സുന്ദരക്കാഴ്ചകള്‍

ഉസ്മാന്‍ പാലക്കാഴി

2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23

ആയിരമായിരം നക്ഷത്രപ്പൂക്കളെ

ആരാണു വിണ്ണില്‍ വിതറിയത്?

ആര്‍ക്കാണവയുടെ എണ്ണമറിയുക

ആഴത്തില്‍ ചിന്തിക്കൂ കൂട്ടുകാരേ!

 

ആശ്ചര്യമേകുന്നു സൂര്യനും ചന്ദ്രനും

ആകാശഗോളങ്ങള്‍ എത്രയെത്ര!

ആശയുണ്ടെങ്കിലും ആകാശ ലോകത്ത്

ആശപോലെത്തുവാന്‍ ആവുകില്ലാ!

 

ആഴക്കടലുകള്‍ അതിലെ തിരകളും

ആര്‍ക്കാണു കണ്ടാല്‍ മതിവരിക?

ആനന്ദമേകുന്ന കാഴ്ചകള്‍ ഭൂമിയില്‍

ആവോളമുണ്ടല്ലോ കാണുവാനായ്

 

ആരാണൊരുക്കിയതിക്കാഴ്ചയൊക്കെയും

ആരുമേയല്ലെന്നു ചൊല്ലിടാമോ?

ആരാധ്യനേകനാം അല്ലാഹുവാണല്ലോ

ആശ്ചര്യലോകം പടച്ചു വെച്ചൂ!