ഉമൈറുബ്‌നു സഅദ്(റ)

ഉസ്മാന്‍ പാലക്കാഴി

2020 നവംബര്‍ 21 1442 റബീഉല്‍ ആഖിര്‍ 06

ബിലാല്‍: ''അസ്സലാമു അലൈക്കും ഉപ്പാ...''

ഉപ്പ: ''വ അലൈകുമുസ്സലാം വ റഹ്തുല്ലാഹ്.''

ബിലാല്‍: ''ഉപ്പാക്ക് ഒഴിവുണ്ടെങ്കില്‍ ഞങ്ങള്‍ കഥ കേള്‍ക്കാന്‍ റെഡിയാണ്.''

ഉപ്പ: ''നിങ്ങള്‍ റെഡിയെങ്കില്‍ ഞാനും റെഡി. ബാസി മോളെയും വിളിക്കൂ.''

ബിലാല്‍: (അകത്തേക്കു നോക്കിക്കൊണ്ട്) ''ബാസീ....വേഗം വാ.''

ബാസിമ: ''ഞാനിതാ എത്തി. ഈ പാത്രങ്ങളൊന്ന് കഴുകിക്കഴിയട്ടെ...''

ഉപ്പ: ''അവള്‍ നല്ല കുട്ടിയാ. കഴിയുന്ന വിധത്തില്‍ ഉമ്മാനെ സഹായിക്കുന്നുണ്ടല്ലോ.''

ബിലാല്‍: ''അപ്പോള്‍ ഞാന്‍ നല്ല കുട്ടിയല്ലേ? ചെടികള്‍ക്കും അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കുമെല്ലാം ഞാനാണല്ലോ വെള്ളം നനയ്ക്കുന്നത്?!''

ഉപ്പ: (ചിരിച്ചുകൊണ്ട്) ''അല്ലെന്ന് ഉപ്പ പറഞ്ഞില്ലല്ലോ. നീയും നല്ല കുട്ടിതന്നെ.''

(ബാസിമ സലാം പറഞ്ഞ് പ്രവേശിക്കുന്നു)

ബിലാല്‍: ''എന്നാല്‍ നമുക്ക് തുടങ്ങാം.''

ഉപ്പ: ''തുടങ്ങാം. കഴിഞ്ഞ തവണ നാം ആരെക്കുറിച്ചാണ് പറഞ്ഞ് അവസാനിപ്പിച്ചത് ഏന്നോര്‍ക്കുന്നുണ്ടോ നിങ്ങള്‍?''

ബിലാലും ബാസിമയും ഒന്നിച്ച്: ''അബുല്‍ ആസ്വ്(റ)വിനെക്കുറിച്ച്.''

ഉപ്പ: ''നബി ﷺ യുടെ ഏതു മകളെയാണ് അദ്ദേഹം വിവാഹം കഴിച്ചിരുന്നത്?''

ബാസിമ: ''സൈനബി(റ)നെ.''

ബാസിമ: ''ഇന്ന് ഏതു സ്വഹാബിയുടെ ചരിത്രമാണ് പറയാന്‍ പോകുന്നത് ഉപ്പാ?''

ഉപ്പ: ''ഇന്ന് ഉമൈറുബ്‌നു സഅദ്(റ) എന്ന സ്വഹാബിയെക്കുറിച്ചാണ് പറയുന്നത്.''

ബിലാല്‍: ''ഞാന്‍ ഈ പേര് ആദ്യമായി കേള്‍ക്കുകയാ.''

ബാസിമ: ''ഞാനും.''

ഉപ്പ: ''അനുപമന്‍ എന്ന് അര്‍ഥമുള്ള 'നസീജുല്‍ വഹ്ദ്' എന്ന പേരില്‍ സ്വഹാബിമാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന ഉമൈര്‍ സഅദ്(റ)വിന്റെ മകനാണ്. ആദ്യകാലത്തുതന്നെ ഇസ്‌ലാം സ്വീകരിച്ച സ്വഹാബിയാണ് സഅദ്(റ).''

ബിലാല്‍: ''അനുപമന്‍ എന്ന പേരില്‍ അറിയപ്പെടാനുള്ള കാരണം...?''

ഉപ്പ: ''ശക്തി, ഐഹിക വിരക്തി, സൂക്ഷ്മത എന്നിവയില്‍ അദ്ദേഹം മുന്നിട്ടുനിന്നു. യുദ്ധരംഗത്തായാലും പള്ളിയിലായാലും മുന്‍നിരയില്‍ത്തന്നെയുണ്ടാകും. സംഭവിച്ചുപോയ തെറ്റുകുറ്റങ്ങള്‍ ഓര്‍ത്ത് കരയുകയും പശ്ചാത്താപനിരതനായി ജീവിതം നയിക്കുകയും ചെയ്തു. അതുകൊണ്ടൊക്കെയാകാം.  ശുദ്ധഹൃദയനും ശാന്തശീലനും സദ്‌വൃത്തനും പ്രസന്നവദനനുമായ അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെട്ടു. മതത്തിന്റെ കാര്യത്തില്‍ അദ്ദേഹം കണിശത പുലര്‍ത്തി.''

 ബാസിമ: ''ആളുകള്‍ നമ്മെ ഇഷ്ടപ്പെടണമെങ്കില്‍ നമ്മള്‍ സല്‍സ്വഭാവമുള്ളവരായിരിക്കണം എന്ന് ഉസ്താദ് പറഞ്ഞുതന്നിട്ടുണ്ട്.''

ഉപ്പ: ''അതെ. അത് വലിയൊരു ഭാഗ്യമാണ്.''

ബിലാല്‍: ''ശരിയാണ്. ഞാന്‍ അങ്ങനെയാകാന്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.''

ഉപ്പ: ''ഞാന്‍ കഥ പറഞ്ഞ് പൂര്‍ത്തിയാക്കാം. ഉമര്‍(റ) ഖലീഫയായിരിക്കെ ഇങ്ങനെ പറയുമായിരുന്നു: 'ഞാന്‍ അമീറായി നിയമിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ അമീര്‍ അല്ലാതിരിക്കുമ്പോള്‍ അമീറിനെ പോലെയും അമീര്‍ ആയിരിക്കുമ്പോള്‍ സാധാരണക്കാരനെ പോലെയും ആയിരിക്കണം. ഒരു ഭരണാധികാരി വേഷം, ഭക്ഷണം, പാര്‍പ്പിടം എന്നിവയില്‍ ഒരു സാധാരണക്കാരനില്‍നിന്ന് വ്യത്യസ്തനാവരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ നമസ്‌കാരത്തിന് നേതൃത്വം വഹിക്കണം. ജനങ്ങളുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കണം. അവര്‍ക്കിടയില്‍ നീതി നടത്തണം. ജനങ്ങള്‍ക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടക്കരുത്.' ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഉമൈറിനെ പോലുള്ള ആളുകള്‍ അമീറാകാന്‍ ഏറ്റവും അര്‍ഹരാണ്. ഉമൈറിനെ ഹിമ്മസിലെ ഗവര്‍ണറായി ഉമര്‍(റ) നിശ്ചയിച്ചു. അദ്ദേഹം അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും ഉമറിന്റെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നു. ഉമൈര്‍(റ) അല്ലാഹുവിന്റെ സഹായം തേടി. അധികാരത്തിന്റെ ചുമടും പേറി ഹിമ്മസിലേക്ക് യാത്രയായി.''

ബിലാല്‍: ''ഉമൈര്‍(റ) എത്ര വര്‍ഷമാണ് ഹിമ്മസിലെ ഗവര്‍ണര്‍സ്ഥാനം വഹിച്ചത്?''

ഉപ്പ: ''ഒരു വര്‍ഷം മാത്രം. ഒരുവര്‍ഷമായിട്ടും ഹിമ്മസില്‍നിന്ന് ഒരു കത്തുപോലും മദീനയില്‍ ഖലീഫയുടെ അടുത്തേക്ക് എത്തിയില്ല. നികുതിയിനത്തില്‍ ഒന്നും വന്നില്ല. ഉമര്‍(റ) അദ്ദേഹത്തെ മടക്കി വിളിച്ചുകൊണ്ട് കത്തെഴുതി. ഒരു ദിവസം ഒരു യാത്രക്കാരന്‍ കാല്‍നടയായി മദീനയിലേക്ക് കടന്നുവന്നു. പൊടിപുരണ്ട മുഷിഞ്ഞ ഉടയാടകളും കാറ്റില്‍ പറക്കുന്ന തലമുടിയുമുള്ള അദ്ദേഹം ക്ഷീണിതനായിരുന്നു. വലതു ചുമലില്‍ ഒരു തോല്‍പാത്രവും തളികയും ഇടതു ചുമലില്‍ ഒരു ചെറിയ വെള്ളപ്പാത്രവും ചുമന്ന് ഒരു വടിയില്‍ ഊന്നിക്കൊണ്ട് നടന്നുവന്ന അദ്ദേഹം ഹിമ്മസിലെ ഭരണാധികാരിയായ ഉമൈര്‍(റ) ആയിരുന്നു. അദ്ദേഹം ഖലീഫ ഉമറി(റ)ന്റെ അടുത്ത് കയറിച്ചെന്നു സലാം പറഞ്ഞു. ക്ഷീണിതനും പരവശനുമായ അദ്ദേഹത്തെ കണ്ടപ്പോള്‍ ഉമറി(റ)ന്റെ ഹൃദയം നടുങ്ങിപ്പോയി. ഉമര്‍(റ) ചോദിച്ചു: 'എന്തുണ്ട് വിശേഷം?' ഉമൈര്‍(റ) പറഞ്ഞു: 'നിങ്ങള്‍ ഇക്കാണുന്ന വിശേഷം തന്നെ! ഞാന്‍ ആരോഗ്യവാനായിരുന്നു. എന്റെ ശരീരവും രക്തവും പവിത്രമായിരുന്നു. ഇന്ന് ഞാന്‍ കുറെ ദുനിയാവും പേറിക്കൊണ്ട് ഇതാ കടന്നുവന്നിരിക്കുന്നു.' ഉമര്‍(റ) ചോദിച്ചു: 'എന്തൊക്കെയാണ് താങ്കള്‍ കൊണ്ടുവന്നിട്ടുള്ളത്?' ഉമൈര്‍(റ) പറഞ്ഞു: 'ഭക്ഷണം നിറച്ച എന്റെ തോല്‍പാത്രം, എന്റെ തളിക, വെള്ളപ്പാത്രം, ഞാന്‍ ഊന്നി നടക്കുന്ന എന്റെ വടി; ഇത്രയുമാണ് എന്റെ സമ്പാദ്യം.''

ബാസിമ: ''എനിക്ക് ഇതു കേള്‍ക്കുമ്പോള്‍ സങ്കടം വരുന്നു.''

ഉപ്പ: ''അത്ഭുതത്തോടെ ഉമര്‍(റ) ചോദിച്ചു: 'ഉമൈര്‍! താങ്കള്‍ കാല്‍നടയായാണോ വന്നത്?' ഉമൈര്‍(റ) അതെ എന്നു പറഞ്ഞു. 'നിനക്ക് ആ നാട്ടുകാര്‍ ഒരു വാഹനവും സൗകര്യപ്പെടുത്തിത്തന്നില്ലേ' എന്ന ചോദ്യത്തിന് 'അവര്‍ തന്നില്ല, ഞാന്‍ ആവശ്യപ്പെട്ടതുമില്ല' എന്നായിരുന്നു മറുപടി. ഉമര്‍(റ) ചോദിച്ചു: 'നിന്നില്‍ അര്‍പ്പിതമായ ബാധ്യതകള്‍ എങ്ങനെയാണ് നീ നിര്‍വഹിച്ചത്?' ഉമൈര്‍(റ) പറഞ്ഞു: 'ഞാന്‍ അവിടെ ചെന്നതിനുശേഷം അവിടുത്തെ സദ്‌വൃത്തരായ എല്ലാവരെയും വിളിച്ചുവരുത്തി. സാമ്പത്തികരംഗം അവരെ അധികാരപ്പെടുത്തി. വരുമാനങ്ങള്‍ സംഭരിച്ചു. അത് ചെലവഴിക്കേണ്ട വിധം ചെലവഴിച്ചു. മദീനയിലേക്ക് അയക്കാന്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ അയച്ചതുമില്ല.'  

ബിലാല്‍: ''അദ്ദേഹം പിന്നെ ഹിമ്മസിലേക്ക് മടങ്ങിപ്പോയോ?''

ഉപ്പ: ''ഉമര്‍(റ) വീണ്ടും അദ്ദേഹത്തോട് ഹിമ്മസിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.''

ബിലാല്‍: ''ഉമര്‍(റ), ഉമൈര്‍(റ)... രണ്ടുപേരും എത്ര നല്ല ഭരണാധികാരികളാണ്. അവരെ പോലുള്ളവര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!''

ഉപ്പ: ''അല്ലാഹുവിന്റെ തീരുമാനങ്ങള്‍ നടപ്പിലാകുന്നു. അത്രമാത്രം. ഇനി നമുക്ക് മറ്റൊരു ദിവസം മറ്റൊരു സ്വഹാബിയുടെ കഥ കേള്‍ക്കാം.''