സ്വർഗവീഥികൾ

ഡോ. ടി. കെ. യൂസുഫ്

2024 ആഗസ്റ്റ് 10, 1446 സ്വഫർ 06

ഒരു മനുഷ്യന്റെ യഥാർഥ വിജയം പരലോകത്ത് നരകത്തിൽനിന്ന് രക്ഷപ്പെട്ട് സ്വർഗം നേടുന്നതാണ് എന്നാണ് ക്വുർആൻ വ്യക്തമാക്കുന്നത്. സ്വർഗ പ്രവേശനത്തിന് കഠിനമായ തപസ്സുകളോ സാധനകളോ ഇസ്‌ലാം അനുശാസിക്കുന്നില്ല. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ആരാധനകളും കർമങ്ങളുമാണ് ഇസ്‌ലാം നിർദേശിക്കുന്നത്. ഒരാൾക്ക് സ്വർഗം നേടണമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ അവന് അത് കരസ്ഥമാക്കാൻ കഴിയുന്ന ശതക്കണക്കിന് മാർഗങ്ങൾ ക്വുർആനിലും ഹദീസുകളിലും പ്രതിപാദിക്കുന്നുണ്ട്. അവയിൽ അധികവും വളരെ ലളിതവും വലിയ അധ്വാനവും മുതൽമുടക്കുമില്ലാതെ എല്ലാവർക്കും ചെയ്യാൻ കഴിയുന്നതുമാണ്.

1. വിശ്വാസം: സ്വർഗപ്രവേശനത്തിന് പ്രഥമവും പ്രധാനവുമായി വേണ്ടത് വിശ്വാസമാണെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. എന്നാൽ ഈമാൻ അതായത് വിശ്വാസം വേണമെന്ന് പറയുന്നിടത്തല്ലാം ക്വുർആനിൽ സൽകർമങ്ങളെ കുറിച്ചും പരാമർശിക്കുന്നുണ്ട്.

“വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും'' (അൽബക്വറ:82).

സൽകർമങ്ങൾ ചെയ്യാൻ കൽപിക്കുന്ന അനവധി വചനങ്ങൾ ക്വുർആനിലും ഹദീസുകളിലും നമുക്ക് കാണാൻ സാധിക്കും. എന്നാൽ അവ എണ്ണിത്തിട്ടപ്പെടുത്താൻ പ്രയാസമാണ്.

2. ഭയഭക്തി: അല്ലാഹുവിനെ ഭയപ്പെടുകയും അവൻ അവതരിപ്പിച്ചതനുസരിച്ച് പ്രവർത്തിക്കുകയും അന്ത്യദിനത്തിനുവേണ്ടി ഒരുങ്ങുകയും ചെയ്യുക എന്നതാണ് ഭയഭക്തിയുടെ നിർവചനം.

“തീർച്ചയായും സൂക്ഷ്മത പാലിച്ചവർ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും'' (അൽഹിജ്ർ:45).

നബിﷺ പറഞ്ഞു: “ജനങ്ങൾ അധികമായി സ്വർഗത്തിൽ പ്രവേശിക്കുന്നത് സൂക്ഷമതയും സൽസ്വഭാവവും നിമിത്തമാണ്. അധികമായി നരകത്തിൽ പ്രവേശിക്കുന്നത് നാവും ഗുഹ്യസ്ഥാനവും കാരണമായിട്ടാണ്.''

3. അനുസരണം: അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നത് സ്വർഗ പ്രവേശനത്തിന് അനിവാര്യമാണ്.

“വല്ലവനും അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുന്നപക്ഷം താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അവനെ പ്രവേശിപ്പിക്കുന്നതാണ്'' (അൽഫത്ഹ്: 17).

നബിﷺ പറഞ്ഞു: “എന്റെ സമുദായത്തിൽനിന്നും എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കും; വിസമ്മതിച്ചവർ ഒഴികെ. അനുചരന്മാർ ചോദിച്ചു: ‘ആരാണ് വിസമ്മതിച്ചവർ?' നബിﷺ പറഞ്ഞു: ‘എന്നെ അനുസരിച്ചവൻ സ്വർഗത്തിൽ പ്രവേശിക്കും, എന്നെ ധിക്കരിച്ചവൻ വിസമ്മതിച്ചു.''

4. ധർമസമരം: അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്തുകൊണ്ടും ശരീരംകൊണ്ടും ധർമസമരം ചെയ്യുന്നത് സ്വർഗപ്രവേശനത്തിന് നിമിത്തമായത്തീരും.

“തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽനിന്ന്, അവർക്ക് സ്വർഗമുണ്ടായിരിക്കുക എന്നതിനു പകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. അങ്ങനെ അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു'' (അത്തൗബ: 111).

5. പശ്ചാതാപം: പാപങ്ങൾ ചെയ്തവർ പശ്ചാതപിക്കുന്നതിലൂടെ പാപമുക്തരായിത്തീരുകയും സ്വർഗ പ്രവേശനത്തിന് അർഹരായിത്തീരുകയും ചെയ്യും.

“എന്നാൽ പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാകുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്”. (മർയം: 60)

6. നേർവഴിയിൽ ഉറച്ചു നിൽക്കുക: രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും നേർവഴിക്ക് നടക്കുകയും ചെയ്യുകയാണെങ്കിൽ അവർ സ്വർഗാവകാശികളായത്തീരും.

സുഫ്‌യാൻ ബിൻ സഖഫി(റ) നബിﷺയോട് ചോദിച്ചു: “ഇസ്‌ലാമിൽ എന്നോട് ഒരു വാക്ക് പറയുക, ഞാൻ മറ്റാരോടും അത് ചോദിക്കുകയില്ല.’ നബിﷺ പറഞ്ഞു: “നീ അല്ലാഹുവിൽ വിശ്വസിച്ചു എന്ന് പറയുക. പിന്നീട് നേരെ ചൊവ്വെ ജീവിക്കുകയും ചെയ്യുക.'’

“ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവർക്ക് യാതൊന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല'' (അഹ്ക്വാഫ് :13).

7. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അറിവു നേടുക: നബിﷺ പറഞ്ഞു: “ആരെങ്കിലും അറിവ് അന്വേഷിച്ചുകൊണ്ട് ഒരു വഴിയിൽ പ്രവേശിച്ചാൽ അവന് സ്വർഗത്തിലേക്കുളള മാർഗം എളുപ്പമാക്കും'' (അഹ്‌മദ്).

8. പളളി നിർമാണം: നബി ﷺപറഞ്ഞു: “ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ഒരു പളളി നിർമിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ അതുപോലുളളത് നിർമിച്ച് നൽകും” (ബുഖാരി).

9. സൽസ്വഭാവം: സൽസ്വഭാവവും ഭക്തിയുമാണ് ജനങ്ങളെ കൂടുതലായും സ്വർഗാവകാശികളാക്കുന്നത് എന്ന് മുമ്പ് സൂചിപ്പിച്ചു. നബിﷺ പറഞ്ഞു: ‘...സ്വർഗത്തിന്റെ മുകൾഭാഗത്ത് ഒരു ഭവനം; സ്വഭാവം നന്നാക്കിയവന്' (അബൂദാവൂദ്).

10. തർക്കം ഒഴിവാക്കുക: നബിﷺ: ‘ആരെങ്കിലും സത്യത്തിന്റെ പക്ഷത്താണെങ്കിലം തർക്കം ഒഴിവാക്കുകയാണെങ്കിൽ അവന് സ്വർഗത്തിന്റെ ഓരത്ത് ഒരു ഭവനം ഞാൻ ഉറപ്പുനൽകാം' (അബൂദാവൂദ്).

11. കളവ് ഒഴിവാക്കുക: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും തമാശയിലാണെങ്കിലും കളവ് ഉപേക്ഷിച്ചാൽ അവന് സ്വർഗത്തിന്റെ മധ്യഭാഗത്ത് ഒരു ഭവനം ഞാൻ ഏൽക്കാം' (അബൂദാവൂദ്).

12. ബാങ്കിനുശേഷം രണ്ടു റക്അത് നമസ്‌കാരം: ഒരു ദിവസം നേരം വെളുത്തപ്പോൾ നബിﷺ ബിലാലി(റ)നെ വിളിച്ചു. എന്നിട്ട് പറഞ്ഞു: ‘അല്ലയോ ബിലാൽ! എന്തുകൊണ്ടാണ് താങ്കൾ സ്വർഗത്തിൽ എന്നെ മുൻകടന്നത്? ഇന്നലെ രാത്രി ഞാൻ സ്വർഗത്തിൽ പ്രവേശിച്ചു. എന്റെ മുന്നിൽ നീ നടക്കുന്ന ശബ്ദം കേട്ടു.' അപ്പോൾ ബിലാൽ(റ) പറഞ്ഞു: ‘ഞാൻ ബാങ്ക് കൊടുത്തിട്ടില്ല; രണ്ടു റക്അത് നമസ്‌കരിച്ചിട്ടല്ലാതെ. എനിക്ക് ചെറിയ അശുദ്ധി ബാധിച്ചിട്ടില്ല; ഞാൻ വുദൂഅ് എടുത്തിട്ടല്ലാതെ.' അപ്പോൾ നബിﷺ പറഞ്ഞു: ‘അതുകൊണ്ടാണ്' (അഹ്‌മദ്).

13. പളളിയിലേക്കുളള സഞ്ചാരം: നബിﷺ പറഞ്ഞു: ‘ആരെങ്കിലും പ്രഭാതത്തിലോ പ്രദോഷത്തിലോ പളളിയിലേക്ക് പോയാൽ അവന് അല്ലാഹു സ്വർഗത്തിൽ ഒരു സൽക്കാരം ഒരുക്കിവെക്കും; അവൻ രാവിലെ പോകുമ്പോഴും വൈകുന്നേരം പോകുമ്പോഴും' (മുസ്‌ലിം).

14. സൂജൂദ് വർധിപ്പിക്കുക: റബീഅത് ബിൻ കഅ്ബ് അൽഅസ്‌ലമി(റ) പറഞ്ഞു: ‘ഞാൻ അല്ലാഹുവിന്റെ ദൂതരുടെ കൂടെ രാപാർത്തു. അപ്പോൾ ഞാൻ അദ്ദേഹത്തിനുളള വുദൂഅ് എടുക്കാനുളള വെളളവുമായി ചെന്നു. അപ്പോൾ അവിടുന്ന് എന്നോട് പറഞ്ഞു: ‘നീ ചോദിക്കുക.' അപ്പോൾ ഞാൻ പറഞ്ഞു: ‘സ്വർഗത്തിൽ താങ്കളുടെ സഹവാസം ഞാൻ ചോദിക്കുന്നു.' അപ്പോൾ നബിﷺ ചോദിച്ചു: ‘വെറെ വല്ലതും?' ഞാൻ പറഞ്ഞു: ‘അതു മതി.' അപ്പോൾ അദ്ദേഹം പറഞ്ഞു' ‘സുജൂദ് വർധിപ്പിച്ചുകൊണ്ട് നീ എന്നെ സഹായിക്കുക' (മുസ്‌ലിം).

15. പുണ്യകരമായ ഹജ്ജ്: നബിﷺ പറഞ്ഞു: ‘പുണ്യകരമായ ഹജ്ജ്; അതിന് സ്വർഗമല്ലാതെ പ്രതിഫലമില്ല. (അഹ്‌മദ്).

16. നിർബന്ധ നമസ്‌കാരത്തിനു ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുക: നബിﷺ പറഞ്ഞു: ‘ആരെങ്കിലും ഓരോ നമസ്‌കാരത്തിന് ശേഷവും ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ അവനും സ്വർഗപ്രവേശനത്തിനുമിടയിൽ മരണമല്ലാതെ തടസ്സമില്ല' (നസാഈ).

17. ദിവസം 12 റക്അത്ത് സുന്നത്ത് നമസ്‌കാരം: നബിﷺ പറഞ്ഞു: ‘ആരെങ്കിലും പകലിലും രാത്രിയിലുമായി 12 റക്അത്ത് നമസ്‌കരിച്ചാൽ സ്വർഗത്തിൽ അവനുവേണ്ടി ഒരു ഭവനം നിർമിച്ച് കൊടുക്കും; ദ്വുഹ്‌റിനു മുമ്പ് നാലു റക്അത്ത്; ശേഷം രണ്ടു റക്അത്ത്, മഗ്‌രിബിനു ശേഷം രണ്ടു റക്അത്ത്, ഇശാഇനു ശേഷം രണ്ട് റക്അത്ത്, സ്വുബ്ഹിക്കു മുമ്പ് രണ്ടു റക്അത്ത്' (തിർമുദി).

18. സലാം പ്രചരിപ്പിക്കുക: നബിﷺ പറഞ്ഞു: ‘അല്ലയോ ജനങ്ങളേ, നിങ്ങൾ സലാം പ്രചരിപ്പിക്കുക, നിങ്ങൾ ഭക്ഷണം ഭക്ഷിപ്പിക്കുക, രാത്രിയിൽ ജനങ്ങൾ ഉറങ്ങുമ്പോൾ നിങ്ങൾ നമസ്‌കരിക്കുക, എങ്കിൽ നിങ്ങൾ സുരക്ഷിതമായി സ്വർഗത്തിൽ പ്രവേശിക്കം' (ഇബ്‌നുമാജ)

19. സത്യം പറയുക: നബിﷺ പറഞ്ഞു: ‘ആറു കാര്യങ്ങൾ നിങ്ങൾ എനിക്ക് ഉറപ്പു നൽകുകയാണെങ്കിൽ ഞാൻ നിങ്ങൾക്ക് സ്വർഗം ഉറപ്പു നൽകാം; നിങ്ങൾ സംസാരിക്കുമ്പോൾ സത്യം പറയുക. വാഗ്ദത്തം ചെയതാൽ അത് പൂർത്തീകരിക്കുക. വിശ്വസിച്ച് ഏൽപിച്ചത് നിറവേറ്റുക. നിങ്ങൾ നിങ്ങളുടെ ഗുഹ്യസ്ഥാനങ്ങൾ സൂക്ഷിക്കുക. നിങ്ങൾ നിങ്ങളുടെ ദൃഷ്ടികൾ താഴ്ത്തുക. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൊണ്ട് ആരെയും ദ്രോഹിക്കാതിരിക്കുക' (ഹാകിം).

20. അഞ്ചു നേരത്തെ നമസ്‌കാരം നിർവഹിക്കുക: നബിﷺ പറഞ്ഞു: ‘ഒരു സ്ത്രീ അഞ്ചു നേരത്തെ നമസ്‌കാരം നിർവഹിച്ചു. ഒരു മാസം നോമ്പ് അനുഷ്ഠിച്ചു. അവളുടെ ഗുഹ്യസ്ഥാനം സംരക്ഷിച്ചു. അവൾ അവളുടെ ഭർത്താവിനെ അനുസരിച്ചു. അപ്പോൾ അവളോട് പറയപ്പെടും; സ്വർഗത്തിന്റെ കവാടങ്ങളിൽ നീ ഉദ്ദേശിക്കുന്നതിലൂടെ നീ പ്രവേശിക്കുക' (സ്വഹീഹ് അൽജാമിഅ്).

(തുടരും)