അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളും നിലപാടുകളും
സിയാദ് അൽഹികമി, വയനാട്
2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

അല്ലാഹുവിന്റെ അസ്മാഉ വസ്സ്വിഫാത്തിനെ (നാമഗുണ വിശേഷണങ്ങൾ) കുറിച്ചുള്ള വിശ്വാസം അക്വീദയിൽ (വിശ്വാസ രംഗത്ത്) പ്രധാനഭാഗം തന്നെയാണ്. ആദ്യനൂറ്റാണ്ടുകളിൽ ഉണ്ടായ പല പിഴച്ച കക്ഷികളുടെയും ആവിർഭാവകാരണം ഈ വിഷയത്തിലുള്ള വ്യതിചലനമാണ്. ഇങ്ങനെയുള്ള വ്യതിയാന കക്ഷികളുടെ പിഴച്ച വാദവും അതിന്റെ ശരിയായ വശവും പഠിക്കുന്നത് നമ്മുടെ വിശ്വാസം ശരിയാക്കാനും അവർക്കു വന്ന സ്ഖലിതങ്ങൾ നമുക്ക് സംഭവിക്കാതിരിക്കാനും സഹായകമാകും.
അഹ്‌ലുസ്സുന്നയുടെ വിശ്വാസം
അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങൾ ക്വുർആനിൽ വന്നതുപോലെത്തന്നെ അംഗീകരിക്കണം; നിഷേധിക്കരുത്. അവയുടെ
പ്രത്യക്ഷത്തിലുള്ള അർഥപ്രകാരം തന്നെ വിശ്വസിക്കണം. അവയുടെ ഉദ്ദേശ്യങ്ങളെ നിഷേധിക്കാനോ അവയുടെ രൂപം എങ്ങനെയെന്ന് വിശദീകരിക്കാനോ ചിന്തിക്കാനോ പാടില്ല. അഥവാ എങ്ങനെയാണോ ക്വുർആനിലും സുന്നത്തിലും പഠിപ്പിക്കപ്പെട്ടത് അതുപോലെ തന്നെ വിശ്വസിക്കണം.
അല്ലാഹുവിന് കേൾവിയുണ്ട്, കൈയുണ്ട് എന്നൊക്കെ പറഞ്ഞാൽ അതിന്റെ ഉദ്ദേശ്യം അറിവാണെന്നോ കഴിവാണെന്നോ അല്ല, വാക്കർഥം തന്നെയാണ് ഉദ്ദേശം. എന്നാൽ അത് ഒരിക്കലും സൃഷ്ടികളുടെത് പോലെയല്ല, അല്ലാഹുവിന് യോജിച്ച രൂപത്തിലായിരിക്കും.
വ്യതിയാന കക്ഷികളുടെ വാദങ്ങൾ മനസ്സിലാക്കിയാൽ മുകളിൽ പറഞ്ഞത് വ്യക്തമാകും. പ്രധാന മായും അസ്മാഉ വസ്സിഫാത്തുകളുടെ വിഷയത്തിൽ വ്യതിചലിച്ചവരെ മൂന്നായി തരംതിരിക്കാം:
1. മുശബ്ബിഹുകൾ (സദൃശ്യപ്പെടുത്തുന്നവർ): അല്ലാഹുവിന്റെ സ്വിഫത്തുകൾ സൃഷ്ടികളുടെതുപോലെ ത്തന്നെയാണ്. അല്ലാഹുവിന്റെ കൈ, കാഴ്ച, ഒന്നാം ആകാശത്ത് ഇറങ്ങൽ തുടങ്ങിയ വിശേഷണങ്ങൾ സൃഷ്ടികളുടെതിന് സമാനമാണ് എന്ന് അവർ വാദിച്ചു. ഹിശാമുബ്‌നു ഹകം ആണ് ഇതിന്റെ വക്താവായി അറിയപ്പെടുന്നത്.
2. മുഫവ്വിദകൾ: ഇവർ അർഥം അല്ലാഹുവിലേക്ക് മടക്കുന്നു. അഥവാ സൃഷ്ടികളുമായി സാദൃശ്യപ്പെടുത്തൽ വരും എന്നു ഭയന്ന് അല്ലാഹുവിന്റെ വിശേഷണങ്ങളുടെയും ഗുണങ്ങളുടെയും അർഥം അല്ലാഹുവിനു മാത്രമെ അറിയൂ എന്ന് വാദിച്ചു. ഈ വാദപ്രകാരം റസൂലിന് പോലും അർഥം അറിയാത്തത് ക്വുർആനിലുണ്ടെന്ന് വരും.
3. മുഅത്തിലകൾ: അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളെ പ്രത്യക്ഷമായി ദുർവ്യാഖ്യാനിക്കുകയും നിഷേധിക്കുകയും യുക്തിപരമായി സമീപിക്കുകയും ചെയ്ത ആളുകളാണിവർ. ജഹ്‌മി, മുഅ്തസില, അശ്അരി എന്നീ വിഭാഗങ്ങളാണ് ഈ ഗണത്തിൽ ഉൾപ്പെടുന്ന പ്രധാനികൾ. ഇവരുടെ വ്യത്യസ്ത വാദമുഖങ്ങൾ താഴെ നൽകുന്നു:
1. ജഹ്‌മികൾ: സ്വിഫത്തുകളുടെയും (വിശേഷണം, ഗുണം), അസ്മാഉകളുടെയും (നാമങ്ങൾ) ഉദ്ദേശ്യങ്ങളെ നിഷേധിച്ചു. നാമങ്ങൾ അല്ലാഹുവിനെക്കുറിച്ച് പ്രയോഗിക്കാമെങ്കിലും അവയിൽനിന്നും അല്ലാഹുവിന് അത്തരം ഗുണങ്ങളുണ്ട് എന്ന് നിർധരിച്ചെടുക്കാൻ കഴിയില്ല എന്നാണിവരുടെ വാദം. അഥവാ അല്ലാഹു കേൾവിയുള്ളവനാണ് എന്നതിൽനിന്നും അല്ലാഹുവിന് കേൾവി എന്ന ഗുണം/ വിശേഷണം ഉണ്ടെന്ന് സ്ഥാപിക്കാൻ കഴിയില്ല എന്ന്.
അല്ലാഹുവിന് നാമങ്ങളും ഗുണങ്ങളും വിശേഷണങ്ങളും പ്രത്യക്ഷാർഥത്തിൽ തന്നെ ഉള്ളതായി അംഗീകരിച്ചാൽ സൃഷ്ടികളുമായി താരതമ്യപ്പെടുത്തൽ സംഭവിക്കുമെന്നു പറഞ്ഞ് മുഴുവൻ ഗുണങ്ങളെയും വിശേഷണങ്ങളെയും ഇവർ നിഷേധിച്ചു. ഇവരിൽ മറ്റു അഭിപ്രായങ്ങളുമുള്ള വിഭാഗങ്ങളും ഉണ്ട്.
ജഹ്‌മികളുടെ തുടക്കക്കാരനായിരുന്ന ജഹ്‌മുബ്‌ന് സ്വഫ്‌വാൻ ഈ വാദം സ്വീകരിച്ചത് ജഅദുബ്‌നു ദിർഹമിൽ നിന്നായിരുന്നു. അറിയപ്പെട്ടിടത്തോളം ആദ്യമായി സ്വിഫത്തുകളെ നിഷേധിച്ച വ്യക്തിയാണ് ഇയാൾ.
2. മുഅ്തസില: ഇവർ ജഹ്‌മികളിൽനിന്നും വിഭിന്നമായി നാമങ്ങളെ അംഗീകരിക്കുകയും സ്വിഫത്തുകളെ നിഷേധിക്കുകയും ചെയ്തു. ഇവരിൽതന്നെ അല്ലാഹുവിന്റെ അസ്തിത്വത്തെ സംബന്ധിക്കുന്ന മൂന്ന് സ്വിഫത്തുകളെ മാത്രം അംഗീകരിച്ച ചിലരുണ്ട്. ഇവരുടെ വക്താവായി അറിയപ്പെടുന്നത് വാസിൽ ഇബ്‌നു അത്വാഅ് ആണ്. ക്വുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് ആദ്യമായി പറഞ്ഞത് ഇവരാണ്. മുഅ്തസിലകൾ നാമങ്ങളെ അംഗീകരിച്ചിട്ടുണ്ടെങ്കിലും അവ കേവലം നാമങ്ങൾ മാത്രമാണ്, പ്രത്യേകം അർഥങ്ങളോ ഉദ്ദേശ്യങ്ങളോ ഇല്ല എന്ന അഭിപ്രായക്കാരാണ്.
3. അശ്അരികൾ: ദാതിയായ (അല്ലാഹുവിന്റെ സത്തയുമായി ബന്ധപ്പെട്ട) സ്വിഫത്തുകളെ അംഗീകരിച്ചു. ജീവിതം, കഴിവ്, അറിവ്, കേൾവി തുടങ്ങിയ, അല്ലാഹുവിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട ഏഴോളം സ്വിഫത്തുകളെ മാത്രം അംഗീകരിച്ചു. മുഅ്തസിലക്ക് വിഭിന്നമായി ഇവർ അല്ലാഹുവിന്റെ നാമങ്ങളെ അംഗീകരിച്ചുവെങ്കിലും ബാക്കിയുള്ള സ്വിഫത്തുകളെ ഭാഗികമായി നിഷേധിച്ചു. അവരുടെ വാദപ്രകാരം ബാക്കിയുള്ള സ്വിഫത്തുകളെ ഒന്നുകിൽ ഉദ്ദേശ്യം പറയാതിരിക്കുകയോ (തഫ്‌വീദ്) അല്ലെങ്കിൽ ഉദ്ദേശ്യം പ്രകടമായ അർഥമല്ലാത്ത മറ്റൊന്ന് ആവാം (തഅ്‌വീൽ) എന്നുമാണ്.
ഇമാം അബുൽ ഹസനുൽ അശ്അരിയെയാണ് ഇവരുടെ വക്താവായി പരിചയപ്പെടുത്താറുള്ളതെ ങ്കിലും അദ്ദേഹം അവസാനകാലത്ത് അഹ്‌ലുസ്സുന്നയിലേക്ക് തിരിച്ചുവരികയും അതുവരെയുണ്ടായിരുന്ന വിശ്വാസങ്ങൾ നിർഥകമാണെന്ന് തന്റെ ‘അൽഇബാന’ എന്ന ഗ്രന്ഥത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇമാം റാസി, ഇമാം ജുവൈനി തുടങ്ങിയ ചില പ്രധാനപ്പെട്ട പണ്ഡിതന്മാർ പോലും ആദ്യകാലത്ത് ഈ വിശ്വാസങ്ങൾ വച്ചുപുലർത്തിയിട്ടുണ്ടെങ്കിലും അവസാനകാലത്ത് ഇതിൽനിന്നും മടങ്ങിയിട്ടുണ്ട്. എന്നാൽ അശ്അരിയ്യത്തിന്റെ ആശയവുമായി ഇന്ന് ജീവിക്കുന്നയാളുകൾ, അന്ന് പറഞ്ഞതിനെക്കാൾ അപകടപരമായ വാദങ്ങളിലാണുള്ളത്.
അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരും എന്ന ഹദീസിലെ പ്രയോഗം യഥാർഥ അർഥത്തിൽ തന്നെയാണ്. അത് ഇങ്ങനെയാണെന്ന് ഉദാഹരിച്ച് പറയാനോ അത് എങ്ങനെയെന്ന് അന്വേഷിക്കാനോ പാടില്ല. കാരണം അല്ലാഹു സൃഷ്ടികളെപോലെയല്ലാത്തതിനാൽ അല്ലാഹുവിന് യോജിച്ച രൂപത്തിലാണ് അത് ഉണ്ടാവുക. എന്നാൽ അല്ലാഹു ഇറങ്ങിവരും എന്നുള്ളത് യഥാർഥത്തിൽ തന്നെയാണ്. നമുക്ക് മനസ്സിലാകാത്തതിനാൽ അത് നിഷേധിക്കുവാൻ പാടില്ല.
ഇക്കാര്യം ഒരു ആയത്തിലൂടെ മനസ്സിലാക്കാം: “അവന് തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു’’ (ശൂറാ 11).
മുകളിൽ പറഞ്ഞ എല്ലാവിഭാഗങ്ങൾക്കുമുള്ള മറുപടി ഈ ആയത്തിലുണ്ട്. മുശബ്ബിഹുകൾ പറയുന്നതുപോലെ അല്ലാഹുവിന്റെ സ്വിഫത്തുകൾ ഒരു നിലയ്ക്കും സൃഷ്ടികളുമായി സാദൃശ്യപ്പെടുന്നില്ല.
അല്ലാഹുവിന്റെ സ്വിഫത്തിനെ മനസ്സിലാക്കുമ്പോൾ മുഅത്തിലകളുടെ വിശ്വാസംപോലെ സൃഷ്ടികളുമായി സാദൃശ്യപ്പെടുത്തൽ വരുമോ എന്ന ഭയംതന്നെ വേണ്ട. കാരണം അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങൾ ഉണ്ടായിരിക്കെത്തന്നെ അവയൊന്നും ഒന്നിനെയും പോലെയല്ല. ആയത്തിന്റെ രണ്ടാം ഭാഗത്ത് ഇത് സ്പഷ്ടമാണ്. അവനെപ്പോലെ ആരുമില്ല എന്നു പറഞ്ഞതിനുശേഷം അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ് എന്ന് സ്ഥിരപ്പെടുത്തുന്നു. അവന്റെ നാമഗുണവിശേഷണങ്ങൾ ഉണ്ടായിരിക്കെത്തന്നെ അത് സൃഷ്ടികളുടെതു പോലെയോ, ഉദാഹരിക്കാൻ കഴിയുന്ന രൂപത്തിലോ അല്ല. മറിച്ച,് അവന് യോജിക്കുന്ന രൂപത്തിലാണ് എന്നുള്ളത് ഈ ആയത്തിൽനിന്നും മനസ്സിലാക്കാം.
മുകളിൽ പറഞ്ഞത് ഇങ്ങനെ ചുരുക്കാം:
1. തഹ്‌രീഫ് - യഥാർഥ അർഥത്തിൽനിന്നും മാറി ഉദ്ദേശ്യം പറയുക.
2. തഅ്ത്തീൽ - നിഷേധിക്കുക.
3. തക്‌യീഫ് - രൂപം പറയുക.
4. തശ്ബീഹ്-സാദൃശ്യപ്പെടുത്തുക.
വിശ്വാസികൾ ഇവ നാലും സംഭവിക്കാതെ നോക്കണം.
മുകളിൽ പറഞ്ഞതിൽനിന്നും പിഴച്ച കക്ഷികൾക്ക് തെറ്റ് സംഭവിക്കാനുണ്ടായ അടിസ്ഥാന കാരണങ്ങളായി മനസ്സിലാക്കാൻ സാധിക്കുന്നത്:
1. അർഥവും ഉദ്ദേശ്യവും ഒരുപോലെയാണെന്ന് സമ്മതിച്ചാൽ അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ സൃഷ്ടികളുടെ വിശേഷങ്ങളുമായി സാദൃശ്യപ്പെടുത്തൽ വരും.
2. പ്രമാണത്തെക്കാൾ ബുദ്ധിക്ക് സ്ഥാനം കൊടുത്തു.
ആദ്യം വിശ്വാസം സ്ഥാപിച്ചതിനു ശേഷം പ്രമാണത്തെ വ്യാഖ്യാനിക്കാൻ നിന്നു. തങ്ങളുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് ബുദ്ധിയുടെ പോരായ്മയാണെന്ന് മനസ്സിലാക്കുന്നതിന് പകരം പ്രമാണങ്ങളുടെ പോരായ്മയാണെന്ന് ധരിച്ചു. ഇന്നും പല തെറ്റായ വിശ്വാസധാരകളുടെയും മൂലകാരണം ഇതുതന്നെയാണ്.
വ്യതിയാനകക്ഷികളുടെ സമീപനങ്ങളിൽനിന്നും നമുക്ക് പാഠം ഉൾക്കൊള്ളാനുണ്ട്. പ്രമാണങ്ങളെ മനസ്സിലാക്കേണ്ടത് മുൻഗാമികളായ ഉത്തമനൂറ്റാണ്ടുകളിലെ പണ്ഡിതന്മാരിൽനിന്നായിരിക്കണം. അവർ പറയാത്ത പുതിയ വ്യാഖ്യാനങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കണം.
സർവവും സൃഷ്ടിച്ച അല്ലാഹുവിൽനിന്നാണ് ക്വുർആനും ഹദീസും എന്നിരിക്കെ, നമുക്ക് മനസ്സിലാകാത്തത് യുക്തിക്ക് നിരക്കാത്തതായി തോന്നുന്നത് നമ്മുടെ മാത്രം പ്രശ്‌നമാണെന്നും മനസ്സിലാക്കുക.

