തിരിഞ്ഞുകൊത്തുന്ന ഭീകരതയാരോപണം

മൂസ സ്വലാഹി, കാര

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

ബ്രിട്ടീഷ് അജണ്ടയുടെ ഭാഗമായി ലോഗന്‍ സായിപ്പിന്റെ ഉറ്റമിത്രമായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങളാല്‍ 1926കളില്‍ രൂപീകൃതമായതാണ് ശിയായിസത്തെ താലോലിക്കുന്ന സംഘടനയായ സമസ്ത. ബ്രിട്ടീഷുകാര്‍ ഇവരിലേക്ക് സന്നിവേശിപ്പിച്ച സലഫിവിരോധത്തിന്റെ വിഷം ഇന്നും ഇവരെ വിട്ടുപോയിട്ടില്ലെന്നത് ഇവര്‍ ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു. സലഫികള്‍ക്കിടയില്‍ നിന്ന് ഭീകരവാദികളെ തപ്പിയെടുക്കാനുള്ള തീവ്ര ശ്രമത്തില്‍ മുഴുകിയിരിക്കുകയാണ് ഇക്കൂട്ടര്‍. 'സലഫി ഭീകരതയുടെ കൂട്ടിക്കൊടുപ്പുകാര്‍' എന്ന ശീര്‍ഷകത്തില്‍ 2018 ഫെബ്രുവരി 1-15 ലക്കം 'സുന്നിവോയ്‌സി'ല്‍ വന്ന ലേഖനം ഈ കാട്ടിക്കൂട്ടലിന്റെ ഒടുവിലത്തെ തെളിവാണ്.

ലേഖകന്‍ തൊടുത്തുവിട്ട ആരോപണങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്താല്‍ ശരിക്കും ഇപ്പറഞ്ഞതിനര്‍ഹര്‍ ശിയായിസത്തിന്റെ കേരള പതിപ്പായ ഇവര്‍ തന്നെയാണെന്നത് ആര്‍ക്കും ബോധ്യമാകും. മുസ്‌ലിം സമൂഹത്തെ മൊത്തത്തില്‍ പ്രതിസന്ധികള്‍ കാര്‍ന്ന് തിന്നുമ്പോള്‍ ശത്രുക്കള്‍ക്ക് അഴിഞ്ഞാടാന്‍ കളമൊരുക്കിക്കൊടുക്കുന്ന ഇത്തരം പേനയുന്തികളുടെയും പ്രഭാഷകരുടെയും ചെയ്തികള്‍ അന്ധമായ വിരോധവും പക്വതയില്ലായ്മയുമാണ് പ്രകടമാക്കുന്നത്. ലേഖകന്റെ ഒരു ആരോപണം കാണുക:

''ഇസ്‌ലാമികാദര്‍ശത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ് പ്രവാചക താവഴിയിലൂടെ സഞ്ചരിച്ച, മൂല്യങ്ങള്‍ കെട്ടുപോകാതെ സൂക്ഷിച്ച സൂഫിധാരയോടാണ് വഹാബികള്‍ക്ക് കലിപ്പ.് ഇതര മതവിഭാഗങ്ങളോടുള്ള സമീപന രീതികള്‍ വളരെ വൈകൃതവുമാണ്. അഥവാ ഇസ്‌ലാമിക ബോധത്തോട് ഒട്ടിച്ചേര്‍ന്ന് നിര്‍ക്കാന്‍ അവയ്ക്ക് ഒരിക്കലും സാധ്യമല്ല. ജൂത ക്രൈസ്തവ വിഭാഗങ്ങളോട് ഒരു നിലക്കുള്ള സാമൂഹിക ഇടപാടുകളും പാടില്ലെന്ന് തുടങ്ങുന്ന ഉസാമ ബില്‍ലാദന്റെ ഫത്‌വ തന്നെ ഏറ്റവും വലിയ ഉദാഹരണം.'' (പേജ് 20).

ശുദ്ധ ഇസ്‌ലാമിന്റെ ബദ്ധവൈരികളായ ശിയാക്കളുടെ ഉല്‍പന്നമായ സൂഫിസത്തിന്റെ വഴിയാണ് സമസ്തയുടേതെന്ന് ലേഖകന്‍ തന്നെ സമ്മതിക്കുന്നു. മതത്തിന്റെ യഥാര്‍ഥ മാര്‍ഗമല്ല സ്വീകരിച്ചതെന്ന് വ്യക്തം. വിശ്വാസ-കര്‍മ വിഷയങ്ങളില്‍ പ്രാമാണിക നിലപാട് കൈകൊള്ളാത്തവരോട് ആദര്‍ശപരമായ വിയോജിപ്പ് പ്രകടിപ്പിക്കുക സ്വഭാവികമാണ്. അതിനെ 'കലിപ്പെന്ന്' വിശേഷിപ്പിക്കുന്നതില്‍ അര്‍ഥമില്ല. നന്മയിലും പുണ്യത്തിലും പരസ്പരം സഹകരിക്കുക എന്നത് ഇസ്‌ലാമിന്റെ സന്ദേശമാണ്. അതിനെ ജിവിതത്തില്‍ കൊണ്ടുനടക്കുന്നവരാണ് സലഫികള്‍. 

രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുക എന്ന നന്മയുടെ നേട്ടത്തിന്നായി മുന്നിട്ടിറങ്ങിയവരോടൊപ്പം പ്രയത്‌നിച്ചവരാണ് മുന്‍കാല സലഫി പണ്ഡിതന്മാരായ കെ.എം മൗലവി, വക്കം മൗലവി, ഇ.കെ മൗലവി, ഇ. മൊയ്തു മൗലവി... തുടങ്ങിയവര്‍. അതിനവര്‍ക്ക് ജാതി-മത വിഭാഗീയതകള്‍ തടസ്സമായിരുന്നില്ല. അന്നും ഇന്നും ബന്ധം പുലര്‍ത്താന്‍ ഇസ്‌ലാം അനുവദിച്ച മേഖലകളെ അടുത്തറിഞ്ഞ് തന്നെയാണ് സലഫികളുടെ ജീവിതവും പ്രബോധന പ്രവര്‍ത്തനങ്ങളും. ആരാണ് ഇതര മതവിഭാഗങ്ങളോട് സാമൂഹിക ഇടപാടുകള്‍ പാടില്ലെന്ന് പറഞ്ഞതെന്ന് മനസ്സിലാകണമെങ്കില്‍ താഴെ കൊടുക്കുന്ന ഉദ്ധരണികള്‍ വായിക്കുക, ശേഷം വിലയിരുത്തുക:  

''ലോഗന്‍ സായിപ്പിന്റെ ഉറ്റചങ്ങാതിയായിരുന്നു വരക്കല്‍ തങ്ങള്‍. അതുപോലെ സമസ്തയുടെ മുശാവറ മെമ്പര്‍ ആകണമെങ്കില്‍ (അവര്‍) ബ്രിട്ടീഷ് അനുകൂലികളായിരിക്കണമെന്നതായിരുന്നു സമസ്തയുടെ മുഖ്യപ്രമാണം. മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്യസമരം കൊടുമ്പിരികൊണ്ടിരുന്ന 1920കളില്‍ ആണ് സമസ്ത രൂപീകരിച്ചത.് എന്നിട്ട് പോലും സ്വാതന്ത്യസമരത്തെ അംഗീകരിക്കുകയോ അതിനെതിരെ ഒരൊറ്റവരി പ്രമേയം കൊണ്ടെങ്കിലും പിന്തുണക്കുകയോ ഉണ്ടായിട്ടില്ല. മാത്രമല്ല ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നത് മതവിരുദ്ധമാണെന്ന് വരെ ഫത്‌വ നല്‍കി ബ്രിട്ടീഷ് വാഴ്ചക്ക് ദാസ്യവേല ചെയ്യുകയായിരുന്നു അവര്‍'' (സത്യമാര്‍ഗം മാസിക, ജനുവരി 2014, പേജ് 152).

സമസ്തക്കാര്‍ ജാറമുണ്ടാക്കി വണങ്ങുന്ന സി.എം മടവൂരിന്റെ സ്വഭാവത്തെക്കുറിച്ച് പറയുന്നു: ''ഈ കാലത്ത് അമുസ്‌ലിംകളോടും പുത്തനാശയക്കാരോടും ദേഷ്യമായിരുന്നു. രാഷ്ട്രീയക്കാര്‍ക്കെതിരെ കടുത്തഭാഷയില്‍ സംസാരിച്ചിരുന്നു. രാഷ്ട്രീയ ചായ്‌വുള്ള പത്ര മാസികകള്‍ ഉപേക്ഷിക്കുവാനും രാഷ്ട്രീയ നേതാക്കളോടുള്ള സ്‌നേഹബന്ധം വിച്ഛേദിക്കുവാനും നിര്‍ദേശിച്ചിരുന്നു. ഇൗ കാലഘട്ടത്തില്‍ അമുസ്‌ലിംകളുടെ വാഹനത്തില്‍ യാത്ര ചെയ്യുന്നതും അവരെക്കൊണ്ട് ജോലി എടുപ്പിക്കുന്നത് പോലും ശക്തമായി എതിര്‍ത്തിരുന്നു'' (മടവൂര്‍ സി.എം, ഷാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, പേജ് 70).  

ഒരു സഖാഫി എഴുതിയത് കാണുക: ''അമുസ്‌ലിംകള്‍ നമ്മുടെ വേദികളില്‍ പങ്കെടുക്കലും നാം അവരെ പങ്കെടുപ്പിക്കലും കറാഹത്താണ്. നമ്മോട് ഇടകലരാന്‍ അവര്‍ക്ക് നാം അവസരം നല്‍കരുത് (തുഹ്ഫ 3:75)'' (ആധുനിക പ്രശ്‌നങ്ങള്‍ ഫിഖ്ഹിലൂടെ, ഹുസൈന്‍ കാമിലി ഓമച്ചപ്പുഴ, പേജ് 46).

ഇത്തരം ശീലമുള്ളവരുെട അനുയായികള്‍ക്കെങ്ങനെ ഇതരമതസ്ഥരോടുള്ള ഇസ്‌ലാമിന്റെ സമീപനരീതി സ്വീകരിക്കുവാനാകും?

വിമര്‍ശകന്‍ തുടരുന്നു: ''വിശ്വാസികളുടെ ആശാകേന്ദ്രങ്ങള്‍ക്കെതിരെയും മഖ്ബറകള്‍ക്കെതിരെയും തുടങ്ങിയ അക്രമണങ്ങള്‍ ഇനിയും നിറുത്തിയിട്ടില്ല. നീനവായിലെ യൂനുസ്(അ) നബിയുടെ മഖ്ബറയും പള്ളിയും മുസ്വ്‌ലിലെ അയ്യൂബ് നബി(അ)യുടെ  പള്ളിയും ഈ ക്രൂരതയുടെ ഇരകളാണ്. സൈദ്ബ്‌നു ഖത്വാബ്(റ)ന്റെ മഖ്ബറ പൊളിച്ച് ഇബ്‌നു അബ്ദില്‍ വഹാബ് തുടങ്ങിവെച്ച സംഹാരതാണ്ഡവങ്ങളുടെ തുടര്‍ച്ചയാണ് ആഗോളസമൂഹമാകെ കണ്ടുകൊണ്ടിരിക്കുന്നത്. മുസ്‌ലിം പേരുകളില്‍ അറിയപ്പെടുന്ന മുഴുവന്‍ ദീവ്രവാദ സംഘടനകളും തങ്ങളുടെ ആശയാവലംബമായി കാണാന്‍ മാത്രം വഹാബിസത്തെ തിരഞ്ഞുപിടിച്ചത് എന്തുകൊണ്ടാവാം? ഭീകരതക്ക് അതിനോടുള്ള ആത്മബന്ധം അത്രമേല്‍ ഇഴചേര്‍ന്നതുകൊണ്ടുതന്നെയാണെന്ന് ചരിത്രം പറയുന്നു. തീവ്രവാദവും വഹാബിസവും തമ്മിലുള്ളത് ഭേദിക്കാനാവാത്ത പൊക്കിള്‍ക്കൊടി ബന്ധമാണ്'' (പേജ് 20).

മറുപടി അര്‍ഹിക്കുന്ന ആരോപണമല്ല ഇതൊന്നും; എങ്കിലും മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്നതാണല്ലോ പൊതുരീതി. മഖ്ബറകള്‍ ആശയറ്റവര്‍ക്ക് അഭയം തേടിയെത്താനുള്ള ഇടങ്ങളാണെന്ന് ഏത് ഇസ്‌ലാമാണ് പഠിപ്പിച്ചത്? അങ്ങനെ കാണുന്നവര്‍ ശിയാക്കളും സൂഫികളുമാണ്. അവരുടെ വഴി ഇസ്‌ലാമിന് അന്യവുമാണ്. ക്വബ്‌റുകള്‍ കെട്ടി ഉയര്‍ത്തുന്നതും അതിന്മേല്‍ എടുപ്പുണ്ടാക്കുന്നതും ഇസ്‌ലാം വിരോധിച്ചതാണ്. ഉയര്‍ത്തപ്പെട്ട ക്വബ്‌റുകള്‍ പൊളിച്ചുമാറ്റാന്‍ നബി ﷺ  കല്‍പിച്ചതിനെ മറച്ചുവെക്കുന്ന സ്വഭാവം സലഫികള്‍ക്കില്ല. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബിന്റെ അഭിപ്രായത്തെയെങ്കിലും ലേഖകന്‍ മാനിക്കേണ്ടിയിരിക്കുന്നു. 

ശാഫിഈ പണ്ഡിതനായ ഇബ്‌നു ഹജറുല്‍ ഹൈതമി പറയുന്നു:''കെട്ടിപ്പൊക്കിയ ക്വബ്‌റുകളും അതിന്റെ മേലുള്ള ഖുബ്ബകളും പൊളിച്ചുനീക്കല്‍ നിര്‍ബന്ധമാണ്. എന്ത് കൊണ്ടെന്നാല്‍ അത് മസ്ജിദുള്ളിറാറിനെക്കാള്‍ (കപടവിശ്വാസികളുടെ പള്ളി) അപകടം പിടിച്ചതാണ്. (ഇത്തരം ജാറങ്ങളും ഖുബ്ബകളും) നിര്‍മിക്കപ്പെട്ടത് നബി(സ)യുടെ കല്‍പന ധിക്കരിച്ചുകൊണ്ടാണ്. നിശ്ചയം നബി ﷺ  അതിനെ വിലക്കുകയും ഉയര്‍ന്നുനില്‍ക്കുന്ന ക്വബ്‌റുകളെ തട്ടി നിരപ്പാക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടുണ്ട്'' (അസ്സവാജിര്‍, വാള്യം 1, പേജ് 148,149).

മുസ്‌ലിംകളെ ജാറങ്ങളില്‍ തളച്ചിടാന്‍ അധ്വാനിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹ്ഹാബിനെതിരെ ശത്രുക്കള്‍ പടച്ചുവിട്ട ദുരാരോപണങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നേ പറയാനുള്ളൂ. 

സലഫികള്‍ തീവ്രവാദികളാകണം എന്നും ലോകം അങ്ങനെ കരുതണം എന്നുമാണ് ഇവരുടെ വ്യാമോഹം. അതിനായി കവലകള്‍ തോറും സ്‌റ്റേജു കെട്ടി ആക്രോശിച്ച് നടക്കുകയാണിവര്‍. സ്വന്തം കൂടാരത്തിലെ തീവ്രചിന്താഗതികളെ സംരക്ഷിക്കുക എന്ന രഹസ്യവും ഇതിനു പിന്നിലുണ്ട്. എന്നാല്‍ ആരാണ് ആഗോളഭീകരതയുമായി വേര്‍പിരിയാന്‍ പറ്റാത്ത രക്തബന്ധം ഉണ്ടാക്കിയെടുത്തതെന്ന് ഇനി വരുന്ന വരികളില്‍ നിന്ന് വായിച്ചറിയാം. ഭീകരതയുടെ ലോകനേതാക്കളെ ഇവര്‍ വാനോളം പുകഴ്ത്തിപ്പറഞ്ഞ വരികള്‍ കാണുക.

''അല്ലാഹുവിന്റെ കല്‍പനകള്‍ ലംഘിക്കുന്നവര്‍ക്ക് ഈ ലോകത്തുനിന്ന് തന്നെ ലഭിക്കുന്ന തിരിച്ചടികള്‍ ഉസാമയെ ഇരുത്തിച്ചിന്തിപ്പിച്ചു. വിശുദ്ധ ഖുര്‍ആന്‍ പാരായണം, മഹാന്മാരുടെ ഖബ്ര്‍ സിയാറത്ത്, പുണ്യമെടുക്കല്‍ തുടങ്ങി ആത്മീയ ലോകത്തേക്ക് മെല്ലെ മെല്ലെ ഉസാമ കാല്‍വെച്ചു. പാശ്ചാത്യസംസ്‌കാരത്തെ ഉസാമ പാടെ വെറുത്തു. മദീനാ മുനവ്വറയില്‍ പ്രവാചകന്റെ മഖ്ബറയില്‍ മണിക്കൂറുകള്‍ ചെലവഴിച്ച് കരളലഞ്ഞു പ്രാര്‍ത്ഥിച്ചു. തന്റെ സ്വത്തും കഴിവും ഇസ്‌ലാമിനുവേണ്ടി ചെലവഴിക്കുവാന്‍ ഇറങ്ങിത്തിരിച്ചു. ഇത് പാശ്ചാത്യ മിഷനറിമാര്‍ക്ക് തലവേദനയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൂഫീവര്യന്മാരുമായി ഉസാമ ബന്ധം സ്ഥാപിച്ച് തുടങ്ങി'' (സെ ന്‍സിംഗ്, 2001 ഒക്‌ടോബര്‍, പേജ് 11).

''ഉസാമയെ അഫ്ഗാനുമായി അടുപ്പിച്ചതിന് പിന്നില്‍ മറ്റൊരു രഹസ്യമുണ്ട്. അതൊരു ആത്മീയനേതാവിന്റെ സാന്നിധ്യമായിരുന്നു. ശൈഖ് മുല്ലാഉമര്‍. അഫ്ഗാനിസ്ഥാനിലെ ഇന്നത്തെ ഖലീഫ. അമീറുല്‍ മുഅ്മിനീന്‍ മുല്ല ഉമറുമായുള്ള ബന്ധം ഉസാമ ബില്‍ലാദനെന്ന കോടീശ്വരന്റെ ജീവിതമാകെ മാറ്റിമറിച്ചു. മുല്ലാ ഉമര്‍ തികച്ചും ഒരു മാതൃകാ പുരുഷനാണ്. ആര്‍ഭാടരഹിതമായ ജീവിതം. പണത്തിനും പ്രശസ്തിക്കും മോഹമില്ലാത്ത മനസ്സ്. വിശ്വസിച്ചവരെ വഞ്ചിക്കാത്തവന്‍. ഹറാമും കറാഹത്തും ഒഴിവാക്കുകയും ഫര്‍ളും സുന്നത്തും അനുഷ്ഠിക്കുകയും ചെയ്യുന്ന പൂര്‍ണ മതഭക്തന്‍'' (സെന്‍സിംഗ്, 2001 നവംമ്പര്‍, പേജ് 8).

ഉസാമ ബിന്‍ലാദന്‍ ഇവരുടെ കണ്ണില്‍ തികച്ചും മിതവാദി, പരിപൂര്‍ണ ഭക്തന്‍! 'മഹാന്മാരുടെ ക്വബ്ര്‍ സിയാറത്ത് ചെയ്ത് പുണ്യമെടുക്കല്‍' തുടങ്ങിക്കൊണ്ട് 'ആത്മീയ ലോകത്തേക്ക് മെല്ലെ മെല്ലെ കാലെടുത്തു വെച്ച' ഉസാമയുടെ മൃതശരീരം ഇവര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ കേരളത്തില്‍ ഒരു വമ്പന്‍ ജാറം ഉറപ്പായിരുന്നു!

ഇരു ശിആ വിഭാഗങ്ങളുടെയും വക്താവായ സി.ഹംസ സാഹിബ് ശീഇസത്തിന് നല്‍കിയ ആദരവ് ഇപ്രകാരമാണ്:

''ചുരുക്കത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ യഥാര്‍ഥ പാരമ്പര്യത്തില്‍ നിന്നും പൊതുവായ ധാരയില്‍ നിന്നും ഭിന്നിച്ചുപോയ ഒരു പ്രസ്ഥാനമായിട്ടാണ് ശീഇസത്തെ ആളുകള്‍ ധരിച്ചുവശായിരിക്കുന്നത്. ഇസ്‌ലാമിന്റെ പിറവിയില്‍ തന്നെ അതിന്റെ ഭാഗമായിക്കൊണ്ടുണ്ടായതും അതിന്റെ സ്വാഭാവികമായ ഉല്‍പന്നമായി രംഗത്തുവന്നതുമായ ഒന്നായിട്ട് ശീഇസത്തെ കണ്ടുകൊണ്ട് അതിനെ സമീപിക്കുകയും പഠിക്കുകയുമാണെങ്കില്‍ മാത്രമെ അതിനോടു നീതി കാണിക്കാന്‍ ഒരാള്‍ക്ക് കഴിയൂ. സുന്നിസത്തോട് സൗഹാര്‍ദപൂര്‍വം പൊരുത്തപ്പെട്ടു നില്‍ക്കുന്ന ഇസ്‌ലാമിന്റെ ഉറവിടത്തില്‍ നിന്നുതന്നെയുള്ള മറ്റൊരു സരണിയായി അത്തരമൊരു നിരീക്ഷകന് ശീഇസത്തെ കണ്ടെത്താനും വിലയിരുത്താനുമാകും'' (പൂര്‍ണ മനുഷ്യന്‍,വിവ: സി. ഹംസ, പേജ് 144) ഇനി ചിന്തിക്കുക തീവ്രവാദത്തിന്റെ ആത്മമിത്രങ്ങള്‍ ആരായിരിക്കുമെന്നത്.

വിമര്‍ശകന്‍ തുടരുന്നു: ''1920കളില്‍ കേരളത്തിലേക്കും അതിന്റെ അനുരണനങ്ങളെത്തി. ലോകത്ത് എല്ലായിടത്തും ഇസ്‌ലാമിക സമൂഹം പുലര്‍ത്തിപ്പോന്ന ക്രമബദ്ധവും സുരക്ഷിതവുമായ മതാനുഷ്ഠാനങ്ങളെ കടന്നു പിടിച്ച് ഉടുപ്പഴിച്ച് തെരുവില്‍ ചവിട്ടിമെതിക്കാനുള്ള ശ്രമം ഇവര്‍ ശൈശവം മുതല്‍ക്കെ തുടങ്ങിയിരുന്നു''(പേജ് 22).

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തെ ചവിട്ടിമെതിക്കുന്ന വാക്കുകളാണിത്. അന്ധമായ അനുകരണത്തിന്റെ പിന്നാലെ ഓടുന്നവര്‍ക്ക് ചരിത്ര സത്യത്തെ അവമതിക്കാനേ കഴിയൂ. മുസ്‌ലിം സമൂഹം അകപ്പെട്ട ജീര്‍ണതകളില്‍നിന്ന് അവരെ ശുദ്ധീകരിച്ചെടുത്ത് ഉടുപ്പണിയിക്കുകയാണ് അല്ലാതെ ഉടുപ്പഴിക്കുകയല്ല നവോത്ഥാന നായകന്മാര്‍ കേരളത്തില്‍ ചെയ്തത്.  

ചെറുതും വലുതുമായ മതവിഷയങ്ങളില്‍ തുറന്ന ചര്‍ച്ചകളും സംവാദങ്ങളും തുടരെ തുടരെ നടന്നുപോന്നു. വിശ്വാസ കര്‍മ രംഗങ്ങളില്‍ ശരിയായ ഉണര്‍വിന്റെ വഴിതെളിഞ്ഞു. മഹല്ലുകള്‍ ഒന്നൊന്നായി മാറിത്തുടങ്ങി. സലഫികളുടെ മുന്നോട്ടുള്ള കുതിപ്പില്‍ പൗരോഹിത്യത്തിന് വഴിമാറി നില്‍ക്കേണ്ടിവന്നു. നിലപാടുകള്‍ മാറ്റേണ്ടിവന്നു. ഇന്നും ഇത് തുടര്‍ന്ന് പോരുന്നു. അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം തുടര്‍ന്നുകൊണ്ടേയിരിക്കും. അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുകയേയുള്ളൂ.

0
0
0
s2sdefault