തെളിഞ്ഞ മാര്‍ഗം

പി.പി.മമ്മദ്, തിക്കോടി

2018 ഒക്ടോബര്‍ 20 1440 സഫര്‍ 09

മാനവകുലത്തെ സത്യത്തിന്റെയും ആത്യന്തിക രക്ഷയുടെയും മാര്‍ഗം അറിയിക്കാനും അതിലേക്ക് ക്ഷണിക്കാനും സ്വജീവിതത്തിലൂടെ മാതൃകയാകാനും നിയോഗിക്കപ്പെട്ട പ്രവാചകന്മാരില്‍ അന്തിമനും സൃഷ്ടികളില്‍ ശ്രേഷ്ഠനുമാണല്ലോ മുഹമ്മദ് നബിﷺ. അഭിപ്രായഭിന്നതകളെ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് അവിടുന്ന് ലോകത്തോട് വിടവാങ്ങിയത്. നിങ്ങളെ ഞാന്‍ തെളിഞ്ഞ മാര്‍ഗത്തിലാണ് വിട്ടേച്ചുപോകുന്നതെന്നും ഉത്തമ നൂറ്റാണ്ട് താനും അനുചരന്മാരും ജീവിച്ച നൂറ്റാണ്ടാണെന്നും പിന്നെ അതിനു ശേഷമുള്ളതും പിന്നെ അതിനെ തുടര്‍ന്നുള്ളതും എന്നും നബിﷺ പറഞ്ഞതായി ഹദീഥ്ഗ്രന്ഥങ്ങളില്‍ കാണാം. അഥവാ സച്ചരിതരായ മുന്‍ഗാമികള്‍ ജീവിച്ച മാര്‍ഗമാണ് തെളിഞ്ഞ മാര്‍ഗം.

ഈ തെളിഞ്ഞ മാര്‍ഗത്തില്‍ കലര്‍പ്പുണ്ടാക്കുവാന്‍ അലി(റ)വിന്റെ കാലം മുതല്‍ ഒരു വിഭാഗം ശ്രമമാരംഭിച്ചിട്ടുണ്ട്. അവരാണ് ശിയാക്കള്‍. നബിﷺയുടെ അനുയായികളെ അധിക്ഷേപിച്ചും തങ്ങളുടെ ഇമാമുകളെ അല്ലാഹുവോളം ഉയര്‍ത്തിപ്പറഞ്ഞും വികലമായ ആശയം പ്രചരിപ്പിച്ച് ശിയാക്കള്‍ മുന്നേറി. ഏഴാം നൂറ്റാണ്ടോടുകൂടി ശിയാക്കളുടെ വിശ്വാസങ്ങളും ആചാരങ്ങളും അഹ്‌ലുസ്സുന്നയുടെ ലേബലില്‍ പണ്ഡിതവേഷധാരികള്‍ കേരളത്തില്‍ ഇറക്കുമതി ചെയ്തുതുടങ്ങി. അങ്ങനെയാണ് കേരളത്തില്‍ ക്വബ്‌റുകള്‍ പടുത്തയര്‍ത്തപ്പെട്ടതും അവ ആരാധനാകേന്ദ്രങ്ങളായി മാറിയതും. 

ഇതിന്റെ പേരില്‍ തന്നെയാണ് യഹൂദികളെയും നസ്വാറാക്കളെയും നബിﷺ ശപിച്ചത്. മക്വ്ബറകളില്‍ ഇന്ന് ഉറൂസ് എന്ന പേരില്‍ എന്താണ് നടക്കുന്നത്? ക്വബ്‌റിലുള്ളവരാട് പാപമോചനം തേടുന്നു. സന്താനലബ്ധിക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുകിട്ടാന്‍ നേര്‍ച്ച നേരുന്നു. അവിടെ സുജൂദ് ചെയ്യുന്നു. അവരുടെ പേരില്‍ സത്യം ചെയ്യുന്നു. ആനയെ എഴുന്നള്ളിക്കുന്നു. വിശ്വാസികളുടെ പണം വെടിക്കെട്ടുകളായി കത്തിത്തീരുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കുന്നതോ പണ്ഡിതന്മാരും. 

ഇതിനൊക്കെ പുറമെ ചിലര്‍ 'സ്വലാത്ത് നഗറുകള്‍' സംഘടിപ്പിക്കുന്നു. സ്വലാത്തുകള്‍ എസ്.എം.എസ് ചെയ്തും മറ്റുള്ളവര്‍ ചൊല്ലിയത് പാര്‍സലയച്ചും പണം കുന്നുകൂട്ടുന്നു. മുടിയും പൊടിയും വിറ്റ് സമുദായത്തെ നാണം കെടുത്തുന്നു. ഇതെല്ലാം ആദര്‍ശപരമാണെന്ന് പാവപ്പെട്ട ജനങ്ങള്‍ തെറ്റുധരിക്കുന്നു. ജനനവും മരണവും സമ്പാദ്യ മാര്‍ഗമായി മാറ്റുന്നു. മയ്യിത്ത് ക്വബ്‌റടക്കിയാല്‍ അല്ലാഹുവിനെയും മലക്കുകളെയും പരിഹസിക്കുന്ന രൂപത്തില്‍ ക്വബ്‌റിലെ ചോദ്യങ്ങള്‍ക്ക് മയ്യിത്തിന് മറുപടി പറഞ്ഞ് കൊടുക്കുന്നു. പരീക്ഷാ ഹാളിലെ ഒരു അധ്യാപകന്റെ വിലപോലും ഇവര്‍ അല്ലാഹുവിന് കല്‍പിക്കുന്നില്ലേ? ഹദ്ദാദും കുത്തിയും കുത്താതെയുമുള്ള റാതീബും അരങ്ങുതകര്‍ക്കുന്നു. പക്ഷിപ്പാട്ടും കുപ്പിപ്പാട്ടുമൊന്നും ഇപ്പോഴും കയ്യൊഴിച്ചിട്ടില്ല. കയ്യൊഴിച്ചത് പലതും പൊടിതട്ടിയെടുക്കുന്നു. ഇതെല്ലാം അടുത്ത കാലത്തുണ്ടായ കൃത്രിമ ദീന്‍! അഥവാ പുത്തനാചാരങ്ങളുടെ മതം. ഇതാണ് നബിﷺ അന്ന് പഠിപ്പിച്ച ദീന്‍ എന്ന് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷത്തിന് പ്രവാചകനും സലഫുകളും പഠിപ്പിച്ച ദീന്‍ പുത്തനും! അങ്ങനെയാണ് അവര്‍ പഠിപ്പിക്കപ്പെട്ടത്.

''സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു'' എന്ന് വിശുദ്ധ ക്വുര്‍ആന്‍ (9:34) പറഞ്ഞത് എത്ര ശരിയാണ്!

ഭൗതിക ജീവിതത്തിന്റെ മാര്‍ഗത്തിലുള്ള നെട്ടോട്ടത്തിനിടയില്‍ തനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ക്വുര്‍ആന്‍ പഠിക്കാനും അതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാനും സമയം കാണാത്ത പാമര ജനങ്ങളെ ശിര്‍ക്കിലേക്കും വഴികേടിലേക്കും നയിക്കുന്നവരുടെ ഉള്ളിലിരിപ്പ് എന്താണാവോ? പൂര്‍വ സമുദായങ്ങളുടെ ആചാരങ്ങളെ ചാണിന് ചാണായും മുഴത്തിന് മുഴമായും മുസ്‌ലിം സമുദായം പിന്തുടരുന്ന പ്രവണത കാണുമ്പോള്‍ നബിﷺയുടെ പ്രവചനം പുലരുന്നതായി ബോധ്യമാകുന്നു. 

ഇസ്‌ലാമിന്റെ സുന്ദര രൂപത്തെ വികൃതമാക്കിക്കൊണ്ട് വന്ന മറ്റൊരു കൂട്ടരാണ് മതരാഷ്ട്ര വാദക്കാര്‍. പ്രവാചകന്‍ﷺ പഠിപ്പിക്കാത്ത, സലഫുകള്‍ക്ക് പരിചയമില്ലാത്ത 'രാഷ്ട്രീയ ദീനു'മായി വന്ന ഇവര്‍ തങ്ങളുടെ പുതിയ ആദര്‍ശ താല്‍പര്യാനുസരണം മതത്തെയും ആരാധനകളെയും പുനര്‍വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ഇബ്‌റാഹീം നബി(അ) നംറൂദിന്റെ അഗ്‌നികുണ്ഠത്തില്‍ എറിയപ്പെട്ടത് നംറുദിന്റെ ഭരണത്തിന് ഭീഷണിയായതുകൊണ്ടാണ് എന്നാണ് ഇവരുടെ ഭാഷ്യം. എന്നാല്‍ അല്ലാഹു പറയുന്നത് കാണുക:

''ഇബ്‌റാഹീമിനെയും (നാം അയച്ചു). അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ): നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍. നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്. നിങ്ങള്‍ നിഷേധിച്ച് തള്ളുകയാണെങ്കില്‍ നിങ്ങള്‍ക്കുമുമ്പുള്ള പല സമുദായങ്ങളും നിഷേധിച്ച് തള്ളുകയുണ്ടായിട്ടുണ്ട്. ദൈവദൂതന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു'' (ക്വുര്‍ആന്‍ 29:16-18). 

ഇപ്പറഞ്ഞതിനോട് ജനങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്ന് തുടര്‍ന്ന് ക്വുര്‍ആന്‍ വിശദീകരിക്കുന്നു: 

''നിങ്ങള്‍ അവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യൂ എന്ന് പറഞ്ഞതല്ലാതെ അപ്പോള്‍ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) ജനത മറുപടിയൊന്നും നല്‍കിയില്ല. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ അഗ്‌നിയില്‍ നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്'' (29:24). 

''അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്'' (21:66-70).

ഇബ്‌റാഹീം(അ) ഭരണം പിടിച്ചടക്കുമെന്ന ഭീതിയിലല്ല നംറൂദ് അദ്ദേഹത്തെ തീയിലെറിയാന്‍ തയ്യാറായതെന്ന് വ്യക്തം. 

സലഫികള്‍ ഇസ്‌ലാമിന്റെ വികസനക്ഷമതയെ നിരാകരിക്കുന്നു, മുസ്‌ലിം സമൂഹത്തിനകത്തും പുറത്തുമുള്ള ബഹുസ്വരതയോട് അലര്‍ജി കാണിക്കുന്നു എന്നിങ്ങനെ ഇക്കൂട്ടര്‍ സലഫികളെ വിമര്‍ശിക്കാറുണ്ട്. ഇസ്‌ലാമിന്റെ വികസനക്ഷമത കൊണ്ട് എന്താണ് ഇവരുദ്ദേശിക്കുന്നത്? അല്ലാഹു പൂര്‍ത്തിയാക്കിയ മതത്തില്‍ എന്ത് വികസനമാണ് മനുഷ്യര്‍ക്ക് ചെയ്യാനുള്ളത്? വിശ്വാസത്തിലോ കര്‍മത്തിലോ എന്തെങ്കിലും കുട്ടിച്ചേര്‍ക്കാമോ? വെട്ടിച്ചുരുക്കാമോ? ഒരിക്കലുമില്ല. പിന്നെ സ്വന്തം ബുദ്ധികൊണ്ടുള്ള പ്രമാണ വ്യാഖ്യാനവും കാലത്തിനും അവസരത്തിനുമനുസരിച്ചുള്ള ദുര്‍വ്യാഖ്യാനവുമാണെങ്കില്‍ അതിന് സലഫികള്‍ സന്നദ്ധമല്ല. ബഹുസ്വരതയോട് യാതൊരു അലര്‍ജിയും സലഫികള്‍ക്കില്ല. എന്നാല്‍ സ്വന്തം വ്യക്തിത്വം കളഞ്ഞുകുളിക്കലും ഇതര ആദര്‍ശങ്ങളെ വാരിപ്പുണരലുമല്ല അത്. 

സലഫിയ്യത്തിന് ഒരു വഴിയേയുള്ളൂ. അത് വിശുദ്ധക്വുര്‍ആനിന്നും തിരുസുന്നത്തിന്നും സലഫുകള്‍ അംഗീകരിച്ച വ്യാഖ്യാനത്തോടു യോജിച്ചുനില്‍ക്കുകയെന്നതാണ്. അതിനു കഴിയാത്ത വിധം അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നും അവരിലുണ്ടാവില്ല. മസ്അലകളിലെ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നതില്‍ സലഫികള്‍ക്ക് ഒരു കാലത്തും സംശയമുണ്ടായിട്ടുമില്ല. അത്തരം കാര്യങ്ങളില്‍ത്തന്നെ പ്രാമാണികമായ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പരമാവധി ഐക്യരൂപത്തിലെത്താന്‍ സലഫികള്‍ക്ക് കഴിയുകയും ചെയ്യും. സലഫിയ്യത്തിലേക്ക് മടങ്ങി ഐക്യത്തിലാകാന്‍ കഴിയാത്തവര്‍ക്ക് എക്കാലത്തും ഈ പ്രസ്ഥാനത്തില്‍ നിന്ന് വേറിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അത് അല്ലാഹു തീരുമാനിക്കുന്ന കാലംവരെ ആവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ അതൊന്നും സലഫിയ്യത്തിന് തെല്ലും പോറലേല്‍പിക്കുകയില്ല. ഏതെങ്കിലും കുതന്ത്രക്കാരുടെ തന്നിഷ്ടങ്ങളും പ്രവര്‍ത്തനങ്ങളുമൊന്നും സലഫിയ്യത്തിന്റെ ശൈഥില്യമായി വ്യാഖ്യാനിക്കേണ്ടതില്ല. 

നബിﷺ പറഞ്ഞു: ''എന്റെ ശേഷവും നിങ്ങളിലാരെങ്കിലും ജീവിച്ചിരുന്നാല്‍ ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ നിങ്ങള്‍ കാണും. അപ്പോള്‍ നിങ്ങള്‍ എന്റെ ചര്യയും മാര്‍ഗദര്‍ശികളും സന്മാര്‍ഗചാരികളുമായ എന്റെ ഖുലഫാഇന്റെ (പിന്‍ഗാമികളായ സ്വഹാബികളുടെ) ചര്യയും മുറുകെ പിടിക്കുക. അണപ്പല്ലു കൊണ്ട് നിങ്ങളത് മുറുകെ പിടിക്കുക. കാര്യങ്ങളില്‍ പുത്തനായതിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും എല്ലാ പുത്തനാചാരങ്ങളും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും വഴികേടാകുന്നു'' (തിര്‍മിദി). 

മതകാര്യങ്ങളില്‍ തെളിവാണ് പ്രധാനം. പ്രമാണങ്ങളോട് മാറ്റുരക്കുമ്പോള്‍ നിര്‍മിത വിശ്വാസങ്ങളും ആചാരങ്ങളും നിഷ്പ്രഭമാകുമെന്നതില്‍ സംശയമില്ല. പ്രമാണങ്ങള്‍ക്ക് അല്ലാഹുവിന്റെ സവിശേഷമായ സംരക്ഷണം ലഭിക്കുമെന്നത് വാഗ്ദാനം ചെയ്യപ്പെട്ട വസ്തുതയാണ്. അതിനാല്‍ പാരത്രിക വിജയം ആഗ്രഹിക്കുന്നവര്‍ പ്രമാണങ്ങളിലേക്ക് മടങ്ങട്ടെ.