ബിദ്അത്തിന്റെ അപകടങ്ങൾ
ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്
2024 മാർച്ച് 02, 1445 ശഅ്ബാൻ 21

സുന്നത്തും ബിദ്അത്തും; ഒരു സംക്ഷിപ്ത പഠനം 6
(വിവ: ശമീർ മദീനി)
ബിദ്അത്തുകളുടെ അപകടങ്ങൾ അതീവ ഗുരുതരവും വമ്പിച്ചതുമാണ്. അതിലൂടെ ബാധിക്കുന്ന ആപത്തുകളും വലുതാണ്. മറ്റു തെറ്റുകുറ്റങ്ങളെക്കാൾ ഗുരുതരമാണത്. കാരണം, ഏതെങ്കിലും തെറ്റു കുറ്റങ്ങളിൽ പെട്ടുപോയ ഏതൊരാൾക്കും പൊതുവിൽ താനൊരു നിഷിദ്ധമായ (ഹറാമായ) കാര്യത്തിലാണ് പെട്ടിരിക്കുന്നതെന്നും അതിൽനിന്ന് രക്ഷപ്പെട്ട് റബ്ബിലേക്ക് പാശ്ചാത്തപിച്ച് മടങ്ങണമെന്നുമുള്ള ചിന്ത സ്വാഭാവികമാണ്. എന്നാൽ ബിദ്അത്തിന്റെ ആളാവട്ടെ താനൊരു നന്മയിൽ ആണെന്നായിരിക്കും ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ മരണംവരെയും അയാളത് ഒഴിവാക്കാതെ ഒരു പുണ്യം പോലെ തുടർന്നുകൊണ്ടിരിക്കും. സത്യത്തിൽ അയാൾ ദേഹേച്ഛയെ പിൻപറ്റുകയും നേരായ മാർഗത്തിൽനിന്നും (സ്വിറാതുൽ മുസ്തക്വീം) തെറ്റി സഞ്ചരിക്കുകയുമാണ് ചെയ്യുന്നത്
അല്ലാഹു പറയുന്നു: “എന്നാൽ തന്റെ ദുഷ്പ്രവൃത്തികൾ അലംകൃതമായി തോന്നിക്കപ്പെടുകയും അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ? അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നതാണ്. അതിനാൽ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്റെ പ്രാണൻ പോകാതിരിക്കട്ടെ. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു’’ (35:8).
അല്ലാഹു പറയുന്നു: “തന്റെ രക്ഷിതാവിങ്കൽനിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാൾ സ്വന്തം ദുഷ്പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ?’’ (47:14).
“(അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്, തീർച്ചയായും നിന്നെ നാം ഭൂമിയിൽ ഒരു പ്രതിനിധിയാക്കിയിരി ക്കുന്നു. ആകയാൽ ജനങ്ങൾക്കിടയിൽ ന്യായപ്രകാരം നീ വിധികൽപിക്കുക. തന്നിഷ്ടത്തെ നീ പിന്തുടർന്നു പോകരുത്. കാരണം അത് അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തെറ്റിപ്പോകുന്നവരാരോ അവർക്കുതന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്കു നോക്കുന്ന ദിവസത്തെ അവർ മറന്നുകളഞ്ഞതിന്റെ ഫലമത്രെ അത്’’(38:26).
“ഇനി നിനക്ക് അവർ ഉത്തരം നൽകിയില്ലെങ്കിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവർ പിന്തുടരുന്നത് എന്നു നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കൽനിന്നുള്ള യാതൊരു മാർഗദർശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടർന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല; തീർച്ച’’(28:50).
അനസ്(റ) നിവേദനം; നബിﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹു എല്ലാ ബിദ്അത്തുകാർക്കിടയിലും അവർ തങ്ങളുടെ ബിദ്അത്ത് കൈയൊഴിക്കുന്നതുവരേക്കും തൗബക്ക് മറയിട്ടിരിക്കുന്നു’’ (മുൻദിരി തന്റെ കിതാബുത്തർഗീബ് വത്തർഹീബിൽ, ‘സുന്നത്തുപേക്ഷിച്ച് ബിദ്അത്തും ദേഹേച്ഛകളും പേറുന്നതിനെ താക്കീത് ചെയ്യുന്ന’ അധ്യായത്തിൽ ഉദ്ധരിച്ചത്). മുൻദിരി(റഹി) പറയുന്നു: “ഹസനായ പരമ്പരയോടെ ത്വബ്‌റാനി ഇത് ഉദ്ധരിച്ചിട്ടുണ്ട്.’’(വിശദാംശങ്ങൾക്ക് അസ്സിൽസിലതുസ്സ്വഹീഹ 1620-ാം നമ്പർ ഹദീസ് നോക്കുക).
ബിദ്അത്തുകൾ പല തരത്തിൽ

ബിദ്അത്തുകൾ പല ഇനങ്ങളുണ്ട്. വിശ്വാസ സംബന്ധമായതും വാക്കുകളിലുള്ളതും പ്രവൃത്തികളിൽ വരുന്നതുമുണ്ട്. പ്രവൃത്തികളിൽ തന്നെ സമയവും സ്ഥലവുമായി ബന്ധപ്പെട്ടതുമുണ്ട്. ഒന്നാമതായി വിശ്വാസ സംബന്ധമായ ബിദ്അത്തുകളെ (അൽബിദഉൽ ഇഅ്തിക്വാദിയ) സംബന്ധിച്ച് പറയാം:
ഖവാരിജുകൾ, റാഫിദികൾ, മുഅ്തസിലികൾ പോലുള്ള, ‘ഇൽമുൽ കലാമി’നെ (വചനശാസ്ത്രത്തെ) ആശ്രയിക്കുകയും അവലംബിക്കുകയും ചെയ്തവർ ഇതിന് ഉദാഹരണങ്ങളാണ്. അവരുടെ കൂട്ടത്തിൽ വചനശാസ്ത്രത്തോടൊപ്പം വ്യാജറിപ്പോർട്ടുകളെയും ആശ്രയിക്കുന്നവരുണ്ട്.
ഇബ്‌നു അബ്ദിൽ ബർറ്(റഹി) ‘ജാമിഉ ബയാനിൽ ഇൽമി വ ഫദ്‌ലിഹി’ എന്ന ഗ്രന്ഥത്തിൽ (2/95) പറയുന്നു: “എല്ലാ നാടുകളിലും പെട്ട കർമശാസ്ത്രത്തിന്റെയും ഹദീസിന്റെയും പണ്ഡിതന്മാർ ഐകകണ്‌ഠ്യേന പറഞ്ഞിട്ടുള്ളതാണ് ‘ഇൽമുൽ കലാമിന്റെ’ (വചനശാസ്ത്രത്തിന്റെ) ആളുകൾ വഴിപിഴവിന്റെയും പുത്തനാശയങ്ങളുടെയും വക്താക്കളാണെന്ന കാര്യം. പണ്ഡിതന്മാരുടെ ശ്രേണിയിൽ അവരെ ഒരാളും പരിഗണിക്കാറില്ല. പണ്ഡിതന്മാരെന്നത് ‘ഹദീസി’ന്റെയും ‘ഫിക്വ‌്ഹി’ന്റെയും ആളുകളാണ്. സൂക്ഷ്മതയുടെയും കണിശതയുടെയും കാര്യത്തിലും ശരിതെറ്റുകളെ വ്യവഛേദിക്കുന്ന വിഷയത്തിലും അവരാണ് ശ്രേഷ്ഠർ.’’
നിയ്യത്ത് നാവുകൊണ്ട് ഉച്ചരിക്കൽ
നമസ്‌കരിക്കാൻ നിൽക്കുന്ന ഒരു വ്യക്തി ‘നവെയ്തു അൻ ഉസ്വല്ലിയ’ (ഞാൻ ഇന്നാലിന്ന നമസ്‌കാരം നിർവഹിക്കാൻ ഉദ്ദേശിക്കുന്നു) എന്ന് പറയുന്നതും നോമ്പ് അനുഷ്ഠിക്കാനുദ്ദേശിക്കുന്ന വ്യക്തി ‘നവൈതു അൻ അസ്വൂമ കദാ...’ (ഞാൻ ഇന്നാലിന്ന നോമ്പ് എടുക്കാൻ ഉദ്ദേശിക്കുന്നു) എന്ന് പറയുന്നതും വാക്കുകളിലെ ബിദ്അത്തുകളിൽ വരുന്നതാണ്. ഹജ്ജിന്റെയും ഉംറയുടെയും കർമങ്ങൾ മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നത്. അതിനാൽ ഉംറ നിർവഹിക്കാൻ ഉദ്ദേശിച്ചയാൾക്ക് ‘ലബ്ബൈക ഉംറത്തൻ (അല്ലാഹുവിനു വേണ്ടി ഉംറ ചെയ്യാൻ ഞാനിതാ എത്തിയിരിക്കുന്നു) എന്ന് പറയാവുന്നതാണ്. ഹജ്ജ് മാത്രമായി നിർവഹിക്കാൻ വന്നയാൾക്ക് (മുഫ്‌രിദിന്) ‘ലബ്ബൈക ഹജ്ജൻ’ (ഞാനിതാ ഹജ്ജ് നിർവഹിക്കാനായി നിനക്കുത്തരം ചെയ്ത് വന്നിരിക്കുന്നു) എന്നും ഹജ്ജും ഉംറയും ഒരുമിച്ചു നിർവഹിക്കാനായി (ക്വിറാൻ) വന്നയാൾക്ക് ‘ലബ്ബൈക ഉംറത്തൻ വഹജ്ജൻ’ (ഉംറയും ഹജ്ജും നിർവഹിക്കാനായി ഞാനിതാ എത്തിയിരിക്കുന്നു) എന്നും പറയാം. കാരണം, അപ്രകാരം നബിﷺ യുടെ സുന്നത്തിൽ വന്നിട്ടുണ്ട്.
വാക്കുകളിൽ സംഭവിക്കുന്ന ബിദ്അത്തുകൾക്ക് മറ്റൊരുദാഹരണമാണ് ഏതെങ്കിലും വ്യക്തികളുടെ ഹഖ്, ജാഹുകൾ കൊണ്ട് അല്ലാഹുവിനോട് തേടൽ. ഇത്തരം കാര്യങ്ങളെ സാധൂകരിക്കാവുന്ന യാതൊന്നും നബിﷺയിൽനിന്ന് സ്ഥിരപ്പെട്ട് വന്നിട്ടില്ല. വാക്കിലൂടെ വരുന്ന ബിദ്അത്തുകളിൽ ചിലത് ദീനിൽനിന്ന് പുറത്ത് പോകുന്ന ‘കുഫ്‌റിൽ’ പെടുന്നവയാണ്. മരണപ്പെട്ടുപോയ ക്വബ്‌റാളികളോടു വിളിച്ചു പ്രാർഥിക്കുന്നതും അവരോട് സഹായം തേടുന്നതും ആവശ്യങ്ങൾ നിർവഹിച്ചുകിട്ടുന്നതിനും ആഗ്രഹസഫലീകരണത്തിനും ആപത്തുകൾ ദുരീകരിക്കുന്നതിനുമൊക്കെ അവരോട് തേടുന്നതും തനിച്ച കുഫ്‌റാണ്. ഇത്തരം തേട്ടങ്ങൾ അല്ലാഹുവിനോടല്ലാതെ മറ്റാരോടും പാടില്ല.
അല്ലാഹുപറയുന്നു: “പള്ളികൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാർഥിക്കരുത് എന്നും...’’ (72:18). “അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർഥിച്ചാൽ അവന്ന് ഉത്തരം നൽകുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ചു മാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ’’ (27:62).
എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്ത ഒരാളെ കുഫ്‌റുകൊണ്ട് വിധിക്കൽ (കാഫിറാണെന്ന് പറയൽ) തെളിവുകൾ വ്യക്തമാക്കി കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രമായിരിക്കണം. അതാണ് പണ്ഡിതന്മാരിൽ നല്ലൊരു വിഭാഗത്തിന്റെ അഭിപ്രായം. അവരിൽ പ്രമുഖരായ ഏഴുപേരുടെ വാക്കുകൾ ‘തത്വ‌്ഹീറുൽ ഇഅ്തിക്വാദ്’ (വിശ്വാസ വിശുദ്ധി) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ കൊടുത്തിട്ടുണ്ട്. അവരിൽ ഒന്നാമാത്തെയാൾ ഇമാം മുഹമ്മദ് ഇബ്‌നു ഇദ്‌രീസുശ്ശാഫിഈ (റഹി) ആണ്. അവസാനത്തെ യാൾ ഇമാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബു(റഹി)മാണ്.
പ്രവൃത്തികളിൽ സംഭവിക്കുന്ന ബിദ്അത്തുകളിൽ സ്ഥലവുമായി ബന്ധപ്പെട്ടതും സമയവുമായി ബന്ധപ്പെട്ടതുമുണ്ട്. സ്ഥലവുമായി ബന്ധപ്പെട്ട ബിദ്അത്തുകൾക്കുദാഹരണമാണ് പുണ്യം പ്രതീക്ഷിച്ച് ക്വബ്‌റുകൾ തൊടുന്നതും ചുംബിക്കുന്നതുമൊക്കെ.
ഇമാം നവവി(റഹി) ശർഹുൽ മുഹദ്ദബിൽ (8/206) നബിﷺയുടെ ക്വബ്‌റിന് ചുറ്റുമുള്ള മതിലിൽ തടവുന്നതും ചുംബിക്കുന്നതുമൊക്കെ സംബന്ധിച്ച് പറയുന്നത് കാണുക: “പാമരന്മാരായ സാധാരണക്കാരിൽ പലരും അത്തരം മതവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നത് കണ്ടുകൊണ്ട് ആരും വഞ്ചനയിൽ പെട്ടുപോകരുത്. തീർച്ചയായും ദീനിൽ മാതൃകയാക്കേണ്ടതും പ്രവർത്തിക്കേ ണ്ടതും നബിﷺയിൽനിന്ന് സ്ഥിരപ്പെട്ടുവന്ന ഹദീസുകൾക്കും അതിന്റെ അടിസ്ഥാനത്തിലുള്ള പണ്ഡിതന്മാരുടെ വാക്കുകളെയും അനുസരിച്ചായിരിക്കണം. സാധാരണക്കാരും മറ്റും ഉണ്ടാക്കിയ പുതുനിർമിതികളെയും അവരുടെ അജ്ഞതകളെയും പരിഗണിക്കേണ്ടതില്ല. സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും ആഇശ(റ) നിവേദനം ചെയ്ത സ്ഥിരപ്പെട്ടുവന്ന ഒരു ഹദീസിൽ നബിﷺ പറയുന്നു: “നമ്മുടെ ഈ മത കാര്യങ്ങളിൽ അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടുന്നതാണ്.’’ മുസ്‌ലിമിന്റെ റിപ്പോർട്ടിൽ ഇങ്ങനെയാണ്: “നമ്മുടെ നിർദേശമില്ലാത്ത വല്ല കാര്യവും ആരെങ്കിലും മതമായി അനുഷ്ഠിച്ചാൽ അത് തള്ളപ്പെടുന്നതാണ്.’’
അബൂഹുറയ്‌റ(റ) പറയുന്നു; നബിﷺ പറഞ്ഞു: “എന്റെ ക്വബ്‌റിനെ നിങ്ങൾ ആഘോഷ സ്ഥലമാക്കരുത്. നിങ്ങൾ എന്റെ പേരിൽ സ്വലാത്ത് ചൊല്ലുക. നിങ്ങൾ എവിടെയായാലും എനിക്കുവേണ്ടി നിങ്ങൾ നടത്തുന്ന പ്രാർഥന എനിക്ക് എത്തുന്നതാണ്’’ (സ്വഹീഹായ പരമ്പരയോടെ അബൂദാവൂദ്(റഹി) ഉദ്ധരിച്ചതാണ് ഇത്).
ഫുദൈൽ ഇബ്‌നു ഇയാദ്(റഹി) പറഞ്ഞതിന്റെ ആശയം ഇതാണ്: “നീ സന്മാർഗത്തിന്റെ വഴികൾ പിൻപറ്റുക. അതിൽ പ്രവേശിച്ചവരുടെ എണ്ണം കുറഞ്ഞുപോയി എന്നത് നിനക്ക് യാതൊരു ദോഷവും വരുത്തുകയില്ല. ദുർമാർഗത്തിന്റെ വഴികൾ നീ സൂക്ഷിക്കണം. അതിൽ സഞ്ചരിച്ചു നാശമടയുന്നവരുടെ ആധിക്യം കണ്ട് നീ വഞ്ചിതനായിപ്പോകരുത്.’’
കൈകൊണ്ടോ മറ്റോ (നബിﷺയുടെ ക്വബ്ർ) സ്പർശിക്കുന്നതാണ് ബറകത്തെടുക്കാൻ ഏറ്റവും നല്ലവഴി എന്ന് ആരുടെയെങ്കിലും മനസ്സിൽ തോന്നിയിട്ടുണ്ടെങ്കിൽ അത് അയാളുടെ അജ്ഞതയും അശ്രദ്ധയുമാണ്. കാരണം ബറകത്ത് കിട്ടുന്നത് ദീനനുസരിച്ച് കർമങ്ങൾ ചെയ്യുന്നതിലൂടെ മാത്രമാണ്, എന്നിരിക്കെ സത്യത്തിനെതിര് പ്രവർത്തിച്ചുകൊണ്ട് റബ്ബിന്റെ ഔദാര്യം എങ്ങനെ പ്രതീക്ഷിക്കാനാകും?’’ (ശർഹുൽ മുഹദ്ദബ്).
(തുടരും)

