നേരിന്റെ വഴിയിൽ ഉറച്ചുനിൽക്കാൻ

ശമീർ മദീനി

2024 ജൂലായ് 27, 1446 മുഹർറം 21

ദീനി‌െൻറ നേരായ പാതയിൽനിന്ന് സമുദായത്തിലെ ഭൂരിഭാഗവും വ്യതിചലിക്കും എന്ന് നബിﷺ ഉണർത്തിയിട്ടുണ്ടെങ്കിലും സന്മാർഗം വ്യക്തമാകാതെ സമുദായം വഴികേടിൽ ഉഴറുമെന്ന് കരുതേണ്ടതില്ല. പ്രത്യുത സത്യപാതയിൽ ഉറച്ചുനിൽക്കുന്ന ഒരു വിഭാഗം എക്കാലത്തും ഉണ്ടാകുമെന്ന് നബിﷺ സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്. അവരുടെ അടയാളങ്ങളും സവിശേഷതകളും പറഞ്ഞുതന്നിട്ടുമുണ്ട്.

നബിﷺ പറയുന്നു: ‘അല്ലാഹുവി‌െൻറ കൽപന (അന്ത്യസമയം) ആസന്നമാകുന്നതുവരെയും എ‌െൻറ ഉമ്മത്തിലെ ഒരു വിഭാഗം അല്ലാഹുവി‌െൻറ കൽപനകൾക്കനുസരിച്ച് സത്യപാതയിൽ നിലനിൽക്കുന്നവരായിട്ടുണ്ടാകും. അവരെ ആരെല്ലാം കൈയ്യൊഴിച്ചാലും ആരെല്ലാം അവർക്കെതിരായാലും അതൊന്നും അവർക്ക് യാതൊരു ദോഷവും വരുത്തുകയില്ല. അവർ ജനങ്ങൾക്കിടയിൽ തലയുയർത്തിനിൽക്കും’ (മുസ്‌ലിം).

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറയുന്നു: ‘ഈ ഹദീസ് അനേകം പരമ്പരകളിലൂടെ സ്ഥിരപ്പെട്ടുവന്ന മുതവാതിറായ ഹദീസാണ്. സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും വിവിധ വഴികളിലൂടെ ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ദീനി‌െൻറ അടിസ്ഥാന വിഷയങ്ങളിൽവരെയും സമുദായത്തിൽ അഭിപ്രായവ്യത്യാസങ്ങൾ കടന്നുവരുമെന്ന് ഈ ഹദീസ് സ്ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നേരായപാതയിൽ നിലനിൽക്കുന്ന വിഭാഗത്തെ സംബന്ധിച്ച് നബി ﷺ വിശേഷിപ്പിച്ചു പറഞ്ഞത് ‘അന്ത്യനാൾവരെയും റബ്ബി‌െൻറ സഹായം ലഭിക്കുന്ന രക്ഷയുടെ കക്ഷി’ (അൽഫിർക്വതുന്നാജിയ അൽമൻസ്വൂറ ഇലാ ക്വിയാമിസ്സാഅ) എന്നാണ്. തീർച്ചയായും അവർ അല്ലാഹു വി‌െൻറയും റസൂലി‌െൻറയും കൽപനക്കനുസരിച്ച് നിലകൊള്ളുന്നവരായിരിക്കും’ (ശർഹു ഹദീസിൽ ഇഫ്തിറാക്വ് 1/31).

അതിനാൽ സത്യപാതയിലൂടെ സഞ്ചരിക്കാനാഗ്രഹിക്കുന്നവർ നിരാശപ്പെടേണ്ടതില്ല. നേർമാർഗം പകൽവെളിച്ചം പോലെ വ്യക്തമായി ലോകാവസാനം വരെ ഈ ലോകത്ത് നിലനിൽക്കും.

സ്വഹാബിയായ ഇർബാദ്ബ്‌നു സാരിയ(റ) പറയുന്നു: ‘ഒരിക്കൽ നബിﷺ ഞങ്ങൾക്ക് ഉപദേശം നൽകി. അതു കേട്ട് ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയും ഹൃദയങ്ങൾ പിടയുകയും ചെയ്തു. അപ്പോൾ ഞങ്ങൾ പറഞ്ഞു: ‘അല്ലാഹുവി‌െൻറ റസൂലേ, ഇതൊരു യാത്രപറയലി‌െൻറ ഉപദേശം പോലുണ്ടല്ലോ; അതിനാൽ അങ്ങേക്ക് ഞങ്ങളോട് എന്താണ് പ്രത്യേകമായി കൽപിക്കാനുള്ളത്?’ അപ്പോൾ നബിﷺ പറഞ്ഞു: ‘ഞാൻ നിങ്ങളെ വ്യക്തതയുടെ തെളിഞ്ഞമാർഗത്തിലാണ് വിട്ടേച്ചു പോകുന്നത്. അതി‌െൻറ രാവുപോലും പകലിന് സമാനമാണ്. സ്വയം നശിച്ചവരല്ലാതെ അതിൽനിന്ന് വ്യതിചലിച്ചുപോവുകയില്ല’ (അബൂദാവൂദ്, തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്).

നമ്മൾ നേരി‌െൻറ പക്ഷത്ത് നിലയുറപ്പിക്കുവാനും അതിൽനിന്നും അൽപം പോലും വ്യതിചലിക്കാതിരി ക്കുവാനും പ്രത്യേകമായി ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതുണ്ട്. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം മനസ്സിരുത്തുക.

1. പ്രാർഥന: പലതരത്തിലുള്ള അഭിപ്രായങ്ങളും വാചകക്കസർത്തുകളും ദീനി‌െൻറ വിഷയത്തിൽ പലപ്പോഴായി പലരും ഉയർത്തിക്കൊണ്ടുവരും. അപ്പോഴെല്ലാം സത്യമാർഗത്തിൽ അടിയുറച്ചു നിൽക്കാൻ അല്ലാഹുവി‌െൻറ അപാരമായ അനുഗ്രഹം (തൗഫീക്വ്) അനിവാര്യമാണ്. അതിനാൽ അതിനുവേണ്ടി പടച്ചവനോട് നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുക. കാരണം, മറ്റേത് പരീക്ഷണങ്ങളെക്കാളും പ്രയാസകരമാണ് ദീനി‌െൻറ കാര്യങ്ങളിലുള്ള പരീക്ഷണങ്ങൾ. സച്ചരിതരായ മുൻഗാമികളുടെ പ്രാർഥനകളിൽ ഇക്കാര്യം പ്രത്യേകമായി നമുക്ക് കാണാൻ കഴിയുന്നതാണ്.

നബിﷺ തഹജ്ജുദ് നമസ്‌കാരവേളയിൽ ചൊല്ലിയിരുന്ന പ്രാരംഭ പ്രാർഥ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.

അബൂസലമ(റ) പറയുന്നു: ‘ഞാൻ പ്രവാചക പത്‌നി ആഇശ(റ)യോട് ചോദിച്ചു: ‘നബിﷺ രാത്രി നമസ്‌കാരത്തിനായി നിന്നാൽ എന്തു ചൊല്ലിക്കൊണ്ടാണ് നമസ്‌കാരം ആരംഭിച്ചിരുന്നത്?’ അവർ പറഞ്ഞു: ‘നബിﷺ രാത്രി നമസ്‌കാരത്തിനായി നിന്നാൽ ഇപ്രകാരം പറഞ്ഞുകൊണ്ട് നമസ്‌കാരമാരംഭിക്കും: ‘ജിബ് രീരീലി‌െൻറയും മീകാഈലി‌െൻറ യും ഇസ്‌റാഫീലി‌െൻറയും നാഥനായ അല്ലാഹുവേ, ആകാശഭൂമികളെ സൃഷ്ടിച്ചവനേ, ദൃശ്യവും അദൃശ്യവും അറിയുന്നവനേ, നീയാണ് നി‌െൻറ അടിമകൾ അഭിപ്രായവ്യത്യാസത്തിലായ കാര്യങ്ങളിൽ അവർക്കിടയിൽ തീർപ്പുകൽപിക്കുന്നവൻ, ഭിന്നതയിലായിട്ടുള്ള കാര്യങ്ങളിൽ നി‌െൻറ അനുമതി പ്രകാരം നീ എന്നെ നേർമാർഗത്തിലൂടെ നയിക്കേണമേ, തീർച്ചയായും നീ ഉദ്ദേശിക്കുന്നവരെ നീ നേർമാർഗത്തിലൂടെ നയിക്കുന്നു’ (മുസ്‌ലിം).

മതപരമായ പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട പല വിശ്വാസ- ആചാര - അനുഷ്ഠാനങ്ങളെയും പലരും വിമർശിക്കുകയും പരിഹസിക്കുകയും പുച്ഛിക്കുകയുമൊക്കെ ചെയ്യുമ്പോഴും ദീൻ പഠിപ്പിച്ച സത്യ ആദർശത്തെ തന്മയത്വത്തോടെ ഉൾക്കൊള്ളുവാനും സ്വീകരിക്കുവാനും വിശ്വാസികൾക്ക് സാധിക്കുന്നത് റബ്ബി‌െൻറ ഈ പ്രത്യേകമായ തൗഫീക്വുകൊണ്ട് തന്നെയാണ്.

അല്ലാഹു പറയുന്നു: ‘...അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരെയൊക്കെ അവൻ സൻമാർഗത്തിൽ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യുമായിരുന്നു. അതിനാൽ നീ ഒരിക്കലും അവിവേകികളിൽ പെട്ടുപോകരുത്’ (6:35).

‘അപ്പോൾ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാൻ അല്ലാഹു വിശാലത നൽകുകയും അങ്ങനെ അവൻ ത‌െൻറ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവൻ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?). എന്നാൽ അല്ലാഹുവി‌െൻറ സ്മരണയിൽനിന്ന് അകന്ന് ഹൃദയങ്ങൾ കടുത്തുപോയവർക്കാകുന്നു നാശം. അത്തരക്കാർ വ്യക്തമായ ദുർമാർഗത്തിലത്രെ’ (39:22).

അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വർത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങൾക്ക് പരസ്പരം സാമ്യമുള്ളതും ആവർത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമങ്ങൾ അതുനിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചർമങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവി‌െൻറ മാർഗദർശനം. അതുമുഖേന താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുന്നു. വല്ലവനെയും അവൻ പിഴവിലാക്കുന്നപക്ഷം അവനു വഴികാട്ടാൻ ആരുംതന്നെയില്ല’ (39:23).

2. പഠനം: കേവലം പ്രാർഥനകൊണ്ട് മാത്രമായില്ല. മറിച്ച് , അതിനനുസരിച്ചുള്ള പ്രവർത്തനം കൂടി ഉണ്ടാകുമ്പോഴാണ് പ്രാർഥനയുടെ സദ്ഫലങ്ങൾ സ്വായത്തമാക്കാൻ നമുക്ക് സാധിക്കുക. അതിനാൽ ഓരോ വിഷയത്തിലും മതത്തി‌െൻറ കൃത്യമായ അധ്യാപനം എന്താണെന്ന് പഠിച്ചറിയുവാനുള്ള പരിശ്രമങ്ങളും അനിവാര്യമാണ്.

അല്ലാഹു പറയുന്നു: ‘നമ്മുടെ മാർഗത്തിൽ സമരത്തിൽ ഏർപ്പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു’ (29:69).

അത്തരക്കാരെ പ്രശംസിച്ചു പറയുന്ന നിരവധി ആയത്തുകളും ഹദീസുകളും കാണാവുന്നതാണ്.

അല്ലാഹു പറയുന്നു: ‘അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലർത്തുകയും ത‌െൻറ രക്ഷിതാവി‌െൻറ കാരുണ്യം ആശിക്കുകയും ചെയ്തുകൊണ്ട് സാഷ്ടാംഗം ചെയ്തും നിന്നു പ്രാർഥിച്ചും രാത്രി സമയങ്ങളിൽ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമൻ?). പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാൻമാർ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ’ (39:9).

അവരാണ് യഥാർഥ ബുദ്ധിമാന്മാർ എന്നും ക്വുർആൻ ഓർമിപ്പിക്കുന്നു: ‘അതായത് വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും അതിൽ ഏറ്റവും നല്ലത് പിൻപറ്റുകയും ചെയ്യുന്നവർക്ക്. അക്കൂട്ടർക്കാകുന്നു അല്ലാഹു മാർഗദർശനം നൽകിയിട്ടുള്ളത്. അവർതന്നെയാകുന്നു ബുദ്ധിമാൻമാർ’ (39:18).

മതത്തി‌െൻറ ശരിയായ അധ്യാപനങ്ങൾ പഠിച്ചറിയാനുള്ള ഏതൊരു പരിശ്രമവും മഹത്തരവും വമ്പിച്ച പ്രതിഫലം നേടാൻ ഉതകുന്നതുമാണെന്ന് പല പ്രവാചക വചനങ്ങളും അറിയിക്കുന്നുണ്ട്. ഒരാൾ അറിവ് തേടി ഒരു വഴിയിൽ പ്രവേശിച്ചാൽ അതുനിമിത്തം അയാൾക്ക് സ്വർഗത്തിലേക്കുള്ള പാത എളുപ്പമാക്കി കൊടുക്കുമെന്നും അല്ലാഹുവി‌െൻറ മലക്കുകൾ അടക്കം മത്സ്യങ്ങളും ഉറുമ്പുകളുംവരെ അത്തരക്കാർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുമെന്നും അറിയിക്കുന്ന ഹദീസുകൾ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.

3.സച്ചരിതരുടെ മാർഗം സ്വീകരിക്കൽ: പഠിച്ചറിയുന്ന കാര്യങ്ങളുടെ സത്യതയും കൃത്യതയും ഉറപ്പുവരുത്താനുള്ള ഒരു ഉരക്കല്ലാണ് പ്രസ്തുത വിഷയങ്ങളിലൊക്കെ നബിﷺയും അവിടുത്തെ അനുചരന്മാരും ഉത്തമതലമുറകൾ എന്ന് നബിﷺ വിശേഷിപ്പിച്ച സച്ചരിതരായ മുൻഗാമികളും സ്വീകരിച്ച നിലപാടുകളും അധ്യാപനങ്ങളും അറിയൽ. അവരുടെ മാർഗം പിൻപറ്റുവാനാണ് ക്വുർആനും സുന്നത്തും നമ്മ ളോട് ആഹ്വാനം ചെയ്യുന്നത്. അവരെയാണ് അല്ലാഹു തൃപ്തിപ്പെട്ടത്. പിൽക്കാലക്കാരിൽ പലതരത്തിലുള്ള ദുഃസ്വാധീനങ്ങളും പിഴവുകളും കടന്നുവരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

അല്ലാഹു പറയുന്നു: ‘നിങ്ങൾ ഈ വിശ്വസിച്ചതുപോലെ അവരും വിശ്വസിച്ചിരുന്നാൽ അവർ നേർമാർഗത്തിലായിക്കഴിഞ്ഞു. അവർ പിന്തിരിഞ്ഞുകളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരിൽനിന്ന് നിന്നെ സംരക്ഷിക്കാൻ അല്ലാഹു മതി. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ’ (2:137).

‘തനിക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവൻ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!’ (4:115).

4) സത്യം സ്വീകരിക്കാനുള്ള കരുത്ത്: സത്യസന്ധമായ അന്വേഷണത്തിനും പഠനത്തിനുമൊടുവിൽ ബോധ്യപ്പെട്ട സത്യം സ്വീകരിക്കുവാനും നേരി‌െൻറ വഴിയിൽ ഉറച്ചുനിൽക്കുവാനുമുള്ള കരുത്തും ആർജവവും അത്യാവശ്യമാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും താൽപര്യങ്ങളും ഇഷ്ടങ്ങളുമൊന്നും അതിനു മുന്നിൽ തടസ്സമായിക്കൂടാ. ഭൂരിപക്ഷത്തി‌െൻറ പിന്തുണയോ കൈയ്യടിയോ ഭൗതികലാഭങ്ങളോ സ്ഥാനമാനങ്ങളോ ഒന്നും സത്യം സ്വീകരിക്കുന്നിടത്ത് പ്രതിബന്ധങ്ങൾ തീർക്കാതിരിക്കാനുള്ള ജാഗ്രതയും പ്രതിബന്ധങ്ങളെ നേരിടുവാനുള്ള കരുത്തും സന്മാർഗത്തിലൂടെ മുന്നേറാൻ വളരെ അനിവാര്യമാണ്.

സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും പലർക്കും അത് സ്വീകരിക്കാൻ തടസ്സമായത് മേൽപറഞ്ഞ പല സംഗതികളുമായിരുന്നു എന്നത് ചരിത്രം നമ്മോട് വിളിച്ചുപറയുന്ന യാഥാർഥ്യങ്ങളാണ്. നബിﷺയുടെ പിതൃസഹോദരനായ അബൂത്വാലിബ് അടക്കം നബികുടുംബത്തിലെ പ്രമാണിമാരായ പലർക്കും ഇസ്‌ലാം സത്യമതമാണെന്നും മുഹമ്മദ്ﷺ അല്ലാഹുവി‌െൻറ സത്യദൂതനാണെന്നും ബോധ്യമായിട്ടും അത് അംഗീകരിക്കാൻ കഴിയാതെപോയത് അതുകൊണ്ടാണ്.

വേദക്കാരായ ആളുകളുടെയും സമാനമായ അവസ്ഥ അല്ലാഹു എടുത്തു പറഞ്ഞിട്ടുണ്ട്. അസൂയയും ‘ഈഗോ’ യുമൊക്കെയായിരുന്നു സത്യമാർഗം പിൻപറ്റാൻ അവർക്ക് തടസ്സമായത്.

അല്ലാഹു പറയുന്നു: ‘നാം വേദം നൽകിയിട്ടുള്ളവർക്ക് സ്വന്തം മക്കളെ അറിയാവുന്നതുപോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീർച്ചയായും അവരിൽ ഒരു വിഭാഗം അറിഞ്ഞുകൊണ്ടു തന്നെ സത്യം മറച്ചുവെക്കുകയാകുന്നു’ (2:146).

‘നാം വേദഗ്രന്ഥം നൽകിയിട്ടുള്ളവർ സ്വന്തം മക്കളെ അറിയുന്നതുപോലെ അത് അറിയുന്നുണ്ട്. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവർ. അതിനാൽ അവർ വിശ്വസിക്കുകയില്ല’ (6:20).

5.നന്മ കൽപിക്കലും തിന്മ വിരോധിക്കലും: മുസ്‌ലിം ഉമ്മത്തി‌െൻറ ഒരു സാമൂഹ്യ ബാധ്യതയായി അല്ലാഹു ഏൽപിച്ചതാണ് ഇക്കാര്യം.

അല്ലാഹു പറയുന്നു: ‘നൻമയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽനിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ’ (3:104).

‘മനുഷ്യവംശത്തിനുവേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു’ (3:110).

അത് സത്യസന്ധവും ആത്മാർഥവുമായി നിർവഹിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ നേരായ പാതയിൽ ഉറച്ചുനിൽക്കാനുള്ള തൗഫീക്വ് ഉണ്ടാവും. നമ്മെ തിന്മകളിൽനിന്ന് തടഞ്ഞുനിർത്തുന്ന ഒരു മതിൽക്കെട്ടായി അത് വർത്തിക്കുമെന്നതിൽ സംശയമില്ല. മനുഷ്യരാസകലം നഷ്ടത്തിലാണ് എന്ന് പറഞ്ഞതിനുശേഷം ക്വുർആൻ അതിൽനിന്ന് ഒഴിവാക്കി പറഞ്ഞവരുടെ പ്രധാന ഗുണം അവർ സത്യംകൊണ്ട് പരസ്പരം ഉപദേശിക്കുന്നവരാണ് എന്നതാണ്.

‘കാലം തന്നെയാണ് സത്യം! തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു; വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ’ (103:1-3).

6. ഒറ്റപ്പെട്ടുപോകാതെ സംഘത്തോടൊപ്പം നിലകൊള്ളുക: നന്മയോടൊപ്പം ചേർന്നുനിൽക്കൽ നമുക്ക് കരുത്തും നന്മകൾക്ക് പരസ്പരം ഊർജം പകരുന്നതുമാണ്. നന്മകളുടെ കൂട്ടായ്മയിൽനിന്ന് വേറിട്ട് ഒറ്റപ്പെട്ടുള്ള സഞ്ചാരമാണ് നമ്മുടേതെങ്കിൽ പല അപകടങ്ങളെയും നാം ഭയപ്പെടേണ്ടതുണ്ട്. നബിﷺ ഉണർത്തിയതുപോലെ; ‘നിങ്ങൾ സംഘമായി നിൽക്കുക; ഒറ്റപ്പെട്ടുപോകുന്ന ആട്ടിൻകുട്ടികളെയാണ് ചെന്നായ തിന്നുക’ (അബൂദാവൂദ്).

അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാൻമാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക’ (9:119).

7. തവക്കുലും നിർഭയത്വവും: താൻ തിരിച്ചറിഞ്ഞ സത്യം സ്വീകരിച്ച് നേരി‌െൻറ പക്ഷത്ത് ഉറച്ചുനിൽക്കുകയാണെങ്കിൽ പലതും നഷ്ടപ്പെടുമല്ലോ എന്ന് ആശങ്കപ്പെടുന്നവരുണ്ടാകും. അപ്രകാരം തന്നെ പലത രം ഭീഷണികളും പ്രലോഭനങ്ങളും മറ്റുള്ളവരിൽനിന്ന് ഉണ്ടാകുന്നത് സത്യപാതയിൽനിന്നും പിന്തിരിപ്പിക്കാൻ തക്ക വിധം നേരിടേണ്ടിവന്നേക്കാം. അപ്പോഴെല്ലാം പടച്ചറബ്ബ് നിശ്ചയിച്ചതല്ലാത്ത ഒന്നും സംഭവിക്കുകയില്ലെന്ന ഉറച്ച വിശ്വാസത്തോടെ എല്ലാം അവനിൽ ഭരമേൽപിച്ച് പ്രതിസന്ധികളെ അതിജയിക്കാൻ സാധിക്കേണ്ടതുണ്ട്. നബിമാരും സച്ചരിതരായ മുൻഗാമികളും അങ്ങനെയാണ് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്തത്.

മൂസാ നബി(അ)യിൽ വിശ്വസിച്ച ജാലവിദ്യക്കാരോട് ഫിർഔനി‌െൻറ ഭീഷണിയും ഭയപ്പെടുത്തലുമൊക്കെ ഉണ്ടായ സന്ദർഭത്തിൽ അവർ പ്രഖ്യാപിച്ച ധീരമായ നിലപാട് നമുക്ക് മാതൃകയാണ്.

അല്ലാഹു പറയുന്നു: ‘ഉടനെ ആ ജാലവിദ്യക്കാർ പ്രണമിച്ചുകൊണ്ട് താഴെ വീണു. അവർ പറഞ്ഞു: ‘ഞങ്ങൾ ഹാറൂ‌െൻറയും മൂസായുടെയും രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു.’ അവൻ (ഫിർഔൻ) പറഞ്ഞു: ‘ഞാൻ നിങ്ങൾക്ക് സമ്മതം തരുന്നതിനു മുമ്പ് നിങ്ങൾ അവനെ വിശ്വസിച്ചുകഴിഞ്ഞെന്നോ? തീർച്ചയായും നിങ്ങൾക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണവൻ. ആകയാൽ തീർച്ചയായും ഞാൻ നിങ്ങളുടെ കൈകളും കാലുകളും എതിർവശങ്ങളിൽനിന്നായി മുറിച്ചുകളയുകയും ഈന്തപ്പനത്തടികളിൽ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളിൽ ആരാണ് ഏറ്റവും കഠിനമായതും നീണ്ടുനിൽക്കുന്നതുമായ ശിക്ഷ നൽകുന്നവൻ എന്ന് തീർച്ചയായും നിങ്ങൾക്ക് മനസ്സിലാകുകയും ചെയ്യും.’ അവർ പറഞ്ഞു: ‘ഞങ്ങൾക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങൾ മുൻഗണന നൽകുകയില്ലതന്നെ. അതിനാൽ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹികജീവിതത്തിൽ മാത്രമെ നീ വിധിക്കുകയുള്ളൂ’ (20:70-72).

സത്യപാതയിൽ ഉറച്ചുനിൽക്കാൻ സർവശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ.