ഇസ്‌ലാമും ആരോഗ്യസംരക്ഷണവും
മുഹമ്മദ് സ്വാദിഖ് മദീനി
2024 നവംബർ 30, 1446 ജു. ഊലാ 28

ജീവിതത്തിൽ ചെറുതോ വലുതോ ആയ രോഗം വരാത്തവർ ഉണ്ടായിരിക്കുകയില്ല. ക്ഷീണവും തളർച്ചയും ശാരീരിക പ്രയാസങ്ങളും മാത്രമല്ല സാമ്പത്തിക ഞെരുക്കവും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയും രോഗിക്ക് അനിവാര്യമായിവരുന്നു. വേദനകൊണ്ട് പുളയുന്ന രോഗികളും ബന്ധുവിന്റെ ചികിത്സക്കായി ആളുകളോട് യാചിക്കുന്നവരും കാലങ്ങളായി രോഗിയെ പരിചരിക്കുന്നവരുമെല്ലാം രോഗത്തിന്റെ വിവിധ തീക്ഷ്ണ മുഖങ്ങളാണ്. രോഗം പരീക്ഷണമാണെന്നും അതിൽ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യണമെന്നും അല്ലാഹുവിനെക്കുറിച്ച് സദ്‌വിചാരം ഉണ്ടായിരിക്കണമെന്നും നിർദേശിക്കുന്ന ഇസ്‌ലാം രോഗം വരാതിരിക്കാനുള്ള ധാരാളം മുൻകരുതലുകൾ അറിയിച്ചുതന്നു. ഇത്തരം മുൻകരുതലുകളെ വിശ്വാസികൾ മുഖവിലക്കെടുക്കേണ്ടതുണ്ട്.
രോഗിക്കും നോമ്പുകാരനും ഇസ്‌ലാം നൽകിയ ഇളവുകൾ പരിശോധിച്ചാൽ അത് അവന്റെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് എന്ന് മനസ്സിലാക്കുവാൻ സാധിക്കും. നോമ്പനുഷ്ഠിച്ച് സുദീർഘമായ യാത്ര ചെയ്യുന്ന ഒരാൾക്ക് ക്ഷീണവും തളർച്ചയും സംഭവിക്കുകവഴി അത് അവന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അപ്രകാരംതന്നെ രോഗി നോമ്പനുഷ്ഠിച്ചാൽ അവന്റെ രോഗം മൂർച്ഛിക്കുകയോ രോഗശമനത്തിന് കാലതാമസം നേരിടുകയോ ചെയ്‌തേക്കാം
രോഗികൾ കുളിക്കുകയോ വെള്ളം ഉപയോഗിക്കുകയോ ചെയ്താൽ ഒരുപക്ഷേ, രോഗം കഠിനമാവാൻ സാധ്യതയുണ്ട.് അതുകൊണ്ടുതന്നെ അത്തരം സന്ദർഭങ്ങളിൽ വുദൂഅ്, കുളി എന്നിവയ്ക്ക് പകരം തയമ്മും ചെയ്താൽ മതിയാകുന്നതാണ്. അല്ലാഹു പറയുന്നു: “നിങ്ങളുടെ കൈകളെ നിങ്ങൾ തന്നെ നാശത്തിൽ തള്ളിക്കളയരുത്...’’ (ക്വുർആൻ 2:195).
ആരോഗ്യവും പരിസരശുചിത്വവും
ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വലിയ പ്രാധാന്യമാണ് നൽകുന്നത്. ദന്തശുദ്ധിയെ സംബന്ധിച്ചുള്ള ഇസ്‌ലാമികപാഠം ഏവർക്കും അറിയാവുന്നതാണ്. നബിﷺ പറഞ്ഞു: “എന്റെ സമുദായത്തിന് പ്രയാസമില്ലായിരുന്നുവെങ്കിൽ ഓരോ വുദൂഇന്റെയും (നമസ്‌കാരത്തിന്റെയും) കൂടെ ദന്തശുദ്ധി വരുത്തു വാൻ ഞാൻ അവരോട് കൽപിക്കുമായിരുന്നു.’’
നബിﷺ അരുളി: “ദന്തശുദ്ധീകരണം വായക്ക് നല്ലതും റബ്ബിന് ഇഷ്ടപ്പെട്ട കാര്യവുമാണ്.’’
വായ, പല്ല്, മോണ എന്നിവയ്ക്ക് ഉണ്ടാകുന്ന മിക്ക രോഗങ്ങൾക്കും കാരണം ദന്തശുദ്ധീകരണത്തിൽ കാണിക്കുന്ന അലംബാവമാണ്.
നമസ്‌കാരം ശരിയാകാനുള്ള നിബന്ധനയിൽ പെട്ടതാണ് വുദൂഅ് ഉണ്ടായിരിക്കുക എന്നത്. ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം കഴുകിയും തടവിയും വുദൂഅ് ചെയ്യുന്നതുമുഖേന വലിയ ഒരു ശുദ്ധീകരണ പ്രക്രിയയാണ് വിശ്വാസിയിൽ നടക്കുന്നത്. പ്രത്യേകിച്ച് മൂക്കിൽ അടിഞ്ഞുകൂടിയിരിക്കുന്ന മലിന വസ്തുക്കളെ വൃത്തിയാക്കുകതന്നെ വേണം. അതുകൊണ്ടാണ് നബിﷺ ‘നീ നോമ്പുകാരന ല്ലെങ്കിൽ മൂക്കിലേക്ക് വെള്ളം നന്നായി കേറ്റുക’ എന്ന് പറഞ്ഞത്.
നമസ്‌കാരത്തിന്റെ മറ്റൊരു നിബന്ധനയാണ് ശരീരം അശുദ്ധിയിൽനിന്നും വൃത്തിയാക്കണമെന്നത്. അതുപോലെതന്നെ ധരിക്കുന്ന വസ്ത്രവും ശുദ്ധിയുള്ളതായിരിക്കണം. അല്ലാഹു പറയുന്നു: “നിന്റെ വസ്ത്രം നീ ശുദ്ധിയാക്കുക’’ (ക്വുർആൻ 74:4).
ഇസ്‌ലാം പഠിപ്പിക്കുന്ന മലമൂത്ര വിസർജന മര്യാദകളിലും ആരോഗ്യസംരക്ഷണവും രോഗം വരാതിരിക്കുവാനുള്ള നിർദേശങ്ങളും കാണുവാൻ സാധിക്കും. വലതുകൈകൊണ്ട് ശൗച്യം ചെയ്യരുതെന്നും വലതുകൈകൊണ്ട് ജനനേന്ദ്രിയം പിടിക്കരുതെന്നും മൂത്രവിസർജനത്തിൽ അശ്രദ്ധ കാണിക്കുന്നത് ക്വബ്ർ ശിക്ഷക്ക് കാരണമായിത്തീരുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. വെള്ളം കിട്ടിയില്ലെങ്കിൽ കല്ല് ഉപയോഗിച്ചെങ്കിലും ശുദ്ധിയാക്കണം. അതിന് മൂന്നിൽ കുറയാത്ത കല്ല് വേണമെന്നും പ്രവാചകൻ(സ) അരുൾ ചെയ്തു
ശരീരം വ്യത്തിയോടും വെടിപ്പോടും കൊണ്ടുനടക്കണം. അതുകൊണ്ടാണ് ആർക്കെങ്കിലും മുടി ഉണ്ടെങ്കിൽ അവൻ അതിനെ ചീകിയൊതുക്കട്ടെ, മാനിക്കട്ടെ എന്നെല്ലാം നബിﷺ പറഞ്ഞത്.
കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുന്നതും പള്ളിയിൽ തുപ്പുന്നതും ഇസ്‌ലാം വിലക്കുന്നു. കുളി മതപരമായ കാര്യം കൂടിയാണ്. നിർബന്ധമായോ ഐച്ഛികമായോ കുളിക്കേണ്ട സന്ദർഭങ്ങൾ ഉണ്ട്. ആർത്തവ വിരാമത്തോടനുബന്ധിച്ച്, പ്രസവരക്തം നിലച്ചാൽ, വലിയ അശുദ്ധി ഉണ്ടായാൽ എന്നീ സന്ദർഭങ്ങളിൽ നിർബന്ധമായും കുളിക്കേണ്ടതുണ്ട്.
എല്ലാ പ്രവാചകന്മാരും തങ്ങളുടെ സമൂഹത്തെ പഠിപ്പിച്ച ചില കാര്യങ്ങൾക്കാണ് സുനനുൽ ഫിത്വ്‌റ എന്ന് പറയുക. അത് ഒരു മുസ്‌ലിം അനിവാര്യമായും അനുഷ്ഠിക്കേണ്ടതുണ്ട്. ചേലാകർമം ചെയ്യുക, ഗുഹ്യരോമം വടിക്കുക, കക്ഷരോമം പറിക്കുക, നഖം മുറിക്കുക, മീശ പറ്റെ വെട്ടുക, എന്നിവയെല്ലാം അവയിൽ പെട്ടതാണ്. അവ നാൽപത് ദിവസത്തിലധികം വൈകിപ്പിക്കരുത് എന്ന് നബിﷺ പ്രത്യേകം ഉണർത്തി.
ജനങ്ങൾക്ക് പഴവും ഫലവും തണലും നൽകുന്ന മരച്ചുവട്, മനുഷ്യർ നടന്നുപോകുന്ന വഴികൾ, ജലസ്രോതസ്സുകൾ എന്നിവിടങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നത് ശാപത്തിന് കാരണമായിത്തീരുന്നതാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുകയും പിന്നീട് അതിൽ കുളിക്കുകയും ചെയ്യുക എന്നത് വളരെ മോശമായ കാര്യമായി ഇസ്‌ലാം കാണുന്നു.
പകർച്ചവ്യാധി പകരാതിരിക്കുവാനുള വഴി ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പ് തന്നെ നബി(സ) അറിയിച്ചുതന്നിട്ടുണ്ട്. ഇന്ന് അത് വളരെ പ്രസക്തമായി തീർന്നിരിക്കുകയാണ്. രോഗം നൽകുന്നത് അല്ലാഹുവാണ്. അസുഖം സ്വന്തമായി മറ്റൊരാളിലേക്ക് അല്ലാഹവിന്റെ ഉദ്ദേശ്യപ്രകാരമല്ലാതെ വിട്ടുകടക്കുകയില്ല. എങ്കിലും മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. പകർച്ചവ്യാധിയുള്ള നാട്ടിലേക്ക് മറ്റുള്ളവർ പോകാനോ ആ നാട്ടിലുള്ളവർ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുവാനോ പാടില്ല എന്നതാണ് ആ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ അധ്യാപനം.
പാനം ചെയ്യുന്ന പാത്രത്തിന്റെ വക്കിൽവച്ച് കുടിക്കരുത് എന്നും രോഗമുള്ളവരുടെ അടുത്തേക്ക് രോഗം ഇല്ലാത്തവർ വരരുത,് കുഷ്ഠരോഗം ഉള്ളവരിൽനിന്നും അകലണം എന്നുമുള്ള ഇസ്‌ലാമിക അധ്യാപനം എത്ര പ്രസക്തമാണ്! നബിﷺ തുമ്മുമ്പോൾ കൈകൊണ്ടോ വസ്ത്രംകൊണ്ടോ പൊത്തിപ്പിടിക്കുകയും ശബ്ദം കുറയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണുവാൻ സാധിക്കും മാത്രമല്ല സന്ധ്യാസമയത്ത് ചെറിയകുട്ടികളെ പുറത്തിറക്കരുതെന്നും രാത്രി കിടക്കുമ്പോൾ വിളക്കുകൾ അണയ്ക്കണമെന്നും വാതിലുകൾ അടയ്ക്കണമെന്നും പാത്രങ്ങൾ മൂടിവെക്കണം എന്നും പ്രവാചകൾ അറിയിച്ചത് മുൻകരുതലുകളുടെ ഭാഗമായിട്ടാണ്.
ഭക്ഷണവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക മര്യാദകൾ ആരോഗ്യപരിപാലനത്തിനും രോഗം വരാതിരിക്കുവാനും ആവശ്യമാണ്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന മ്ലേച്ഛവസ്തുക്കൾ ഭക്ഷിക്കുന്നത് ഇസ്‌ലാം നിരോധിച്ചു. ശവം, രക്തം, പന്നിമാംസം തുടങ്ങിയവയും അമേധ്യം പോലുള്ള മ്ലേച്ഛവസ്തുക്കൾ ഭക്ഷിക്കുന്ന ജീവികളുടെ മാംസം, പാൽ എന്നിവയും നിരോധിക്കപ്പെട്ട കാര്യമാണ്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നൽകിയ വസ്തുക്കളിൽനിന്ന് വിശിഷ്ടമായത് ഭക്ഷി ച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ’’ (ക്വുർആൻ 2:172).
അന്ത്യപ്രവാചകനെ കുറിച്ച് മുൻവേദഗ്രന്ഥങ്ങളിൽ വന്ന സന്തോഷവാർത്തയായി ക്വുർആൻ പറയുന്നത് ഇപ്രകാരമാണ്: “(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇൻജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവരുടെമേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ’’ (ക്വുർആൻ: 7:175).
അന്നപാനീയങ്ങളിൽ ഉപയോഗിക്കുന്നതിൽ അതിരുവിടരുത് എന്നത് ഇസ്‌ലാമിന്റെ പ്രത്യേകമായ ഒരു കൽപനയാണ്. ഇബ്‌നു കസീർ(റഹി) പറഞ്ഞു: “ചില മുൻഗാമികൾ പറഞ്ഞത് അല്ലാഹു ഈയൊരു ആയത്തിലെ പകുതിഭാഗം കൊണ്ട് വൈദ്യശാസ്ത്രം മുഴുവൻ പറഞ്ഞിരിക്കുന്നു.’’
നബിﷺ പറഞ്ഞു: “നിങ്ങൾ ഭക്ഷിക്കുക, ദാനം ചെയ്യുക, വസ്ത്രം ധരിക്കുക, അഹങ്കാരവും അമിതവ്യയവും കൂടാതെ.’’
ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു: “ഭക്ഷണം കൊണ്ട് ചികിത്സിക്കുവാൻ സാധിച്ചാൽ മറ്റു മരുന്നുകളിലേക്ക് തിരിയേണ്ടതില്ല എന്നത് വൈദ്യൻമാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ട കാര്യമാണ്.’’
നബി(സ) പറഞ്ഞു: “വയറിനെക്കാൾ മോശമായ ഒരു പാത്രം ആദംസന്തതി നിറച്ചിട്ടില്ല. ഒരാൾക്ക് അവന്റെ നടുനിവർത്തുവാൻ സാധിക്കുന്ന ഏതാനും ഉരുളകൾ മാത്രം മതിയാകുന്നതാണ്. ഇനി അതല്ലെങ്കിൽ മൂന്നിലൊന്ന് ഭക്ഷണവും മൂന്നിലൊന്ന് പാനീയവും മൂന്നിലൊന്ന് ശ്വാസോച്ഛ്വാസത്തിനും മതിയാവുന്നതാണ്.’’
ബുദ്ധിയെ ദോഷകരമായി ബാധിക്കുന്ന എല്ലാ വസ്തുക്കളെയും ഇസ്‌ലാം നിരോധിച്ചു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നവയാണ് .
ലൈംഗിക വിഷയത്തിൽ വിശുദ്ധി പാലിച്ചില്ലെങ്കിൽ മാരകമായ ധാരാളം രോഗങ്ങൾക്ക് അത് കാരണമാകുന്നതാണ്. വ്യഭിചാരം നിഷിദ്ധമാണ് എന്ന് കൂർആൻ ഖണ്ഡിതമായി പറഞ്ഞു. അല്ലാഹു പറയുന്നു: “നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു’’ (ക്വുർആൻ 17:32).
ജനങ്ങൾ പരസ്യമായി വ്യഭിചരിക്കുന്ന അവസ്ഥ ഉണ്ടായാൽ മുൻഗാമികൾക്കില്ലാത്ത രോഗങ്ങളെ കൊണ്ട് പരീക്ഷിക്കപ്പെടുമെന്ന് നബിﷺ മുന്നറിയിപ്പ് നൽകി. സ്വവർഗഭോഗത്തെ വൻപാപമായി ഇസ്‌ലാം കാണുന്നു.
ആർത്തവ സമയത്ത് ഭാര്യയുമായുള്ള ശാരീരിക ബന്ധം ഇസ്‌ലാം നിഷിദ്ധമാക്കി. അല്ലാഹു പറയുന്നു: “ആർത്തവത്തെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽനിന്ന് അകന്നുനിൽക്കേണ്ടതാണ്. അവർ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപിച്ചവിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’’ (ക്വുർആൻ 2: 222).
ആർത്തവ സമയത്തുളള ശാരീരികബന്ധം പാപമാണ് എന്നതിനാൽ അപ്രകാരം ചെയ്തവൻ ഒരു ദീനാറോ അര ദീനാറോ പ്രായച്ഛിത്തം നൽകണമെന്നും മതം പഠിപ്പിച്ചു. മുഷ്ടി മൈഥുനത്തെ തിന്മയായി തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സൂറത്തുൽ മുഅ്മിനൂനിലെ ആറ്, ഏഴ് വചനങ്ങൾ അതിലേക്കാണ് വെളിച്ചം വീശുന്നത്.
വികാരവും വിചാരവുമുള്ള മനുഷ്യന് വിശുദ്ധ ജീവിതം നയിക്കണമെങ്കിൽ ഇസ്‌ലാം അനുവദിച്ച മാർഗം അവൻ കൈക്കൊള്ളണം. ഇണയില്ലാത്ത ഏകാന്തവാസം അവന് മാനസിക രോഗങ്ങൾ സമ്മാനിച്ചേക്കാം. അതുകൊണ്ടുതന്നെ സന്യാസജീവിതമോ ഷണ്ഡീകരണമോ ഇസ്‌ലാം അനുവദിക്കുന്നില്ല.
മാനസിക രോഗങ്ങളും സംഘർഷങ്ങളും വരാതിരിക്കുവാൻ ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിനെ ക്കുറിച്ചുള്ള ഓർമയിൽ ജീവിക്കണമെന്ന് ഇസ്‌ലാം അറിയിക്കുന്നു. എല്ലാകാര്യത്തിനും കഴിവുള്ള അല്ലാഹുവാണ് എന്റെ രക്ഷിതാവെന്നും നന്മകളും തിന്മകളും ഒക്കെ നൽകുന്നവൻ അവൻ മാത്രമാണെന്നും ലക്ഷ്യസാക്ഷാത്കാരത്തിനുള്ള പ്രവർത്തനങ്ങൾ നടത്തുക മാത്രമാണ് താൻ ചെയ്യുന്നതെന്നും കാര്യങ്ങൾ സാക്ഷാത്കരികുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണെന്നും വിശ്വസിക്കുന്ന ഒരാൾക്ക് എന്ത് മാനസിക രോഗങ്ങളാണ് ഉണ്ടാവുക?
ശക്തിയും ഉന്മേഷവും ഉള്ളവനായിരിക്കണം വിശ്വാസി. അതുകൊണ്ടുതന്നെ അധ്വാനിക്കാൻ പോകാതെ അലസരായി ഇരിക്കുന്നതും അധ്വാനിക്കാൻ കഴിവുണ്ടായിരിക്കെ യാചന നടത്തുന്നതും ഇസ്‌ലാം വിലക്കി. സ്വന്തംകൈകൊണ്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന ഭക്ഷണത്തെ വിശിഷ്ടഭക്ഷണമായും നബിﷺ വിശേഷിപ്പിച്ചു.
കുതിരസവാരി, അമ്പെയ്ത്ത്, നീന്തൽ തുടങ്ങിയവ സൽകർമങ്ങളിലേക്കുള്ള മാർഗമായും ഇസ്‌ലാം അറിയിക്കുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാതെ ഉറങ്ങുകയും ശേഷം അനിഷ്ടകരമായ വല്ലതും അയാൾക്ക് സംഭവിക്കുകയും ചെയ്താൽ അവൻ മറ്റാരെയും പഴിചാരേണ്ടതില്ല എന്നാണ് പ്രവാചകൻ അറിയിച്ചത്. രാത്രി കിടക്കുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട ധാരാളം മര്യാദകളും നബിﷺ പഠിപ്പിച്ചിട്ടുണ്ട്. വിരിപ്പ് കുടയണമെന്നത് അതിൽപെട്ട ഒന്നാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പേ ഇസ്‌ലാം പഠിപ്പിച്ച ആരോഗ്യസംരക്ഷണ പാഠങ്ങൾ ഈ പരിഷ്‌കൃത യുഗത്തിലും വളരെ പ്രസക്തമാണ്. ഇസ്‌ലാം ദൈവിക മതമാണ് എന്നതാണ് അതിന് കാരണം. കാലങ്ങൾ പിന്നിട്ടാലും ഇസ്‌ലാമിന്റെ പ്രസക്തി വർധിച്ചുകൊണ്ടേയിരിക്കും.

