അബുല്‍ആസ്വി(റ)ന്റെ ചരിത്രത്തില്‍നിന്ന്

ഉസ്മാന്‍ പാലക്കാഴി

2020 ഒക്ടോബര്‍ 31 1442 റബിഉല്‍ അവ്വല്‍ 13

ഉപ്പ: ''മക്കളേ, കഴിഞ്ഞതവണ അബ്ദുര്‍റഹ്മാനുബ്‌നു ഔഫി(റ)ന്റെ ചരിത്രം പറഞ്ഞുതന്നപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് നബി ﷺ  പറഞ്ഞ ഒരു കാര്യം നിങ്ങളെ ഞാന്‍ കേള്‍പിച്ചത് ഓര്‍ക്കുന്നുണ്ടോ?''

ബിലാല്‍: ''ഉണ്ട് ഉപ്പാ. 'അബ്ദുര്‍റഹ്മാന്‍, നീ സമ്പന്നനാണ്. നീ മുട്ടുകുത്തിയായിരിക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അതുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിര്‍ബാധം ചെലവഴിക്കൂ. എങ്കില്‍ സ്വതന്ത്രനായി നിനക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം' എന്നതല്ലേ?''

ഉപ്പ: ''അതെ, അതുതന്നെ. ഇന്നലെ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഓണ്‍ലൈന്‍ ക്ലാസ്സ് ഞാന്‍ കേട്ടു.  പ്രമുഖനായ ഒരു പണ്ഡിതന്‍ ആ ക്ലാസ്സില്‍ വിശദീകരിച്ചത് ഈ നബിവചനം സ്വീകാര്യയോഗ്യമായി വന്നതല്ല എന്നും അത് നിര്‍മിത ഹദീഥാണ് എന്നും ഹദീഥ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ്.''

ബാസിമ: ''അപ്പോള്‍ നബി ﷺ  അങ്ങനെ പറഞ്ഞതായി വിശ്വസിക്കാന്‍ പറ്റിയ തെളിവില്ല എന്നാണോ?''

ഉപ്പ: ''അതെ, അതിന്റെ കൃത്യത മനസ്സിലാക്കാതെയാണ് ഞാനത് നിങ്ങള്‍ക്കു പറഞ്ഞുതന്നത്.''

ബിലാല്‍: ''എങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ കഥ കൂട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അത് ഒഴിവാക്കിയാണ് പറഞ്ഞുകൊടുക്കുക.''

ഉപ്പ: ''അതെ, അങ്ങനെ മതി.''

ബാസിമ: ''അബുല്‍ ആസ്വി(റ)ന്റെ കഥ പറയൂ ഉപ്പാ.''

ഉപ്പ: ''ശരി, തുടങ്ങാം. അബുല്‍ ആസ്വുബ്‌നു റബീഅ്(റ) സുന്ദരനും സമ്പന്നനുമായിരുന്നു. നബി ﷺ യുടെ മരുമകന്‍ കൂടിയാണ് അദ്ദേഹം.''

ബാസിമ: ''മരുമകന്‍ എന്നു പറഞ്ഞാല്‍...?''

ഉപ്പ: ''മകളുടെ ഭര്‍ത്താവ്.''

ബിലാല്‍: ''നബി ﷺ യുടെ ഏതു മകളുടെ ഭര്‍ത്താവായിരുന്നു അബുല്‍ ആസ്വ്(റ).''

ഉപ്പ: ''നബി ﷺ യുടെ മൂത്ത മകളായ സൈനബി(റ)ന്റെ.''

ബിലാല്‍: ''അദ്ദേഹം അബ്ദുര്‍റഹ്മാനുബ്‌നു ഔഫി(റ)നെ പോലെ കച്ചവടക്കാരനായിരുന്നോ?''

ഉപ്പ: ''അതെ. തണുപ്പുകാലത്ത് യമനിലേക്കും ചൂടുകാലത്ത് ശാമിലേക്കും കച്ചവടയാത്ര നടത്തല്‍ അറബികളുടെ പരമ്പരാഗത സമ്പ്രദായമായിരുന്നു. അതില്‍ അദ്ദേഹവും പങ്കെടുക്കാറുണ്ടായിരുന്നു. നൂറു ഒട്ടകങ്ങളും ഇരുനൂറോളം ജോലിക്കാരും അടങ്ങുന്ന വലിയ കച്ചവടസംഘമായിരുന്നു അബുല്‍ ആസ്വിന്റെത്.''

ബാസിമ: ''ആരായിരുന്നു അദ്ദേഹത്തിന്റെ മാതാവ്?''

ഉപ്പ: ''ചോദിച്ചതു നന്നായി. നബി ﷺ യുടെ ഭാര്യയും വിശ്വാസികളുടെ മാതാവുമായ ഖദീജ(റ)യുടെ സഹോദരിയായ ഹാലത്ത് ആണ് അദ്ദേഹത്തിന്റെ മാതാവ്.''

ബിലാല്‍: ''അപ്പോള്‍ ആ വഴിക്കും നബി ﷺ യുമായി ബന്ധമുണ്ട് അല്ലേ?''

ഉപ്പ: ''അതെ. ഖദീജ(റ) തന്റെ സഹോദരന്റെ മകനായ അബുല്‍ആസ്വിനെ സ്വന്തം മകനെപ്പോലെ സ്‌നേഹിച്ചു. വിശ്വസ്തനായ അദ്ദേഹത്തെ തന്റെ മകള്‍ ൈസനബിന്റെ ഭര്‍ത്താവാക്കാന്‍ അവര്‍ ആഗ്രഹിച്ചു. നബി ﷺ  ആ ബന്ധം ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ അവര്‍ തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു. അന്ന് നബി ﷺ ക്ക് പ്രവാചകത്വം കിട്ടിയിട്ടുണ്ടായിരുന്നില്ല.

ബിലാല്‍: ''അതുശരി.''

ബാസിമ: ''എന്നാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്?''

ഉപ്പ: ''പറയാം. നബി ﷺ  പ്രബോധനം തുടങ്ങിയത് തന്റെ കുടുംബത്തില്‍നിന്നാണെന്ന് അറിയാമല്ലോ?''

ബിലാല്‍: ''അറിയാം. സ്ത്രീകളില്‍ ഒന്നാമതായി ഖദീജ(റ)യാണ് ഇസ്‌ലാം സ്വീകരിച്ചത് അല്ലേ?''

ഉപ്പ: ''അതെ. തുടര്‍ന്ന് സൈനബും മുസ്‌ലിമായി. എന്നാല്‍ ഭര്‍ത്താവായ അബുല്‍ആസ്വ്(റ) അതിന് ഒരുക്കമല്ലായിരുന്നു. മുന്‍ഗാമികളുടെ മാര്‍ഗം വിടാന്‍ അദ്ദേഹം തയ്യാറായില്ല. ഇസ്‌ലാമിന്റെ കടുത്ത എതിരാളികളായിരുന്ന അബൂജഹലും അബൂലഹബും ഉത്ബത്തും ശൈബത്തുമെല്ലാം അബുല്‍ആസ്വി(റ)ന്റെ കൂട്ടുകാരായിരുന്നു.''

ബാസിമ: ''സൈനബ്(റ) ഇസ്‌ലാം സ്വീകരിച്ചതില്‍ അവര്‍ക്ക് ദേഷ്യമുണ്ടായിരിക്കും അല്ലേ?''

ഉപ്പ: ''അതെ, ഒരിക്കല്‍ അബൂജഹല്‍ അടക്കമുള്ള ഏതാനും ക്വുറൈശി പ്രമുഖര്‍ അബുല്‍ആസ്വി(റ)നെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: 'മുഹമ്മദിന്റെ പുത്രിയെ നീ ഒഴിവാക്കണം. പകരം നിനക്ക് ഇഷ്ടമുള്ള ഏത് ക്വുറൈശി വനിതയെ വേണമെങ്കിലും ഞങ്ങള്‍ വിവാഹം ചെയ്തു തരാം.''

ബാസിമ: ''എന്നിട്ട് അദ്ദേഹം അതിനു തയ്യാറായോ?''

ഉപ്പ: ''ഇല്ല. ഞാന്‍ എന്റെ ഭാര്യയെ ഉപേക്ഷിക്കില്ല. അവള്‍ക്കു പകരം ഏതൊരു സ്ത്രീയെയും എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.''

ബിലാല്‍: ''അടിപൊളി മറുപടി!''

ബാസിമ: ''ക്വുറൈശി നേതാക്കള്‍ നാണംകെട്ട് തിരിച്ചുപോയിട്ടുണ്ടാകും.''

ഉപ്പ: ''അതെ.''

ബിലാല്‍: ''ഈ സംഭവം നബി ﷺ  അറിഞ്ഞുവോ?''

ഉപ്പ: ''അറിഞ്ഞു. അബുല്‍ ആസ്വി(റ)ന്റെ മറുപടി നബി ﷺ ക്ക് ഇഷ്ടമായി. നബി ﷺ  മരുമകനെ അഭിനന്ദിക്കുകയും ചെയ്തു.''

ബിലാല്‍: ''നബി ﷺ യും സ്വഹാബിമാരും മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ സൈനബ്(റ) കൂടെ പോയിരുന്നോ?''

ഉപ്പ: ''ഇല്ല. സൈനബ്(റ) ഭര്‍ത്താവിന്റെ കൂടെ മുസ്‌ലിമായിക്കൊണ്ടുതന്നെ മക്കയില്‍ ജീവിച്ചു. ആയിടക്കാണ് ബദ്ര്‍ യുദ്ധമുണ്ടാകുന്നത്.''

ബിലാല്‍: ''അബുല്‍ ആസ്വ്(റ) അന്ന് ആരുടെ പക്ഷത്തായിരുന്നു?''

ഉപ്പ: ''അദ്ദേഹം അന്ന് ഇസ്‌ലാം സ്വീകരിച്ചിട്ടില്ലല്ലോ. അതുകൊണ്ട് ബദ്‌റില്‍ മുസ്‌ലിംകളുമായി ഏറ്റുമുട്ടുവാന്‍ അദ്ദേഹവും വന്നിരുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെട്ടുവെങ്കിലും അദ്ദേഹം ബന്ധിയാക്കപ്പെട്ടു.''

ബാസിമ: ''നബി ﷺ യുടെ മരുമകന്‍ മുസ്‌ലിംകളുടെ പിടിയിലായത് അവിടുന്ന് അറിഞ്ഞില്ലേ?''

ഉപ്പ: ''പറയാം. വേറെ ചിലരും ബന്ധികളായി ഉണ്ടായിരുന്നു. അവരെ മോചിപ്പിക്കാന്‍ മക്കക്കാര്‍ മോചനദ്രവ്യവുമായി മദീനയിലെത്തി. അബുല്‍ആസ്വി(റ)നുവേണ്ടി സഹോദരന്‍ അംറ് ആയിരുന്നു വന്നത്.'' (തുടരും)