നല്ല ഉദ്ദേശ്യവും സുന്നത്തും
ശൈഖ് അബ്ദുൽ മുഹ് സിൻ അബ്ബാദ്
2024 ഫെബ്രുവരി 24, 1445 ശഅ്ബാൻ 14

സുന്നത്തും ബിദ്അത്തും; ഒരു സംക്ഷിപ്ത പഠനം 5
(വിവ: ശമീർ മദീനി)
ഭാഷയിലും മതത്തിലുമുള്ള ബിദ്അത്തുകൾ തമ്മിലുള്ള വ്യത്യാസം
ഭാഷാപരമായ അർഥം പൊതുവിൽ മതത്തിൽ ഉദ്ദേശിക്കപ്പെടുന്ന അർഥത്തെക്കാൾ വിശാലമായിരിക്കും. ഭാഷാപരമായ ആ വിശാല അർഥത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കും മതപരമായ വിവക്ഷയിൽ ഉണ്ടാവുക. ‘തക്വ്‌വ’ (സൂക്ഷ്മത പാലിക്കൽ, തടുക്കൽ), സ്വിയാം (നോമ്പ്, തടഞ്ഞുവെക്കൽ), ഹജ്ജ് (ഉദ്ദേശിക്കൽ), ഉംറ (സന്ദർശനം), ബിദ്അത്ത് (പുതുനിർമിതി) മുതലായവ ഇതിനുദാഹരണമാണ്.
‘തക്വ്‌വ’ എന്നതുകൊണ്ട് ഭാഷയിൽ അർഥമാക്കുന്നത് മനുഷ്യൻ ഭയപ്പെടുന്ന ഏതൊരു കാര്യത്തിൽനിന്നും സുരക്ഷയും പ്രതിരോധവും സ്വീകരിക്കുക എന്നതാണ്; ചൂടിൽനിന്നും കൊടും തണുപ്പിൽനിന്നുമുള്ള രക്ഷയ്ക്കുവേണ്ടി വീടുകളും ടെന്റുകളും ഉണ്ടാക്കുന്നതുപോലെ, ഭൂമിയിലൂടെ നടന്നുപോകുമ്പോൾ കാലിന് ഉപദ്രവകരമായ ഒന്നും ഏൽക്കാതിരിക്കാൻ പാദരക്ഷകൾ ധരിക്കുന്നതുപോലെ.
എന്നാൽ മതപരമായ അർഥത്തിൽ ‘തക്വ്‌വ’ എന്നു പറയുന്നത് ഒരാൾ തന്റെയും അല്ലാഹുവിന്റെ കോപത്തിനുമിടയിൽ തന്നെ രക്ഷപ്പെടുത്തുന്ന കാര്യങ്ങൾ സ്വീകരിക്കലാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനകളെ ജീവിതത്തിൽ പ്രയോഗവത്ക്കരിച്ചുകൊണ്ടും വിലക്കിയ കാര്യങ്ങളിൽനിന്നും വിട്ടകന്നുകൊണ്ടുമാണ് അത് സാധിക്കുക.
‘സ്വിയാം’ (നോമ്പ്) എന്ന പദം ഏതുതരം തടഞ്ഞുവെക്കലിനും ഭാഷയിൽ പ്രയോഗിക്കും. എന്നാൽ മതപരമായ അതിന്റെ അർഥം നോക്കുമ്പോൾ അത് ഒരു പ്രത്യേകതരം തടഞ്ഞുവെക്കലാണ് എന്ന് കാണാവുന്നതാണ്. അഥവാ, അന്നപാനീയങ്ങളിൽനിന്നും നോമ്പിനെ അസാധുവാക്കുന്ന മറ്റു കാര്യങ്ങളിൽനിന്നും പ്രഭാതം മുതൽ പ്രദോഷംവരെ ശരീരത്തെ തടുത്തുനിർത്തലും അകലം പാലിക്കലുമാണ്.
‘ഹജ്ജ്’ എന്നാൽ ഭാഷയിൽ ‘ഉദ്ദേശിക്കൽ’ എന്നാണ് അർഥം. ഏതുതരം ഉദ്ദേശിക്കലും അതിൽപെടും. എന്നാൽ മതപരമായി നോക്കുമ്പോൾ അതിന്റെ അർഥം മതപരമായ ചില പ്രത്യേക കർമങ്ങൾ നിർവഹിക്കാനായി മക്കയെ ലക്ഷ്യമാക്കി പോകലാണ്.
‘ഉംറ’ എന്ന പദത്തിന് സന്ദർശനം എന്നാണ് ഭാഷാർഥം. അഥവാ ഏതുതരം സന്ദർശനത്തിനും ഭാഷയിൽ ‘ഉംറ’ എന്നു പറയാം. എന്നാൽ മതപരമായി പറയുമ്പോൾ കഅ്ബയെ ത്വവാഫ് ചെയ്യുന്നതിനും സ്വഫാമർവക്കിടയിൽ സഅ്‌യ് നടത്തുന്നതിനും മുടി കളയുന്നതിനും വെട്ടുന്നതിനുമൊക്കെയായി മക്ക സന്ദർശിക്കലാണത്. ഭാഷാപരമായി ബിദ്അത്ത് എന്നത്
മുൻമാതൃകയില്ലാത്ത എല്ലാ പുതുനിർമിതികളാണ്. മതപരമായി അത് മതത്തിൽ അടിസ്ഥാനമില്ലാത്ത പുതുനിർമിതികളുമാണ്. അതാകട്ടെ സുന്നത്തിന് എതിരുമായിരിക്കും.
ബിദ്അത്തും മസ്വാലിഹുൽ മുർസലയും
മതപരമായി ചെയ്യണമെന്നോ ചെയ്യരുതെന്നോ പ്രത്യേക നിർദേശം വന്നിട്ടില്ലാത്തതും ചില ഗുണങ്ങളുള്ളതുമായ കാര്യങ്ങൾക്കാണ് ‘മസ്വാലിഹുൽ മുർസല’ എന്ന് പറയുന്നത്. സത്യത്തിൽ മതം അംഗീകരിച്ച ചില നന്മകൾ സ്വായത്തമാക്കാനുള്ള മാർഗമാണത്. അബൂബക്‌റി(റ)ന്റെയും ഉസ്മാൻ ഇബ്‌നു അഫ്ഫാനി(റ)ന്റെയും ഭരണകാലത്ത് നടന്ന ക്വുർആൻ ക്രോഡീകരണവും, കണക്കുകളും രേഖകളും ശേഖരിക്കലും ആനുകൂല്യങ്ങൾക്കർഹരായവരു
ടെ പേരുവിവരങ്ങൾ രേഖപ്പെടുത്തലുമൊക്കെ അതിനുദാഹരണങ്ങളാണ്. മതപരമായ പ്രത്യേക തെളിവുകൾ അഥവാ, ക്വുർആൻ വചനങ്ങളോ നബിﷺയുടെ ഹദീസുകളോ ഇത് ചെയ്യണമെന്നോ ചെയ്യരുതെന്നോ പറഞ്ഞുകൊണ്ട് വന്നിട്ടില്ല.
ക്വുർആൻ ക്രോഡീകരണം ക്വുർആനിൽനിന്ന് യാതൊന്നും നഷ്ടപ്പെട്ടുപോകാതെ അത് സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. അതാകട്ടെ അല്ലാഹു പറഞ്ഞ ഈ വചനത്തിന്റെ തേട്ടവും സാക്ഷാൽക്കാരവുമാണ്: “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’(15:9).
ക്വുർആൻ ക്രോഡീകരണത്തെ കുറിച്ച് ഉമർ(റ) അബൂബക്‌റി(റ)നോട് സൂചിപ്പിച്ചപ്പോൾ ആദ്യഘട്ടത്തിൽ അദ്ദേഹം അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞു: “നബിﷺ ചെയ്യാതിരുന്ന ഒരു കാര്യം ഞാനെങ്ങനെ ചെയ്യാനാണ്?’’ അപ്പോൾ ഉമർ(റ) പറഞ്ഞു: “അല്ലാഹുവാണെ, അത് നന്മ(ഖൈർ)യാണ്.’’ അങ്ങനെ ഉമർ(റ) ആവർത്തിച്ചാവർത്തിച്ച് ഉണർത്തിക്കൊണ്ടിരുന്നപ്പോഴാണ് അല്ലാഹു തന്റെ ഹൃദയത്തിന് വിശാലത നൽകിയതും അത് ഉൾക്കൊള്ളാനായതും എന്ന് അബൂബക്ർ(റ) പിന്നീട് പറയുന്നുണ്ട്. “അങ്ങനെ ഉമർ(റ) അഭിപ്രായപ്പെട്ടതിനോട് ഞാനും യോജിച്ചു’’ (സ്വഹീഹുൽ ബുഖാരി: 4679).
അബൂബക്‌റിന്റെ(റ) കാലത്തെ ക്വുർആൻ ക്രോ ഡീകരണം എഴുതിസൂക്ഷിച്ചതും മനഃപാഠവും ഒത്തുനോക്കിക്കൊണ്ടുള്ള ഒരു ക്രോഡീകരണമായിരുന്നുവെങ്കിൽ അതിനെ ആധാരമാക്കി ഗ്രന്ഥരൂപത്തിലുള്ള ക്രോഡീകരണമാണ് ഉസ്മാന്റെ(റ) കാലത്ത് നടന്നത്.

എന്നാൽ പേരുകളും രേഖകളും ക്രോഡീകരിക്കൽ ഉമറിന്റെ(റ) ഭരണകാലത്താണ് നടന്നത്. അതായത്, പല പ്രദേശങ്ങളും ഇസ്‌ലാമിന്റെ കീഴിലേക്ക് വരികയും യുദ്ധസ്വത്തുക്കൾ അധികരിക്കുകയും ചെയ്തപ്പോൾ സൈന്യത്തിൽപെട്ടവരും അല്ലാത്തവരുമായ, സഹായങ്ങൾക്കർഹരായവരുടെ പേരുവിവരങ്ങൾ ശേഖരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടായി. അങ്ങനെ ഒരു സമ്പ്രദായം ഉമറിന്റെ(റ) ഖിലാഫത്തിന് മുമ്പ് ഉണ്ടായിരുന്നില്ല. അതിലൂടെ ഉദ്ദേശിക്കുന്നത് അർഹരായ ആളുകളിലേക്ക് അവർക്കവകാശപ്പെട്ട സഹായങ്ങൾ എത്തണമെന്നും അർഹതപ്പെട്ട ഒരാളും അതിൽനിന്ന് വിട്ടുപോകരുത് എന്നതുമാണ്.
ഇത്തരത്തിലുള്ള ‘മസ്വാലിഹുൽ മൂർസല’ എന്ന ഗണത്തിൽ വരുന്ന സംഭവങ്ങളെ ആധാരമാക്കി ‘ബിദ്അത്തുകളെ എല്ലാറ്റിനെയും എതിർക്കാൻ പാടില്ല, അതിൽ ചിലത് നല്ല ബിദ്അത്തുകളാണ്’ എന്ന ന്യായം പറച്ചിൽ ഒരിക്കലും ശരിയല്ല. കാരണം ഇത്തരം സംഗതികളിൽ അഥവാ മസ്വാലിഹുൽ മുർസലകളിൽ മതം അംഗീകരിച്ച ഒരു നന്മ നേടിയെടുക്കലും സാക്ഷാൽക്കരിക്കലുമാണ് നടക്കുന്നത്. അല്ലാതെ ദീനിൽ പുതിയതായി വല്ലതും ഉണ്ടാക്കലല്ല. എന്നാൽ ബിദ്അത്തുകൾ അങ്ങനെയല്ല. അതിൽ ദീനിന്റെ പൂർണതയിൽ സംശയിക്കുന്ന വിധത്തിലുള്ള കൂട്ടിച്ചേർക്കലാണ് നടക്കുന്നത്. ഇമാം മാലികി(റഹി)ന്റെയും മറ്റും വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അക്കാര്യം നമ്മൾ വിശദീകരിച്ചിരുന്നല്ലോ.
നല്ല ഉദ്ദേശ്യവും സുന്നത്തും
ബിദ്അത്തുകൾ ചെയ്യുന്നവർ അല്ലാഹുവിലേക്കടുക്കുവാനും പുണ്യം നേടുവാനുമൊക്കെയുള്ള നല്ല ഉദ്ദേശ്യത്തിലാണല്ലോ അവ ചെയ്യുന്നത്. അതിനാൽ ഈയൊരു തലത്തിൽ ചിന്തിക്കുമ്പോൾ അത്തരം പ്രവൃത്തികളെ എതിർക്കേണ്ടതുണ്ടോ, സ്തുത്യർഹമായ നല്ല പ്രവർത്തനങ്ങളായിട്ടല്ലേ അവയെ കാണേണ്ടത് എന്നൊക്കെ ബിദ്അത്തിന്റെ ഗൗരവം കുറച്ചുകാണുന്നവർ ചിലപ്പോൾ ചോദിച്ചേക്കാം.
അതിനുള്ള മറുപടി: നല്ല ഉദ്ദേശ്യത്തോടൊപ്പം ഇതൊരു കർമവും സുന്നത്തിനോട് യോജിക്കലും അനിവാര്യമായ സംഗതിയുമാണ്. സൽകർമങ്ങൾ റബ്ബിന്റെയടുക്കൽ സ്വീകരിക്കപ്പെടണമെങ്കിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട രണ്ട് നിബന്ധനകളിലോന്നാണത്. അതായത്;
1) പ്രസ്തുത കർമം അല്ലാഹുവിന് മാത്രമായി ‘നിഷ്‌കളങ്കത’(ഇഖ്‌ലാസ്)യോടെ സമർപ്പിച്ചതായി രിക്കണം.
2) നബിﷺയെ പിൻപറ്റിക്കൊണ്ടായിരിക്കണം പ്രസ്തുത കർമം നിർവഹിക്കേണ്ടത്. അഥവാ, ഇത്തിബാഉർറസൂൽ ഉണ്ടായിരിക്കണം.
മതത്തിൽ പുതുതായുണ്ടാക്കപ്പെടുന്ന ബിദ്അത്തുകൾ റബ്ബ് സ്വീകരിക്കാതെ അതിന്റെയാളുകളിലേക്ക് തന്നെ തള്ളപ്പെടുമെന്ന് അറിയിക്കുന്ന ഹദീസ് മുമ്പ് പറഞ്ഞിരുന്നുവല്ലോ. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിച്ച നബിﷺയുടെ വചനം: “ആരെങ്കിലും നമ്മുടെ ഈ ദീനികാര്യങ്ങളിൽ പുതുതായി വല്ലതും ഉണ്ടാക്കിയാൽ അത് തള്ളപ്പെടുന്നതാണ്.’’
ഇമാം മുസ്‌ലിമിന്റെ ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം: “നമ്മുടെ കൽപനയില്ലാത്ത ഒരു കാര്യം ആരെങ്കിലും (മതമായി) ആചരിച്ചാൽ അത് തള്ളപ്പെടുന്നതാണ്.’’
ഒരു കർമം ചെയ്യുമ്പോൾ നല്ല ഉദ്ദേശ്യത്തോടൊപ്പം പ്രസ്തുതകർമം സുന്നത്തിനോട് യോജിക്കൽ നിർബന്ധമാണെന്ന് അറിയിക്കുന്ന മറ്റൊരു സംഭവമാണ് പെരുന്നാൾ നമസ്‌കാരത്തിനു മുമ്പേ ബലിയറുത്ത സ്വഹാബിയുടെ വിഷയത്തിൽ നബിﷺ പറഞ്ഞത്. നബിﷺ അദ്ദേഹത്തോട് പറഞ്ഞു: “നീ അറുത്ത ആട് സാധാരണഗതിയിൽ മാംസത്തിനുവേണ്ടി അറുത്ത ആട് മാത്രമാണ്’’ (ബുഖാരി, മുസ്‌ലിം). അത് ഉദുഹിയ്യത്തിന്റെ ബലികർമമായി പരിഗണിക്കപ്പെടുകയില്ല എന്ന് സാരം.
ഇബ്‌നു ഹജർ(റഹി) ഈ ഹദീസിന്റെ വിവരണത്തിൽ പറയുന്നു: “നിശ്ചയമായും ഒരു കർമം നല്ല ഉദ്ദേശ്യത്തോടെ ചെയ്തതാണെങ്കിലും മതത്തിന്റെ നിയമനിർദേശങ്ങളോട് യോജിച്ചാലല്ലാതെ അത് സാധുവാകുകയില്ല’’ (ഫത്ഹുൽ ബാരി: 10/17).
അപ്രകാരം തന്നെ സുനനുദ്ദാരിമിയിൽ സ്വഹീഹായ പരമ്പരയോടെ ഉദ്ധരിക്കുന്ന മറ്റൊരു സംഭവവും ഇക്കാര്യം അറിയിക്കുന്നുണ്ട്. അതായത്, പള്ളിയിൽ വട്ടംകൂടിയിരിക്കുന്ന ഒരുപറ്റം ആളുകളുടെ അടുക്കലേക്ക് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ചെല്ലുന്നു. ആ ആളുകളുടെ കൈകളിൽ ചരൽക്കല്ലുകളുണ്ട്. അവരിൽ ഒരാൾ വിളിച്ചു പറയും: ‘നിങ്ങൾ നൂറ് തക്ബീർ’ (അല്ലാഹുഅക്ബർ) പറയുക.’ അപ്പോൾ അവർ നൂറുപ്രാവശ്യം തക്ബീർ ചൊല്ലും. അവരുടെ കൈകളിലുള്ള ചരൽക്കല്ലുകൾകൊണ്ട് അവർ അതിനു എണ്ണം പിടിക്കുകയും ചെയ്യും. പിന്നെ അവരോട് നൂറ് പ്രാവശ്യം ‘തഹ്‌ലീൽ’ (ലാ ഇലാഹ ഇല്ലല്ലാഹ്) ചൊല്ലാൻ പറയും. പിന്നെ നൂറ് പ്രാവശ്യം ‘തസ്ബീഹ്’ (സുബ്ഹാനല്ലാഹ്) ചൊല്ലാൻ പറയും. അവർ കൈകളിലുള്ള ചരൽക്കല്ലുകൾകൊണ്ട് എണ്ണംപിടിച്ചു പ്രസ്തുത ദിക്‌റുകൾ ചൊല്ലും. ഇത് കണ്ടുകൊണ്ട് അവരുടെ അടുക്കൽ ചെന്ന് ഇബ്‌നുമസ്ഊദ്(റ) ചോദിച്ചു: “നിങ്ങളെന്താണീ ചെയ്തുകൊണ്ടിരിക്കുന്നത്?’’ അവർ പറഞ്ഞു: “അല്ലയോ അബൂഅബ്ദിറഹ്‌മാൻ, ഞങ്ങൾ കുറച്ച് ചരൽക്കല്ലുകൾ എടുത്തുകൊണ്ട് തക്ബീറും തഹ്‌ലീലും തസ്ബീഹുമൊക്കെ ചൊല്ലുകയാണ്.’’അപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ തെറ്റുകൾ എണ്ണിനോക്കുന്നതായിരിക്കും നിങ്ങൾക്ക് ഇതിനെക്കാൾ ഉത്തമം. എങ്കിൽ നിങ്ങളുടെ നന്മകളൊന്നും നഷ്ടപ്പെടുകയില്ല എന്ന് ഞാൻ ഉറപ്പുനൽകാം. മുഹമ്മദ് നബിﷺയുടെ സമുദായമേ, നിങ്ങൾക്ക് നാശം! എത്രപെട്ടെന്നാണ് നിങ്ങൾ നശിക്കുന്നത്! ഇതാ നിങ്ങളുടെ പ്രവാചകന്റെ അനുചരന്മാർ ഇവിടെ വേണ്ടുവോളമുണ്ട്. നബിﷺയുടെ വസ്ത്രങ്ങളിതാ, അവ നുരുമ്പിപ്പോയിട്ടില്ല, അവിടുന്ന് ഉപയോഗിച്ച പാത്രങ്ങൾ പോലും ഉടഞ്ഞുപോയിട്ടില്ല. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ(അല്ലാഹു) തന്നെയാണേ സത്യം! മുഹമ്മദ് നബിﷺയുടെ മാർഗത്തെക്കാൾ ഉത്തമമായ വല്ല മാർഗത്തിലുമാണോ നിങ്ങളുള്ളത്?’’
അവർ പറഞ്ഞു: “അല്ലയോ അബൂ അബ്ദിറഹ്‌മാൻ! അല്ലാഹുവാണേ, നല്ലതല്ലാതെ യാതൊന്നും ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല.’’ അപ്പോൾ അദ്ദേഹം പറഞ്ഞു: “എതയെത്ര ആളുകൾ നല്ലത് ഉദ്ദേശിക്കുന്നു. പക്ഷേ, അവർക്കത് നേടുവാനാകുന്നതേയല്ല...’’ (ശൈഖ് അൽബാനി(റ)യുടെ അസ്സിൽസിലതുസ്സ്വഹീഹ, ഹദീസ് നമ്പർ 2005).
(തുടരും)

