അബുല്‍ആസ്വി(റ)ന്റെ ചരിത്രത്തില്‍നിന്ന്

ഉസ്മാന്‍ പാലക്കാഴി

2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06

ഉപ്പ രാവിലെ പത്രം വായിച്ചിരിക്കുമ്പോഴാണ് ബിലാല്‍ അരികില്‍ ചെന്നത്.

ബിലാല്‍: ''അസ്സലാമു അലൈക്കും ഉപ്പാ.''

ഉപ്പ: ''വ അലൈക്കുമുസ്സലാം വ റഹ്മതുത്താഹി വ ബറകാതുഹു.''

ബിലാല്‍: ''സ്വഹാബിമാരുടെ കഥ പറഞ്ഞുതരാന്‍ ഇന്ന് ഉപ്പാക്ക് സമയമുണ്ടാകുമോ?''

ഉപ്പ: ''നിനക്ക് താല്‍പര്യമെങ്കില്‍ ഉപ്പ അതിന് സമയം കണ്ടെത്തും മോനേ, കടയിലേക്ക് പോകുംമുമ്പ് ഉപ്പ പറഞ്ഞുതരാം. അതിനുമുമ്പ് ഞാനീ പത്രമൊന്ന് വായിച്ചുതീര്‍ക്കട്ടെ. ബാസിമ എവിടെ? അവളെയും വിളിക്കൂ.''

ബിലാല്‍: ''അവള്‍ അടുക്കളയില്‍ ഉമ്മാനെ സഹായിക്കുകയാ. അബ്ദുര്‍റഹ്മാനുബ്‌നു ഔഫി(റ)ന്റെ ചരിത്രം കേള്‍ക്കാന്‍ അവളുണ്ടായിരുന്നില്ലല്ലോ. ഇന്നലെ അമ്മാവന്റെ വീട്ടില്‍നിന്ന് അവള്‍ തിരിച്ചുവന്ന ശേഷം ഉപ്പ പറഞ്ഞുതന്ന ചരിത്രമെല്ലാം അവള്‍ക്ക് ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്.''

ഉപ്പ: ''മിടുക്കന്‍. ഇങ്ങനെ വേണം നല്ല കുട്ടികള്‍. ഒരാള്‍ക്ക് നാം അറിവു പകര്‍ന്നുകൊടുക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ അത് കൂടുതല്‍ പതിഞ്ഞുകിടക്കും.''

ബിലാല്‍: ''അതു ശരിയാണ് ഉപ്പാ. ഞാന്‍ കുറച്ചു സമയം കഴിഞ്ഞു വരാം.''

(കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ബിലാലും ബാസിമയും സലാം പറഞ്ഞുകൊണ്ട് ഉപ്പയുടെ മുന്നിലെത്തി).

സലാം മടക്കിക്കൊണ്ട് ഉപ്പ പറഞ്ഞു: ''രണ്ടു പേരും ചരിത്രകഥ കേള്‍ക്കാന്‍ തയ്യാറായി വന്നിരിക്കുകയാണോ?''

ബിലാലും ബാസിമയും ഒന്നിച്ചു പറഞ്ഞു: ''അതെ.''

ഉപ്പ: ''ഇന്ന് അബുല്‍ആസ്വുബ്‌നു റബീഅ(റ)യുടെ ചരിത്രമാണ് പറയാന്‍ പോകുന്നത്.''

ബാസിമ: ''ഈ പേര് ഞാന്‍ ആദ്യമായി കേള്‍ക്കുകയാ.''

ബിലാല്‍: ''ഞാനും.''

ഉപ്പ: ''അബുല്‍ആസ്വി(റ)ന്റെ ചരിത്രം പറഞ്ഞുതരും മുമ്പ് എനിക്ക് ചില കാര്യങ്ങള്‍ നിങ്ങള്‍ പറഞ്ഞുതരണം.''

ബാസിമ: ''ഞങ്ങള്‍ എന്തു പറഞ്ഞുതരാനാ?''

ബിലാല്‍: ''അതെ.''

ഉപ്പ: ''മറ്റൊന്നുമല്ല; അബ്ദുര്‍റഹ്മാനുബ്‌നു ഔഫി(റ)ന്റെ ചരിത്രം ബിലാലിനു ഞാന്‍ പറഞ്ഞുതന്നിരുന്നുവല്ലോ. ബിലാല്‍ അത് ബാസിമക്കും പറഞ്ഞുതന്നിട്ടുണ്ട്.''

(ബിലാലും ബാസിമയും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കുന്നു).

ബിലാല്‍: ''അതെ, അതു ശരിയാണ്.''

ഉപ്പ: ''എങ്കില്‍ നിങ്ങളുടെ മനസ്സില്‍ ആ ചരിത്രം സൂക്ഷിച്ചുവച്ചിട്ടുണ്ടോ എന്നറിയാന്‍ അതില്‍നിന്ന് ഒന്നുരണ്ടു ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കും. നിങ്ങള്‍ ഉത്തരം പറയണം.''

ബിലാല്‍: ''ഞാന്‍ റെഡി.''

ബാസിമ: ''ഞാന്‍ ഉറപ്പു പറയില്ല. ബിലാലിക്ക പറഞ്ഞുതന്നതില്‍ അതുണ്ടെങ്കില്‍ ഞാന്‍ പറയാം.''

ഉപ്പ: ''ശരി, എന്നാല്‍ ചോദിക്കട്ടെ. ആദ്യം ബിലാലിനോടാണ്.''

ബിലാല്‍: ''ചോദിച്ചോളൂ.''

ഉപ്പ: ''മക്കയില്‍നിന്ന് മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തിയ മുസ്‌ലിംകള്‍ ഏതു പേരില്‍ അറിയപ്പെടുന്നു?''

ബിലാല്‍: ''മുഹാജിറുകള്‍.''

ഉപ്പ: ''മാശാ അല്ലാഹ്. ഉത്തരം ശരിയാണ്. അടുത്ത ചോദ്യം ബാസിമയോടാണ്.''

ബാസിമ: ''ചോദിച്ചോളൂ ഉപ്പാ.''

ഉപ്പ: അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് അബ്‌സീനിയയിലേക്ക് എത്ര തവണ ഹിജ്‌റ പോയിട്ടുണ്ട്?''

ബാസിമ: ''രണ്ടു തവണ.''

ഉപ്പ: ''ഉത്തരം ശരിയാണ്. കുടുതല്‍ ചോദിക്കുന്നില്ല. ഇനി നമുക്ക് അബുല്‍ആസ്വി(റ)ന്റെ ചരിത്രത്തില്‍നിന്ന് അല്‍പം മനസ്സിലാക്കാം.''

ബിലാലും ബാസിമയും ആ ചരിത്രകഥ കേള്‍ക്കാന്‍ ആകാംക്ഷയോടെ ഉപ്പയുടെ മുന്നിലിരുന്നു.

(തുടരും)