തിരിയാന്‍ ലേഖകന്റെ ഭാഷയിലെ ഗള്‍ഫ് സലഫിസം വേണ്ട; വിശ്വാസവിശുദ്ധിയും ആദര്‍ശത്തെക്കുറിച്ചുള്ള അവബോധവും മതി.

ശരിയും തെറ്റും വേര്‍തിരിച്ചറിയാതെ, ഊഹങ്ങളെയും കേട്ടുകേള്‍വിയെയും മാത്രം അടിസ്ഥാനമാക്കി ; നേര്‍മാര്‍ഗത്തില്‍ ചരിക്കുന്നവരെ ദുരാരോപണങ്ങള്‍ അഴിച്ചുവിട്ട് വേദനിപ്പിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കിയ മുന്നറിയിപ്പ് തന്നെയാണ് ഏറ്റവും വലിയ മറുപടി:

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്'' (ക്വുര്‍ആന്‍ 33:58).