മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം
അബൂറാഷിദ അൽകാസിമി, കുടയത്തൂർ
2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

അല്ലാഹു നിയോഗിച്ച നബിമാരിൽ അന്തിമനാണ് മുഹമ്മദ്ﷺ. അവസാന നാളുവരെയുള്ള മാനവരാശിയുടെ വഴികാട്ടിയാണ് അവിടുന്ന്. അദ്ദേഹത്തിന്റെ ജീവിതചര്യ പിൻപറ്റുക എന്നത് സത്യവിശ്വാസികളുടെ നിർബന്ധ ബാധ്യതയാണ്.
നബിﷺയെ എന്തിനു പിൻപറ്റണം?
1. നബിﷺയുടെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തെക്കാൾ പരിപൂർണവും മികച്ചതുമാകുന്നു.
അല്ലാഹു നബിയെ വിജ്ഞാനവും തത്ത്വജ്ഞാനവും നൽകി തിരഞ്ഞെടുത്തു. മറ്റു മനുഷ്യരിൽനിന്ന് അല്ലാഹുവിന്റെ തിരുനോട്ടത്തിൽ സമ്മാനിച്ച ആ പരിശുദ്ധ ജീവിതം നാം പരിചയപ്പെടേണ്ടത് അത്യാവശ്യമാണ്. അത് നമ്മുടെ ജീവിതത്തിലെ വഴിവിളക്കും സമുദായത്തിന് വിജയ നിദാനവുമാണ്.
2. അല്ലാഹുവിന്റെ കൽപന അനുസരിക്കലാണ്.
“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത്, അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓർമിക്കുകയും ചെയ്ത് വരുന്നവർക്ക്’’ (33:21).
“ആകയാൽ അദ്ദേഹത്തിന്റെ കൽപനക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നു ഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ’’ (24:63).
3. അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കാൻ.
അവിടുത്തെ ജീവിതം ഗുണപാഠമാണ്. നബിﷺയുടെ ജീവിതം പഠിച്ചാൽ വലിയ ഗുണപാഠങ്ങൾ ലഭിക്കും. തൗഹീദ്, ഈമാൻ(ഏകദൈവ വിശ്വാസം) നബിﷺയുടെ സ്വഭാവ മഹിമകൾ, ചര്യകൾ, പ്രബോധന രംഗത്തെ സഹനതയും ക്ഷമയും, അനർഥങ്ങളോടും അവയുടെ വക്താക്കളോടുമുള്ള സന്ധിയില്ലാസമരം- ഇതിലെല്ലാം നമുക്ക് പാഠമുണ്ട്.
4. അല്ലാഹുവിന്റെ സഹായവും വിജയവും ലഭിക്കാൻ.
നബിﷺയെ പിൻപറ്റണം. നബിﷺയുടെ വാക്കിലും പ്രവൃത്തിയിലും നടപടിയിലും ചര്യയിലും നാം മാതൃക കാണണം. അവിടുത്തെ കാലടികൾ പിൻപറ്റാൻ തയ്യാറാകണം. അല്ലാത്തപക്ഷം ഒരിക്കലും നമുക്ക് വിജയിക്കാൻ സാധ്യമല്ല. രക്ഷിതാവിന്റെ സഹായം ലഭിക്കുകയില്ല.
5. ഏത് മേഖലയിലും നബി ﷺയാണ് മാതൃക.
പുരുഷനായ നബി, ഭർത്താവായ നബി, സഹോദരനായ നബി, സുഹൃത്തായ നബി, വിധികർത്താവായ നബി, നേതാവായ നബി, അതിലുപരി സമ്പൂർണ വ്യക്തിത്വമുള്ള നബി എന്നിങ്ങനെ ഏത് അവസ്ഥയിലും പിൻപറ്റാവുന്ന നബിയായി അല്ലാഹു അദ്ദേഹത്തെ നിയോഗിച്ചു, എല്ലാറ്റിനും മാതൃകയുണ്ടവിടെ.
6. നബിﷺയെ പിൻപറ്റണമെങ്കിൽ അവിടുത്തെ ചര്യകൾ പഠിച്ചറിയണം, ചരിത്രം മനസ്സിലാക്കണം. നബിയുടെ ചര്യ എങ്ങനെ പിൻപറ്റണം? എങ്ങനെയാണ് നബിﷺ മാതൃകയാകുന്നത്? വ്യത്യസ്ത ജനവിഭാഗങ്ങളോട് നബിയുടെ സമീപനം എപ്രകാരമായിരുന്നു? ഇതെല്ലാം മനസ്സിലാക്കൽ അത്യാവശ്യമാണ്.
നബിﷺയെ പിൻപറ്റുന്നതിന്റെ വിവിധ മേഖലകൾ
നബിﷺയുടെ ചരിത്രം പരിശോധിച്ചാൽ അവിടുന്ന് ജനങ്ങളിൽ പ്രഗത്ഭരും ഉന്നതരും അഗ്രഗണ്യരും ശ്രേഷ്ഠരും ഒരുപോലെ അംഗീകരിച്ച ഉന്നതഗുണങ്ങൾ ഉൾക്കൊണ്ടിട്ടുള്ളതായി മനസ്സിലാക്കാൻ കഴിയും.
“തീർച്ചയായും താങ്കൾ മഹത്തായ സ്വഭാവത്തിലാകുന്നു’’ ക്വുർആൻ (68:4).
അവിടുത്തെ സ്വഭാവം ക്വുർആൻ തന്നെയായിരുന്നു (മുസ്‌ലിം). അല്ലാഹുവിന്റെ തൃപ്തിക്കായി നബി തൃപ്തിപ്പെട്ടിരുന്നു. അവന്റെ കോപത്തിന്റെ പേരിൽ കോപിക്കുമായിരുന്നു. വൃത്തികേടുകൾ പ്രവർത്തിക്കുകയോ പറയുകയോ ചെയ്യുന്ന ആളോ ആയിരുന്നില്ല (ബുഖാരി). ചന്തകളിൽ ബഹളമുണ്ടാക്കുന്ന ആളായിരുന്നില്ല. തിന്മയെ തിന്മകൊണ്ടായിരുന്നില്ല നേരിട്ടത്. മാപ്പു നൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുമായിരുന്നു (തിർമിദി).
സഫിയ്യ ബിൻത് ഹുയയ്യ്(റ) പറയുന്നു: “നബിﷺയെക്കാൾ സുന്ദര സ്വഭാവമുള്ള ആരെയും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല’’ (ത്വബ്‌റാനി). അനസ്(റ) പറയുന്നു: “അല്ലാഹുവാണേ, ഞാൻ നബിﷺക്ക് 9 വർഷം സേവനം ചെയ്തു. ഞാൻ ചെയ്ത ഒരു കാര്യത്തിലും നീ എന്തിനിത് ചെയ്തു എന്നോ ഞാൻ ചെയ്യാതിരുന്ന കാര്യത്തിൽ ഇപ്രകാരം എന്തുകൊണ്ട് നീ ചെയ്തില്ല എന്നോ ചോദിച്ചതായി എനിക്കറിയില്ല’’ (ബുഖാരി).
അനസ്(റ) പറയുന്നു: “നബിﷺ ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവക്കാരനായിരുന്നു. ഒരിക്കൽ എന്നെ ഒരു ആവശ്യത്തിന് അയച്ചു. അപ്പോൾ ഞാൻ പറഞ്ഞു: ‘അല്ലാഹുവിൽ സത്യം!ഞാൻപോവുകയില്ല.’ എന്നാൽ നബിﷺ എന്നോട് കൽപിച്ച അക്കാര്യത്തിനായി പോകണമെന്നായിരുന്നു എന്റെ മനസ്സിൽ. അങ്ങനെ ഞാൻ ചന്തയിൽ കളിയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളുടെ സമീപത്തുകൂടി നടന്നുപോയി. അപ്പോൾ നബിﷺ എന്റെ പിറകിലൂടെ വന്ന് എന്റെ രണ്ടു തോളിൽ പിടിച്ചു. ഞാൻ അവിടേക്ക് നോക്കുമ്പോൾ നബിﷺ ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്: ‘കുഞ്ഞ് അനസേ, ഞാൻ ഏൽപിച്ച കാര്യത്തിന് നീ പോയി അല്ലേ?’ ഞാൻ പറഞ്ഞു: ‘അതെ അല്ലാഹുവിന്റെ ദൂതരേ, ഞാൻ പോവുകയാണ്’’ (മുസ്‌ലിം).
സഹനത്തിലും വിട്ടുവീഴ്ചയിലും മാതൃക
“നബിയേ, അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് താങ്കൾ അവരോട് സൗമ്യമായി പെരുമാറിയത്. താങ്കൾ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കിൽ താങ്കളുടെ ചുറ്റിൽനിന്നും അവർ പിരിഞ്ഞു പോയിക്കളയുമായിരുന്നു’’ (3:159).
അനസ് ഇബ്‌നു മാലിക്(റ) പറയുന്നു: “ഞാൻ നബിﷺയോടൊപ്പം നടക്കുകയായിരുന്നു. അഗ്രങ്ങൾ പരുപരുത്ത നജ്‌റാൻ നിർമിത പുതപ്പ് നബിയുടെ ദേഹത്ത് ഉണ്ട്. ആ സമയം ഒരു കാട്ടറബി ആ പുതപ്പിൽ പിടിച്ച് ശക്തിയായി ഒരു വലിയ വലിച്ചു. അങ്ങനെ ഞാൻ നബിയുടെ പിരടിയിലേക്ക് നോക്കിയപ്പോൾ ആ പുതപ്പിന്റെ ആഗ്രം കൊണ്ട് വലിയുടെ ശക്തിയാൽ അടയാളം വീണിരിക്കുന്നു. പിന്നീട് അയാൾ പറഞ്ഞു: ‘താങ്കളുടെ അടുത്തുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്നും എനിക്ക് തരാൻ താങ്കൾ കൽപിക്കുക.’ നബിﷺ അയാളിലേക്ക് തിരിഞ്ഞു നോക്കിയിട്ട് ഒന്ന് ചിരിച്ചു. ശേഷം നബിﷺ അയാൾക്ക് ദാനം നൽകാൻ സ്വഹാബത്തിനോട് കൽപിച്ചു’’ (ബുഖാരി).
(തുടരും)

