ദുഷിച്ച മനസ്സും ചീത്തവാക്കും

ഉസ്മാന്‍ പാലക്കാഴി

2020 സെപ്തംബര്‍ 19 1442 സഫര്‍ 02

കോവിഡ് എന്ന പകര്‍ച്ചവ്യാധി കാരണത്താല്‍ സ്‌കൂളുകള്‍ ഈ വര്‍ഷം തുറന്നിട്ടില്ല. എന്നാലും പഠനം ഓണ്‍ലൈന്‍ വഴി തട്ടിമുട്ടിയങ്ങനെ പോകുന്നു. മഅ്‌റൂഫ് പഠിക്കാന്‍ സമര്‍ഥനായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ കൃത്യമായി പങ്കെടുക്കുന്നുണ്ട്. കൃത്യമായി നോട്ടുകള്‍ എഴുതുന്നുണ്ട്. അസൈന്‍മെന്റുകള്‍ തയ്യാറാക്കുന്നുണ്ട്.

കളിയുടെ കാര്യത്തിലാണ് പ്രയാസം. അടുത്തുള്ള ഒരു ഒഴിഞ്ഞ പറമ്പില്‍ കളിക്കാന്‍ കുറെ കൂട്ടുകാര്‍ വരാറുണ്ടായിരുന്നു. കോവിഡ് പരന്നതോടെ എല്ലാവരും കളിക്കാന്‍ വരവു നിര്‍ത്തി. ആരെയും വീട്ടുകാര്‍ കളിക്കാന്‍ പറഞ്ഞയക്കാറില്ല എന്നതാണു നേര്. എന്നുവച്ച് തീരെ പുറത്തിറങ്ങാതിരിക്കാനാവുമോ? മുറ്റത്തിറങ്ങും. അയല്‍പക്കത്തുള്ള വീടുകളില്‍ രണ്ടുമൂന്ന് കൂട്ടുകാരുണ്ട്. അവരോടൊപ്പംഏതെങ്കിലും കളിയില്‍ ഏര്‍പ്പെടും. അപ്പോഴും അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കും. ആദ്യമൊക്കെ അത് പ്രയാസകരമായിരുന്നു. ഇപ്പോള്‍ മാസ്‌ക് ധരിക്കലും അകലം പാലിക്കലുമൊക്കെ ഒരു ശീലമായി മാറിക്കഴിഞ്ഞിട്ടുണ്ട്.  

ഒരുദിവസം മുറ്റത്തെ മാവിന്‍ചുവട്ടില്‍ മഅ്‌റൂഫും മൂന്നു കൂട്ടുകാരും കഥപറഞ്ഞിരിക്കുന്ന സമയത്താണ് സഹപാഠിയായ ജാബിര്‍ മുന്‍വശത്തെ വഴിയിലൂടെ നടന്നുപോകുന്നതു കണ്ടത്. ജാബിറിന്റെ സ്വഭാവം അത്ര നല്ലതല്ല. അനാവശ്യ വാക്കുകളേ അവന്റെ വായില്‍നിന്ന് പുറത്തുവരൂ. അധ്യാപകരോടു പോലും തര്‍ക്കുത്തരമേ പറയൂ. അതുകൊണ്ട് അവനോട് ആര്‍ക്കും വലിയ ഇഷ്ടമൊന്നുമില്ല. എന്നാലും തന്റെ വീടിന്റെ മുന്നിലൂടെ നടന്നുപോകുന്ന സഹപാഠിയെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് മഅ്‌റൂഫ് പറഞ്ഞു:

'ഹലോ, ജാബിര്‍! അസ്സലാമു അലൈക്കും. എന്താ ഇന്ന് ഇതുവഴി?'

'വ അലൈകുമുസ്സലാം. എന്താ ഇതുവഴി പോകാന്‍ പാടില്ലേ?'

'സുഹൃത്തേ, പാടില്ല എന്നു ഞാന്‍ പറഞ്ഞില്ലല്ലോ!'

'പറഞ്ഞാല്‍ ഞാന്‍ പോകാതിരിക്കുമോടാ പുല്ലേ?'

'എന്റെ പൊന്നു സുഹൃത്തേ, ഞാനൊന്നും ചോദിച്ചിട്ടില്ല. നീ നിന്റെ വഴിക്ക് പൊയ്‌ക്കോ' മഅ്‌റൂഫ് വീട്ടുകാര്‍ ശ്രദ്ധിക്കുണ്ടോ എന്നറിയാന്‍ വീട്ടിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് പറഞ്ഞു.

'എന്നെ പറഞ്ഞയക്കാന്‍ നീയാരാടാ കഴുതേ? പോയില്ലെങ്കില്‍ നീ എന്തുചെയ്യുമെടാ...' പിന്നെ ജാബിര്‍ പറഞ്ഞത് പച്ചത്തെറികളായിരുന്നു. അവിടെനിന്ന് കുറെ ചീത്തവിളിച്ച് മടുത്തപ്പോള്‍ അവന്‍ അവന്റെ വഴിക്കു പോയി.

മഅ്‌റൂഫിന്റെ കൂടെയുള്ള കൂട്ടുകാര്‍ ഇതൊക്കെ കണ്ടും കേട്ടും അന്തംവിട്ടിരിക്കുകയായിരുന്നു. എെന്തല്ലാം തെറിവാക്കുകളാണ് ജാബിര്‍ മഅ്‌റൂഫിനോടു പറഞ്ഞത്! എന്നിട്ടും അവന്‍ അനാവശ്യമായ ഒരു വാക്കുപോലും പറഞ്ഞില്ല!

ജാബിര്‍ നടന്നകന്നു എന്ന് ബോധ്യമായപ്പോള്‍ ഒരു കുട്ടുകാരന്‍ മഅ്‌റൂഫിനോടു ചോദിച്ചു:

'അവന്‍ അത്രയും വലിയ ചീത്തപറഞ്ഞിട്ടും നീയെന്താണ് തിരിച്ചൊന്നും പറയാതിരുന്നത്?'

മഅ്‌റൂഫ് ചിരിച്ചുകൊണ്ടു പറഞ്ഞു: 'അവന്റെ മനസ്സിലുള്ളതാണ് അവന്‍ വിളിച്ചുപറഞ്ഞത്. എന്റെ മനസ്സില്‍ അങ്ങനെയൊന്നുമില്ലാത്തതിനാല്‍ ഞാന്‍ തിരിച്ചു പറഞ്ഞില്ല. ഞാനും അവനെ തിരിച്ചു തെറിവളിച്ചാല്‍ പിന്നെ ഞാനും അവനും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവന്‍ നല്ലതുപറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ എന്ന നബിവചനം നമ്മള്‍ മദ്‌റസയില്‍നിന്നു പഠിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?'

കുട്ടുകാരേ, നിങ്ങളാരും ഈ കഥയിലെ ജാബിറിന്റെ സ്വഭാവമുള്ളവരാകരുത്. എല്ലാവരും മഅ്‌റൂഫിനെ പോലുള്ള നല്ല കുട്ടികളാവണം.