വഴിതെറ്റാതിരിക്കിനുള്ള വഴിയെന്ത്?

ശമീര്‍ മദീനി

2024 സെപ്തംബർ 21, 1446 റ. അവ്വൽ 18

ഇസ്‌ലാമിന്റെ നേരാ യ പാതയില്‍നിന്ന് ആളുകള്‍ വ്യതിചലിക്കുമെന്നത് സത്യമാണ്. മുഹമ്മദ് നബി ﷺ അത് ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. മുമ്പുള്ള സമുദായങ്ങളിലും ഇത്തരം വ്യതിചലനങ്ങള്‍ ഉണ്ടായത് ഓര്‍മിപ്പിച്ചുകൊണ്ടുതന്നെ നബി ﷺ സമുദായത്തെ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് പലപ്പോഴായി താക്കീത് ചെയ്തിട്ടുണ്ട്.

നബി ﷺ പറഞ്ഞു: “ജൂതന്മാര്‍ 71 കക്ഷികളായി വേര്‍പിരിഞ്ഞു. ക്രിസ്ത്യാനികള്‍ 72 വിഭാഗങ്ങളായും ഭിന്നിച്ചു. ഈ സമുദായമാകട്ടെ 73 വിഭാഗങ്ങളായി ഭിന്നിക്കുന്നതാണ്’’ (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, ഹാകിം).

ഭിന്നത അഭിലഷണീയമല്ലെന്നും ഐക്യത്തോടെ നന്മയുടെ വഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടതെന്നും ക്വുര്‍ആനും ഹദീസുകളും ആവര്‍ത്തിച്ചുണര്‍ത്തിയിട്ടുള്ളതാണ്. എങ്കിലും അല്ലാഹുവിന്റെ ‘ക്വദാഇ’ന്റെ (വിധിയുടെ) ഭാഗമായി ഭിന്നതകള്‍ സംഭവിക്കുമെന്നത് സത്യമാണെന്നകാര്യം നാം മറക്കരുത്. സാധ്യമാകുന്നത്ര ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും ഒഴിവാക്കി ഒത്തൊരുമിച്ച് നില്‍ക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. മതം പഠിപ്പിച്ചതും കാലഘട്ടം ആവശ്യപ്പെടുന്നതും അതുതന്നെയാണ്.

അല്ലാഹു പറയുന്നു: “നിങ്ങള്‍ (താഴ്‌വരയില്‍ മദീനയോട്) അടുത്തഭാഗത്തും അവര്‍ അകന്ന ഭാഗത്തും സാര്‍ഥവാഹകസംഘം നിങ്ങളെക്കാള്‍ താഴെയുമായിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ അന്യോന്യം (പോരിന്) നിശ്ചയിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ ആ നിശ്ചയം നിറവേറ്റുന്നതില്‍ ഭിന്നിക്കുമായിരുന്നു. പക്ഷേ, ഉണ്ടാകേണ്ട ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അതായത് നശിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കാനും, ജീവിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് ജീവിക്കുവാനും വേണ്ടി. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’’(8:42).

“വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്’’(3:105).

ഈ മാര്‍ഗഭ്രംശങ്ങളുടെ അടിസ്ഥാനകാരണങ്ങളും അതില്‍നിന്ന് രക്ഷപ്പെടാനുള്ള വഴികളും നബി ﷺ നമുക്ക് അറിയിച്ചുതന്നിട്ടുണ്ട്. മുമ്പ് ഉദ്ധരിച്ച ‘എന്റെ സമുദായം 73 കക്ഷികളായി പിരിയും’ എന്ന ഹദീസിന്റെ ബാക്കി ഭാഗം തന്നെ അക്കാര്യം ഉണര്‍ത്തുന്നുണ്ട്.

നബി ﷺ പറഞ്ഞു: ‘പ്രസ്തുത 73ല്‍ ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിന്റെ പാതയിലാണ്.’ അപ്പോള്‍ ചോദിക്കപ്പെട്ടു: ‘പ്രവാചകരേ, ആരാണ് ആ രക്ഷപ്പെടുന്ന വിഭാഗം?’ നബി ﷺ പറഞ്ഞു: ‘ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍.’

‘ഭിന്നിച്ചു വേര്‍പിരിഞ്ഞ എല്ലാ കക്ഷികളും എന്റെ സമുദായത്തിന്റെ ഭാഗമായതുകൊണ്ട് അതില്‍ ഏതില്‍ ആയിരുന്നാലും കുഴപ്പമില്ല’ എന്നല്ല നബി ﷺ പറഞ്ഞുതന്നത്. മറിച്ച്, എഴുപത്തിമൂന്നില്‍ 72ലും ഉള്‍പ്പെടാതെ സൂക്ഷിക്കുവാനും, രക്ഷയുടെ വിഭാഗത്തിന്റെ അടയാളങ്ങള്‍ വ്യക്തമാക്കി, അതിന്റെ കൂടെ നില്‍ക്കാനുമാണ്.

നബി ﷺ പഠിപ്പിച്ചതും സ്വഹാബത്ത് അനുവര്‍ത്തിച്ചതുമായ മാര്‍ഗം പിന്‍പറ്റി വ്യതിയാനത്തിന്റെ അപകടങ്ങളില്‍നിന്ന് സുരക്ഷ ഉറപ്പാക്കണം എന്നാണ് പ്രസ്തുത ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. വിശുദ്ധ ക്വുര്‍ആനിന്റെ സൂക്തങ്ങളും ഈ ആശയം നമ്മെ പഠിപ്പിക്കുന്നുണ്ട്.

അല്ലാഹു പറയുന്നു: “തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവന്‍ തിരിഞ്ഞവഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!’’(4:115).

“മുഹാജിറുകളിൽ നിന്നും അന്‍സ്വാറുകളില്‍നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം’’(9:100).

ഏതു വിഷയങ്ങളിലാണെങ്കിലും സച്ചരിതരായ മുന്‍ഗാമികളുടെ ആശയാദര്‍ശങ്ങള്‍ ഏതെന്ന് പഠിച്ചറിഞ്ഞ് പിന്‍പറ്റാന്‍ നമുക്ക് സാധിക്കുമ്പോള്‍ മാത്രമാണ് നാം നേരിന്റെ വഴിയിലാണെന്ന് ഉറപ്പിക്കാന്‍ സാധിക്കുക. കാരണം അവരെയാണ് അല്ലാഹു തൃപ്തിപ്പെട്ടതും പ്രവാചകന്റെ അനുചരന്മാരായി നിയോഗിച്ചതും. അവരാണ് ഇസ്‌ലാമിനെ നേരിട്ട് മനസ്സിലാക്കി, സംശയങ്ങള്‍ ദൂരീകരിച്ച്, പ്രവാചകനാകുന്ന ഗുരുമുഖത്തുനിന്ന് ദീന്‍ പകര്‍ത്തുന്നെടുത്തവരും അത് പ്രയോഗവത്കരിച്ച് കാണിച്ചവരും. അങ്ങനെയുള്ള അവര്‍ വഴികേടിലും പില്‍കാലക്കാര്‍ നേര്‍മാര്‍ഗത്തിലും ആവുക എന്നത് ഒരിക്കലും ഉണ്ടാവുകയില്ല.

നേര്‍മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കാനുള്ള ഒരു പ്രധാന കാരണം ദീനിന്റെ ശരിയായ ആശയങ്ങള്‍ കൃത്യവും കണിശവുമായി പഠിക്കാനും പിന്‍പറ്റുവാനുമുള്ള വിമുഖതയും മറ്റ് വിഭാഗങ്ങളുടെ രീതികളെ അനുകരിക്കുന്നതുമാണ്.

നബി ﷺ പറയുന്നു: ‘തീര്‍ച്ചയായും നിങ്ങള്‍ നിങ്ങള്‍ക്കു മുമ്പുള്ളവരുടെ മാര്‍ഗങ്ങളെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റുകതന്നെ ചെയ്യും. എത്രത്തോളമെന്നാല്‍, അവരെങ്ങാനും ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ നിങ്ങളും അതില്‍ കടക്കും.’ സ്വഹാബത്ത് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ജൂത-ക്രൈസ്തവരെയാണോ ഉദ്ദേശിച്ചത്?’ നബി ﷺ പറഞ്ഞു: ‘അല്ലാതെ പിന്നെ ആരെയാണ്?’ (ബുഖാരി, മുസ്‌ലിം).

ഈ ആശയത്തില്‍ വേറെയും ഹദീസുകള്‍ കാണാവുന്നതാണ്. അല്ലാഹുവില്‍നിന്നുള്ള ‘വഹ്‌യി’ന്റെ അടിസ്ഥാനത്തില്‍ നബി ﷺ പഠിപ്പിച്ചതും സ്വഹാബത്ത് പ്രയോഗവത്കരിച്ച് കാണിച്ചതുമായ ശരിയായ മാര്‍ഗനിര്‍ദേശങ്ങളെ കയ്യൊഴിയുകയും വേദവാക്യങ്ങളെയും പ്രവാചകാധ്യാപനങ്ങളെയും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്ത ആളുകളുടെ മാര്‍ഗങ്ങളെ പിന്‍പറ്റുന്നതിന്റെ അപകടങ്ങളും അതിലെ വിരോധാഭാസങ്ങളുമാണ് നബി ﷺ ഉണര്‍ത്തുന്നത്.

നേരിന്റെ വഴി പിന്‍പറ്റുന്നതില്‍ വിരോധവും അലര്‍ജിയും കാണിക്കുന്നവര്‍ ദേഹേച്ഛയുടെ വഴികള്‍ എത്ര ദുസ്സഹവും സാഹസികവുമാണെങ്കിലും അത് പിന്‍പറ്റാന്‍ മത്സരിക്കും എന്ന യാഥാര്‍ഥ്യവും മേല്‍ ഹദീസ് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. സമൂഹത്തില്‍ പടര്‍ന്നുപന്തലിച്ചിട്ടുള്ള പല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വേഷഭൂഷാദികളിലും വിശ്വാസങ്ങളില്‍വരെയും അത്തരം അനുകരണങ്ങളും കടന്നു കയറ്റങ്ങളും കാണാവുന്നതാണ്

ഒഴുക്കിനൊത്തു നീന്തുന്ന പ്രവണതയാണ് ഉള്ളതെങ്കില്‍ അത്തരക്കാര്‍ ഈ കുത്തൊഴുക്കില്‍ പെട്ടെന്ന് പെട്ടുപോകും. ദേഹേച്ഛകളുടെ സ്വാധീനവലയങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ പറ്റാത്തവരും ഈ വ്യതിയാനപാതയിലെ സഹയാത്രികരായിരിക്കും. വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും ഭയന്ന് ഓടിയൊളിക്കുന്നവര്‍ക്കും നേരിന്റെ വഴിയില്‍ സഞ്ചരിക്കാനുള്ള തൗഫീക്വ് വിദൂരമായിരിക്കും. അതിനാല്‍ കാര്യങ്ങള്‍ കൃത്യമായി പഠിച്ചറിഞ്ഞ് പിന്‍പറ്റാനുള്ള ആര്‍ജവവും പ്രാര്‍ഥനയും പരിശ്രമവുമാണ് നമുക്ക് വേണ്ടത്.