പ്രമാണ ദുര്‍വ്യാഖ്യാനത്തിന് മുന്‍ഗാമികള്‍ മാതൃകയോ?

മൂസ സ്വലാഹി, കാര

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

മതപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കലും അവയിലൂടെ സ്ഥിരപ്പെട്ട കാര്യങ്ങളെ പൂഴ്ത്തിവെക്കലും പതിവാക്കിയ ചിലരുണ്ട്. ഇതിന്നായി ഏതറ്റം വരെയും പോകാന്‍ അവര്‍ സന്നദ്ധരാണ്. അവരില്‍ പെട്ട ഒരു വിഭാഗമാണ് സമസ്തക്കാര്‍. ശരിയായ വിശ്വാസ, കര്‍മ കാര്യങ്ങളില്‍ മായം കലര്‍ത്താന്‍ മുന്‍ഗാമികളുടെ മേല്‍ കള്ളം പറഞ്ഞും സ്ഥിരപ്പെട്ട ഹദീഥുകളെ ദുര്‍വ്യാഖ്യാനിച്ചും കേരള ശിയാക്കള്‍ എന്ന് വിശേഷിപ്പിക്കപ്പെടാന്‍ അര്‍ഹതയുള്ള സമസ്തക്കാര്‍ നടത്തുന്ന കസര്‍ത്തുകള്‍ക്ക് കയ്യും കണക്കുമില്ല. അതിന്റെ ഒരു ഉദാഹരണമാണ് 'സുന്നിവോയ്‌സി'ല്‍ (2017 ഡിസംബര്‍, ലക്കം 16-31) പ്രസിദ്ധീകരിച്ച ഒരു ലേഖനം. 

പ്രധാനമായും നാല് വിഭാഗങ്ങളാണ് പ്രമാണങ്ങള്‍ക്കു നേരെ മേല്‍പറഞ്ഞ സമീപന രീതി ഇന്നുവരെയും സ്വീകരിച്ചു പോരുന്നത്. ജൂതന്‍മാര്‍, ക്രൈസ്തവര്‍, ശിയാക്കള്‍, സ്വൂഫികള്‍ എന്നിവരാണവര്‍. ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ നിന്ദ്യമാക്കി അവതരിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. തുടക്കം മുതലേ ശിയാക്കളുടെ അബദ്ധജഡിലമായ പല വിശ്വാസങ്ങളും അനാചാരങ്ങളും പേറി പ്രയാണം തുടരുന്ന സമസ്തക്കാര്‍ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നതിലും മറച്ചുവെക്കുന്നതിലും ഇവരെയെല്ലാം കവച്ചുവെക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത് എന്ന് പറയേണ്ടിവന്നതില്‍ വ്യസനമുണ്ട്. ലേഖകന്‍ നടത്തിയ വളച്ചൊടിക്കലുകളെ പ്രാമാണികമായി ഒന്ന് വിലയിരുത്താം.

''സ്വഹാബികള്‍ അനുഷ്ഠിച്ചിരുന്ന ആചാരങ്ങളും അവര്‍ വെച്ചുപുലര്‍ത്തിയിരുന്ന വിശ്വാസങ്ങളും ഉള്‍ക്കൊള്ളാന്‍ വഹാബികള്‍ക്ക് സാധിച്ചിട്ടില്ലെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. തവസ്സുലും ഇസ്തിഗാസയും ശിര്‍ക്കാണെന്ന വഹാബി പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയം തന്നെ സലഫുകളുടെ വിശ്വാസങ്ങള്‍ക്കെതിരാണ്. ഒരിക്കല്‍ അന്ധനായ ഒരാള്‍ നബി ﷺ യുടെ സന്നിധിയില്‍ വന്ന് ഇങ്ങനെ അഭ്യര്‍ഥിച്ചു: 'തിരുദൂതരേ, എനിക്ക് കാഴ്ച ലഭിക്കാന്‍ വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും.' ഇതുകേട്ട നബി  ﷺ  പറഞ്ഞു: 'വേണമെങ്കില്‍ ഞാന്‍ ദുആ ചെയ്യാം. പക്ഷേ, വിഷമങ്ങള്‍ സഹിക്കുന്നതാണ് നിനക്ക് ആഖിറത്തിലേക്ക് ഗുണകരം.' സ്വഹാബി വീണ്ടും പറഞ്ഞു: 'അങ്ങ് ദുആ ചെയ്യണന്നൊണ് ഞാന്‍ വിനീതമായി അപേക്ഷിക്കുന്നത്.' അപ്പോള്‍ നബി ﷺ  അദ്ദേഹത്തോട് പൂര്‍ണമായി വുളൂ എടുത്തു വരാനും രണ്ട് റക്അത്ത് നിസ്‌കരിക്കാനും ശേഷം അല്ലാഹുവേ, കാരുണ്യത്തിന്റെ പ്രവാചകനായ നിന്റെ പ്രവാചകന്‍ മുഹമ്മദ് നബി ﷺ യെ മുന്‍നിര്‍ത്തി ഞാനിതാ നിന്നോട് (കാഴ്ച നല്‍കണമെന്ന്) ചോദിക്കുന്നു. മുഹമ്മദ് നബിയേ! എന്റെ ആവശ്യം നിറവേറാന്‍ വേണ്ടി അങ്ങ് മുഖേന ഞാന്‍ എന്റെ രക്ഷിതാവിലേക്കിതാ മുന്നിട്ടിരിക്കുന്നു' എന്നര്‍ഥം വരുന്ന ദുആ നടത്താനും നിര്‍ദേശിച്ചു'' (പേജ് 19).

ഇമാം അഹ്മദ്(റ) ഉദ്ധരിച്ച സ്വഹീഹായ ഈ സംഭവം അനുവദനീയമായ തവസ്സുലിനെയാണ് പഠിപ്പിക്കുന്നത്. അല്ലാതെ നിരോധിക്കപ്പെട്ട ദാത്ത്, ഹഖ്, ജാഹ്, ബര്‍കത്ത് കൊണ്ടുള്ള ഇടതേട്ടത്തെയല്ല. പല കാരണങ്ങളാല്‍ നമുക്കിത് മനസ്സിലാക്കാം.

A) തന്റെ പ്രാര്‍ഥനയെക്കാള്‍ നബി ﷺ യുടെ പ്രാര്‍ഥനക്ക് സ്വീകാര്യത കിട്ടുമെന്നതിനാല്‍ അയാള്‍ തിരുസന്നിധിയില്‍ വന്ന് അല്ലാഹുവിനോട് തേടാന്‍ ആവശ്യപ്പെട്ടു.

B) നബി ﷺ  പ്രാര്‍ഥന കൊണ്ട് വാഗ്ദാനം നല്‍കിയതോടൊപ്പം ക്ഷമിക്കലാണ് താങ്കള്‍ക്ക് നല്ലതെന്ന് ഉപദേശിച്ചു.

C) തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നതില്‍ തന്നെ അയാള്‍ ഉറച്ച് നിന്നു.

D) 'അല്ലാഹുവേ, എന്റെ കാര്യത്തില്‍ നബി ﷺ യുടെ ശുപാര്‍ശ നീ സ്വീകരിക്കണേ' എന്ന ഹദീഥിലെ വാചകത്തില്‍ നിന്ന് തന്നെ ഇത് നബി ﷺ യുടെ ദാത്ത്, ഹഖ്, ജാഹ് കൊണ്ടുള്ള തേട്ടമല്ലെന്ന് വ്യക്തമാകുന്നു.

E) നബി ﷺ യുടെ മുഅ്ജിസത്തുകളിലാണ് ഇതിനെ പണ്ഡിതന്‍മാര്‍ എണ്ണിയിട്ടുള്ളത്.

പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, വ്യക്തമായി മനസ്സിലാക്കന്‍ പ്രയാസമില്ലാത്ത ഒന്നിനെ വളച്ചൊടിച്ച് തങ്ങളുടെ വികലവാദങ്ങള്‍ക്ക് തെളിവാക്കി മാറ്റുക എന്നത് പ്രമാണങ്ങള്‍ക്ക് നേരെയുള്ള കടുത്ത അക്രമവും കയ്യേറ്റവുമാണ് എന്നേ പറയാനുള്ളൂ.

''വഫാത്തായ മഹാത്മാക്കളോട് സഹായം അര്‍ഥിക്കുന്നത് ശിര്‍ക്കും കുഫ്‌റുമാണെന്ന് വഹാബികള്‍ പറയുമ്പോള്‍ പ്രശ്‌നപരിഹാരത്തിനു വേണ്ടി തിരുനബി ﷺ യുടെ ഖബ്‌റിനരികില്‍ വന്ന് സ്വഹാബികള്‍ സഹായം അഭ്യര്‍ഥിക്കുന്ന രംഗമാണ് ഹദീസുകളിലുള്ളത്. രണ്ടാം ഖലിഫയായ ഉമറുബ്‌നുല്‍ ഖത്വാബ്(റ)വിന്റെ കാലത്ത് കനത്ത ക്ഷാമം അനുഭവപ്പെട്ടു. മഴയില്ലാതെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. പ്രശ്‌ന പരിഹാരത്തിനായി സ്വഹാബിയായ ബിലാലുബ്‌നു ഹാരിസ്(റ) നബി ﷺ യുടെ അടുക്കല്‍ വന്ന് പറഞ്ഞു: തിരുനബിയേ, അങ്ങയുടെ സമുദായത്തിന് മഴ ലഭിക്കാന്‍ വേണ്ടി അല്ലാഹുവിനോട് അപേക്ഷിക്കുക. അവര്‍ നാശമടഞ്ഞു കൊണ്ടിരിക്കുകയാണ് (മുസ്വന്നഫിബ്‌നു ശൈബ).''

''ഉമറുബ്‌നുല്‍ ഖത്വാബ്(റ)വിന്റെ ഭരണ കാലത്ത് കനത്ത വറുതിയുണ്ടായപ്പോള്‍ ഖലീഫ ഉമര്‍(റ) തന്നെ നബി ﷺ യുടെ പിതൃവ്യനായ അബ്ബാസ്ബ്‌നു അബ്ദില്‍ മുത്ത്വലിബിനെ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും മഴ ലഭിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്ലാഹുവേ, നിന്റെ നബി ﷺ യെ മുന്‍നിര്‍ത്തി ഞങ്ങള്‍ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ നീ മഴ വര്‍ഷിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നിന്റെ നബി  ﷺ യുടെ പിതൃവ്യനെ മുന്‍നിര്‍ത്തി നിന്നോട് തവസ്സുല്‍ ചെയ്യുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് നീ മഴ വര്‍ഷിപ്പിച്ചു തരേണമേ. എന്നായിരുന്നു ഉമറുബ്‌നുല്‍ ഖത്വാബ്(റ) ദുആ ചെയ്തിരുന്നത്'' (പേജ് 20).

രണ്ടു സംഭവങ്ങളെയാണ് ഇവിടെ എടുത്ത് ഉദ്ധരിച്ചിട്ടുള്ളത്. ഒന്ന് ബിലാലുബ്‌നു ഹാരിസ്(റ)വില്‍ നിന്നാണ്. ഇതിന്റെ പരമ്പരയിലെ മാലിക്കുദ്ദാര്‍ എന്ന വ്യക്തിയുടെ ഹദീഥ്, നിദാന ശാസ്ത്രത്തിലെ 'ളബ്ത്തും' 'അദാലത്തും' അറിയപ്പെടാത്തതിനാലും മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥനയ്ക്ക് ദീനില്‍ ഇങ്ങനെ ഒരു രീതി സ്ഥിരപ്പെട്ടിട്ടില്ലാത്തതിനാലും ഇത് സ്വീകാര്യയോഗ്യമല്ല. രണ്ടാമത്തേത് നബി ﷺ യുടെ പിതൃവ്യനായ അബ്ബാസ്(റ)വിനെക്കൊണ്ട് ഉമര്‍(റ) തവസ്സുല്‍ നടത്തി എന്നതാണ്. ഇതില്‍ അബ്ബാസ്(റ)വിനോട,് മഴ ലഭിക്കാന്‍ വേണ്ടി അല്ലാഹുവിനോട് താങ്കള്‍ പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടതിനെ ലേഖകന്‍ മനപ്പൂര്‍വം പൂഴ്ത്തി വെച്ചു. മാത്രമല്ല, ഉമര്‍(റ) അബാസ്(റ)വിന്റെ ജാഹ് കൊണ്ട് അല്ലാഹുവിലേക്ക് ഇടതേട്ടം നടത്തി എന്നല്ലല്ലോ ഇതിലുള്ളത്. അബ്ബാസ്(റ)വിനോട് ആവശ്യപ്പെടുന്നത് അല്ലാഹുവിനോട് തേടുവാനാണ്. ജീവിച്ചിരിക്കുന്ന നല്ലവരോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടാം എന്ന അനുവദനീയമായ തേട്ടത്തെയാണ് ഇത് പഠിപ്പിക്കുന്നത്. 

ഇനി തേട്ടം ജാഹ് കൊണ്ടായിരുന്നെങ്കില്‍ ഉമര്‍(റ) തേടേണ്ടിയിരുന്നത് നബി ﷺ യുടെ ജാഹ് കൊണ്ടായിരുന്നില്ലേ? കാരണം, അതിനാണല്ലോ ഏറ്റവും വലിയ സ്വീകാര്യത ലഭിക്കുക. ഈ ദുര്‍വ്യാഖ്യാനങ്ങളൊന്നും ഇവര്‍ ഇന്ന് തുടങ്ങിവെച്ചതല്ല. സ്‌റ്റേജിലും പേജിലുമായി കുറേ കാലമായി ഇതെല്ലാം വിളമ്പാന്‍ തുടങ്ങിയിട്ട്. 

''തറാവീഹ് ഇരുപത് റക്അത്താണെന്ന് സ്വഹാബത്തിന്റെ ഇജ്മാഅ് അടക്കം നിരവധി പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടും എട്ടിലൊതുക്കുന്ന വഹാബികള്‍ ഏത് സലഫിന്റെ പിന്‍ഗാമികളാണെന്നാണ് മനസ്സിലാകാത്തത്. ചില ഹദീസുകള്‍ കാണുക: സാഇബ്ബ്‌നു യസീദ്(റ)വില്‍ നിന്ന് നിവേദനം: ഉമര്‍(റ)വിന്റെ കാലത്ത് സ്വഹാബികള്‍ റമളാനില്‍ ഇരുപത് റക്അത്ത് നിസ്‌കരിക്കുമായിരുന്നു'' (ഇമാം ബൈഹഖി, അസ്സുനനുല്‍ കുബ്‌റാ)'' (പേജ് 20).

നബി ﷺ യുടെ രാത്രി നമസ്‌ക്കാരം പതിനൊന്ന് റക്അത്തായിരുന്നു എന്നത് ഹദീഥുകളില്‍ സ്ഥിരപ്പെട്ടതാണ്. അത് റമദാനിലും അല്ലാത്തപ്പോഴും അത്ര തന്നെ. അബൂസലമത്ത്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം ആഇശ(റ)യോട് ചോദിച്ചു: ''നബി ﷺ യുടെ രാത്രി നമസ്‌കാരം എങ്ങനെയായിരുന്നു?'' അപ്പോള്‍ ആഇശ(റ) പറഞ്ഞു: ''നബി ﷺ  റമദാനിലും അല്ലാത്ത സമയത്തും പതിനൊന്ന് റക്അത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാറില്ല'' (ബുഖാരി, മുസ്‌ലിം).

ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റ) പറഞ്ഞത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കുന്നത് നന്നാകും: ''നബി ﷺ  റമദാനില്‍ ഇരുപത് റക്അത്തും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന് ഇ്ബനു അബ്ബാസ്(റ)വില്‍ നിന്ന് ഇബ്‌നു അബീശൈബ ഉദ്ധരിക്കുന്ന ഹദീഥിന്റെ സനദ് ദുര്‍ബലമാണ്. മറ്റുള്ളവരെക്കാള്‍ നബി ﷺ യുടെ രാത്രി അവസ്ഥയെ കുറിച്ച് ഏറ്റവും നന്നായി അറിയുന്ന ആഇശ(റ)വില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിം(റ) ഉദ്ധരിച്ച ഹദീഥിന് തീര്‍ച്ചയായും അത് എതിരായിട്ടുമുണ്ട്'' (ഫത്ഹുല്‍ ബാരി വാള്യം 5, പേജ് 2644).

ഇത്തരം ഹദീഥുകളുടെ മുമ്പില്‍ പെട്ടാല്‍ രക്ഷപ്പെടാന്‍ ഇവര്‍ കാണിക്കുന്നത് കുരുട്ടു ചോദ്യമുണ്ട്; 'വഹാബീ... അത് വിത്‌റിനെ കുറിച്ചല്ലേ? എവിടെ ഇതില്‍ തറാവീഹ്?' എന്ന ചോദ്യം. ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ നല്‍കിയതാണ് ഇതിന് ഏറ്റവും നല്ല മറുപടി. തറാവീഹ് നമസ്‌കാരത്തെക്കുറിച്ച് പറയുന്ന അധ്യായത്തില്‍ 2013-ാം നമ്പര്‍ ഹദീഥായി ഇമാം ബുഖാരി പ്രത്യേകം എടുത്തു പറഞ്ഞ ഹദീഥാണ് മുകളില്‍ വായിച്ചത്. ഇതൊന്നും പരിഗണിക്കാതെ നബി ﷺ  നമസ്‌കരിച്ചതും സ്വഹാബത്ത് കാണിച്ചതും ഇരുപത് റക്അത്താണെന്നും അതാണ് സുന്നത്തെന്നും പതിനൊന്ന് പുതിയതും അത് നിര്‍വഹിക്കുന്നവര്‍ പുത്തന്‍ വാദികളാണെന്നും സമസ്തക്കാര്‍ തെറ്റായ പ്രചാരണം നടത്തുകയാണ് ചെയ്യുന്നത്. 

ഉമര്‍(റ)വിന്റെ കാലത്ത് തന്നെ ഉബയ്യുബ്‌നു കഅ്ബ്(റ), തമീമുദ്ദാരി(റ) എന്നിവരോട് ജനങ്ങള്‍ക്ക് ഇമാമായി നിന്ന് പതിനൊന്ന് റക്അത്ത് നമസ്‌കരിക്കുവാന്‍ അദ്ദേഹം കല്‍പിച്ചതിനെ ഇവര്‍ കണ്ണ് തുറന്ന് കാണാറില്ല. ഈരണ്ട് റക്അത്ത് വീതം നമസ്‌കരിക്കുക എന്ന ഹദീഥിന്റെ വെളിച്ചത്തില്‍ ഉണ്ടായ ഒരഭിപ്രായത്തില്‍ മാത്രം കടിച്ചുതൂങ്ങി സ്ഥിരപ്പെട്ട നബിചര്യയെ നിര്‍ജീവമാക്കാന്‍ പരിശ്രമിക്കുന്നത് മഹാകഷ്ടം തന്നെ!

മാത്രമല്ല, ഇവര്‍ അംഗീകരിക്കുന്ന ഇമാം സുയൂത്വി തന്റെ 'അല്‍ഹാവി ലില്‍ ഫതാവ'യില്‍ വാള്യം 2 പേജ് 75ല്‍ പറഞ്ഞിട്ടുള്ളത് ഇവരുടെ ഇരുപത് റക്അത്ത് എന്ന നിലപാടിന് എതിരായ കാര്യമാണ്. 

''വ്യാജ സലഫികളും സലഫുസ്സ്വാലിഹീങ്ങളും തമ്മിലുള്ള അന്തരം ഇത്തരത്തിലുള്ള ഒന്നോ രണ്ടോ വിഷയങ്ങളിലൊതുങ്ങുന്നതല്ല. സ്വഹാബികള്‍ നിരാക്ഷേപം നടത്തിവന്ന പല അനുഷ്ഠാനങ്ങളെയും നിര്‍ദാക്ഷിണ്യം തള്ളിയവരാണവര്‍. ജുമുഅയുടെ രണ്ടാം വാങ്കിനെ എതിര്‍ക്കുന്നവര്‍ സ്വഹാബി പ്രമുഖനായ ഉസ്മാന്‍(റ)വിന്റെ നടപടിയെയാണ് തള്ളുന്നത്. ഉസ്മാന്‍(റ) നടപ്പില്‍ വരുത്തിയ ഈ വാങ്ക് സ്വഹാബികളെല്ലാം അംഗീകരിക്കുകയും നാളിതുവരെ മുസ്‌ലിം ലോകം തുടര്‍ന്നു വരികയും ചെയ്തതാണ്'' (പേജ് 20).

എന്താണ് ഇതിന്റെ സത്യാവസ്ഥ? ജനങ്ങള്‍ അധികരിച്ചതും വീടുകള്‍ പള്ളിയെ തൊട്ട് വിദൂരത്തായി എന്നതും ന്യായമായ കാരണങ്ങളായതിനാല്‍ ഉസ്മാന്‍(റ)വിന്റെ കാലത്ത് ജുമുഅയുടെ അറിയിപ്പിനായി മദീനയിലെ സൗറാഅ് എന്ന സ്ഥലത്ത് വെച്ച് തന്റെ ഇജ്തിഹാദ് (ഗവേഷണം) ഫലമായി ഒരു ബാങ്ക് വിളി നടപ്പിലാക്കി. പില്‍ക്കാലത്തും ഇത് സ്ഥിരപ്പെട്ടു എന്നത് ലേഖകന്റെ ജല്‍പനം മാത്രമാണ്. ഈ സംഭവത്തെ ഉദ്ധരിച്ച ഇമാം ബുഖാരി പോലും ഇങ്ങനെ വിശദീകരിച്ചിട്ടില്ല. നബി ﷺ യുടെ കാലം മുതല്‍ ഉമര്‍(റ)വിന്റെ കാലഘട്ടം വരെ ഈ സമ്പ്രദായം ഉണ്ടായിട്ടില്ല എന്നതും ഹദീഥുകള്‍ വ്യക്തമാക്കുന്നു. 

ഇതു സംബദ്ധിച്ച് ഇമാം ശാഫിഈ(റഹി) തന്റെ 'അല്‍ ഉമ്മ്' എന്ന ഗ്രന്ഥത്തില്‍ പറഞ്ഞത് കാണുക: ''ഉസ്മാന്‍(റ)വാണ് അത് തുടങ്ങിയത് എന്നതിനെ അത്വാഅ്(റ) നിഷേധിക്കുകയും മുആവിയ(റ)വാണ് അത് തുടങ്ങിയതെന്നും പറയുന്നു. രണ്ടില്‍ ആരായാലും റസൂലി ﷺ ന്റെ കാലത്തുണ്ടായതാണ് എനിക്ക് ഏറെ ഇഷ്ടം'' (1/224).

ഉസ്മാന്‍(റ)വിനെ പിന്‍പറ്റിക്കൊണ്ടാണ് സമസ്തക്കാരുടെ പള്ളികളില്‍ ഇത് നടക്കുന്നതെങ്കില്‍ പള്ളിക്ക് സമീപത്തെ അങ്ങാടിയിലേക്ക് ഇറങ്ങി ഒന്നാം ബാങ്ക് വിളിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. അതിലാണല്ലോ മാതൃകയുള്ളത്. സുന്നത്തുകളെ ജീവിപ്പിക്കാനും ബിദ്അത്തുകളെ ഇല്ലാതാക്കുവാനും പരിശ്രമിക്കുന്ന സലഫികളോട് ഇവര്‍ ശത്രുത കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.