മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം 2
അബൂറാഷിദ അൽകാസിമി കുടയത്തൂർ
2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27

ഐഹിക വിരക്തി
ഉമർ(റ) നബിﷺയുടെ അടുക്കൽ വന്നു. അവിടുന്ന് പായയിൽ കിടക്കുകയാണ് (ഈത്തപ്പന മടൽ കൊണ്ട് നെയ്തത്). അതിന്റെ മുകളിൽ ഒന്നും വിരിച്ചിട്ടില്ല. തലക്കടിയിൽ, അകത്ത് ഈത്തപ്പനയുടെ നാരുനിറച്ച തോൽകൊണ്ടുള്ള തലയണയുണ്ട്. നബിﷺയുടെ തലയുടെ ഭാഗത്ത് ഊറക്കിടാത്ത തോൽ തൂക്കിയിട്ടിരിക്കുന്നു. ഉമർ(റ) പറയുന്നു: ‘നബിﷺയുടെ പാർശ്വഭാഗത്ത് പായയുടെ അടയാളം ഞാൻ കണ്ടു. അപ്പോൾ ഞാൻ കരഞ്ഞു.’ നബിﷺ ചോദിച്ചു: ‘എന്താണ് നീ കരയുന്നത്?’ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, നിശ്ചയം കിസ്‌റയും കൈസറും; അവർക്കാകട്ടെ സർവസൗകര്യങ്ങളുമിണ്ട്-താങ്കൾ അല്ലാഹുവിന്റെ ദൂതരായിരിക്കെ! അപ്പോൾ നബിﷺ അരുളി: ‘ഈ ലോകം അവർക്ക് ലഭിക്കുമ്പോൾ നമുക്ക് പരലോകം (അവിടെ സുഖസൗകര്യങ്ങൾ) കിട്ടുന്നതിനെ നീ തൃപ്തിപ്പെടുന്നില്ലെയോ?’(ബുഖാരി).
അല്ലാഹുവിന്റെ വാഗ്ദാനം നടക്കും എന്നതിലെ ഉറപ്പ്
അബൂ ഇസ്ഹാക്വ്(റ) നിവേദനം: “ബറാഅ്(റ)നോട് ഒരാൾ ആശങ്ക അറിയിച്ചു: ‘അബൂ അമാറ! ഹുനൈൻ യുദ്ധ ദിവസം നിങ്ങൾ യുദ്ധത്തിൽനിന്ന് പിന്തിരിഞ്ഞോടിയല്ലോ.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ, അപ്രകാരം ഉണ്ടായിട്ടില്ല. നബിﷺ പിന്തിരിഞ്ഞില്ല. എന്നാൽ ജനങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്നവർ പിന്നിലേക്ക് മാറി. അപ്പോൾ അവരെ ഹവാസിൽ ഗോത്രം അമ്പുകൊണ്ട് ഏറ്റുമുട്ടി. നബിയാവട്ടെ അവിടുത്തെ വെളുത്ത കോവർ കഴുതയുടെ മുകളിൽ ഇരിക്കുകയാണ്. അബു സുഫ്‌യാൻ ബിൻ ഹാരിസ് അതിന്റെ കടിഞ്ഞാണിൽ പിടിച്ചിരിക്കുന്നു. നബിﷺ പറയുന്നുണ്ടായിരുന്നു: ‘ഞാൻ നബിയാണ്, കളവ് പറയുകയില്ല. ഞാൻ അബ്ദുൽ മുത്ത്വലിബിന്റെ മകനാണ്’’ (ബുഖാരി, മുസ്‌ലിം).
ബുദ്ധിമുട്ടുകൾ സഹിക്കുന്നു, ജനങ്ങളോട് ക്ഷമിക്കുന്നു
തൗറാത്തിൽ നബിയുടെ വിശേഷണങ്ങൾ വന്നിരിക്കുന്നത് ഇപ്രകാരമാണ്: “നബിﷺ കഠിന ഹൃദയനോ പരുഷ സ്വഭാവിയോ ചന്തകളിൽ ബഹളമുണ്ടാക്കുന്ന ആളോ ആയിരുന്നില്ല. തിന്മയെ തിന്മ കൊണ്ട് തടയുകയുമില്ലായിരുന്നു. മറിച്ച്, മാപ്പു നൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുമായിരുന്നു’’ (ബുഖാരി).
പശ്ചാത്താപവും പാപമോചനം തേടലും
അബൂഹുറയ്‌റ(റ) നിവേദനം: “നിശ്ചയം, നബിﷺ അരുളി: ‘അല്ലാഹുവിൽ സത്യം! ഒരു ദിവസം 70 തവണയെക്കാൾ കൂടുതൽ ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നുണ്ട്’’ (ബുഖാരി).
ആരാധന
ആഇശ(റ)യിൽനിന്ന് നിവേദനം: ‘നിശ്ചയം, അല്ലാഹുവിന്റെ നബിﷺ രാത്രിയിൽ നിന്ന് നമസ്‌കരിക്കുമായിരുന്നു. അവിടത്തെ രണ്ട് കാൽപാദങ്ങളിലും നീര് ഉണ്ടായി.’ ആഇശ(റ) അപ്പോൾ ചോദിക്കുമായിരുന്നു: ‘ഇങ്ങനെ എന്തിനാണ് ചെയ്യുന്നത് അല്ലാഹുവിന്റെ ദൂതരേ? കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ അല്ലാഹു പൊറുത്തു തന്നിട്ടില്ലയോ?’ നബിﷺ പറഞ്ഞു: ‘(അല്ലാഹുവിന്) ഏറെ നന്ദിയുള്ള ഒരു ദാസനാവാൻ ഞാൻ ഇഷ്ടപ്പെടേണ്ടയോ?’ (ബുഖാരി)
ഉബൈദ് ബിൻ ഉമയ്ർ(റ) ആഇശ(റ)യോട് പറഞ്ഞു: ‘നബിയിൽനിന്നും നിങ്ങൾ കണ്ടിട്ടുള്ള ഏറ്റവും ആശ്ചര്യകരമായ കാര്യം വിവരിച്ചു തന്നാലും.’ അപ്പോൾ അവർ നിശ്ശബ്ദത പാലിച്ചു. പിന്നീട് പറഞ്ഞു: ‘ഒരു രാത്രി നബിﷺ പറഞ്ഞു: ‘ആഇശാ, നീ എന്നെ വിടൂ. ഈ രാത്രി ഞാൻ എന്റെ രക്ഷിതാവിന് ഇബാദത്ത് ചെയ്യട്ടെ.’ ഞാൻ പറഞ്ഞു: ‘അല്ലാഹുവിൽ സത്യം, താങ്കളുടെ സാമീപ്യം ഞാൻ ഇഷ്ടപ്പെടുന്നു. താങ്കൾക്ക് സന്തോഷം നൽകുന്നത് ഞാൻ ആഗ്രഹിക്കുന്നു.’ അവർ തുടർന്നു: ‘അങ്ങനെ നബിﷺ എഴുന്നേറ്റു. പിന്നീട് നമസ്‌കരിക്കാനായി നിന്നു. അവിടുന്ന് കരഞ്ഞുകൊണ്ടേയിരുന്നു. നബിﷺയുടെ കൺതടം നനഞ്ഞു. പിന്നീടും കരഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ നബിﷺയുടെ താടിരോമങ്ങൾ നനഞ്ഞു.’ അവർ പറയുന്നു: ‘പിന്നീടും കരഞ്ഞു, കരഞ്ഞുകൊണ്ടേയിരുന്നു. ഭൂമിപോലും നനഞ്ഞു. ബിലാൽ(റ) നമസ്‌കാരത്തിന് ബാങ്ക് കൊടുക്കാൻ വന്നപ്പോൾ നബിﷺ കരയുന്നത് കണ്ട് അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്തിനാണ് അങ്ങ് കരയുന്നത്? മുൻ -പിൻ പാപങ്ങൾ അല്ലാഹു താങ്കൾക്ക് പൊറുത്തു തന്നിട്ടില്ലയോ?’ അപ്പോൾ നബിﷺ ചോദിച്ചു: ‘അല്ലാഹുവിന് ഏറ്റവും നന്ദിയുള്ള ഒരു അടിമയാകേണ്ടയോ ഞാൻ. ഈ രാത്രി എനിക്ക് ഒരു സൂക്തം അവതരിച്ചു. അത് പാരായണം ചെയ്തിട്ട് അതിനെക്കുറിച്ച് ചിന്തിക്കാത്തവർക്കുണ്ടാകുന്ന നാശമേ! ‘തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകൾ മാറി മാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്...’ (3:190 മുതൽ അവസാനം വരെ)(ഇബ്‌നുഹിബ്ബാൻ).
റമദാൻ മാസത്തിൽ ഇബാദത്തുകൾ അധികരിപ്പിക്കൽ നബിﷺയുടെ ശൈലി ആയിരുന്നു. ദാനധർമവും മറ്റു പരോപകാരവും ക്വുർആൻ പാരായണവും നമസ്‌കാരവും ദിക്‌റും ഇഇ്തികാഫും വർധിപ്പിച്ചിരുന്നു.
സുന്നത്തായ വ്രതം അനുഷ്ഠിക്കുന്നതിൽ നബിയെക്കുറിച്ച് പറയപ്പെടാണ്ടായിരുന്നു; ‘നബിﷺക്ക് ഇനി എന്നും നോമ്പായിരിക്കും എന്ന്. സുന്നത്തായ നോമ്പ് അനുഷ്ഠിക്കാതിരുന്നാൽ പറയപ്പെടാറുണ്ടായിരുന്നു; ‘ഇനി നോമ്പ് അനുഷ്ഠിക്കുകയില്ല’ എന്ന് (ആ രീതിയിൽ മിതത്വം പാലിച്ചിരുന്നു).
ഒരു മാസം പൂർണമായി (റമദാനിലല്ലാതെ) നോമ്പനുഷ്ഠിച്ചിട്ടില്ല. ഒരു മാസത്തിൽ അധിക ദിവസവും (ശഅ്ബാനിലല്ലാതെ) നോമ്പ് അനുഷ്ഠിച്ചിട്ടില്ല (ബുഖാരി). തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നതിൽ ജാഗ്രത പുലർത്തിയിരുന്നു (തിർമിദി).
ക്വുർആൻ പാരായണം ചെയ്താൽ അതിന്റെ അക്ഷരസ്ഫുടതയോടും രീതിയിലും നിയമമനുസരിച്ചും നിർവഹിച്ചിരുന്നു. തീരെ സാവധാനത്തിലും വളരെ വേഗതയിലുമായിരുന്നില്ല. എന്നാൽ ഓരോ അക്ഷരവും സ്ഫുടമായ രീതിയിൽ, ഓരോ ആയത്തും നിർത്തി നിർത്തി, ദീർഘിപ്പിക്കേണ്ട സ്ഥലങ്ങളിൽ ദീർഘിപ്പിച്ച് പാരായണം ചെയ്യുമായിരുന്നു. ‘അർറ്വഹ്‌മാൻ,’ ‘അർറ്വഹീം’ എന്നതിൽ ദീർഘിപ്പിച്ചു ഓതുമായിരുന്നു. (ബുഖാരി).
ക്വുർആൻ പാരായണത്തിന്റെ ആരംഭത്തിൽ ‘അഊദു ബില്ലാഹി മിനശ്ശൈത്വാനിർറ്വജീം’ എന്ന് ഓതി ശപിക്കപ്പെട്ട പിശാചിൽനിന്ന് ശരണം തേടിയിരുന്നു. ചിലപ്പോൾ ‘അല്ലാഹുമ്മ ഇന്നീ അഊദുബിക മിനശ്ശൈത്വാനിർറജീം, മിൻ ഹമസിഹി വനഫ്ഖിഹി വനഫ്‌സിഹി’ (അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽനിന്ന് നിന്നോട് ഞാൻ കാവൽ തേടുന്നു. അവന്റെ ദുർബോധനത്തിൽനിന്നും അവന്റെ ഊതലിൽ നിന്നും തുപ്പലിൽ നിന്നും’(അബൂദാവൂദ്).
നബിﷺക്ക് പതിവായി ക്വുർആൻ ഭാഗമാക്കി ഓതുന്ന ഒരു പതിവ് ഉണ്ടായിരുന്നു. സംശയം ഉണ്ടാവാറില്ലായിരുന്നു.
നബിﷺ ക്വുർആൻ നിന്നും ഇരുന്നും കിടന്നും അംഗശുദ്ധിയോടും അംഗശുദ്ധിയില്ലാതെയും പാരായണം ചെയ്തിരുന്നു. ജനാബത്ത് (വലിയ അശുദ്ധി) അല്ലാതെ നബിയുടെ ക്വുർആൻ പാരായണത്തിനു തടസ്സം സൃഷ്ടിച്ചിട്ടില്ല. (വലിയ അശുദ്ധിയോടെ പാരായണം ചെയ്യാറില്ലായിരുന്നു). (തുടരും)

