അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ)

അബൂഫായിദ

2020 ഒക്ടോബര്‍ 10 1442 സഫര്‍ 23

വെള്ളിയാഴ്ച പള്ളിയില്‍നിന്നും ഉപ്പാന്റെ കൈപിടിച്ച് പുറത്തിറങ്ങുമ്പോള്‍ ബിലാലിന്റെ മനസ്സില്‍ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. 'സ്വഹാബികളുടെ ചരിത്രം പഠിക്കണം, അപ്പോഴാണ് അവര്‍ സഹിച്ച ത്യാഗവും പ്രയാസങ്ങളും എത്രമാത്രമായിരുന്നു എന്ന് മനസ്സിലാവുക. യാതൊരു പ്രയാസവും സഹിക്കാതെ അവര്‍ പോയ സ്വര്‍ഗത്തിലേക്ക് നമുക്കെങ്ങനെ പോകാനാവും' എന്നൊക്കെ ഉസ്താദിന്റെ പ്രസംഗത്തില്‍നിന്നു കേട്ടതാണ് സംശയങ്ങളുയരാന്‍ കാരണം.

''ഉപ്പാ, സ്വഹാബിമാരെക്കുറിച്ച് എനിക്ക് പറഞ്ഞുതരുമോ?'' വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ബിലാല്‍ ചോദിച്ചു.

''മോനേ, മുഹമ്മദ് നബി ﷺ യില്‍നിന്നും നേരിട്ട് ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് സ്വഹാബിമാര്‍. അങ്ങനെയുള്ള അനേകം സ്വഹാബിമാരുണ്ട്. ഉസ്താദിന്റെ പ്രസംഗം കേട്ടപ്പോള്‍ അവരെക്കുറിച്ച് മനസ്സിലാക്കാന്‍ നിനക്ക് താല്‍പര്യമുണ്ടായല്ലോ. നല്ല കാര്യം'' ഉപ്പ ബിലാലിനെ അഭിനന്ദിച്ചു.

വീട്ടിലെത്തി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന വേളയില്‍ ഉപ്പ ബിലാലിനെ അരിലേക്ക് വിളിച്ചു വരുത്തി ചോദിച്ചു: ''നിനക്ക് ഏത് സ്വഹാബിയെക്കുറിച്ചാണ് അറിയേണ്ടത്?''

ബിലാല്‍: ''എല്ലാവരെക്കുറിച്ചും മനസ്സിലാക്കണമെന്നാണ് ആഗ്രഹം.''

ഉപ്പ: ''ശരി, എങ്കില്‍ ഇന്ന് അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് എന്ന മഹാനായ സ്വഹാബിയെക്കുറിച്ച് അല്‍പം പറഞ്ഞുതരാം. നീ അദ്ദേഹത്തെക്കുറിച്ച് വല്ലതും കേട്ടിട്ടുണ്ടോ?''

ബിലാല്‍: ''പേരു കേട്ടിട്ടുണ്ട്. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാളാണെന്നും അറിയാം. കൂടുതലൊന്നും അറിയില്ല.''

ഉപ്പ: ''ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ചവരില്‍ ഒരാളായ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് നല്ലൊരു കച്ചവടക്കാരനായിരുന്നു. 'ഞാന്‍ ഭൂമിയില്‍നിന്ന് ഒരു പാറക്കഷ്ണം പൊക്കിയെടുത്താല്‍ അല്ലാഹു എ നിക്ക് അതിനുള്ളില്‍ വെള്ളിക്കട്ടി നിക്ഷേപിച്ചിരിക്കും. അത്രമാത്രം ലാഭകരമായിരിക്കും എന്റ കച്ചവടം'എന്ന് അദ്ദേഹം തന്നെ പറഞ്ഞതായി ചരിത്രത്തില്‍ കാണാം.''

ബിലാല്‍: ''അപ്പോള്‍ അദ്ദേഹം വലിയ സമ്പന്നനായിരിക്കുമല്ലോ!''

ഉപ്പ: ''അതെ, അദ്ദേഹം അതിസമ്പന്നനായിരുന്നു. എന്നാല്‍ അദ്ദേഹം സമ്പത്തിന്റെ അടിമയായി ജീവിച്ചില്ല. എഴൂപത്തിയഞ്ചാമത്തെ വയസ്സില്‍ മരണപ്പെടുന്നതുവരെ വിശ്വാസികള്‍ക്ക് മാതൃകാപുരുഷനായി അദ്ദേഹം ജീവിച്ചു.''

ബിലാല്‍: ''മക്കയില്‍നിന്ന് മുസ്‌ലിംകള്‍ മദീനയിലേക്ക് ഹിജ്‌റ (പലായനം) പോയപ്പോള്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫും പോയിരുന്നുവോ?''

ഉപ്പ: ''അതെ. അതിനുമുമ്പ് രണ്ടു തവണ അബ്‌സീനിയയിലേക്കും അദ്ദേഹം ഹിജ്‌റ പോയിട്ടുണ്ട്. ഹിജ്‌റ ചെയ്‌തെത്തിയ മുസ്‌ലിംകള്‍ക്ക് മദീനയില്‍ വീടും സ്വത്തുമൊന്നുമുണ്ടാകില്ലല്ലോ. മുഹാജിറുകളെ ഏറ്റെടുക്കുവാന്‍ നബി ﷺ  അന്‍സ്വാറുകളോട് ആവശ്യപ്പെട്ടപ്പോള്‍ സ്വന്തം സഹോദരങ്ങളായിക്കണ്ട് ഏറ്റെടുത്ത് ഒന്നോ രണ്ടോ അതിലധികമോ പേരെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുവാന്‍ അവര്‍ തയ്യാറായി. സഅദുബ്‌നു റബീഇ(റ)നെയാണ് അബ്ദുര്‍റഹ്മാനുബ്‌നു ഔഫി(റ)ന് കൂട്ടുകാരനായി ലഭിച്ചത്.'' (തുടരും)