നബിമാർ പ്രാർഥിച്ചത് ആരോട്?

മുനവ്വർ ഫൈറൂസ്

2024 സെപ്തംബർ 14, 1446 റ. അവ്വൽ 11

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’’ (ക്വുർആൻ 51:56).

മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യമെന്തെന്ന് ഈ ക്വുർആൻ വചനം വ്യക്തമാക്കുന്നു. അല്ലാഹു ലോകത്തിലെ വിവിധ സമൂഹങ്ങളിലേക്ക് വ്യത്യസ്ത കാലങ്ങളിലായി ദൂതന്മാരെ നിയോഗിച്ചതും ഇതേ കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുവാനായിരുന്നു.

“തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)...’’(ക്വുർആൻ 16:36).

മുഹമ്മദ് നബിﷺയോട് അല്ലാഹു പറയുന്നു: “ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’’ (ക്വുർആൻ 21:25).

ആരാധനകൾ അഖിലവും സകല ലോകങ്ങളുടെയും പരിപാലകനു മാത്രം അവകാശപ്പെട്ടതത്രെ. സ്രഷ്ടാവും സംരക്ഷകനും പരിപാലകനുമായവനല്ലാതെ ആരാധിക്കപ്പെടാൻ അർഹതയുള്ളവർ ആരുമില്ല. അല്ലാഹു പറയുന്നു:

“ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്. നിങ്ങൾക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേൽപുരയുമാക്കിത്തരികയും ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതുമുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉൽപാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാൽ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിന് സമൻമാരെ ഉണ്ടാക്കരുത്’’ (ക്വുർആൻ 2:21,22).

നുഅ്മാനുബ്‌നു ബശീർ(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: “നിശ്ചയം പ്രാർഥന; അത് ആരാധന (ഇബാദത്ത്) തന്നെയാണ്.’’ ശേഷം നബിﷺ ഓതി: ‘നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു; നിങ്ങൾ എന്നോട് പ്രാർഥിക്കൂ. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച’’ (ക്വുർആൻ 40:60)(തിർമിദി 2969).

പ്രാർഥന ആരാധനയാണ് എന്നതുകൊണ്ടുതന്നെ അത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. പരിശുദ്ധ ക്വുർആനിൽ അനേകം പ്രാർഥനകളുണ്ട്. നബിﷺ ഒരാൾ രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നതുവരെ വിവിധ സന്ദർഭങ്ങളിലായി ചൊല്ലേണ്ടുന്ന വ്യത്യസ്ത പ്രാർഥനകൾ പഠിപ്പിച്ചിട്ടുണ്ട്. എല്ലാം അല്ലാഹുവിനോട് മാത്രമുള്ള പ്രാർഥനകൾ.

പരിശുദ്ധ ക്വുർആനിൽ നബിമാർ നടത്തിയ ധാരാളം പ്രാർഥനകൾ നമുക്ക് ദർശിക്കുവാൻ സാധിക്കും.അവരെല്ലാവരും വിഷമഘട്ടങ്ങളിലും സന്തോഷ സന്ദർഭങ്ങളിലും പ്രാർഥിച്ചത് അല്ലാഹുവിനോട് മാത്രം. അവയിൽ ചിലത് കാണുക:

ആദം നബിയുടെ പ്രാർഥന

പറ്റിപ്പോയ അബദ്ധത്തിൽ പശ്ചാത്തപിച്ച് ആദം നബി(അ)യും ഹവ്വാബീവിയും നടത്തിയ പ്രാർഥന ക്വുർആനിൽ ഇപ്രകാരം കാണാം:

رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും’’ (7:23).

നൂഹ് നബി(അ)യുടെ പ്രാർഥന

തന്റെ മാതാപിതാക്കൾക്കും വിശ്വാസികൾക്കും വേണ്ടി നൂഹ് നബി(അ) പ്രാർഥിച്ചു:

رَّبِّ ٱغْفِرْ لِى وَلِوَٰلِدَىَّ وَلِمَن دَخَلَ بَيْتِىَ مُؤْمِنًا وَلِلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ وَلَا تَزِدِ ٱلظَّٰلِمِينَ إِلَّا تَبَارًۢا

“എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും നീ പൊറുത്തുതരേണമേ. അക്രമകാരികൾക്ക് നാശമല്ലാതൊന്നും നീ വർധിപ്പിക്കരുതേ’’ (71:28)

ഇബ്‌റാഹീം നബി(അ)യുടെ പ്രാർഥന

അല്ലാഹുവിന്റെ കൽപന പ്രകാരം കഅ്ബ പടുത്തുയർത്തുമ്പോൾ ആ സൽകർമം അല്ലാഹു സ്വീകരിക്കുവാനും പ്രതിഫലം ലഭിക്കുവാനുമായി ഇരുവരും പ്രാർഥിച്ചു:

رَبَّنَا تَقَبَّلْ مِنَّآ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നീയിത് സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’’ (2:127).

വിവിധ ആവശ്യങ്ങൾ സഫലീകൃതമാകുവാനായി മഹാന്മാരായ ആ രണ്ട് പ്രവാചകന്മാരും പ്രാർഥിച്ചത് കാണുക:

رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളിൽനിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാ ക്രമങ്ങൾ ഞങ്ങൾക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു’’ (2:128).

മുസാനബി(അ)യുടെ പ്രാർഥന

അല്ലാഹു ഏൽപിച്ച പ്രബോധനമെന്ന മഹാദൗത്യം നന്നായി നിറവേറ്റുവാനാവശ്യമായ സഹായം ലഭിക്കുന്നതിനായി മൂസാനബി(അ) പ്രാർഥിച്ചത് കാണുക:

رَبِّ ٱشْرَحْ لِى صَدْرِى وَيَسِّرْ لِىٓ أَمْرِى وَٱحْلُلْ عُقْدَةً مِّن لِّسَانِى يَفْقَهُوا قَوْلِى

“എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നൽകേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ നാവിൽനിന്ന് നീ കെട്ടഴിച്ച് തരേണമേ; ജനങ്ങൾ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്’’ (20:25-28)

അയ്യൂബ് നബി(അ)യുടെ പ്രാർഥന

രോഗം ബാധിച്ചാൽ ശമനം ലഭിക്കുവാനായി അല്ലാഹുവല്ലാത്തവർക്ക് നേർച്ച നേരുകയും അല്ലാഹുവല്ലാത്തവരോട് രോഗമനത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നവർ സമൂഹത്തിൽ ഏറെയുണ്ട്. കഠിനമായ രോഗം ബാധിച്ചപ്പോൾ അങ്ങേയറ്റം ക്ഷമയവലംബിച്ച് അല്ലാഹുവിനോട് പ്രാർഥിച്ച അയ്യൂബ് നബി(അ)യുടെ ചരിത്രം അല്ലാഹു നമുക്ക് പറഞ്ഞുതരുന്നുണ്ട്.

أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ

“എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽവെച്ച് ഏറ്റവും കരുണയുള്ളവനാ ണല്ലോ’’ (ക്വുർആൻ 21:83).

സകരിയ്യാനബി(അ)യുടെ പ്രാർഥന

വിവാഹം കഴിഞ്ഞ് രണ്ടോമൂന്നോ വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തപക്ഷം വിവിധ ദർഗകളിലേക്ക് തീർഥയാത്ര നടത്തുന്നവരും ആത്മീയചൂഷകരെ സമീപിക്കുന്നവരും വാർധക്യത്തിലും നിരാശപ്പെടാതെ ഒരു സന്താനത്തിനുവേണ്ടി അല്ലാഹുവിനോട് നിരന്തരം പ്രാർഥിച്ച സകരിയ്യാനബി(അ)യുടെ ജീവിതത്തിൽനിന്നും പാഠമുൾക്കൊള്ളേണ്ടതുണ്ട്:

رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ ٱلدُّعَآءِ

“എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കൽ നിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ, തീർച്ചയായും നീ പ്രാർഥന കേൾക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു’’ (ക്വുർആൻ 3:38).

യൂനുസ് നബി(അ)യുടെ പ്രാർഥന

തന്റെ ജനത എത്ര ഉപദേശിച്ചിട്ടും സത്യമാർഗത്തിലേക്ക് വരാത്തതിനാലുള്ള വിഷമത്താൽ നാട്‌വിട്ടു പോയ യൂനുസ് നബി(അ) യാത്രാമധ്യെ കപ്പലിൽനിന്ന് കടലിലെറിയപ്പെടുകയും അങ്ങനെ അദ്ദേഹത്തെ മത്സ്യം വിഴുങ്ങുകയുമുണ്ടായി. ഏറ്റവും വിഷമകരമായ ആ അവസ്ഥയിൽ, മത്സ്യത്തിന്റെ വയറ്റിൽനിന്ന് യൂനുസ് നബി(അ) പ്രാർഥിച്ചത് അല്ലാഹുവിനോട് മാത്രം:

لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ

“നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു’’(ക്വുർആൻ 21:87).

ഇനിയും ഒരുപാട് പ്രാർഥനകൾ ക്വുർആനിൽനിന്നും ഉദ്ധരിക്കാൻ സാധിക്കും. അവയെല്ലാം അല്ലാഹുവിനോട് മാത്രം; അല്ലാഹുവല്ലാത്തവരോടുള്ള പ്രാർഥനക്ക് ഒരു ഉദാഹരണമെങ്കിലും പരിശുദ്ധ ക്വുർആനിൽ നിന്നോ പ്രവാചക അധ്യാപനങ്ങളിൽ നിന്നോ ഉദ്ധരിക്കാൻ ഒരാൾക്കും സാധ്യമല്ല.

(അവസാനിച്ചില്ല)