അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ)

അബൂഫായിദ

2020 ഒക്ടോബര്‍ 17 1442 സഫര്‍ 30

(ഭാഗം: 2)

ബിലാല്‍: ''മുഹാജിറുകളും അന്‍സ്വാറുകളും എന്ന് പറഞ്ഞത് വ്യക്തമായില്ല.''

ഉപ്പ: ''മക്കയില്‍നിന്ന് മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തിയ മുസ്‌ലിംകള്‍ക്ക് മുഹാജിറുകള്‍ എന്നും മദീനയില്‍ അവരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്ത മദീനയിലെ വിശ്വാസികള്‍ക്ക് അന്‍സ്വാറുകള്‍ എന്നും പറയുന്നു.''

ബിലാല്‍: ''അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് കച്ചവടക്കാരനായിരുന്നു എന്നു പറഞ്ഞല്ലോ. മദീനയില്‍ ചെന്ന ശേഷവും അദ്ദേഹം കച്ചവടം ചെയ്തിരുന്നോ?''

ഉപ്പ: ''അതെ, മദീനയിലെത്തിയ അദ്ദേഹം കച്ചവടരംഗത്തേക്കിറങ്ങി. വലിയ സമ്പാദ്യം നേടുകയും ചെയ്തു. നബി ﷺ യുടെ ജീവിതകാലത്തും മരണശേഷവും അദ്ദേഹം സത്യസന്ധനായ കച്ചവടക്കാരനായി ജീവിച്ചു.''

ബിലാല്‍: ''വലിയ സമ്പന്നനായരുന്നുവെങ്കില്‍ വലിയ ദാനശീലനുമായിരുക്കുമല്ലോ അല്ലേ?''

ഉപ്പ: ''അതെ. എത്രമാത്രം സൂക്ഷ്മതയോടെയാണ് അദ്ദേഹം ജീവിച്ചത് എന്ന് ബോധ്യപ്പെടുത്തുന്ന ഒരു സംഭവമുണ്ട്''

ബിലാല്‍: ''എന്താണത് ഉപ്പാ?''

ഉപ്പ: ''ഒരിക്കല്‍ എഴുന്നൂറ് ഒട്ടകങ്ങളിലായി അദ്ദേഹത്തിന്റ കച്ചവടച്ചരക്കുകള്‍ മദീനയിലെത്തിക്കൊണ്ടിരുന്നു. വിവരമറിഞ്ഞ മദീനക്കാര്‍ക്കിടയില്‍ അത് വലിയ സംസാരവിഷയമായി. അവര്‍ ആഹ്‌ളാദത്തിലായി. അബ്ദുര്‍റഹ്മാനുബ്‌നു ഔഫിന്റെ കച്ചവടച്ചരക്കുകള്‍ എത്തിയതിന്റെ കോലാഹലമാണ് മദീനയില്‍നിന്നുയരുന്നത് എന്നറിഞ്ഞപ്പോള്‍ ആഇശ(റ) പറഞ്ഞു: അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് മുട്ടുകുത്തി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതായി ഞാന്‍ കാണുകയുണ്ടായി എന്ന് നബി ﷺ  എന്നോട് പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്.''

ബിലാല്‍: ''സ്വര്‍ഗത്തില്‍ മുട്ടുകുത്തി പ്രവേശിക്കുകയോ? അതെന്താ അങ്ങനെ?''

ഉപ്പ: ''തീരെ സ്വത്തില്ലാത്തവര്‍ക്ക് അതിന്റെ കണക്കൊന്നും അല്ലാഹുവിന്റെ കോടതയില്‍ ബോധിപ്പിക്കാനുണ്ടാവുകയില്ല. ധാരാളം സമ്പത്തുള്ളവര്‍ അതെല്ലാം എങ്ങനെ സമ്പാദിച്ചു, ഏതുവഴിയില്‍ ചെലവഴിച്ചു എന്നെല്ലാം കൃത്യമായി ബോധിപ്പിക്കേണ്ടിവരും. വളരെ പ്രയാസപ്പെടേണ്ടിവരും അവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ എന്നര്‍ഥം.''

ബിലാല്‍: ''നല്ലമാര്‍ഗത്തില്‍ സമ്പാദിക്കുകയും നല്ലതിനായി ചെലവഴിക്കുകയും ചെയ്യണം. സകാത്ത് കൊടുക്കാന്‍ മാത്രം സമ്പത്തുള്ളവര്‍ സകാത്ത് കൊടുക്കണം എന്നൊക്കെ ഞാന്‍ പഠിച്ചിട്ടുണ്ട്.''

ഉപ്പ: ''വളരെ നല്ലത്. പഠിച്ചതെല്ലാം ഓര്‍ത്തുവെക്കണം.''

ബിലാല്‍: ''മദീനയിലെത്തിയ കച്ചവടച്ചരക്കെല്ലാം അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) എന്താണ് ചെയ്തത് ഉപ്പാ? അതെല്ലാം വിറ്റ് വലിയ ലാഭം നേടിയോ?''

ഉപ്പ: ''അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) ആ ചരക്കുകളുമായി നേരെ ആഇശ(റ)യുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് ആഇശ(റ)യോട്പഞ്ഞു: 'ഞാന്‍ ഒരിക്കലും മറന്നിട്ടില്ലാത്ത ഒരു നബിവചനമാണ് നിങ്ങള്‍ എന്നെ ഓര്‍മിപ്പിച്ചത്. അതുകൊണ്ട് നിങ്ങളെ സാക്ഷിനിര്‍ത്തി ഈ എഴുന്നുറ് ഒട്ടകങ്ങള്‍ വഹിക്കുന്ന ചരക്ക് മുഴുവനും ഞാനിതാ പാവങ്ങള്‍ക്ക് ദാനം ചെയ്യുന്നു.''

ബിലാല്‍: ''അത് മുഴുവനും...?!''

ഉപ്പ: ''അതെ, അദ്ദേഹം പ്രയാസം കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ അത്രമാത്രം ആഗ്രഹിച്ചാണ് ജീവിച്ചിരുന്നത്. ധനവാന് അനായാസേന സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിര്‍ബാധം ചെലവഴിക്കണമെന്ന  നബി ﷺ യുടെ നിര്‍ദേശം ശരിക്കും കണക്കിലെടുത്തുകൊണ്ടുതന്നെയായിരുന്നു  അദ്ദേഹം സമ്പത്ത് കൈകാര്യം ചെയ്തിരുന്നത്.''

ബിലാല്‍: ''വേറെ വല്ലപ്പോഴും അദ്ദേഹം ഇതുപോലെ ധാരാളം സമ്പത്ത് ഒന്നിച്ച് ദാനം ചെയ്തിട്ടുണ്ടോ ഉപ്പാ?''

ഉപ്പ: ''ഉണ്ടല്ലോ. ഒരിക്കല്‍ അദ്ദേഹം നാല്‍പതിനായിരം ദീനാറിന് ഒരു ഭൂസ്വത്ത് വില്‍ക്കുകയുണ്ടായി. ആ തുക മുഴുവന്‍ അദ്ദേഹം ദാനം ചെയ്തു. മറ്റൊരിക്കല്‍ മുസ്‌ലിം സൈന്യഫണ്ടിലേക്ക് അഞ്ഞൂറ് പടക്കുതിരകളെയും ആയിരത്തി അഞ്ഞൂറ് ഒട്ടകങ്ങളെയും സംഭാവന ചെയ്തു. മരണപത്രത്തില്‍ അമ്പതിനായിരം ദീനാറാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് നീക്കിവെച്ചിരുന്നത്. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തവരില്‍ അന്ന് അവഷേിച്ചിരുന്ന ഓരോ സ്വഹാബിക്കും നാനൂറ് ദിര്‍ഹംവീതം നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.''

ബിലാല്‍: ''അത്ഭുതം തോന്നുന്നു ഉപ്പാ! എന്തുമാത്രം സമ്പന്നന്‍, അതിലേറെ ദാനശീലന്‍!''

ഉപ്പ: ''അതെ. നിഷ്പ്രയാസം അനുവദനീയമായ മാര്‍ഗത്തിലൂടെ അദ്ദേഹത്തില്‍ സമ്പത്ത് വന്നുചേരുകയായിരുന്നു എന്ന് പറയാം. സമ്പത്തിനു വേണ്ടി അദ്ദേഹം രാവും പകലും കഷ്ടപ്പെടുമായിരുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുക്കളും അയല്‍വാസികളും സമൂഹവുമെല്ലാം ആ സമ്പത്ത് അനുഭവിച്ചു. എന്നാല്‍ സമ്പന്നനെന്നതിന്റെ പേരില്‍ ഒട്ടും അഹങ്കാരം അദ്ദേഹത്തിനുണ്ടായിരുന്നില്ല.''

ബിലാല്‍: ''അല്ലാഹു അദ്ദേത്തില്‍ എന്തുമാത്രം അനുഗ്രഹമാണ് ചൊരിഞ്ഞത് അല്ലേ?''

ഉപ്പ: ''ശരിയാണ്.''

ബിലാല്‍: ''അദ്ദേഹത്തെക്കുറിച്ച് ഇനിയും പറഞ്ഞുതരൂ ഉപ്പാ.''

ഉപ്പ: ''ഒരിക്കല്‍ നോമ്പുതുറക്കാനുള്ള ഭക്ഷണം അദ്ദേഹത്തിന്റെ മുമ്പില്‍ കൊണ്ടുവരപ്പെട്ടു. ഭക്ഷണത്തളികയിലേക്ക് നോക്കി കണ്ണീരൊഴുക്കിക്കൊണ്ട്അദ്ദേഹം പറഞ്ഞു: 'മിസ്അബ്(റ) അന്ന് രക്തസാക്ഷിയായി. അദ്ദേഹം എന്നെക്കാള്‍ ഉത്തമനായിരുന്നു. തലയും കാലും മറയാത്ത ഒരു കഷ്ണം തുണിയിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം പൊതിയപ്പെട്ടത്. ഹംസ(റ) രക്തസാക്ഷിയായി. അദ്ദേഹവും എന്നെക്കാള്‍ ഉത്തമനായിരുന്നു. അദ്ദേഹത്തെയും ആവശ്യത്തിന് തികയാത്ത പരുക്കന്‍ തുണിയിലാണ് പൊതിഞ്ഞത്. ഇന്ന് ഞങ്ങള്‍ സമ്പന്നരായിത്തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ സല്‍കര്‍മങ്ങളുടെ പ്രതിഫലം ഞങ്ങള്‍ക്ക് ഇവിടെവെച്ചുതന്നെ അല്ലാഹു നല്‍കിയതായിരിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.''

ബിലാല്‍: ''എന്തു നല്ല മനസ്സാണ് അല്ലേ ഉപ്പാ?!''

ഉപ്പ: ''നല്ല മനസ്സിന്നുടമയായ അദ്ദേഹം നല്ല ധീരനുമായിരുന്നു. ബദ്ര്‍, ഉഹ്ദ് അടക്കം എല്ലാ യുദ്ധങ്ങളിലും മുന്‍പന്തിയില്‍ അദ്ദേഹം നിലകൊണ്ടു. ഉഹ്ദ് യുദ്ധത്തില്‍ അദ്ദേഹത്തിന് ഇരുപതിലധികം മുറിവുകള്‍ ഏറ്റു. ഒരു കാലിന് മുടന്ത് സംഭവിച്ചു. മുന്‍പല്ലുകള്‍ നഷ്ടപ്പെട്ടു.

ബിലാല്‍: ''എന്നാണ് അദ്ദേഹം മരണപ്പെട്ടത്?''

ഉപ്പ: ''ഹിജ്‌റ 82ാം വര്‍ഷം അദ്ദേഹം രോഗബാധിതനാവുകയും താമസിയാതെ മരിക്കുകയും ചെയ്തു. ഇനി മറ്റൊരു ദിവസം മറ്റൊരു സ്വഹാബിയെക്കുറിച്ച് പറഞ്ഞുതരാം മോനേ. ഉപ്പാക്ക് ഒന്നു വിശ്രമിക്കണം.''

ബിലാല്‍: ''ശരി ഉപ്പാ, ജസാകല്ലാഹു ഖൈറന്‍.''