അബുല്‍ആസ്വി(റ)ന്റെ ചരിത്രത്തില്‍നിന്ന്

ഉസ്മാന്‍ പാലക്കാഴി

2020 നവംബര്‍ 07 1442 റബിഉല്‍ അവ്വല്‍ 20

(ഭാഗം: 3)

ബാസിമ: ''എന്താണ് ഈ മോചനദ്രവ്യമെന്നു പറഞ്ഞാല്‍ ഉപ്പാ?''

ഉപ്പ: ''യുദ്ധത്തില്‍ പിടികൂടപ്പെട്ടവരെ വിട്ടയക്കുന്നതിനു പകരം നല്‍കുന്ന സമ്പത്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.''

ബിലാല്‍: ''അബുല്‍ആസ്വി(റ)നെ വിട്ടയക്കാന്‍ എന്തായിരുന്നു മോചനദ്രവ്യമായി സഹോദരന്‍ കൊണ്ടുവന്നിരുന്നത്?''

ഉപ്പ: ''അത് ഒരു മാലയായിരുന്നു. നബി ﷺ  മോചനദ്രവ്യങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ ആ മാല ശ്രദ്ധയില്‍ പെട്ടു. അവിടുന്ന് അത് കയ്യിലെടുത്തു. തന്റെ ഭാര്യ ഖദീജ(റ) മകള്‍ സൈനബിന് വിവാഹ വേളയില്‍ തന്റെ കഴുത്തില്‍നിന്ന് ഊരിയെടുത്ത് അണിയിച്ച മാലയായിരുന്നു അത്.''

ബാസിമ: ''മകള്‍ സൈനബ്(റ) കൊടുത്തയച്ചിരുന്നതാണോ ആ മാല?''

ഉപ്പ: ''അതെ. സ്വഹാബിമാരുടെ സമ്മതത്തോടെ അബുല്‍ആസ്വിനെ മോചിപ്പിക്കുകയും ആ മാല അദ്ദേഹത്തിന്റെ പക്കല്‍ തിരിച്ചയക്കുകയും ചെയ്തു. അബുല്‍ആസ്വ്(റ) മക്കയില്‍ തിരിച്ചെത്തുകയും നബി ﷺ യും അദ്ദേഹവും തമ്മില്‍നടന്ന ഒരു ധാരണയനുസരിച്ച് സൈനബി(റ)നെ മദീനയിലേക്ക് സഹോദരന്‍ കിനാനയുടെ കൂടെ പറഞ്ഞയക്കുകയും ചെയ്തു.''

ബിലാല്‍: ''അപ്പോള്‍ നബി ﷺ യുടെ അടുത്തേക്ക് മകള്‍ തിരിച്ചെത്തി അല്ലേ?''

ഉപ്പ: ''അതെ.''

ബാസിമ: ''പിന്നീട് എന്താണു സംഭവിച്ചത്?''

ഉപ്പ: ''ഒരിക്കല്‍ സിറിയയിലേക്ക് കച്ചവടാവശ്യാര്‍ഥം പോയി തിരിച്ചുവരുന്ന വഴിയില്‍ നാഹിയത്തുല്‍ ഹൈസ് എന്ന സ്ഥലത്തുവെച്ച് സൈദുബ്‌നു ഹാരിഥ(റ)യുടെ നേതൃത്വത്തില്‍ ഒരു സൈനിക സംഘം കച്ചവടസംഘത്തെ തടഞ്ഞു. അവര്‍ മക്കക്കാരാണെന്നറിഞ്ഞപ്പോള്‍ കച്ചവട വസ്തുക്കള്‍ പിടിച്ചെടുത്തു. അബുല്‍ആസ്വ്(റ) രക്ഷപ്പെട്ട് നേരെ മദീനയിലേക്ക് പോയി.

ബിലാല്‍: ''മക്കക്കാര്‍ മുസ്‌ലിംകളെ തകര്‍ക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരും അതിനായി സ്വത്ത് സമ്പാദിക്കുകയും ചെയ്യുന്നവരാണല്ലോ.''

ബാസിമ: ''ഭാര്യ സൈനബ് മദീനയിലായതുകൊണ്ടാകും അങ്ങോട്ടു പോയത്.''

ഉപ്പ: ''അതെ. മക്കക്കാരില്‍ ചിലര്‍ ഏല്‍പിച്ച കച്ചവടവസ്തുക്കളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അവ നഷ്ടപ്പെട്ടതിനാല്‍ മക്കയിലേക്ക് മടങ്ങാന്‍ അദ്ദേഹം മടിക്കുകയും ചെയ്തു. സൈനബ്(റ) വര്‍ഷങ്ങളായി തന്നെ പിരിഞ്ഞിരിക്കുകയാണെങ്കിലും പിണക്കമൊന്നും ഇല്ലല്ലോ. അവള്‍ തന്നെ സ്വീകരിക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം സ്വുബ്ഹിക്കുമുമ്പായി സൈനബി(റ)ന്റെ വീട്ടിലെത്തി. മുശ്‌രിക്കായ വ്യക്തിയെ ഭര്‍ത്താവായി സ്വീകരിക്കുവാന്‍ പാടില്ല എന്ന നിയമമുള്ളതിനാല്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിവൃത്തിയില്ലായിരുന്നു. തന്റെ മക്കളുടെ പിതാവും മാതൃസഹോദരിയുടെ മകനുമായ അബുല്‍ആസ്വിനോട് എന്തുപറയണമെന്ന് അവര്‍ ആലോചിച്ചു. ഒടുവില്‍ നേരെ പള്ളിയിലേക്ക് പോയി. അന്നേരം നബി ﷺ യും സ്വഹാബിമാരും സ്വുബ്ഹി നമസ്‌കാരത്തിനായി പള്ളിയില്‍ കൂടിയിട്ടുണ്ട്. അവിടെവെച്ച് ൈസനബ്(റ) ഉറക്കെ ഇങ്ങനെ വിളിച്ചു പറഞ്ഞു: 'ജനങ്ങളേ, ഞാന്‍ ഇന്ന് അബുല്‍ആസ്വിന് അഭയം നല്‍കിയിരിക്കുന്നു. അദേഹം എന്റെ സംരക്ഷണത്തിലാകുന്നു.''

ബിലാല്‍: ''നബി ﷺ  അന്നേരം എന്താണു പറഞ്ഞത്?''

ഉപ്പ: ''നബി ﷺ  അന്നേരം അവിടെയുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു: ഇതാ, നിങ്ങള്‍ കേട്ടല്ലോ സൈനബിന്റെ പ്രഖ്യാപനം. ഈ കേട്ടതു മാത്രമെ എനിക്ക് അതിനെക്കുറിച്ച് അറിയൂ.' പിന്നെ മകളോട് പറഞ്ഞൂ: 'നീയും അദ്ദേഹവും തമ്മില്‍ മറ്റു ബന്ധങ്ങളൊന്നും പാടില്ല. നീ ഇപ്പോള്‍ അദ്ദേഹത്തിന് അനുവദനീയമല്ല.''

ബിലാല്‍: ''അദ്ദേഹത്തില്‍നിന്ന് പിടിച്ചെടുത്ത വസ്തുകള്‍ എന്തുചെയ്തു?''

ഉപ്പ: ''നബി ﷺ  സൈദുബ്‌നു ഹാരിഥ(റ)യെയും മറ്റും വിളിച്ച് അവരോട് പറഞ്ഞു: 'അബുല്‍ആസ്വും ഞാനും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്കറിയാമല്ലോ. അദ്ദേഹത്തില്‍നിന്ന് പിടിച്ചെടുത്ത ധനം തിരിച്ചുകൊടുക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. അതിന് നിങ്ങള്‍ക്ക് സമ്മതമില്ലെങ്കില്‍ യുദ്ധാര്‍ജിത സമ്പത്തുപോലെ നിങ്ങള്‍ക്ക് അനുഭവിക്കാവുന്നതാണ്.' അവര്‍ സന്തോഷത്തോടെ സ്വത്ത് മുഴുവനും അബുല്‍ആസ്വി(റ)ന് തിരിച്ചുകൊടുത്തു.''

ബിലാല്‍: ''അദ്ദേഹം അത് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല അല്ലേ?''

ഉപ്പ: ''അതെ. അദ്ദേഹം അന്നേരം സന്തോഷത്താല്‍ മതിമറന്നുപോയി. സമ്പത്തുമായി മക്കയിലേക്ക് തരിച്ചുപോയി. കച്ചവടയാത്രയില്‍ അദ്ദേഹത്തിന്റെ സമ്പത്തെല്ലാം പിടികൂടപ്പെട്ടത് മക്കക്കാര്‍ അറിഞ്ഞിരുന്നു. എന്നാല്‍ ഒന്നും നഷ്ടപ്പെടാതെ മടങ്ങിവന്നതുകണ്ട് അവര്‍ക്ക് അത്ഭുതമായി. അബുല്‍ആസ്വ്(റ) മക്കക്കാര്‍ക്ക് തിരിച്ചേല്‍പിക്കാനുണ്ടായിരുന്ന മുഴുന്‍ ധനവും തിരിച്ചേല്‍പിച്ചു. എന്നിട്ട് അദ്ദേഹം ഇങ്ങനെ വിളിച്ചുപറഞ്ഞു: ''ക്വുറൈശികളേ, ഞാന്‍ ഇനി നിങ്ങള്‍ക്ക് വല്ല ബാധ്യതയും അവശേഷിപ്പിച്ചിട്ടുണ്ടോ?' 'ഇല്ല, ഒന്നും അവഷേിപ്പിച്ചിട്ടില്ല, നീ വിശ്വസ്തനും സത്യസന്ധനമുമാണ്' എന്നായിരുന്നു അവരുടെ മറുപടി.''

ബിലാല്‍: ''അവര്‍ക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ധിച്ചുകാണും.''

ഉപ്പ: ''ശേഷം അബുല്‍ആസ്വ്(റ) അവരോട് പറഞ്ഞു: 'നിങ്ങളെ സാക്ഷിനിര്‍ത്തി ഞാനിതാ മുഹമ്മദിന്റെ മതത്തില്‍ വിശ്വസിച്ചിരിക്കുന്നു. നന്മയും നീതിയുമാണ് അത് കല്‍പിക്കുന്നത്. അക്രമങ്ങളും ചീത്ത കാര്യങ്ങളും അത്  നിരോധിക്കുന്നു. നിങ്ങളുടെ സമ്പത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഞാന്‍ വിശ്വസിച്ചത് എന്നു നിങ്ങള്‍ ആരോപിക്കുമോ എന്നു ഭയന്നാണ് ഞാനിങ്ങോട്ടുവന്നത്. അല്ലെങ്കില്‍ അവിടെവെച്ചുതന്നെ ഞാന്‍ വിശ്വസിക്കുമായിരുന്നു.''

ബാസിമ: ''ഇതുകേട്ട മക്കക്കാര്‍ക്ക് ദേഷ്യംവന്നുകാണുമല്ലോ?''

ഉപ്പ: ''അതെ, അവര്‍ അദ്ദേഹത്തെ ശകാരിക്കുകയും ചീത്തപറയുകയും ചെയ്തു.''

ബിലാല്‍: ''സൈനബ്(റ) അഭയം നല്‍കിയതിനെ എതിര്‍ക്കാതിരുന്നതും പിടിച്ചെടുത്ത വസ്തുക്കളെല്ലാം തിരിച്ചുകൊടുത്തതും നബി ﷺ യുടെ നല്ല പെരുമാറ്റവുമൊക്കെ അദ്ദേഹത്തെ ഇസ്‌ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിരിക്കും അല്ലേ?''

ഉപ്പ: ''തീര്‍ച്ചയായും. അദ്ദേഹം ഉടനെത്തന്നെ മദീനയിലേക്ക് മടങ്ങുകയും തന്റ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. ഹിജ്‌റ ഏഴാം വര്‍ഷം മുഹര്‍റം മാസത്തിലായിരുന്നു അത്. അനന്തരം നബി ﷺ  സൈനബി(റ)നെ അദ്ദേഹത്തിന് ഏല്‍പിച്ചുകൊടുത്തു. വര്‍ഷങ്ങളുടെ വേര്‍പാടിനുശേഷം അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ സൈനബ്(റ) പിന്നീട് അധികകാലം ജീവിച്ചിരുന്നില്ല. ഹിജ്‌റ എട്ടാം വര്‍ഷം അവര്‍ മരണപ്പെട്ടു.''

ബാസിമ: ''അവര്‍ക്ക് എത്ര മക്കളുണ്ടായിരുന്നു?''

ഉപ്പ: ''അലി, ഉമാമ എന്നിങ്ങനെ രണ്ടു മക്കളുണ്ടായിരുന്നു.''

ബിലാല്‍: ''അതു ശരി.''

ഉപ്പ: ''ഇന്നത്തെ കഥ പറയല്‍ അവസാനിപ്പിക്കാം. ഇനി മറ്റൊരു സ്വഹാബിയെക്കുറിച്ച് സൗകര്യപ്പെടുന്ന ഒരു ദിവസം പറഞ്ഞുതരാം.''

ബാസിമ: ''ശരി ഉപ്പാ.'' (അവസാനിച്ചു)