രാജാവും വൃദ്ധനും

പുനരാഖ്യാനം: റാഷിദ ബിന്‍ത് ഉസ്മാന്‍

2020 ആഗസ്ത് 22 1442 മുഹര്‍റം 03

ഒരിക്കല്‍ ഒരു രാജാവ് തന്റെ രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഓരോ സ്ഥലത്തും രാജാവ് വരുമ്പോള്‍ അവിടെയുള്ള ആളുകളെല്ലാം അദ്ദേഹത്തെ കാണാന്‍ തിരക്കുകൂട്ടി.

യാത്രയ്ക്കിടയില്‍ രാജാവ് ഒരു ഗ്രാമത്തിലെത്തി. രാജാവ് വരുന്നതിന്റെ വിളംബരം കേട്ട് ഗ്രാമവാസികളെല്ലാം തടിച്ചുകൂടി. ജനങ്ങളൊക്കെയും തന്നെ കാണുവാനും ആവശ്യങ്ങള്‍ പറയുവാനുമൊക്കെയായി തിരക്കുകൂട്ടുമ്പോള്‍ തന്നെ പരിഗണിക്കാത്ത ഒരാള്‍ രാജാവിന്റെ കണ്ണില്‍പെട്ടു. അയാള്‍ ഒരു പാവപ്പെട്ട, വളരെ വയസ്സായ ഒരാളാണ്. അയാള്‍ രാജാവിനെ ശ്രദ്ധിക്കുന്നേയില്ല. അവിടെയുള്ള ബഹളമൊന്നും അയാള്‍ കേള്‍ക്കാത്ത പോലുണ്ട്! അയാള്‍ എന്തോ ജോലിയില്‍ മുഴുകിയിരിപ്പാണ്. രാജാവ് ആ വൃദ്ധനെ തന്റ അടുത്തേക്ക് വിളിച്ചുവരുത്തി.

''എന്താണ് നിങ്ങള്‍ എന്നെ പരിഗണിക്കാത്തത്? ഈ രാജ്യം മുഴുവന്‍ ഭരിക്കുന്ന രാജാവായ എന്നെ ശ്രദ്ധിക്കാതിരിക്കുന്നതും ബഹുമാനിക്കാതിരിക്കുന്നതും എന്തുകൊണ്ടാണ്?'' രാജാവ് അല്‍പം ദേഷ്യത്തോടെ ചോദിച്ചു.

അന്നേരം ആ വൃദ്ധന്‍ ശാന്തനായിക്കൊണ്ട് പറഞ്ഞു: ''കുറെ കാലം മുമ്പ് ഈ നാട്ടില്‍ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ ഈ പ്രദേശം സന്ദര്‍ശിക്കുകയുണ്ടായി. ആ സമയത്ത് ജനങ്ങളെല്ലാം അദ്ദേഹത്തെ കാണാന്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ ഇവിടെ വെച്ച് അദ്ദേഹത്തെ ഒരു പകര്‍ച്ചവ്യാധി ബാധിക്കുകയും ഏതാനും ദിവസങ്ങള്‍ക്കകം മരണപ്പെടുകയും ചെയ്തു. പകരുന്ന രോഗമായതിനാല്‍ ഇവിടെ അടുത്തുള്ള ഒരു സ്ഥലത്തുതന്നെ അദ്ദേഹത്തെ മറവുചെയ്തു. അന്നു തെന്ന ഒരു സാധുമനുഷ്യനും മരണപ്പെടുകയുണ്ടായി. രാജാവിന്റെ ക്വബ്‌റിനടുത്തായി അയാളെയും അടക്കംചെയ്തു. ഒരു വര്‍ഷത്തിനു ശേഷം അവിടെ ഒരു വലിയ വെള്ളപ്പൊക്കമുണ്ടായി. രാജാവിന്റെയും സാധുമനുഷ്യന്റെയും ക്വബ്‌റുകള്‍ കുത്തിയൊലിച്ചു. രണ്ടുപേരുടെയും കുറെ എല്ലുകള്‍ ഒരുഭാഗത്ത് അടിഞ്ഞുകൂടി. അവയില്‍ രാജാവിന്റെ എല്ലുകള്‍ ഏതാണ്, പാവപ്പെട്ട സാധാരണക്കാരനായ മനുഷ്യന്റെ എല്ലുകള്‍ ഏതാണ് എന്നൊന്നും തിരിച്ചറിയാത്ത അവസ്ഥ! അത് കണ്ടതിനുശേഷം രാജാവാണെന്നോ യാചകനാെണന്നോ ഒന്നും ഞാന്‍ പരിഗണിക്കാറേയില്ല.''

രാജാവിനെ ദേഷ്യം പിടിപ്പിക്കുന്ന ഈ വാക്കുകള്‍ കേട്ട് ജനങ്ങളെല്ലാം ഭയപ്പെട്ടു. വൃദ്ധനെ രാജാവ് എന്തെങ്കിലും ചെയ്യുമോ? എന്നാല്‍ വൃദ്ധന്റെ വാക്കുകള്‍ കേട്ട രാജാവിന്റെ തല താഴുകയാണുണ്ടായത്.

''താങ്കള്‍ എന്റെ കണ്ണുതുറപ്പിച്ചിരിക്കുന്നു. താങ്കള്‍ പറഞ്ഞതുതന്നെയാണ് സത്യം. മരിച്ചുകഴിഞ്ഞാല്‍ രാജാവും യാചകനുെമല്ലാം ഒരുപോലെയാണ്. സമ്പത്തും പദവികളുമെല്ലാം താല്‍ക്കാലികമാണ്. ഏതു നിമിഷവും അവ ഇല്ലാതായേക്കാം. രാജാവു മരിച്ചാലും യാചകന്‍ മരിച്ചാലും മണ്ണിലാണ് അടക്കംചെയ്യുന്നത്. പിന്നെ എന്തിന് നാം അഹങ്കരിക്കണം'' ഇത്രയും പറഞ്ഞു രാജാവ് ആ വൃദ്ധനെ കെട്ടിപ്പിടിച്ചു. അന്നേരം രാജാവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

 കൂട്ടുകാരേ,  രാജാവാണെങ്കിലും മന്ത്രിയാണെങ്കിലും സാധാരണക്കാരനാണെങ്കിലും എല്ലാവരും ഒരുനാള്‍ മരിക്കും. ആരുതന്നെ മരിച്ചാലും മണ്ണിലാണ് മറവുചെയ്യുക. അതിനാല്‍ ഒന്നിന്റെ പേരിലും ആരും അഹങ്കരിക്കാന്‍ പാടില്ല.