അര്‍ശിന്റെ തണല്‍

നസീമ വാടാനപ്പള്ളി

2020 നവംബര്‍ 28 1442 റബീഉല്‍ ആഖിര്‍ 13

അവള്‍ ടൈപ്പ് ചെയ്യുകയായിരുന്നു...

''അല്ലാഹുവിന്റെ അര്‍ശിന്റെ തണല്‍ നമുക്ക് ലഭിക്കട്ടെ...ആ തണല്‍ നല്‍കി അവന്‍ നമ്മെ അനുഗ്രഹിക്കട്ടെ....''

അതുകണ്ട് അടുത്തിരുന്ന മകന്‍ അദ്‌നാന്‍ ചോദിച്ചു: ''എന്താണ് ഉമ്മീ അര്‍ശിന്റെ തണല്‍ എന്നു പറഞ്ഞാല്‍?''

''മോന്‍ വാ. ഉമ്മിയുടെ അടുത്ത് ഇരിക്കൂ. ഞാന്‍പറഞ്ഞുതരാം...'' അവള്‍ എഴുത്തു നിര്‍ത്തിക്കൊണ്ടു പറഞ്ഞു.

അതുകേട്ടപ്പോള്‍ അപ്പുറത്തുണ്ടായിരുന്ന മൂത്ത മകന്‍ ആദിലും അരികില്‍ വന്ന് ഇരുന്നു.

രണ്ടുപേരുടെയും മുടിയിഴകളിലൂടെ വിരലോടിച്ച് അവള്‍ പറയാന്‍ തുടങ്ങി:

''മക്കളേ....ആകാശത്ത് സൂര്യന്‍ കത്തിജ്വലിച്ച് നില്‍ക്കുന്നതായി നമുക്കറിയാം. ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും മാത്രമെ നമുക്ക് അതിനെ നോക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്ത സമയത്ത് നോക്കിയാല്‍ നമുക്ക് കഴിയില്ല. അത്രമാത്രം പ്രകാശമാണതിന്. നമ്മുടെ ഭൂമിയെ പോലുള്ള പതിമൂന്ന് ലക്ഷത്തില്‍പരം ഭൂമി ചേര്‍ന്നാല്‍ എത്രയുണ്ടോ അത്രയും വലിപ്പമുള്ളതാണത്. ഹോ...ഒന്നാലോചിച്ചു നോക്കിയേ...!''

അതുകേട്ട് ഇരുവരും ഉമ്മിയോട് ചേര്‍ന്നിരുന്നുകൊണ്ട് കൂടുതല്‍ കേള്‍ക്കാന്‍ തയ്യാറായി.

''അത്രയും വലിപ്പമോ...? ആലോചിക്കുമ്പോള്‍ പേടിയാകുന്നു'' ആദില്‍ പറഞ്ഞു.

''അതെ. സുബ്ഹാനല്ലാഹ്...അത്രയും വലിയതാണ് സൂര്യന്‍. എന്നാല്‍ ആ സൂര്യനെ നമ്മള്‍ കാണുന്നതോ? കാലുകൊണ്ട് തട്ടിക്കളിക്കുന്ന പന്തിന്റെ വലിപ്പം മാത്രമുള്ളതായും.''

''അതെന്താ ഉമ്മീ അങ്ങനെ?'' അദ്‌നാന്‍ ചോദിച്ചു.

''അത്രയധികം ദൂരത്താണ് സൂര്യന്‍ നില്‍ക്കുന്നത് എന്നതുതന്നെ കാരണം. നിങ്ങള്‍ വിമാനം പറക്കുന്നത് കണ്ടിട്ടില്ലേ? മുകളിലേക്ക് പോകുന്തോറും അത് ചെറുതായി ചെറുതായി മാറുന്നത് ശ്രദ്ധിച്ചിട്ടില്ലേ?''

''അത് ശരിയാ. മുകളിലേക്ക് പോകുന്തോറും ചെറുതായി വരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്'' ആദില്‍ പറഞ്ഞു.

''നമുക്ക് ആലോചിക്കാന്‍ കഴിയാത്തത്ര ദൂരത്താണ് അത് സ്ഥിതിചെയ്യുന്നത്. എന്നിട്ടും അതിന്റെ ചൂട് പലപ്പോഴും നമുക്ക് സഹിക്കാന്‍ കഴിയാറില്ല, അല്ലേ?''

''അതെ രാവിലെയൊന്നും കുഴപ്പമില്ല. ഉച്ചക്കൊക്കെ എന്താ ചൂട്...സഹിക്കാന്‍ കഴിയില്ല...'' അദ്‌നാന്‍ പറഞ്ഞു.

''ശരിയാ. ഉമ്മീ, അര്‍ശിന്റെ കാര്യം കേള്‍ക്കാന്‍ ധൃതിയായി'' ആദില്‍ പറഞ്ഞു.

''അതിനെക്കുറിച്ചു തന്നെയാ മോനേ പറഞ്ഞുവരുന്നത്. അന്ത്യനാളിനുശേഷം മനുഷ്യരെയെല്ലാം അല്ലാഹു വീണ്ടും ജീവന്‍ നല്‍കി ഒരുമിച്ചുകൂട്ടും. ആ ഒരുമിച്ചുകൂട്ടപ്പെടുന്ന വേദിക്ക് മഹ്ശര്‍ എന്നു പറയുന്നു. അവിടെ നന്മതിന്മകളുടെ വിചാരണയും കാത്ത് ആളുകള്‍ നില്‍ക്കും. കാലില്‍ ചെരുപ്പില്ലാതെ ഉടുവസ്ത്രമില്ലാതെ, പിറന്നപടിയുള്ള നില്‍പ്പ്...''

''അയ്യേ... അങ്ങനെയോ?'' അദ്‌നാന്‍ ആശ്ചര്യത്തോടെ ചോദിച്ചു.

''അതെ, അങ്ങനെ തന്നെ. അന്ന് ആര്‍ക്കും ആരെയും നോക്കാനും ശ്രദ്ധിക്കാനും കഴിയില്ല. സ്വന്തം കാര്യത്തിലുള്ള ആശങ്കയും വെപ്രാളവുമായിരിക്കും എല്ലാവര്‍ക്കും.'' അവളില്‍നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു.

''അപ്പോ... എന്നെ കണ്ടാല്‍ ഉമ്മ നോക്കില്ലേ?'' ആദില്‍ ചോദിച്ചു.

''ഇല്ല,  മക്കളെ... സ്വന്തവും ബന്ധവുമൊന്നും അവിടെ ചിന്തയില്‍ വരില്ല. ഈ ഉമ്മി നിങ്ങളെയും നിങ്ങള്‍ ഈ ഉമ്മിയെയും നോക്കില്ല...ചേര്‍ത്തുപിടിച്ച് പുന്നരിക്കുന്ന വാപ്പയും അന്ന് നിങ്ങളെ നോക്കില്ല. അന്വേഷിക്കില്ല... നിങ്ങളെക്കുറിച്ച് ഈ ഉമ്മാക്കോ വാപ്പാക്കോ ഒരു ബേജാറും അന്നുണ്ടാകില്ല. അങ്ങനത്തെ ഒരു ഭയാനകമായ അവസ്ഥയാണ് അവിടെ. നബി ﷺ  ഇതെല്ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.''

''ഹൗ വല്ലാത്തൊരു അവസ്ഥ തന്നെ!'' അദ്‌നാന്‍ നെടുവീര്‍പ്പിട്ടു.

''അന്ന് തലക്കു മുകളില്‍  സൂര്യന്‍ തീ തുപ്പി നില്‍ക്കുന്നുണ്ടാകും; വളരെ അടുത്തായി. ഓരോരുത്തരും ചൂടിന്റെ കാഠിന്യത്താല്‍  വിയര്‍ത്തൊലിച്ചുനില്‍പായിരിക്കും. അസഹ്യമായ ചൂടുള്ള ആ നേരം കുളിരേകുന്ന വിശാലമായ തണല്‍ തലക്കു മീതെ വന്നാല്‍ എങ്ങനെയിരിക്കും?'' അവള്‍ മക്കളോടു ചോദിച്ചു.

''ഹാവൂ... പറയാനുണ്ടോ...വല്ലാത്ത സുഖമായിരിക്കും'' ആദില്‍ പറഞ്ഞു.

''അതാണ് മക്കളേ അര്‍ശിന്റെ തണല്‍.''

''അത് എല്ലാവര്‍ക്കും കിട്ടുമോ ഉമ്മീ?'' അദ്‌നാന്‍ ചോദിച്ചു.

''എല്ലാവര്‍ക്കുമൊന്നും കിട്ടില്ല. അല്ലാഹു തന്റെ അര്‍ശിന്റെ തണല്‍ വാഗ്ദാനം ചെയ്ത ചില വിഭാഗം ആളുകളുണ്ട് അവര്‍ക്കേ കിട്ടൂ.''

''അവര്‍ ആരൊക്കെയാണ്?''

''ഏഴു വിഭാഗം ആളുകളെ നബി ﷺ  എണ്ണിപ്പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ പേരില്‍ പരസ്പരം  സ്‌നേഹിക്കുന്നവരും അല്ലാഹുവിനു വേണ്ടി പരസ്പരം വെറുക്കുന്നവരുമാണ് അവരില്‍ ഒരു വിഭാഗം.''

''മനസ്സിലായില്ല ഉമ്മീ'' ആദില്‍ പറഞ്ഞു.

''വിശ്വാസികള്‍ പരസ്പരം സ്‌നേഹിക്കുന്നതും വെറുക്കുന്നതും ഈ ലോകത്തെ നേട്ടങ്ങള്‍ക്കുവേണ്ടിയാകരുത്. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടായിരിക്കണം സ്‌നേഹിക്കുന്നത്. ആരെയെങ്കിലും വെറുക്കുകയാണെങ്കില്‍ അതും അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടായിരിക്കണം. അല്ലാതെ വ്യക്തിപരമായ അനിഷ്ടംകൊണ്ടാകരുത്.''

''ചീത്ത സ്വഭാവമുള്ള കൂട്ടുകാരോട് ഞാന്‍ കൂട്ടുകൂടാറില്ല. അവരുടെ ചീത്തസ്വഭാവം എനിക്കും ഉണ്ടാകുമോ, അങ്ങനെ ഞാന്‍ നരകത്തിന്റെ ആളായി മാറുമോ എന്ന പേടി കാരണം.''

''വളരെ നല്ലത്. അത് അല്ലാഹുവിനു വേണ്ടിയുള്ള വെറുക്കല്‍ തന്നെയാണ്.''

അന്നേരമാണ് ഓട്ടോയുടെ നീണ്ട ഹോണടി പുറത്തുനിന്നും കേട്ടത്. അദ്‌നാനും ആദിലും ഒന്നിച്ചു പറഞ്ഞു: ''ദേ വാപ്പ വന്നു. ബാക്കി പിന്നെ പറയാം ഉമ്മീ.''

''ശരി ബാക്കി പിന്നീടു പറയാം, ഇന്‍ശാ അല്ലാഹ്.

കുട്ടികള്‍ വാപ്പാ എന്നു വിളിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.