വ്യതിയാനങ്ങളെ സൂക്ഷിക്കുക

ശമീർ മദീനി

2024 ജൂലായ് 30, 1446 മുഹർറം 14

ജീവിതത്തിന്റെ നിഖിലമേഖലകളിലും എങ്ങനെ സഞ്ചരിക്കണമെന്ന കൃത്യവും വ്യക്തവുമായ ദൈവികമാർഗനിർദേശങ്ങളാണ് മതത്തിന്റെ കാതൽ. അത് അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹം തന്നെയാണ്. മറ്റു പലരും സ്വന്തം ഇഷ്ടങ്ങളെയോ അല്ലെങ്കിൽ ന്യൂനതകൾ എമ്പാടുമുള്ള മറ്റുള്ളവരുടെ മാർഗനിർദേശങ്ങളെയോ ആണ് പിൻപറ്റുന്നതെങ്കിൽ സത്യവിശ്വാസി സർവലോക സ്രഷ്ടാവും നിയന്താവും

സംരക്ഷകനുമായ അല്ലാഹുവിന്റെ മാർഗനിർദേശങ്ങളെയാണ് പിൻപറ്റുന്നത് എന്ന കാര്യം ഇസ്‌ലാമിനെയും വിശ്വാസിയെയും വ്യതിരിക്തമാക്കുന്നതാണ്.

ഒന്നാമത്തെ മനുഷ്യൻ മുതലുള്ള സർവരോടും അല്ലാഹു നിർദേശിച്ചതും പ്രസ്തുത മാർഗം പിൻപറ്റുവാനും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുവാനുമാണ്. പ്രസ്തുത ദൈവികനിർദേശങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങൾ സൂക്ഷിക്കുവാനും ക്വുർആനും സുന്നത്തും പലരൂപത്തിൽ ആഹ്വാനം ചെയ്തിട്ടുമുണ്ട്. അത്തരം വ്യതിചലനങ്ങളിലൂടെ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെയും അപകടങ്ങളെയും സംബന്ധിച്ചും ക്വുർആൻ മനുഷ്യരാശിയെ ഓർമപ്പെടുത്തിയിട്ടുമുണ്ട്.

അല്ലാഹു പറയുന്നു: “എന്റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്നപക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവനെ നാം അന്ധനായനിലയിൽ എഴുന്നേൽപിച്ച് കൊണ്ടുവരുന്നതുമാണ്. അവൻ പറയും: ‘എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയിൽ എഴുന്നേൽപിച്ച് കൊണ്ടുവന്നത്? ഞാൻ കാഴ്ചയുള്ളവനായിരുന്നല്ലോ!’ അല്ലാഹു പറയും: ‘അങ്ങനെ തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങൾ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അതിരുകവിയുകയും തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്തവർക്ക് അപ്രകാരമാണ് നാം പ്രതിഫലം നൽകുന്നത്. പരലോകത്തെ ശിക്ഷ കൂടുതൽ കഠിനമായതും നിലനിൽക്കുന്നതും തന്നെയാകുന്നു’’ (20:124-127).

ഈ ലോകത്തെ നഷ്ടത്തെ കുറിച്ചു മാത്രമല്ല, മരണാനന്തരം പരലോക ജീവിതത്തിലെ നഷ്ടത്തെയും പരാജയത്തെയും കുറിച്ചു കൂടിയാണ് മേൽവചനങ്ങൾ മുന്നറിയിപ്പു നൽകുന്നത്.

ഭൂമിയിൽ കാണുന്ന പല ദുരന്തങ്ങളെയും അപകടങ്ങളെയും വിലയിരുത്തുമ്പോൾ അവയുടെ പിന്നിലെ അതിരുവിട്ട മനുഷ്യന്റെ കയ്യേറ്റങ്ങൾ നമുക്ക് കാണാവുന്നതാണ്. ഹിരോഷിമയിലും നാഗസാക്കിയിലും കണ്ടതും ‘എയ്ഡ്‌സ്’ പോലുള്ള മാരകരോഗങ്ങളുടെ പിന്നിൽ കാണുന്നതും മനുഷ്യരുടെ അന്യായമായ ഇടപെടലുകൾ തന്നെയാണ്.

ക്വുർആൻ പറയുന്നു: “മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരുവേള മടങ്ങിയേക്കാം’’(30:41).

വ്യതിയാനങ്ങളിൽനിന്ന് രക്ഷതേടൽ

ഇസ്‌ലാമിന്റെ നേരായ പാതയിൽനിന്ന് ആളുകൾ വ്യതിചലിക്കുമെന്നത് സത്യമാണ്. മുഹമ്മദ് നബി ﷺ അത് ഉണർത്തുകയും ചെയ്തിട്ടുണ്ട്. മുമ്പുള്ള സമുദായങ്ങളിലും ഇത്തരം വ്യതിചലനങ്ങൾ ഉണ്ടായത് ഓർമിപ്പിച്ചുകൊണ്ടുതന്നെ നബിﷺ സമുദായത്തെ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് പലപ്പോഴായി താക്കീത് ചെയ്തിട്ടുണ്ട്.

നബി ﷺ പറഞ്ഞു: “ജൂതന്മാർ 71 കക്ഷികളായി വേർപിരിഞ്ഞു. ക്രിസ്ത്യാനികൾ 72 വിഭാഗങ്ങളായും ഭിന്നിച്ചു. ഈ സമുദായമാകട്ടെ 73 വിഭാഗങ്ങളായി ഭിന്നിക്കുന്നതാണ്’’ (അബൂദാവൂദ്, തിർമിദി, ഇബ്‌നുമാജ, ഹാകിം).

ഭിന്നത അഭിലഷണീയമല്ലെന്നും ഐക്യത്തോടെ നന്മയുടെ വഴിയിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടതെന്നും ക്വുർആനും ഹദീസുകളും ആവർത്തിച്ചുണർത്തിയിട്ടുള്ളതാണ്. എങ്കിലും അല്ലാഹുവിന്റെ ‘ക്വദാഇ’ന്റെ (വിധിയുടെ) ഭാഗമായി ഭിന്നതകൾ സംഭവിക്കുമെന്നത് സത്യമാണെന്നകാര്യം നാം മറക്കരുത്. സാധ്യമാകുന്നത്ര ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും ഒഴിവാക്കി ഒത്തൊരുമിച്ച് നിൽക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. മതം പഠിപ്പിച്ചതും കാലഘട്ടം ആവശ്യപ്പെടുന്നതും അതുതന്നെയാണ്.

അല്ലാഹു പറയുന്നു: “അല്ലാഹുവെയും അവ‌‌െൻറ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു” (8:4൬).

“വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവർക്കാണ് കനത്ത ശിക്ഷയുള്ളത്’’ (3:105).

ഈ മാർഗഭ്രംശങ്ങളുടെ അടിസ്ഥാനകാരണങ്ങളും അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴികളും നബിﷺ നമുക്ക് അറിയിച്ചുതന്നിട്ടുണ്ട്. മുമ്പ് ഉദ്ധരിച്ച ‘എന്റെ സമുദായം 73 കക്ഷികളായി പിരിയും’ എന്ന ഹദീസിന്റെ ബാക്കിഭാഗംതന്നെ അക്കാര്യം ഉണർത്തുന്നുണ്ട്.

നബിﷺ പറഞ്ഞു: ‘പ്രസ്തുത 73ൽ ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിന്റെ പാതയിലാണ്.’ അപ്പോൾ ചോദിക്കപ്പെട്ടു: ‘പ്രവാചകരേ, ആരാണ് ആ രക്ഷപ്പെടുന്ന വിഭാഗം?’ നബിﷺ പറഞ്ഞു: ‘ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട മാർഗത്തിൽ നിലകൊള്ളുന്നവർ.’

‘ഭിന്നിച്ചു വേർപിരിഞ്ഞ എല്ലാ കക്ഷികളും എന്റെ സമുദായത്തിന്റെ ഭാഗമായതുകൊണ്ട് അതിൽ ഏതിൽ ആയിരുന്നാലും കുഴപ്പമില്ല’ എന്നല്ല നബിﷺ പറഞ്ഞുതന്നത്. മറിച്ച്, എഴുപത്തിമൂന്നിൽ 72ലും ഉൾപ്പെടാതെ സൂക്ഷിക്കുവാനും, രക്ഷയുടെ വിഭാഗത്തിന്റെ അടയാളങ്ങൾ വ്യക്തമാക്കി, അതിന്റെ കൂടെ നിൽക്കാനുമാണ്.

നബിﷺ പഠിപ്പിച്ചതും സ്വഹാബത്ത് അനുവർത്തിച്ചതുമായ മാർഗം പിൻപറ്റി വ്യതിയാനത്തിന്റെ അപകടങ്ങളിൽനിന്ന് സുരക്ഷ ഉറപ്പാക്കണം എന്നാണ് പ്രസ്തുത ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. വിശുദ്ധ ക്വുർആനിന്റെ സൂക്തങ്ങളും ഈ ആശയം നമ്മെ പഠിപ്പിക്കുന്നുണ്ട്.

അല്ലാഹു പറയുന്നു: “തനിക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവൻ തിരിഞ്ഞവഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!’’(4:115).

“മുഹാജിറുകളിൽ നിന്നും അൻസ്വാറുകളിൽ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം’’ (9:100).

ഏതു വിഷയങ്ങളിലാണെങ്കിലും സച്ചരിതരായ മുൻഗാമികളുടെ ആശയാദർശങ്ങൾ ഏതെന്ന് പഠിച്ചറിഞ്ഞ് പിൻപറ്റാൻ നമുക്ക് സാധിക്കുമ്പോൾ മാത്രമാണ് നാം നേരിന്റെ വഴിയിലാണെന്ന് ഉറപ്പിക്കാൻ സാധിക്കുക. കാരണം അവരെയാണ് അല്ലാഹു തൃപ്തിപ്പെട്ടതും പ്രവാചകന്റെ അനുചരന്മാരായി നിയോഗിച്ചതും. അവരാണ് ഇസ്‌ലാമിനെ നേരിട്ട് മനസ്സിലാക്കി, സംശയങ്ങൾ ദൂരീകരിച്ച്, പ്രവാചക ഗുരുമുഖത്തുനിന്നും ദീൻ പകർന്നെടുത്തവരും അത് പ്രയോഗവത്കരിച്ച് കാണിച്ചവരും. അങ്ങനെയുള്ള അവർ വഴികേടിലും പിൽകാലക്കാർ നേർമാർഗത്തിലും ആവുക എന്നത് ഒരിക്കലും ഉണ്ടാവുകയില്ല.

നേർമാർഗത്തിൽനിന്ന് വ്യതിചലിക്കാനുള്ള ഒരു പ്രധാന കാരണം ദീനിന്റെ ശരിയായ ആശയങ്ങൾ കൃത്യവും കണിശവുമായി പഠിക്കാനും പിൻപറ്റുവാനുമുള്ള വിമുഖതയും മറ്റ് വിഭാഗങ്ങളുടെ രീതികളെ അനുകരിക്കുന്നതുമാണ്.

നബിﷺ പറയുന്നു: ‘തീർച്ചയായും നിങ്ങൾ നിങ്ങൾക്കു മുമ്പുള്ളവരുടെ മാർഗങ്ങളെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിൻപറ്റുകതന്നെ ചെയ്യും. എത്രത്തോളമെന്നാൽ, അവരെങ്ങാനും ഒരു ഉടുമ്പിന്റെ മാളത്തിൽ പ്രവേശിക്കുകയാണെങ്കിൽ നിങ്ങളും അതിൽ കടക്കും.’ സ്വഹാബത്ത് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ജൂത-ക്രൈസ്തവരെയാണോ ഉദ്ദേശിച്ചത്?’ നബിﷺ പറഞ്ഞു: ‘അല്ലാതെ പിന്നെ ആരെയാണ്?’ (ബുഖാരി, മുസ്‌ലിം).

ഈ ആശയത്തിൽ വേറെയും ഹദീസുകൾ കാണാവുന്നതാണ്. അല്ലാഹുവിൽനിന്നുള്ള ‘വഹ്‌യി’ന്റെ അടിസ്ഥാനത്തിൽ നബിﷺ പഠിപ്പിച്ചതും സ്വഹാബത്ത് പ്രയോഗവത്കരിച്ച് കാണിച്ചതുമായ ശരിയായ മാർഗനിർദേശങ്ങളെ കയ്യൊഴിയുകയും വേദവാക്യങ്ങളെയും പ്രവാചകാധ്യാപനങ്ങളെയും സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്ത ആളുകളുടെ മാർഗങ്ങളെ പിൻപറ്റുന്നതിന്റെ അപകടങ്ങളും അതിലെ വിരോധാഭാസങ്ങളുമാണ് നബിﷺ ഉണർത്തുന്നത്.

നേരിന്റെ വഴി പിൻപറ്റുന്നതിൽ വിരോധവും അലർജിയും കാണിക്കുന്നവർ ദേഹേച്ഛയുടെ വഴികൾ എത്ര ദുസ്സഹവും സാഹസികവുമാണെങ്കിലും അത് പിൻപറ്റാൻ മത്സരിക്കും എന്ന യാഥാർഥ്യവും മേൽ ഹദീസ് നമ്മെ ഓർമിപ്പിക്കുന്നുണ്ട്. സമൂഹത്തിൽ പടർന്നുപന്തലിച്ചിട്ടുള്ള പല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വേഷഭൂഷാദികളിലും വിശ്വാസങ്ങളിൽ വരെയും അത്തരം അനുകരണങ്ങളും കടന്നുകയറ്റങ്ങളും കാണാവുന്നതാണ്

ഒഴുക്കിനൊത്തു നീന്തുന്ന പ്രവണതയാണ് ഉള്ളതെങ്കിൽ അത്തരക്കാർ ഈ കുത്തൊഴുക്കിൽ പെട്ടെന്ന് പെട്ടുപോകും. ദേഹേച്ഛകളുടെ സ്വാധീന വലയങ്ങളിൽനിന്ന് രക്ഷപ്പെടാൻ പറ്റാത്തവരും ഈ വ്യതിയാന പാതയിലെ സഹയാത്രികരായിരിക്കും. വിമർശനങ്ങളും ആക്ഷേപങ്ങളും ഭയന്ന് ‘ഇസ്തിരി ചുളിയേണ്ട’ എന്ന് കരുതുന്നവർക്കും നേരിന്റെ വഴിയിൽ സഞ്ചരിക്കാനുള്ള തൗഫീക്വ് വിദൂരമായിരിക്കും. അതിനാൽ കാര്യങ്ങൾ കൃത്യമായി പഠിച്ചറിഞ്ഞ് പിൻപറ്റാനുള്ള ആർജവവും പ്രാർഥനയും പരിശ്രമവുമാണ് നമുക്ക് വേണ്ടത്.